Sunday, October 9, 2011

കര്‍ഷകര്‍ക്ക് പ്രഹരം, വളത്തിന് വില കുത്തനെ കൂട്ടി

കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന കര്‍ഷകവിരുദ്ധ നയങ്ങളുടെ ഭാഗമായി രാസവളങ്ങളുടെ വില കുത്തനെ കൂട്ടി. ഫാക്ടംഫോസ്, പൊട്ടാഷ് വളങ്ങളുടെ വിലയില്‍ ആണ് വന്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.  കേന്ദ്രസര്‍ക്കാരിന്റെ രാസവളനയത്തിന്റെ ഭാഗമായി കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ആറാം തവണയാണ് വളത്തിന്റെ വില വര്‍ധിപ്പിച്ചത്. 
ഒരു ചാക്ക് ഫാക്ടംഫോസിന്റെ വില 420ല്‍ നിന്നും 673 രൂപയായും 251 രൂപയായിരുന്ന പൊട്ടാഷിന്റെ വില 588 രൂപയായും ഉയര്‍ന്നു. കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ വളങ്ങള്‍ക്ക് വില കൂടിയതുമൂലം മദ്രാസ് ഫെര്‍ട്ടിലൈസേഴ്‌സ്, ഇസ്‌കോ കോംപ്ലക്‌സ് വളങ്ങള്‍ക്കും മറ്റ് വളങ്ങള്‍ക്കും വില ക്രമാതീതമായി ഉയര്‍ന്നു. കൃഷിയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തേക്കാള്‍ കൂടുതല്‍ വളത്തിനായി ചെലവഴിക്കേണ്ടുന്ന അവസ്ഥ കര്‍ഷകരെ കടക്കെണിയിലാക്കുന്നു.

ഫാക്ടിന്റെ ഫാക്ടംഫോസ് വളമാണ് കര്‍ഷകര്‍ ഏറ്റവും കൃത്യമായി ഉപയോഗിക്കുന്നത്. ഈ വളത്തിന്റെ വില ടണ്ണിന് 7600 രൂപ ഉണ്ടായിരുന്നത് ജൂണില്‍ പതിനായിരത്തിന് മുകളിലായിരുന്നെങ്കില്‍ ഇപ്പോഴത് 13000 രൂപയോളമെത്തി നില്‍ക്കുകയാണ്. കേരളത്തിലെ ഉല്‍പ്പാദനതോതിന് അനുസരിച്ചുള്ള വളത്തിന്റെ ലഭ്യത ഇല്ലാത്തതും വിപണിയില്‍ വിലക്കയറ്റത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രതിമാസം 20000 ടണ്‍ ഫാക്ടംഫോസ് ഫാക്ട് വില്‍പന നടത്തുന്നുണ്ട്. എന്നാല്‍ ഇത് വിവിധ മൊത്ത വിതരണ ഏജന്‍സികള്‍ വഴി വിപണിയില്‍ എത്തുമ്പോള്‍ കാലതാമസം ഉണ്ടാകുന്നു. കര്‍ഷകരുടെ ആവശ്യത്തിനനുസരിച്ചുള്ള ലഭ്യത ഉറപ്പുവരുത്തുവാനും കഴിയുന്നില്ല. ഫാക്ടംഫോസിന്റെ ഉല്‍പാദനത്തില്‍ 70000 ടണ്‍ ഉല്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് ഫാക്ടിനുള്ളത്. ഇതില്‍ 67000 ടണ്ണോളം ഉല്പാദനം നടക്കുന്നുണ്ട്. ഇതില്‍ ഏറിയപങ്കും അന്യസംസ്ഥാനങ്ങളിലേക്കാണ് പോകുന്നത്.

കേരളത്തിന്റെ ആവശ്യത്തിനുള്ള വളത്തെ സംബന്ധിച്ച് വേണ്ടത്ര ജാഗ്രതയോടുകൂടി കൃഷി ഓഫീസര്‍മാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി വളത്തിന്റെ അലോട്ട്‌മെന്റ് നേടിയെടുക്കാന്‍ ശ്രമിക്കുന്നില്ല. കേരളത്തില്‍ വളത്തിന്റെ അലോട്ട്‌മെന്റ്് കുറയാന്‍ ഇതും പ്രധാന കാരണമാണ്. അന്ധ്രാ, കര്‍ണ്ണാടക സംസ്ഥാനങ്ങള്‍ കേരളത്തേക്കാള്‍ കൂടുതല്‍ വളം അലോട്ട്‌മെന്റ് നേടുന്നുണ്ട്. കൂടാതെ പാറശ്ശാല, മാനന്തവാടി, കൊട്ടാരക്കര വഴി അന്യസംസ്ഥാനങ്ങളിലേക്ക് ഫാക്ടംഫോസ് വളം മറിച്ച് വില്‍പനക്കായി ഏജന്‍സികള്‍ കടത്തുന്നതായും സൂചനയുണ്ട്.

ഫാക്ടം ഫോസിന്റെ വിലവര്‍ധനയും ലഭ്യതക്കുറവും ഇടുക്കി ജില്ലയിലെ കര്‍ഷകരെയാണ് ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിച്ചിട്ടുള്ളത്. ഒക്‌ടോബര്‍, നവംബര്‍ കാലയളവില്‍ വിവിധ വളങ്ങള്‍ ആവശ്യമായി വന്നിട്ടുള്ള കര്‍ഷകര്‍ ഇതുമൂലം ആശങ്കയിലാണ്. കര്‍ഷകര്‍ പ്രത്യക്ഷ സമരത്തിന് തയ്യാറായിക്കഴിഞ്ഞു. നാളെ രാവിലെ ഏലൂര്‍ ഫാക്ടിന് മുന്നില്‍ ഇടുക്കിയിലെ കര്‍ഷകര്‍ മാര്‍ച്ചും ധര്‍ണയും നടത്തും.

janayugom 091011

1 comment:

  1. കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന കര്‍ഷകവിരുദ്ധ നയങ്ങളുടെ ഭാഗമായി രാസവളങ്ങളുടെ വില കുത്തനെ കൂട്ടി. ഫാക്ടംഫോസ്, പൊട്ടാഷ് വളങ്ങളുടെ വിലയില്‍ ആണ് വന്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ രാസവളനയത്തിന്റെ ഭാഗമായി കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ആറാം തവണയാണ് വളത്തിന്റെ വില വര്‍ധിപ്പിച്ചത്.
    ഒരു ചാക്ക് ഫാക്ടംഫോസിന്റെ വില 420ല്‍ നിന്നും 673 രൂപയായും 251 രൂപയായിരുന്ന പൊട്ടാഷിന്റെ വില 588 രൂപയായും ഉയര്‍ന്നു. കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ വളങ്ങള്‍ക്ക് വില കൂടിയതുമൂലം മദ്രാസ് ഫെര്‍ട്ടിലൈസേഴ്‌സ്, ഇസ്‌കോ കോംപ്ലക്‌സ് വളങ്ങള്‍ക്കും മറ്റ് വളങ്ങള്‍ക്കും വില ക്രമാതീതമായി ഉയര്‍ന്നു. കൃഷിയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തേക്കാള്‍ കൂടുതല്‍ വളത്തിനായി ചെലവഴിക്കേണ്ടുന്ന അവസ്ഥ കര്‍ഷകരെ കടക്കെണിയിലാക്കുന്നു.

    ReplyDelete