Tuesday, October 4, 2011

പിള്ളയെ തുണച്ച് മാധ്യമങ്ങളും

മുത്തൂറ്റ് പോള്‍ വധക്കേസില്‍ എസ് ആകൃതിയിലുള്ള കത്തിവരെ ഉണ്ടാക്കിയ മാധ്യമങ്ങള്‍ സ്കൂള്‍ അധ്യാപകന്‍ കൃഷ്ണകുമാറിനെ വകവരുത്താന്‍ ശ്രമിച്ച കേസില്‍ പൊലീസിനൊപ്പംനിന്ന് അന്വേഷണം വഴിതിരിക്കാന്‍ ശ്രമിക്കുന്നു. യുവ വ്യവസായി മുത്തൂറ്റ് പോള്‍ എം ജോര്‍ജിനെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണത്തിനിടയില്‍ പൊലീസ് കണ്ടെത്തിയ കാര്യങ്ങള്‍ തെറ്റാണെന്നു വരുത്താന്‍ പാടുപെട്ട ചില മാധ്യമങ്ങളാണ് ഇപ്പോള്‍ പൊലീസ് പറയുന്നത് ഏറ്റുചൊല്ലി ആര്‍ ബാലകൃഷ്ണപിള്ളയ്ക്കു വേണ്ടി രംഗത്തിറങ്ങിയത്. കേരളത്തെയാകെ നടുക്കിയ ക്രൂരപീഡനത്തിനിരയായ അധ്യാപകനെതിരെ പൊലീസ് പറയുന്നത് അതേപടി പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ പിള്ളക്കൊപ്പം യുഡിഎഫിനെയും സഹായിക്കുന്നു. ആക്രമിക്കപ്പെടേണ്ട വ്യക്തിയാണ് അധ്യാപകന്‍ എന്നു വരുത്താന്‍ ആസൂത്രിതമായ നീക്കമാണ് നടക്കുന്നത്.

താന്‍ കടയ്ക്കലില്‍ പോയതായി കൃഷ്ണകുമാര്‍ നേരത്തേതന്നെ പറഞ്ഞിരുന്നു. എന്നാല്‍ , കടയ്ക്കലില്‍ പോയിട്ടില്ലെന്ന് അധ്യാപകന്‍ പറഞ്ഞതായും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലൂടെ അക്കാര്യം മനസിലായതായും പൊലീസ് പ്രചരിപ്പിച്ചു. ചില മാധ്യമങ്ങള്‍ ഇതിനു വലിയ പ്രാധാന്യം നല്‍കി. സംഭവം നടന്ന് ഏഴ് ദിവസമായിട്ടും അന്വേഷണം ഇഴയുകയാണ്. പിള്ളയുടെ സ്കൂളിലെ അധ്യാപകനായ കൃഷ്ണകുമാറുംപ്രധാനാധ്യാപികയായ അദ്ദേഹത്തിന്റെ ഭാര്യയും ദീര്‍ഘകാലമായി ഭീഷണിക്കു നടുവിലാണ്. കൃഷ്ണകുമാറിനെ കൊല്ലുമെന്ന് പലതവണ ഭീഷണി മുഴക്കിയതായി അദ്ദേഹത്തിന്റെ ഭാര്യ വെളിപ്പെടുത്തിയിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പരസ്യമായി പോസ്റ്റല്‍വോട്ട് ചെയ്യാത്തതിന് കൃഷ്ണകുമാറിനെ തല്ലിച്ചതച്ചതും ഇപ്പോള്‍ പുറത്തുവന്നു. ഇതൊന്നും യുഡിഎഫ് അനുകൂലമാധ്യമങ്ങള്‍ക്ക് വിഷയമായില്ല. പിള്ളയെ നിരപരാധിയായി ചിത്രീകരിക്കാനും കൃഷ്ണകുമാറിനെ സ്വഭാവഹത്യ നടത്താനും യുഡിഎഫിനൊപ്പം നില്‍ക്കുകയാണ് ചില മാധ്യമങ്ങള്‍ .

