Monday, October 10, 2011

ലോക്കപ്പ് മര്‍ദനം ഡിവൈഎസ്പിയുടെ നേതൃത്വത്തിലെന്ന് റിപ്പോര്‍ട്ട്

പാലക്കാട്: ടൗണ്‍ സൗത്ത് സ്റ്റേഷനില്‍ യുവാവിനെ ലോക്കപ്പില്‍ മര്‍ദ്ദിച്ചത് പാലക്കാട് ഡിവൈഎസ്പി പി ബി പ്രശോഭിന്റെ നേതൃത്വത്തിലാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാലക്കാട് ചന്ദ്രനഗറില്‍ വാടകയ്ക്ക് താമസിക്കുന്ന കൊട്ടേക്കാട് സ്വദേശി ചന്ദ്രന്റെ മകന്‍ സജീവാണ് ലോക്കപ്പ് മര്‍ദ്ദനത്തില്‍ ശരീരമാസകലം പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലുള്ളത്. സജീവിന്റെ നില ഗുരുതരമായി തുടരുകയാണ്. ഡിവൈഎസ്പി സഫറലി ഖാനാണ് ലോക്കപ്പ് മര്‍ദ്ദനം സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്റലിജന്‍സ് എഡിജിപിക്ക് കൈമാറിയത്.

ഇതിനിടെ, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയോട് ജില്ലാ പൊലീസ് സൂപ്രണ്ട് ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജില്‍ കഴിയുന്ന യുവാവിെന്‍റ സ്ഥിതിയെ കുറിച്ച് കൂടുതല്‍ പരിശോധനയ്ക്കുശേഷമേ എന്തെങ്കിലും പറയാന്‍ കഴിയു എന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഭക്ഷണം കഴിക്കാനാകാത്തതിനാല്‍ ദ്രവരൂപത്തിലുള്ള ആഹാരമാണ് നല്‍കുന്നത്. കാലുകള്‍ അനക്കാന്‍ കഴിയുന്നില്ല. വാരിയെല്ലുകള്‍ക്കും അസഹ്യ വേദനയാണ്. വെള്ളിയാഴ്ച പകല്‍ മൂന്നിന് മാതാപിതാക്കളുടെ മുന്നില്‍വച്ചാണ് സജീവനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജീപ്പിനുള്ളില്‍ കയറ്റിയ ഉടന്‍ മര്‍ദനം തുടങ്ങിയ പൊലീസ്, സ്റ്റേഷനില്‍കൊണ്ടുപോയും രാത്രി മുഴുവന്‍ മര്‍ദിച്ചു. ശനിയാഴ്ച പകല്‍ ഡിവൈഎസ്പിയും ക്രൂരമായി മര്‍ദിച്ചു. സജീവ് മൊബൈല്‍ഫോണില്‍ സംസാരിച്ചുവെന്നു പറയുന്ന പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ മുന്നിലിട്ടാണ് മര്‍ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന സജീവ് പറഞ്ഞു. ഡിവൈഎസ്പിയുടെ മുറിയിലാണ് ഛര്‍ദ്ദിച്ച് ബോധരഹിതനായി വീണതെന്നും സജീവ് പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്തപ്പോള്‍ എന്തിനാണ് ജീപ്പില്‍കയറ്റി കൊണ്ടുപോകുന്നതെന്ന് പൊലീസുകാര്‍ പറഞ്ഞില്ല. ശനിയാഴ്ച വൈകിട്ട് ബന്ധുക്കള്‍ എത്തിയപ്പോള്‍ ഉടന്‍ വിടാമെന്നും പൊലീസുകാര്‍ അറിയിച്ചു. കേസെടുക്കുന്നില്ലെന്നും പെണ്‍കുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ചശേഷം വിട്ടയക്കാമെന്നുമായിരുന്നു ഡിവൈഎസ്പി പ്രശോഭ് പറഞ്ഞതെന്ന് സജീവന്റെ സഹോദരന്‍ ദിനേഷ് പറഞ്ഞു. പെട്ടെന്നാണ് ആംബുലന്‍സ് വന്നതും സ്ട്രെക്ച്ചറില്‍ സജീവനെ കിടത്തി ആശുപത്രിയില്‍ കൊണ്ടുപോയതും.

deshabhimani 101011

1 comment:

  1. ടൗണ്‍ സൗത്ത് സ്റ്റേഷനില്‍ യുവാവിനെ ലോക്കപ്പില്‍ മര്‍ദ്ദിച്ചത് പാലക്കാട് ഡിവൈഎസ്പി പി ബി പ്രശോഭിന്റെ നേതൃത്വത്തിലാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാലക്കാട് ചന്ദ്രനഗറില്‍ വാടകയ്ക്ക് താമസിക്കുന്ന കൊട്ടേക്കാട് സ്വദേശി ചന്ദ്രന്റെ മകന്‍ സജീവാണ് ലോക്കപ്പ് മര്‍ദ്ദനത്തില്‍ ശരീരമാസകലം പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലുള്ളത്. സജീവിന്റെ നില ഗുരുതരമായി തുടരുകയാണ്. ഡിവൈഎസ്പി സഫറലി ഖാനാണ് ലോക്കപ്പ് മര്‍ദ്ദനം സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്റലിജന്‍സ് എഡിജിപിക്ക് കൈമാറിയത്.

    ReplyDelete