Monday, October 10, 2011

പതിനെട്ടര സംഘവും പിള്ള ടച്ചും

കല്‍ത്തുറുങ്കിലേക്ക് ഒരു മാടമ്പിവഴി മൂന്നാം ഭാഗം

കല്‍ത്തുറുങ്കിലേക്ക് ഒരു മാടമ്പിവഴി 1

കല്‍ത്തുറുങ്കിലേക്ക് ഒരു മാടമ്പിവഴി 2

1996 ജനുവരി 16. യുഡിഎഫ് ഭരണത്തിന്റെ അവസാനനാളുകളിലൊന്ന്. അന്നാണ് ഇടമലയാര്‍ പവര്‍സ്റ്റേഷനില്‍ ദീര്‍ഘകാലം എന്‍ജിനിയറായിരുന്ന കോലഞ്ചേരി പട്ടിമറ്റം മേച്ചങ്കര മത്തായിയും കുടുംബവും ദുരൂഹ സഹാചര്യത്തില്‍ കൊല്ലപ്പെട്ടത്. പുതുതായി നിര്‍മിക്കുന്ന വീടിനുമുന്നിലെ കിണറ്റില്‍ കഴുത്തറ്റ നിലയിലായിരുന്നു മത്തായിയുടെ മൃതദേഹം. ഭാര്യ ഏലമ്മ (കിഴക്കമ്പലം ഞാറല്ലൂര്‍ ഹൈസ്കൂള്‍ അധ്യാപിക)യുടെയും മക്കളായ സിനിയുടെയും ജിനിയുടെയും മൃതദേഹങ്ങള്‍ വെട്ടേറ്റ നിലയില്‍ സ്വീകരണമുറിയില്‍ . വീടിന്റെ രണ്ടാംനിലയുടെ കോണ്‍ക്രീറ്റ് നിശ്ചയിച്ചിരുന്നതിന്റെ തലേന്നാണ് കൂട്ടമരണം. എല്ലാവരും രാത്രി വൈകുവോളം വീടുനിര്‍മാണജോലിയില്‍ ഏര്‍പ്പെട്ടിരുന്നു. എംസിഎ കഴിഞ്ഞ സിനി പിറ്റേന്ന് ഫാക്ടില്‍ ജോലിക്കു ചേരേണ്ടതാണ്. ഉത്സാഹത്തോടെ ജീവിക്കുന്ന ആ വീട്ടുകാര്‍ കൂട്ട ആത്മഹത്യ ചെയ്യേണ്ട ഒരു കാരണവുമില്ലെന്നാണ് നാട്ടുകാര്‍ ഉറപ്പിച്ചുപറയുന്നത്. അതേസമയം സംഭവം കൊലപാതകമെന്നു ഒറ്റനോട്ടത്തില്‍തന്നെ ആരും സംശയിക്കും- പക്ഷേ പൊലീസ് ആത്മഹത്യയായി കേസ് എഴുതിത്തള്ളി.

ആര്‍ ബാലകൃഷ്ണപിള്ള ഇപ്പോള്‍ ഇരുമ്പഴിക്കുള്ളിലായ ഇടമലയാര്‍ അഴിമതിക്കേസിലെ മുഖ്യസാക്ഷിയായിരുന്നു മത്തായി. ഔദ്യോഗികജീവിതത്തില്‍ ഒരിക്കലും കളങ്കമേല്‍പ്പിച്ചിട്ടില്ലാത്ത മത്തായി പ്രധാന സാക്ഷിയാകുമ്പോള്‍ ഇടമലയാര്‍ കേസില്‍ പിള്ള കുടുങ്ങുമെന്ന് പിള്ളയുടെ അനുചരര്‍ കൃത്യമായി കണ്ടിരുന്നു. മത്തായി ഇല്ലാതായതോടെ കേസിലെ പ്രതികള്‍ക്കുമുന്നിലെ പ്രധാന പ്രതിബന്ധം മാറിക്കിട്ടി. എന്താണ് സംഭവിച്ചത്; ആരാണ് മത്തായിയുടെ മരണത്തിനു കാരണക്കാര്‍ ... ഇതൊന്നും തുറന്നു പറയാന്‍ മത്തായിയുടെ വീട്ടുകാര്‍ ഇനി ആരുമില്ല. വാളകത്ത് കൃഷ്ണകുമാറിനെതിരായ വധശ്രമം അപകടമായതുപോലെ, കോലഞ്ചേരിയിലെ കൂട്ട കൊലപാതകം ആത്മഹത്യയാക്കാനും പൊലീസിന് "പരിശീലനം" കിട്ടിയിട്ടുണ്ടാകണം.