ഭരണത്തിന്റെ തണലില്‍ നിയമവ്യവസ്ഥയെ പിള്ള പരസ്യമായി വെല്ലുവിളിക്കുന്നു. സര്‍ക്കാര്‍ പിള്ളയെ ന്യായീകരിക്കുകയാണ്. പിള്ള നിയമം ലംഘിച്ചിട്ടില്ലെന്നും ചട്ടമേ ലംഘിച്ചിട്ടുള്ളൂ എന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. അധ്യാപകന്‍ മൃഗീയപീഡനത്തിനിരയായശേഷം പിള്ള നടത്തിയ ഫോണ്‍വിളികളും ഇടപെടലുകളും സംസ്ഥാനത്താകെ സജീവചര്‍ച്ചാവിഷയമാണ്. ഇതില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ മലയാള മനോരമ അടക്കമുള്ള യുഡിഎഫ് മാധ്യമങ്ങള്‍ സകലമാര്‍ഗവും തേടുന്നു. കൃഷ്ണകുമാര്‍ വധശ്രമക്കേസില്‍ പൊലീസ് പ്രചരിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഈ മാധ്യമങ്ങള്‍ക്ക് ഒരു സംശയവുമില്ല. അന്വേഷണം സമര്‍ഥമായി വഴിതിരിച്ചുവിടാന്‍ പൊലീസ് കരുനീക്കം നടത്തുന്നു. പൊലീസ് പറയുന്നതെല്ലാം ദൃശ്യമാധ്യമങ്ങള്‍ക്ക് ബ്രേക്കിങ് വാര്‍ത്തയാണ്. ഏതാനും പത്രങ്ങളും ഇതാവര്‍ത്തിക്കുന്നു. 2009 സെപ്തംബറിലാണ് പോള്‍ എം ജോര്‍ജ് കൊല്ലപ്പെടുന്നത്. ഒട്ടും വൈകാതെ പൊലീസ് കുറ്റവാളികളെ കുടുക്കി. കൊലയ്ക്കുപയോഗിച്ചത് എസ് ആകൃതിയിലുള്ള കത്തിയാണെന്ന് പൊലീസ് കണ്ടെത്തിയത് തിരക്കഥയും നാടകവുമൊക്കെയായി മനോരമയും മറ്റും അപഹസിച്ചു. കൂട്ടത്തിലൊരു മാധ്യമം ഇത്തരത്തിലൊരു കത്തിയുമുണ്ടാക്കിച്ചു. അന്ന് പൊലീസ് പറഞ്ഞ എസ് കത്തിയിലാണ് ഒടുവില്‍ സിബിഐയും ചെന്നെത്തിയത്്്. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ കേസന്വേഷണം ശരിയായ ദിശയില്‍ പോയതാണ് ഈ മാധ്യമങ്ങളെ അലട്ടിയത്. ഇന്ന് അന്വേഷണം വഴിതിരിക്കാന്‍ പൊലീസിന്റെ കൂടെ ചേരുകയാണിവര്‍ .

പിള്ളയുടെ വീട്ടിലെത്തി വോട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ചതായി കൃഷ്ണകുമാറിന്റെ ഭാര്യ

തന്റെ ഭര്‍ത്താവിനെ മുമ്പ് സ്കൂളിലിട്ട് മര്‍ദിച്ചത് ബാലകൃഷ്ണപ്പിള്ളയുടെ വീട്ടില്‍പോയി അദ്ദേഹത്തിന്റെ മുന്നില്‍വച്ച് പരസ്യമായി വോട്ട് ചെയ്യാന്‍ വിസമ്മതിച്ചതിനാലാണെന്ന് ആശുപത്രിയില്‍ കഴിയുന്ന അധ്യാപകന്‍ കൃഷ്ണകുമാറിന്റെ ഭാര്യ കെ ആര്‍ ഗീത.

