Tuesday, October 11, 2011

സ്വാശ്രയകരാര്‍: മാനേജ്‌മെന്റുകള്‍ക്ക് കൊള്ളലാഭമെന്ന് എം എ ബേബി

സ്വാശ്രയ മാനേജ്‌മെന്റുകളുമായി ഈ സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ മൂലം കോടികളുടെ ലാഭമാണ് മാനെജ്‌മെന്റുകള്‍ക്ക് ലഭിച്ചതെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്തെ കരാര്‍ അതുപോലെ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവകാശപ്പെടുന്നത് സത്യമല്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ധനാഭ്യര്‍ഥനയെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരുമായി ധാരണയിലെത്തിയ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 35 ശതമാനം മാനേജ്‌മെന്റ് സീറ്റില്‍ 55,000 രൂപവീതം അധികം ഈടാക്കാന്‍ അനുവദിച്ചതിലൂടെ 7.25 കോടിരൂപയുടെ അധികലാഭം മാനേജ്‌മെന്റുകള്‍ക്കുണ്ടായി. സ്വാശ്രയ എന്‍ജിനീയറിംഗ് മാനേജ്‌മെന്റുകള്‍ക്ക് 15 കോടിരൂപ അധികം ലഭിക്കുന്ന വിധത്തിലാണ് കരാര്‍. ഇത് ഗൗരവമായ കാര്യമാണ്. ഇതുസംബന്ധിച്ച് പരിശോധന നടത്തണമെന്നും എം എ ബേബി ആവശ്യപ്പെട്ടു. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് കോടികള്‍ കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ അവസരമൊരുക്കിയത്. സി ബി എസ് ഇ സ്‌കൂളുകള്‍പോലും  സെമസ്റ്റര്‍ പരീക്ഷയിലേക്ക് മാറുമ്പോള്‍ ഓണപ്പരീക്ഷ അടിച്ചേല്‍പ്പിക്കാന്‍ എന്ത് അക്കാദമിക് ന്യായീകരണമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

അധ്യാപക പാക്കേജിലെ കാര്യങ്ങള്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ തുടങ്ങിയതാണ്. അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30 ആക്കാന്‍ തീരുമാനിച്ചത് മുന്‍സര്‍ക്കാരാണ്. എയ്ഡഡ് മാനെജ്‌മെന്റുകള്‍ക്ക് കീഴടങ്ങിക്കൊണ്ടായാലും പാക്കേജ് നടപ്പാക്കിയത് അംഗീകരിക്കുന്നു. ഉന്നതവിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി നശിപ്പിക്കരുതെന്നും എം എ ബേബി ആവശ്യപ്പെട്ടു. വിദ്യാഭ്യാസരംഗത്ത് ഒച്ചിന്റെ വേഗതയാണെന്ന് കെ ടി ജലീല്‍ പറഞ്ഞു. അന്യമതത്തില്‍പ്പെട്ട കുട്ടികള്‍ക്ക് അറബി പഠിക്കാനുള്ള അവസരം നിഷേധിക്കുന്നു. പ്രൊഫഷണല്‍ പ്രവേശനത്തില്‍ മൂന്നാമത്തെ അലോട്ട്‌മെന്റിനുശേഷം വിദ്യാര്‍ഥികള്‍ ടിസി വാങ്ങിയാല്‍ നാലുവര്‍ഷത്തെ ഫീസും നല്‍കണമെന്ന വ്യവസ്ഥ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അഴിമതിയുണ്ടെന്ന് ജി സുധാകരന്‍ പറഞ്ഞു.

വിദ്യാഭ്യാസരംഗത്ത് അഴിമതിയും കെടുകാര്യസ്ഥഥയുമാണെന്ന് ആര്‍ രാജേഷ് പറഞ്ഞു. സ്വാശ്രയ മേഖലയില്‍ ഏറ്റവുമധികം ഫീസ് ഈടാക്കുന്ന സംസ്ഥാനമായി കേരളം മാറി. കോണ്‍ഗ്രസ്-സി എം പിക്കാര്‍ പരിയാരം ഭരിക്കുമ്പോള്‍ 32,0000ലധികം റാങ്കുള്ളവര്‍ക്കായിരുന്നു പ്രവേശനമെങ്കില്‍ എല്‍ ഡി എഫിന്റെ കാലത്ത് 2354-ാം റാങ്കുവരെയായിരുന്നു പ്രവേശനം.

കോഴിക്കോട് വെസ്റ്റ്ഹില്‍ എന്‍ജിനീയറിംഗില്‍ പണവും സ്വാധീനവുമുപയോഗിച്ച് നിര്‍മല്‍ മാധവന്‍ പ്രവേശനം നേടിയതിനെക്കുറിച്ച് വിദ്യാഭ്യാസമന്ത്രി നിലപാട് വ്യക്തമാക്കണം. മന്ത്രിയുടെ അറിവോടെയാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ അദ്ദേഹം രാജിവച്ചൊഴിയണമെന്നും രാജേഷ് ആവശ്യപ്പെട്ടു. വാളകത്ത് അധ്യാപകന് ഉണ്ടായതുപോലെ ഹൈ വെലോസിറ്റി ട്രാഫിക് ആക്‌സിഡന്റ് പി രാമകൃഷ്ണനും ഉണ്ടായാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് കഴിഞ്ഞ 15 വര്‍ഷമായി സി പി എം പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ രാമകൃഷ്ണനും പറയുന്നത്. രാമകൃഷ്ണന് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

janayugom 111011

1 comment:

  1. സ്വാശ്രയ മാനേജ്‌മെന്റുകളുമായി ഈ സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ മൂലം കോടികളുടെ ലാഭമാണ് മാനെജ്‌മെന്റുകള്‍ക്ക് ലഭിച്ചതെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്തെ കരാര്‍ അതുപോലെ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവകാശപ്പെടുന്നത് സത്യമല്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ധനാഭ്യര്‍ഥനയെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete