Wednesday, October 5, 2011

പാര്‍ടി സമ്മേളനം ബഹുജന പിന്തുണ വളര്‍ത്തും: കോടിയേരി

പാര്‍ടി കോണ്‍ഗ്രസ് കഴിയുമ്പോള്‍ സിപിഐ എമ്മിന്റെ ബഹുജനപിന്തുണ കൂടുതല്‍ വര്‍ധിക്കുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഐ എം സംസ്ഥാന സമ്മേളന സ്വാഗതസംഘം എക്സിക്യൂട്ടീവ്യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 20-ാം പാര്‍ടി കോണ്‍ഗ്രസിന് ഇത്തവണ കേരളം ആതിഥേയത്വമരുളുകയാണ്. ഓരോ പാര്‍ടി കോണ്‍ഗ്രസ് കഴിയുമ്പോഴും കേരളത്തില്‍ പാര്‍ടിയുടെ ബഹുജനപിന്തുണ കൂടും. ഇത്തവണ അതു കൂടുതല്‍ പ്രകടമാകും. നാടിന്റെയും ലോകത്തിന്റെയും പ്രശ്നങ്ങളോടും സംഭവങ്ങളോടും കമ്യൂണിസ്റ്റ് പ്രസ്ഥാനം സ്വീകരിക്കുന്ന പൊതുസമീപനം ശരിയുടെതാണ്. ഇത് ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള അവസരമായി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായ പ്രവര്‍ത്തനങ്ങളെ മാറ്റണമെന്ന് കോടിയേരി പറഞ്ഞു.

അത്യന്തം സങ്കീര്‍ണമെങ്കിലും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ തെളിച്ചവും വെളിച്ചവും കൂടുതല്‍ ബോധ്യപ്പെടുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് പാര്‍ടി കോണ്‍ഗ്രസും അനുബന്ധ സമ്മേളനങ്ങളും നടക്കുന്നത്. സാര്‍വദേശീയതലത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വം അതിന്റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക-രാഷ്ട്രീയപ്രതിസന്ധി നേരിടുകയാണ്. എന്നാല്‍ , മൂന്നാംലോക രാഷ്ട്രങ്ങള്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ അതിശക്തമായി തുടരുകയാണ്. സോഷ്യലിസത്തിന്റെ പ്രസക്തി എന്നത്തേക്കാളും ജനങ്ങള്‍ ഇന്ന് തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. ഇന്ത്യയില്‍ ജനങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ അനുദിനം പ്രതിസന്ധിയിലാണ്. അഴിമതിയും അധികാര ദുര്‍വിനിയോഗവും അതിന്റെ പാരമ്യത്തിലെത്തി. വര്‍ഗീയശക്തികളും അരാഷ്ട്രീയവാദികളും രാജ്യത്ത് പിടിമുറുക്കാന്‍ ശ്രമിക്കുന്നു. ഇതിനെതിരെ ശരിയായ ജനപക്ഷനിലപാട് സ്വീകരിക്കുന്നു എന്നതാണ് സിപിഐ എമ്മിന്റെ പ്രസക്തി. പ്രത്യയശാസ്ത്രപരമായ ഉറച്ച നിലപാടുകള്‍ ആവര്‍ത്തിക്കുന്നതിനായി കോഴിക്കോട്ട് നടക്കുന്ന പാര്‍ടി കോണ്‍ഗ്രസില്‍ പ്രത്യയശാസ്ത്രരേഖ അവതരിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ സമ്മേളന നടത്തിപ്പിന്റെ രൂപരേഖയും ഭാവിപ്രവര്‍ത്തന പരിപാടിയും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ , സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ ഡോ. നൈനാന്‍ കോശി, ഡോ. ജി ബാലമോഹന്‍ തമ്പി, ഡോ. എ ഡി ദാമോദരന്‍ , ജി ശങ്കര്‍ , നേമം പുഷ്പരാജ്, ചെറിയാന്‍ ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.

deshabhimani 051011

1 comment:

  1. പാര്‍ടി കോണ്‍ഗ്രസ് കഴിയുമ്പോള്‍ സിപിഐ എമ്മിന്റെ ബഹുജനപിന്തുണ കൂടുതല്‍ വര്‍ധിക്കുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഐ എം സംസ്ഥാന സമ്മേളന സ്വാഗതസംഘം എക്സിക്യൂട്ടീവ്യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 20-ാം പാര്‍ടി കോണ്‍ഗ്രസിന് ഇത്തവണ കേരളം ആതിഥേയത്വമരുളുകയാണ്. ഓരോ പാര്‍ടി കോണ്‍ഗ്രസ് കഴിയുമ്പോഴും കേരളത്തില്‍ പാര്‍ടിയുടെ ബഹുജനപിന്തുണ കൂടും. ഇത്തവണ അതു കൂടുതല്‍ പ്രകടമാകും. നാടിന്റെയും ലോകത്തിന്റെയും പ്രശ്നങ്ങളോടും സംഭവങ്ങളോടും കമ്യൂണിസ്റ്റ് പ്രസ്ഥാനം സ്വീകരിക്കുന്ന പൊതുസമീപനം ശരിയുടെതാണ്. ഇത് ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള അവസരമായി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായ പ്രവര്‍ത്തനങ്ങളെ മാറ്റണമെന്ന് കോടിയേരി പറഞ്ഞു.

    ReplyDelete