Wednesday, October 5, 2011

അമേരിക്കയിലെ ദാരിദ്ര്യം: കമ്മിഷനെ നിയോഗിക്കണമെന്ന് ജെസി ജാക്‌സന്‍

ഒഹിയൊ(അമേരിക്ക): അമേരിക്കയില്‍ ദാരിദ്ര്യത്തിന്റെ പ്രശ്‌നം പരിഹരിക്കുന്നതിന് പുതിയൊരു കമ്മിഷനെ നിയോഗിക്കണമെന്ന് പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനായ ജെസി ജാക്‌സന്‍ ആവശ്യപ്പെട്ടു. അമേരിക്കയില്‍ ദാരിദ്ര്യം കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ പശ്ചാത്തലത്തിലാണ് ജെസെ ജാക്‌സന്‍ ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ സ്ഥിതിവിവര കണക്കനുസരിച്ച് അമേരിക്കന്‍ ജനസംഖ്യയില്‍ 4.60 കോടി പേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് പുറത്തായവരുടെ എണ്ണം അഞ്ചുകോടിയാണ്. സാമ്പത്തികമാന്ദ്യം കാരണം തൊഴിലില്ലായ്മ വര്‍ധിച്ചതോടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ ആളുകള്‍ക്ക് കഴിയുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയംതുക ഒമ്പതുശതമാനം വര്‍ധിച്ചു. ആഫ്രിക്കന്‍ വംശജരും ലാറ്റിനമേരിക്കന്‍ വംശജരുമാണ് ഏറ്റവുമധികം ദാരിദ്ര്യമനുഭവിക്കുന്നത്. ഈ വിഭാഗങ്ങളില്‍പ്പെട്ട മൂന്നിലൊരാള്‍ വീതം ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്.

ഒഹിയൊ യൂണിവേഴ്‌സിറ്റിയില്‍ ചെയ്ത പ്രസംഗത്തിലാണ് ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടത്തിന് ജെസി ജാക്‌സന്‍ ആഹ്വാനം ചെയ്തത്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ലിണ്ടന്‍ ബി ജോണ്‍സണ്‍ 1960കളില്‍ ദാരിദ്ര്യത്തിനെതിരെ ''യുദ്ധപ്രഖ്യാപനം'' നടത്തിയത് ഇതേ വേദിയിലായിരുന്നു. സാമ്പത്തികമാന്ദ്യം മാത്രമാണ് ദാരിദ്ര്യത്തിന് കാരണമെന്ന വാദത്തെ ജാക്‌സന്‍ ഖണ്ഡിച്ചു. ''ഏറ്റവുമൊടുവിലായുണ്ടായ മാന്ദ്യത്തിന് മുമ്പും ദാരിദ്ര്യം ക്രമാനുഗതമായി ഉയരുകയായിരുന്നു. ഇപ്പോഴത്തെ മാന്ദ്യം മധ്യവര്‍ഗക്കാരെ കൂടി ബാധിച്ചു. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ അവര്‍ക്ക് സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. രണ്ടരക്കോടി ആളുകള്‍ക്ക് തൊഴിലൊന്നും തന്നെയില്ല. ദരിദ്രവിഭാഗത്തില്‍പ്പെട്ട പലര്‍ക്കും ജോലിയുണ്ടെങ്കിലും അവരുടെ കുടുംബം പുലര്‍ത്താനാവശ്യമായ വേതനം കിട്ടുന്നില്ല.

രാജ്യത്തെ മൂലധനശക്തികള്‍ക്ക് ദരിദ്രര്‍ അദൃശ്യരാണെന്ന് ജാക്‌സന്‍ പറഞ്ഞു. റിപ്പബ്ലിക്കന്മാര്‍ സമ്പന്നരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവരാണ്. മധ്യവര്‍ഗക്കാരുടെ താല്‍പര്യങ്ങളാണ് ഡെമോക്രാറ്റുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ധീരന്മാരായ ചില ഡെമോക്രാറ്റുകള്‍ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കുന്നുണ്ട്. എന്നാല്‍ ദരിദ്രന്മാരുടെ കാര്യം ആരും പറയുന്നില്ല- ജാക്‌സന്‍ ചൂണ്ടിക്കാട്ടി.

അമേരിക്കന്‍ ബാപ്റ്റിസ്റ്റ് സഭയുടെ പുരോഹിതന്‍ കൂടിയായ ജെസി ജാക്‌സന്‍ ദീര്‍ഘകാലം സെനറ്ററായി പ്രവര്‍ത്തിക്കുകയും 1984, 88 വര്‍ഷങ്ങളില്‍ ഡെമോക്രാറ്റിക് കക്ഷിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിന് വേണ്ടി ശ്രമിക്കുകയും ചെയ്തിരുന്നു. അമേരിക്കയില്‍ തൊഴിലില്ലായ്മയുടെ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ട്രേഡ് യൂണിയന്‍ സംഘടനയായ എ എഫ് എല്‍-സി ഐ ഒ രംഗത്തിറങ്ങിയിട്ടുണ്ട്. ഒക്ടോബര്‍ 10 മുതല്‍ 16 വരെ തൊഴിലിനു വേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംഘടന തീരുമാനിച്ചിട്ടുണ്ട്.

janayugom 031011

1 comment:

  1. അമേരിക്കയില്‍ ദാരിദ്ര്യത്തിന്റെ പ്രശ്‌നം പരിഹരിക്കുന്നതിന് പുതിയൊരു കമ്മിഷനെ നിയോഗിക്കണമെന്ന് പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനായ ജെസി ജാക്‌സന്‍ ആവശ്യപ്പെട്ടു. അമേരിക്കയില്‍ ദാരിദ്ര്യം കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ പശ്ചാത്തലത്തിലാണ് ജെസെ ജാക്‌സന്‍ ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്.

    ReplyDelete