Wednesday, October 5, 2011

"പിള്ളയില്‍നിന്ന് പലതവണ ഭീഷണിയുണ്ടായി"

പിള്ളയെ ചോദ്യംചെയ്തു

വാളകത്ത് അധ്യാപകനെ പൈശാചികമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്തു. പിള്ളയ്ക്കും സ്കൂള്‍ മാനേജ്മെന്റിനും തന്നോട് വിരോധമുണ്ടെന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന അധ്യാപകന്‍ കൃഷ്ണകുമാര്‍ മജിസ്ട്രേട്ടിന് മൊഴി നല്‍കിയിരുന്നു. പിള്ള ഭീഷണിപ്പെടുത്തിയിരുന്നതായി അധ്യാപകന്റെ ഭാര്യയും വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍ . പിള്ള ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലെ ഐസി യൂണിറ്റിലെത്തിയാണ് ഡിവൈഎസ്പിമാരായ കെ അജിത്, ഷാനവാസ് എന്നിവര്‍ ചോദ്യംചെയ്തത്.

കൃഷ്ണകുമാറിന്റെ മൊഴി കളവാണെന്നാണ് പിള്ള ചോദ്യംചെയ്യലില്‍ പറഞ്ഞത്. സ്കൂളിലെ പ്രശ്നത്തില്‍ കോടതിയില്‍ കേസ് നിലവിലുണ്ടെന്നും അതിന്റെ പേരില്‍ മറ്റു രീതിയില്‍ വൈരാഗ്യം പുലര്‍ത്തിയിരുന്നില്ലെന്നുമാണ് പിള്ള പറഞ്ഞത്. ജയില്‍ സൂപ്രണ്ടിന്റെ അനുമതി വാങ്ങിയശേഷം ഐസി യൂണിറ്റില്‍വച്ചാണ് പിള്ളയെ ചോദ്യംചെയ്തത്. ഡോക്ടര്‍മാരുടെ അനുമതിയും വാങ്ങിയിരുന്നു. വൈകിട്ട് ആറിന് തുടങ്ങിയ ചോദ്യംചെയ്യല്‍ രാത്രിയാണ് അവസാനിച്ചത്. അതേസമയം, കൃഷ്ണകുമാറിനെ ആക്രമിച്ച കേസില്‍ എട്ടു ദിവസം കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് പൊലീസിന് സൂചനപോലും കിട്ടിയിട്ടില്ല. കൃഷ്ണകുമാര്‍ പറയുന്ന പല കാര്യവും കളവാണെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. കൃഷ്ണകുമാറിന്റെ മൊഴിയില്‍ അവ്യക്തതയുണ്ടെന്നു പറഞ്ഞ് പൊലീസ് അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും മൊഴി എടുക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് പൊലീസിന് അനുമതി നല്‍കി. ബുധനാഴ്ച അന്വേഷണസംഘം മൊഴിയെടുക്കുമെന്ന് കരുതുന്നു.

ഫോണ്‍വിളി ചട്ടലംഘനമെന്ന് റിപ്പോര്‍ട്ട്

തടവുപുള്ളിയായ ബാലകൃഷ്ണപിള്ള മൊബൈല്‍ഫോണ്‍ ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിലേക്കും മറ്റും വിളിച്ചതിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞില്ല. ഏതൊക്കെ നമ്പരിലേക്കാണ് പിള്ള വിളിച്ചതെന്നും വ്യക്തമാക്കിയിട്ടില്ല. ആശുപത്രിയില്‍ കഴിയുന്ന പിള്ള നടത്തിയ ചട്ടലംഘനം തടയുന്നതില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ചും പരാമര്‍ശമില്ല. "റിപ്പോര്‍ട്ടര്‍" ചാനല്‍ ലേഖകനുമായി നടത്തിയ ഫോണ്‍സംഭാഷണം ജയില്‍ചട്ടങ്ങളുടെ ലംഘനമാണെന്ന് ചീഫ് വെല്‍ഫെയര്‍ ഓഫീസര്‍ കെ എ കുമാരന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ജയില്‍ എഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ്ബിന് ചൊവ്വാഴ്ച വൈകിട്ട് റിപ്പോര്‍ട്ട് നല്‍കി.

"പിള്ളയില്‍നിന്ന് പലതവണ ഭീഷണിയുണ്ടായി"

ബാലകൃഷ്ണപിള്ളയില്‍നിന്ന് പലതവണ ഭീഷണി ഉണ്ടായിട്ടുണ്ടെന്ന് ആക്രമണത്തിന് ഇരയായ അധ്യാപകന്‍ കൃഷ്ണകുമാര്‍ മജിസ്ട്രേട്ടിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സ്കൂളിലെ രണ്ട് അധ്യാപകര്‍ക്കും തന്നോടും പ്രധാനാധ്യാപികയായ തന്റെ ഭാര്യയോടും വിരോധമുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ഈ അധ്യാപകരുടെ പേരുകളും കൃഷ്ണകുമാര്‍ വെളിപ്പെടുത്തിയതായി ചൊവ്വാഴ്ച പുറത്തുവന്ന മൊഴിയിലുണ്ട്. തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തിയ മൊഴി കൊട്ടാരക്കര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ശ്യാംലാലിന് കൈമാറി. മൃതപ്രായനായ കൃഷ്ണകുമാറിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ വാളകം ജങ്ഷന്‍ കൊട്ടാരക്കര കോടതിയുടെ പരിധിയിലായതിനാലാണ് മൊഴി കൈമാറിയത്. മൊഴി കൊട്ടാരക്കര കോടതി മുഖേന പൊലീസിനും കിട്ടി.

