Wednesday, October 5, 2011

നിയമസഭാ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

ബാലകൃഷ്ണപിള്ളയുടെ മൊബൈല്‍ഫോണ്‍ ഉപയോഗം സംബന്ധിച്ച് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വി ശിവന്‍കുട്ടി സ്പീക്കര്‍ക്ക് അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. അടിയന്തരപ്രമേയത്തിന് മറുപടി നല്‍കിയപ്പോള്‍ പിള്ള ചട്ടംമാത്രമേ ലംഘിച്ചുള്ളൂവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 2010ലെ ചട്ടം ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല. നിയമത്തിന്റെ നിര്‍വചനം മറച്ചുവച്ച് സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് നിയമത്തില്‍ പറഞ്ഞിട്ടുണ്ട്. ഇത് മറച്ചുവച്ചാണ് പ്രാബല്യത്തില്‍ വരാത്ത ചട്ടം പിള്ള ലംഘിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്ന് ശിവന്‍കുട്ടി നോട്ടീസില്‍ ചൂണ്ടിക്കാട്ടി.

ഇം എം എസ് ഭവനപദ്ധതി: 83,985 വീട് പൂര്‍ത്തിയായി

ഇം എം എസ് ഭവനപദ്ധതി 2012 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി എം കെ മുനീര്‍ നിയമസഭയില്‍ അറിയിച്ചു. പദ്ധതിയില്‍ 83,985 വീട് പൂര്‍ത്തിയായി. 1,34,930 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായിവരുന്നു. നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം, സ്ഥലലഭ്യതക്കുറവ്, പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരുടെ ജോലിഭാരം തുടങ്ങിയവ പദ്ധതി നടത്തിപ്പിന്റെ വേഗത കുറച്ചു. പദ്ധതിക്കായി 1406.88 കോടി രൂപ സമാഹരിച്ചിട്ടുണ്ടെന്നും അബ്ദുറഹ്മാന്‍ രണ്ടത്താണി, സി മമ്മൂട്ടി എന്നിവരെ മന്ത്രി അറിയിച്ചു.

നൂറുദിനത്തില്‍ 3386 സ്ത്രീപീഡനം

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നൂറുദിനത്തിനിടെ സ്ത്രീപീഡനങ്ങളും ബലാത്സംഗ കേസുകളും കുതിച്ചുയര്‍ന്നതായി വെളിപ്പെടുത്തല്‍ . ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അറിയിച്ച കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. യുഡിഎഫ് അധികാരത്തിലെത്തിയശേഷം ഇതുവരെ സംസ്ഥാനത്ത് 3386 സ്ത്രീ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു. സ്ത്രീകള്‍ക്കു നേരെ ഇക്കാലയളവില്‍ 3932 ആക്രമണങ്ങള്‍ നടന്നു. 352 ബലാത്സംഗമുണ്ടായി. കുട്ടികള്‍ക്കെതിരെയുള്ള 440 ആക്രമണക്കേസും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച 160 കേസും രജിസ്റ്റര്‍ ചെയ്തു. ഈ കാലയളവില്‍ ഉണ്ടായ സ്ത്രീപീഡനങ്ങള്‍ 1562 ആണെന്നും കോടിയേരി ബാലകൃഷ്ണന്‍ , കെ എസ് സലീഖ എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.

1589 അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെട്ടു; 4039 പേര്‍ക്ക് അംഗീകാരമില്ല