1981 ജനുവരി 10നാണ് എം കെ അബ്ദുള്‍മജീദിനെ കൊട്ടാരക്കര ടൗണില്‍ വെട്ടിക്കൊന്നത്. സിപിഐ എം താലൂക്ക് കമ്മിറ്റി അംഗം, കൊട്ടാരക്കര പഞ്ചായത്ത് വൈസ്പ്രസിഡന്റ്, അഭിഭാഷകന്‍ എന്നീ നിലകളില്‍ നാടിന്റെയാകെ അംഗീകാരം നേടി പ്രവര്‍ത്തിക്കവെയാണ് മജീദിനെ പതിനെട്ടരസംഘം എന്ന പേരിലറിയപ്പെടുന്ന ക്വട്ടേഷന്‍സംഘം വെട്ടിനുറുക്കിയത്. പ്രതികളായ പതിനെട്ടര സംഘക്കാര്‍ സജീവ ആര്‍എസ് എസുകാരുമാണ്. സര്‍വോപരി പിള്ളയുടെ തറവാടായ കീഴൂട്ട് കുടുംബത്തിന്റെ കൂലിത്തല്ലുകാരും. വസ്തുതര്‍ക്കം ഉള്‍പ്പെടെയുള്ള നാട്ടിലെ പ്രശ്നങ്ങളില്‍ മസില്‍ കാട്ടി ഇടപെട്ട് ഒരു പക്ഷത്തിനു വേണ്ടി ഇവര്‍ എന്തും ചെയ്യും. മൂന്ന് പതിറ്റാണ്ട് മുമ്പ് പാലാ മേരിയെന്ന സ്ത്രീ അവണൂരില്‍അതിദാരുണമായി കൊല്ലപ്പെട്ടു. ആ കേസുള്‍പ്പെടെ നിരവധി കൊലപാതകക്കേസുകളും ബലാല്‍സംഗക്കേസുകളും പിടിച്ചുപറി- കവര്‍ച്ചക്കേസുകളും തേഞ്ഞുമാഞ്ഞുപോയി. ഒന്നിലും പിള്ള നേരിട്ടു ബന്ധപ്പെട്ടതായി ആരോപണമില്ല. പക്ഷേ, എല്ലാറ്റിലും "പിള്ള ടച്ച്" ഉണ്ടെന്ന് നാട്ടുകാര്‍ ഇപ്പോഴും അടക്കം പറയും. ഈ കേസുകള്‍ക്കെല്ലാം ഏതെങ്കിലും വിധത്തില്‍ പിള്ളയുമായി ബന്ധമുണ്ടെന്നത് യാദൃച്ഛികമല്ല.

പിള്ളയുടെ യൂണിയന്‍നേതാവായിരുന്ന അങ്ങാടിക്കല്‍ മലയില്‍ അപ്പിലി പുരയിടത്തില്‍ കെ കെ ജോയിക്കുട്ടിക്ക് അറിവില്‍പ്പെട്ട ശത്രുക്കളുണ്ടായിരുന്നില്ല. 1993ല്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനെതിരായ സമരം പൊളിക്കണമെന്നായിരുന്നു പിള്ളയുടെ തീരുമാനം. അത് അംഗീകരിക്കാന്‍ ജോയിക്കുട്ടി തയ്യാറായില്ല. ദിവസങ്ങള്‍ക്കുള്ളില്‍ പിള്ളയുടെ ബന്ധുവിന്റെ നേതൃത്വത്തില്‍ ഒരുസംഘം കൊട്ടാരക്കര ഡിപ്പോയ്ക്കുള്ളില്‍വച്ച് ജോയിക്കുട്ടിയെ മൃഗീയമായി ആക്രമിച്ചു. വലതുനെഞ്ചില്‍ കത്തി കുത്തിയിറക്കി. കേസ് പൊലീസ് തേച്ചുമാച്ചു കളഞ്ഞു. നെഞ്ചിലെ മുറിപ്പാടുമായി ജോയിക്കുട്ടി 97ല്‍ വിരമിച്ചു.

കൊട്ടാരക്കര ബസ്സ്റ്റാന്‍ഡിനോട് ചേര്‍ന്ന് പകുതി കമ്പിവേലികൊണ്ട് കെട്ടിയ ഒരു മതില്‍ കാണാം. മുമ്പ് ഈ മതില്‍ രണ്ടാള്‍ ഉയരത്തിലായിരുന്നു. പിള്ള ഗതാഗതമന്ത്രിയായിരിക്കെ കെട്ടിയുയര്‍ത്തിയതാണ്. കെഎസ്ആര്‍ടിസി സ്വത്ത് സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നില്ല ഈ വിചിത്രമതില്‍ . സ്റ്റാന്‍ഡിനോട് ചേര്‍ന്ന് പാലസ് ലോഡ്ജും ഷോപ്പിങ് കോംപ്ലക്സുമുണ്ട്. കെട്ടിടം ഉടമ കുഞ്ഞച്ചന്‍ പിള്ളയുടെ കടുത്ത ശത്രു. അവണൂരില്‍ നടന്ന ഒരു സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ പിള്ളയുടെ പക്ഷം നിന്നില്ലെന്ന "കുറ്റം" മാത്രമാണ് കുഞ്ഞച്ചന്‍ ചെയ്തത്. അങ്ങനെയൊരാളുടെ കെട്ടിടത്തിലേക്ക് സ്റ്റാന്‍ഡില്‍നിന്നും തിരിച്ചും ആരും പോകാന്‍ പാടില്ല എന്ന് സര്‍വപ്രതാപിയായ പിള്ള തീരുമാനിച്ചു. സ്റ്റാന്‍ഡിനരികില്‍ രണ്ടാള്‍പൊക്കത്തില്‍ വിചിത്രമതില്‍ ഉയര്‍ന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ഈ മതില്‍ പൊളിച്ച് പാതിയാക്കി. ഇപ്പോള്‍ കുഞ്ഞച്ചന്റെ കെട്ടിടം മറയത്തല്ല. ഹൈവേ പിടിച്ചുപറിസംഘത്തില്‍ ഉള്‍പ്പെട്ടുവെന്നാരോപിച്ച് കുഞ്ഞച്ചന്റെ മക്കളെയും പിടികൂടി. അടിവസ്ത്രംമാത്രം ധരിപ്പിച്ച് അവരെ കൊട്ടാരക്കര ടൗണിലൂടെ നടത്തിച്ചു.