സ്കൂള്‍ നിര്‍ത്തലാക്കിയാല്‍പ്പോലും പ്രൊമോഷന്‍ നല്‍കില്ലെന്ന് ബാലകൃഷ്ണപിള്ള ഭീഷണി മുഴക്കിയതായി മൊഴിയിലുണ്ട്. ആക്രമിച്ചവരെ കണ്ടാല്‍ തിരിച്ചറിയുമെന്നും പറയുന്നു. അധ്യാപകന്‍ അര്‍ധബോധാവസ്ഥയില്‍ നല്‍കിയ മൊഴിയില്‍ ചില വൈരുധ്യങ്ങളുണ്ടെന്ന് അറിയുന്നു. ആക്രമിച്ചത് പിള്ളയുടെ ആള്‍ക്കാരാണോ എന്നത് വ്യക്തമല്ലെന്നും സംഭവദിവസം താന്‍ കടയ്ക്കലിലും നിലമേലിലും പോയിട്ടില്ലെന്നും വീട്ടില്‍നിന്നിറങ്ങിയത് സ്വന്തം കാറിലാണെന്നും പറയുന്നു. എന്നാല്‍ , അധ്യാപകന്റെ വെളുത്ത ഐ ടെന്‍ കാര്‍ സംഭവം നടന്ന ചൊവ്വാഴ്ച രാത്രി വീട്ടിലുണ്ടായിരുന്നതായി അന്വേഷകസംഘം കണ്ടെത്തിയിട്ടുണ്ട്. കൃഷ്ണകുമാറിന്റെ ഭാര്യ കെ ആര്‍ ഗീതയുടെ മൊഴിയും ഇത് ശരിവയ്ക്കുന്നു. കടയ്ക്കലിലെ ജ്യോതിഷാലയത്തില്‍നിന്ന് ചൊവ്വാഴ്ച രാത്രി 8.15ന് തന്റെ മകന്‍ സതീഷ്കുമാറും ഭാര്യയും കാറില്‍ നിലമേല്‍ ജങ്ഷനില്‍ അധ്യാപകനെ കൊണ്ടുവിട്ടെന്ന് ജ്യോത്സ്യന്‍ ശ്രീകുമാറും പൊലീസിന് മൊഴി നല്‍കിയിരുന്നു.
മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവദിവസവും തലേന്നും കൃഷ്ണകുമാര്‍ കടയ്ക്കല്‍ ഭാഗത്ത് പോയതായി സൂചന ലഭിച്ചിട്ടുണ്ട്. സംഭവത്തിനുമുമ്പ് കൃഷ്ണകുമാറിന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് വന്‍തോതില്‍ പണം ഇടപാട് നടന്നതായി പരിശോധനയില്‍ കണ്ടെത്തി. ജ്യോത്സ്യന്‍ ശ്രീകുമാര്‍ , ഭാര്യ ശോഭന, മകന്‍ സതീഷ്കുമാര്‍ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളും അന്വേഷകസംഘം ചൊവ്വാഴ്ച പരിശോധിച്ചു. ഇവരുടെ പേരിലുള്ള കടയ്ക്കല്‍ സര്‍വീസ് സഹകരണബാങ്കിലെ അക്കൗണ്ടുകളാണ് ചവറ സിഐയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പരിശോധിച്ചത്.

നിയമസഭ സ്തംഭിച്ചു

തടവില്‍കഴിയുന്ന ആര്‍ ബാലകൃഷ്ണപിള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഫോണില്‍ വിളിച്ചതിനെക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് നിയമസഭ പ്രക്ഷുബ്ധമായി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ഇതേ തുടര്‍ന്ന് നടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ സഭ പിരിച്ചുവിട്ടു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് പിള്ളയുടെ ഫോണ്‍വിളി സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. കഴിഞ്ഞ ദിവസം ഇതേവിഷയം സഭയില്‍ ഉന്നയിച്ചതിനാല്‍ വീണ്ടും അനുവദിക്കാനാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചു.