സംസ്ഥാനത്ത് എയ്ഡഡ് സ്കൂള്‍മേഖലയില്‍ കുട്ടികളുടെ കുറവു മൂലം 1589 അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദു റബ്ബ് നിയമസഭയില്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍പേര്‍ക്ക് ജോലി നഷ്ടപ്പെട്ടത് മലപ്പുറത്താണ്. 256 പേര്‍ . തിരുവനന്തപുരം-94, കൊല്ലം-125, ആലപ്പുഴ-143, എറണാകുളം-136, പത്തനംതിട്ട-104, ഇടുക്കി-12, കണ്ണൂര്‍ -81, കോഴിക്കോട്-217, കാസര്‍കോട്- 38 വയനാട്- 4, പാലക്കാട്-207, കോട്ടയം-32, തൃശൂര്‍ -140 എന്നിങ്ങയാണ് ഇതരജില്ലയിലെ കണക്ക്. എയ്ഡഡ് മേഖലയില്‍ 4090 അധ്യാപകര്‍ അംഗീകാരമില്ലാതെ ജോലി ചെയ്യുന്നുണ്ടെന്നും എളമരം കരീമിനെ മന്ത്രി} അറിയിച്ചു. കുട്ടികളുടെ കുറവുമൂലം 2010-11 വര്‍ഷത്തില്‍ 278 അധ്യാപകര്‍ക്ക് അംഗീകാരം നഷ്ടപ്പെടുമെന്ന് പുരുഷന്‍ കടലുണ്ടിക്ക് മറുപടി ലഭിച്ചു. സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഏകജാലക പ്രവേശനപ്രകാരം 11,509 സീറ്റ് ഒഴിഞ്ഞു കിടക്കുന്നുണ്ട്. എസ്എസ്എല്‍സി, സേ പരീക്ഷകള്‍ പാസായ വിദ്യാര്‍ഥികളുടെ എണ്ണം കണക്കിലെടുത്താണ് പുതിയ ബാച്ചുകള്‍ അനുവദിച്ചത്. അധിക ബാച്ചിലേക്കുള്ള പ്രവേശനം പൂര്‍ത്തിയായിട്ടില്ല. ഇതു പൂര്‍ത്തിയായാലേ ഒഴിഞ്ഞു കിടക്കുന്ന മൊത്തം സീറ്റുകളുടെ എണ്ണം വ്യക്തമാകൂ. ഈ വര്‍ഷം 27,500 സീറ്റാണ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ അനുവദിച്ചതെന്നും എം ചന്ദ്രനെ മന്ത്രി അറിയിച്ചു.

സ്മാര്‍ട്ട് സിറ്റി: കഴിഞ്ഞ സര്‍ക്കാരിന്റെ കരാറുമായി മുന്നോട്ടുപോകും

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയുമായി ഉണ്ടാക്കിയ കരാറുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സെസ് പദവി ഉള്ളതിനാല്‍ ഭൂമി വില്‍ക്കാനാകില്ല. സ്മാര്‍ട്ട് സിറ്റിക്ക് ഭൂമി ലഭ്യമാക്കുന്നതുസംബന്ധിച്ച് കെഎസ്ഇബിയുമായി ഉണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത എട്ടിന് സ്മാര്‍ട്ട് സിറ്റിക്ക് തറക്കല്ലിടുമെന്ന് എളമരം കരീം, എസ് ശര്‍മ, തേറമ്പില്‍ രാമകൃഷ്ണന്‍ , ബെന്നി ബെഹന്നാന്‍ , രമേശ് ചെന്നിത്തല തുടങ്ങിയവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. കൈത്തറി, കശുവണ്ടി, കയര്‍ , ഖാദി, കരകൗശലം തുടങ്ങിയ പരമ്പരാഗതവ്യവസായങ്ങളുടെ പുനരുദ്ധാരണത്തിനും വികേന്ദ്രീകരണത്തിനുമായി പുതിയ പദ്ധതി നടപ്പാക്കും. ബാംബൂ കോര്‍പറേഷനുകീഴിലെ പ്രൈമറി പ്രോസസിങ് യൂണിറ്റുകളിലെ തൊഴിലാളികളുടെ കൂലി 100 രൂപയില്‍നിന്ന് 200 ആക്കുമെന്ന് കെ ടി ജലീലിന് മറുപടി ലഭിച്ചു.

ഓണറേറിയം വര്‍ധിപ്പിക്കും

പഞ്ചായത്ത് ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് കെ കെ ജയചന്ദ്രന് മറുപടി ലഭിച്ചു. പഞ്ചായത്തുകളില്‍ യുഡി ക്ലര്‍ക്കുമാരുടെ 12ഉം അക്കൗണ്ടുമാരുടെ 17ഉം ജൂനിയര്‍ സൂപ്രണ്ടുമാരുടെ 28ഉം സെക്രട്ടറിയുടെ 20ഉം ഒഴിവുണ്ടെന്ന് ഗീത ഗോപിയെ മന്ത്രി എം കെ മുനീര്‍ അറിയിച്ചു.