കശുവണ്ടി ഫാക്ടറി മുതലാളിമാരായിരുന്ന കലയപുരം ബാബുവിനും സി തര്യനും കുരവംവിള രാജനും ഇന്ന് ഫാക്ടറികളില്ല. എല്ലാം പൂട്ടിച്ചു. മൂവരും അക്ഷരാര്‍ഥത്തില്‍ കുത്തുപാളയെടുത്തു. കുരവംവിള രാജനെതിരെ ഒരു കേസുമുണ്ടായി. സ്വന്തം ഫാക്ടറി തീയിട്ട് നശിപ്പിച്ച് ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. മൂവരുംചെയ്ത "കുറ്റം" ഒന്നുമാത്രം. പിള്ളയുടെ പാര്‍ടിക്ക് പിരിവ് നല്‍കിയില്ല; ക്വട്ടേഷന്‍ ടീമായ പതിനെട്ടര സംഘത്തെയും ഗൗനിച്ചില്ല. കഥകള്‍ ഇങ്ങനെ എണ്ണിയാല്‍ തീരുന്നില്ല. ഒരു സിനിമാക്കഥപോലെ പിള്ളയുടെ ക്രൂരകൃത്യങ്ങളെക്കുറിച്ച് പറയുന്നു കൊട്ടാരക്കരക്കാര്‍ എല്ലാവരും. (അവസാനിക്കുന്നില്ല)

എം രഘുനാഥ് deshabhimani 101011

1 comment:

  1. 1996 ജനുവരി 16. യുഡിഎഫ് ഭരണത്തിന്റെ അവസാനനാളുകളിലൊന്ന്. അന്നാണ് ഇടമലയാര്‍ പവര്‍സ്റ്റേഷനില്‍ ദീര്‍ഘകാലം എന്‍ജിനിയറായിരുന്ന കോലഞ്ചേരി പട്ടിമറ്റം മേച്ചങ്കര മത്തായിയും കുടുംബവും ദുരൂഹ സഹാചര്യത്തില്‍ കൊല്ലപ്പെട്ടത്. പുതുതായി നിര്‍മിക്കുന്ന വീടിനുമുന്നിലെ കിണറ്റില്‍ കഴുത്തറ്റ നിലയിലായിരുന്നു മത്തായിയുടെ മൃതദേഹം. ഭാര്യ ഏലമ്മ (കിഴക്കമ്പലം ഞാറല്ലൂര്‍ ഹൈസ്കൂള്‍ അധ്യാപിക)യുടെയും മക്കളായ സിനിയുടെയും ജിനിയുടെയും മൃതദേഹങ്ങള്‍ വെട്ടേറ്റ നിലയില്‍ സ്വീകരണമുറിയില്‍ . വീടിന്റെ രണ്ടാംനിലയുടെ കോണ്‍ക്രീറ്റ് നിശ്ചയിച്ചിരുന്നതിന്റെ തലേന്നാണ് കൂട്ടമരണം. എല്ലാവരും രാത്രി വൈകുവോളം വീടുനിര്‍മാണജോലിയില്‍ ഏര്‍പ്പെട്ടിരുന്നു. എംസിഎ കഴിഞ്ഞ സിനി പിറ്റേന്ന് ഫാക്ടില്‍ ജോലിക്കു ചേരേണ്ടതാണ്. ഉത്സാഹത്തോടെ ജീവിക്കുന്ന ആ വീട്ടുകാര്‍ കൂട്ട ആത്മഹത്യ ചെയ്യേണ്ട ഒരു കാരണവുമില്ലെന്നാണ് നാട്ടുകാര്‍ ഉറപ്പിച്ചുപറയുന്നത്. അതേസമയം സംഭവം കൊലപാതകമെന്നു ഒറ്റനോട്ടത്തില്‍തന്നെ ആരും സംശയിക്കും- പക്ഷേ പൊലീസ് ആത്മഹത്യയായി കേസ് എഴുതിത്തള്ളി.

    ReplyDelete