"2005ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പിള്ളയുടെ വീട്ടില്‍ച്ചെന്ന് അദ്ദേഹത്തിന്റെ മുന്നില്‍വച്ച് വോട്ട് ചെയ്യണമെന്നായിരുന്നു പിള്ളയുടെ ആവശ്യം. വീട്ടില്‍വന്ന് വോട്ട് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ബാലറ്റ് പേപ്പര്‍ പിള്ളയുടെ വീട്ടിലേക്ക് കൊടുത്തുവിടണമെന്നും പറഞ്ഞു. വീട്ടില്‍ പോകാത്തതിനാല്‍ ഞങ്ങള്‍ രണ്ടു പേരുടെയും പോസ്റ്റല്‍ ബാലറ്റ് വാങ്ങാന്‍ സ്കൂളിലെ ക്ലര്‍ക്ക് ബാബുരാജന്‍നായര്‍ വീട്ടിലേക്ക് വന്നു. അതിനുമുമ്പുതന്നെ ഞങ്ങള്‍ വോട്ട് ചെയ്ത് തപാലില്‍ അയച്ചിരുന്നു. ഇതേത്തുടര്‍ന്ന് അന്ന് ഉച്ചയ്ക്ക് സ്കൂളില്‍വന്ന കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തകരാണ് കൃഷ്ണകുമാര്‍ സാറിനെ മര്‍ദിച്ചത്." വാളകത്ത് ക്രൂരമായ മര്‍ദനത്തിനിരയായി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന അധ്യാപകന്റെ ഭാര്യ ദേശാഭിമാനിയോട് പറഞ്ഞു.

പിള്ളയുടെ പാര്‍ടിക്ക് വോട്ട് ചെയ്യില്ലെന്ന സംശയമാണ് പരസ്യ വോട്ട് ചെയ്യാന്‍ നിര്‍ബന്ധിക്കാന്‍ കാരണം. ഇടമുളയ്ക്കല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്നായിരുന്നു ആവശ്യം. സാറിനെ സ്കൂളിലിട്ട് തല്ലിയെങ്കിലും മറ്റ് പ്രശ്നങ്ങള്‍ ഉണ്ടാകുമോ എന്ന്് ഭയന്നാണ് അന്ന് പൊലീസില്‍ പരാതി നല്‍കാതിരുന്നതെന്നും അവര്‍ പറഞ്ഞു. പൊലീസ് യഥാര്‍ഥ പ്രതികളെ പിടികൂടാനുള്ള ശ്രമം നടത്തുന്നതിനു പകരം അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ഗീതയുടെ സഹോദരന്‍ അജിത് പ്രസാദ് പറഞ്ഞു. കൃഷ്ണകുമാര്‍ പൂര്‍ണബോധത്തിലാകുന്നതിനുമുമ്പ് ധൃതിപിടിച്ചെടുത്ത മൊഴിയില്‍ വൈരുധ്യമുണ്ടെന്നു വരുത്തി തീര്‍ക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. സ്വഭാവദൂഷ്യമാരോപിച്ച് യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ ശ്രമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 041011

1 comment:

  1. മുത്തൂറ്റ് പോള്‍ വധക്കേസില്‍ എസ് ആകൃതിയിലുള്ള കത്തിവരെ ഉണ്ടാക്കിയ മാധ്യമങ്ങള്‍ സ്കൂള്‍ അധ്യാപകന്‍ കൃഷ്ണകുമാറിനെ വകവരുത്താന്‍ ശ്രമിച്ച കേസില്‍ പൊലീസിനൊപ്പംനിന്ന് അന്വേഷണം വഴിതിരിക്കാന്‍ ശ്രമിക്കുന്നു. യുവ വ്യവസായി മുത്തൂറ്റ് പോള്‍ എം ജോര്‍ജിനെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണത്തിനിടയില്‍ പൊലീസ് കണ്ടെത്തിയ കാര്യങ്ങള്‍ തെറ്റാണെന്നു വരുത്താന്‍ പാടുപെട്ട ചില മാധ്യമങ്ങളാണ് ഇപ്പോള്‍ പൊലീസ് പറയുന്നത് ഏറ്റുചൊല്ലി ആര്‍ ബാലകൃഷ്ണപിള്ളയ്ക്കു വേണ്ടി രംഗത്തിറങ്ങിയത്. കേരളത്തെയാകെ നടുക്കിയ ക്രൂരപീഡനത്തിനിരയായ അധ്യാപകനെതിരെ പൊലീസ് പറയുന്നത് അതേപടി പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ പിള്ളക്കൊപ്പം യുഡിഎഫിനെയും സഹായിക്കുന്നു. ആക്രമിക്കപ്പെടേണ്ട വ്യക്തിയാണ് അധ്യാപകന്‍ എന്നു വരുത്താന്‍ ആസൂത്രിതമായ നീക്കമാണ് നടക്കുന്നത്.

    ReplyDelete