വൈദ്യുതി കണക്ഷനായി കാത്തിരിക്കുന്നത് 51,453 പേര്‍

സംസ്ഥാനത്ത് വൈദ്യുതി കണക്ഷന് അപേക്ഷ നല്‍കി കാത്തിരിക്കുന്നത് 51,453 പേരാണെന്ന് വൈദ്യുതിമന്ത്രി. ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് മലപ്പുറത്താണ്. 9972 പേര്‍ . കോഴിക്കോട്ട് 7919. തിരുവനന്തപുരത്ത് 4379 പേരുമുണ്ടെന്നും മന്ത്രി പറഞ്ഞു. കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കി വന്നിരുന്ന റിബേറ്റ് പുനഃസ്ഥാപിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇ പി ജയരാജന്‍ , കെ കുഞ്ഞിരാമന്‍ , ആര്‍ സെല്‍വരാജ് എന്നിവര്‍ക്ക് മറുപടി ലഭിച്ചു. പാട്ടവ്യവസ്ഥ ലംഘിച്ചതിന് നെല്ലിയാമ്പതിയില്‍ 732.89 ഏക്കര്‍ ഭൂമി പിടിച്ചെടുത്തെന്ന് പി ശ്രീരാമകൃഷ്ണന് മറുപടി ലഭിച്ചു.

നാലുമാസത്തിനുള്ളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചത് 57 പേര്‍

യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം 57 പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചിട്ടുണ്ടെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. 50 പേര്‍ പൊതുജനങ്ങളും നാലുപേര്‍ ബോര്‍ഡ് ജീവനക്കാരും മൂന്നു കരാര്‍ജീവനക്കാരുമാണെന്ന് കോടിയേരി ബാലകൃഷ്ണനെ മന്ത്രി അറിയിച്ചു.

പുതുക്കിയ കെട്ടിടനികുതി ഏപ്രില്‍മുതല്‍

പുതുക്കിയ കെട്ടിടനികുതി ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കുമെന്ന് മന്ത്രി എം കെ മുനീര്‍ നിയമസഭയില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രദേശത്തെ പ്രഥമം, ദ്വിതീയം, ത്രിതീയം എന്നീ മേഖലകളായി തിരിക്കും. ഓരോ കെട്ടിടവും സ്ഥിതിചെയ്യുന്ന മേഖല, വഴി സൗകര്യം, തറവിസ്തീര്‍ണം, മേല്‍ക്കൂര നിര്‍മിതി, കാലപ്പഴക്കം, ചുമരിന്റെ നിര്‍മിതി, തറ, കെട്ടിടത്തിന്റെ ഉപയോഗത്തിന്റെ സ്വഭാവം എന്നിവയുടെ അടിസ്ഥാനത്തില്‍ കെട്ടിടനികുതി നിര്‍ണയംനടത്താന്‍ പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതനുസരിച്ചുള്ള നടപടികള്‍ പുരോഗമിക്കുന്നു. കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ നല്‍കാനും അസസ്മെന്റ് രജിസ്റ്റര്‍ പുതുക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും വി ശശിയെ മന്ത്രി അറിയിച്ചു.

ദേശാഭിമാനി 051011

1 comment:

  1. ബാലകൃഷ്ണപിള്ളയുടെ മൊബൈല്‍ഫോണ്‍ ഉപയോഗം സംബന്ധിച്ച് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വി ശിവന്‍കുട്ടി സ്പീക്കര്‍ക്ക് അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. അടിയന്തരപ്രമേയത്തിന് മറുപടി നല്‍കിയപ്പോള്‍ പിള്ള ചട്ടംമാത്രമേ ലംഘിച്ചുള്ളൂവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 2010ലെ ചട്ടം ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല. നിയമത്തിന്റെ നിര്‍വചനം മറച്ചുവച്ച് സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് നിയമത്തില്‍ പറഞ്ഞിട്ടുണ്ട്. ഇത് മറച്ചുവച്ചാണ് പ്രാബല്യത്തില്‍ വരാത്ത ചട്ടം പിള്ള ലംഘിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്ന് ശിവന്‍കുട്ടി നോട്ടീസില്‍ ചൂണ്ടിക്കാട്ടി.

    ReplyDelete