അഴിമതിക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഒരാള്‍ മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി പി എസ് ശ്രീകുമാറുമായും പലവട്ടം ടെലിഫോണില്‍ വിളിച്ചതായി വിവരം പുറത്തുവന്നുവെന്ന് കോടിയേരി പറഞ്ഞു. എന്നാല്‍ , വിഷയം സബ്മിഷന്‍ ആയി അവതരിപ്പിക്കാന്‍ അനുവദിക്കാമെന്ന് സ്പീക്കര്‍ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. സ്പീക്കര്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയാണെന്നും മുഖ്യമന്ത്രി നിയമലംഘനത്തിന് ഒത്താശ ചെയ്യുകയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സ്പീക്കറുടെ നിലപാടിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ഇതിനിടെ സ്പീക്കര്‍ ധനാഭ്യര്‍ഥന സംബന്ധിച്ച സ്റ്റേറ്റ്മെന്റ് മേശപ്പുറത്ത് വയ്ക്കാന്‍ മന്ത്രിമാരെ വിളിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ സ്പീക്കര്‍ നടപടി പൂര്‍ത്തിയാക്കി. ഇതേത്തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ പ്രകടനമായി നിയമസഭാ ഗേറ്റിന് മുന്നിലേക്ക് പോയി. പിള്ളയും മുഖ്യമന്ത്രിയും തമ്മില്‍ ടെലിഫോണ്‍ സംഭാഷണം നടത്തിയതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍നിന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയി

ആര്‍ ബാലകൃഷ്ണപിള്ളയുടെ ഫോണ്‍വിളിയുമായി ബന്ധപ്പെട്ടുയര്‍ന്ന ചോദ്യങ്ങളോടു പ്രതികരിക്കാനാകാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയി. പിള്ള തന്നെ വിളിച്ചിട്ടില്ലെന്നും താന്‍ പിള്ളയോടു സംസാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ പിള്ള വിളിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അത് വേറെ വിഷയമാണെന്നു പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. ചൊവ്വാഴ്ച നിയമസഭ സ്തംഭിച്ചതിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലുള്ളവരെയും മറ്റും പിള്ള ഫോണില്‍ വിളിച്ചതിനെക്കുറിച്ചും ഭരണത്തില്‍ ഇടപെടുന്നതിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി എഴുന്നേറ്റുപോയത്.

പിള്ള ഫോണ്‍ചെയ്ത 24ന് വൈകിട്ട് പ്രൈവറ്റ് സെക്രട്ടറി പി എസ് ശ്രീകുമാര്‍ ചെങ്ങന്നൂരിനടുത്ത് മുളക്കുഴ മൊബൈല്‍ ടവറിന്റെ പരിധിയിലായിരുന്നെന്നും താന്‍ കോട്ടയത്ത് പൊതുപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീകുമാര്‍ 93 സെക്കന്‍ഡ് സംസാരിച്ചു. പ്രൈവറ്റ് സെക്രട്ടറി ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുണ്ടായില്ല. പിള്ള ഭരണത്തില്‍ ഇടപെടുന്നതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ തന്നെ വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ഇത്തരം കാര്യങ്ങളൊന്നും പുറംവാതില്‍ വഴി ചെയ്യുന്ന ആളല്ല താന്‍ . പിള്ളയെ ബന്ധപ്പെടണമെങ്കില്‍ നിയമപരമായേ ചെയ്യൂ. ജയിലിലും പരോളിലിറങ്ങിയപ്പോള്‍ വാളകത്തെ വീട്ടിലും പിള്ളയെ സന്ദര്‍ശിച്ചിരുന്നു. അധ്യാപകനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍നിന്ന് ജനശ്രദ്ധ തിരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പിള്ളയുടെ കാര്യത്തില്‍ സര്‍ക്കാരിന് നിയമാനുസൃതമായേ പ്രവര്‍ത്തിക്കാനാവൂ. പലവിധ അസുഖങ്ങള്‍ കാരണം പിള്ള വിഷമിക്കുകയാണെന്നും അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

deshabhimani 051011

1 comment:

  1. ബാലകൃഷ്ണപിള്ളയില്‍നിന്ന് പലതവണ ഭീഷണി ഉണ്ടായിട്ടുണ്ടെന്ന് ആക്രമണത്തിന് ഇരയായ അധ്യാപകന്‍ കൃഷ്ണകുമാര്‍ മജിസ്ട്രേട്ടിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സ്കൂളിലെ രണ്ട് അധ്യാപകര്‍ക്കും തന്നോടും പ്രധാനാധ്യാപികയായ തന്റെ ഭാര്യയോടും വിരോധമുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ഈ അധ്യാപകരുടെ പേരുകളും കൃഷ്ണകുമാര്‍ വെളിപ്പെടുത്തിയതായി ചൊവ്വാഴ്ച പുറത്തുവന്ന മൊഴിയിലുണ്ട്. തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തിയ മൊഴി കൊട്ടാരക്കര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ശ്യാംലാലിന് കൈമാറി. മൃതപ്രായനായ കൃഷ്ണകുമാറിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ വാളകം ജങ്ഷന്‍ കൊട്ടാരക്കര കോടതിയുടെ പരിധിയിലായതിനാലാണ് മൊഴി കൈമാറിയത്. മൊഴി കൊട്ടാരക്കര കോടതി മുഖേന പൊലീസിനും കിട്ടി.

    ReplyDelete