Tuesday, October 11, 2011

വെടിവെപ്പ് മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെ പിണറായി

വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ്ങ് കോളേജില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തിയ വെടിവെപ്പ് മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒരു എക്സിക്യൂടീവ് മജിസ്ട്രേറ്റിന്റെയും അനുമതിയല്ലെന്ന സൂക്ഷ്മമായ വിവരം ഞങ്ങള്‍ക്ക് ലഭ്യമായിട്ടുണ്ട്. ഇപ്പോള്‍ ഭരണസ്വാധീനം ഉപയോഗിച്ച് ഉത്തരവ് സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഉത്തരവില്ലാതെ എങ്ങനെ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവെച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. നെഞ്ചിന് നേരെ വെടിവെക്കാനുള്ള എന്ത് സാഹചര്യമാണ് ഇവിടെയുണ്ടായിരുന്നത്. ക്രിമിനലായ അസി. കമീഷണര്‍ രാധാകൃഷ്ണപിള്ളയെ ഉടന്‍ സസ്പെന്‍ഡ്ചെയ്യണം. പൊലീസ് അതിക്രമത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറാകണം- നിര്‍മ്മല്‍മാധവന്റെ അനധികൃതപ്രവേശനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ആരംഭിച്ച് അനിശ്ചിതകാല കോളേജ് ഉപരോധം ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞു.

സര്‍ക്കാരിന്റെ അനുമതിയോടെയാണ് വിദ്യാര്‍ഥികള്‍ക്ക്േനെരെ വെടിവെപ്പ് നടത്തിയത്്. ഭ്രാന്തമായ അക്രമമാണ് പൊലീസ് കാട്ടിയത്. സമരങ്ങളെ അസഹിഷ്ണുതയോടെ കാണുന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നയം. അതിന്റെ ഭാഗമാണ് വിദ്യാര്‍ഥികളുടെ തലതല്ലിപ്പൊളിച്ചതും വെടിവെച്ചതുമെല്ലാം.മെറിറ്റ് സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ തന്നെ അതട്ടിമറിക്കയാണ്. ഭരിക്കുന്ന സര്‍ക്കാരിന്റെ ഇഷ്ടത്തിനനുസരിച്ച് മെറിറ്റ് അട്ടിമറിക്കാമെന്ന് വന്നാല്‍ മെറിറ്റിനും പ്രവേശനപരീക്ഷക്കും പ്രസക്തിയില്ലാതാകും. അതിനാല്‍ തന്നെ വിദ്യാര്‍ഥികളും യുവജനങ്ങളും നടത്തുന്ന സമരത്തെ സമുഹമാകെ പിന്തുണക്കണം- പിണറായി പറഞ്ഞു.

വെടിവയ്പ്പില്‍ രോഷം: പ്രതിപക്ഷം കുത്തിയിരിപ്പ് നടത്തി

കോഴിക്കോട് സമരംചെയ്ത വിദ്യാര്‍ഥികളെ വെടിവെച്ചതിനെക്കുറിച്ചുള്ള അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നടുത്തളത്തിലിറങ്ങി. ബഹളം മൂലം സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. എന്നാല്‍ പറുത്തുപോകാതെ പ്രതിപക്ഷ അംഗങ്ങള്‍ സഭക്കുള്ളില്‍ സമരം തുടരുകയാണ്.

എ പ്രദീപ്കുമാറാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്്. സംഭവത്തില്‍ ദു:ഖമുണ്ടെന്ന് പ്രമേയത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി അറിയിച്ചു. വെടിവയ്പ്പ് ഉണ്ടാകാന്‍ പാടില്ലായിരുന്നു.ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ ആക്ഷേപം പരിശോധിക്കും.പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലെത്തിക്കാനാണ് വെടിവച്ചതെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു. നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കിയ നടപടി ശരിയാണ്. അതിന് ഉത്തരവാദിത്വം തനിക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ കുത്തിയിരിപ്പു നടത്തി.

അത്യന്തം ക്രൂരവും നിഷ്ഠുരവുമായ അതിക്രമമാണ് പൊലീസ് കോഴിക്കോട് വിദ്യാര്‍ഥികളോട് ചെയ്തതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ആരുടെയും അനുവാദമില്ലാതെയാണ് ഒരു പൊലീസുദ്യോഗസ്ഥന്‍ വെടിവച്ചത്. ക്രിമിനല്‍ സ്വാഭാവമുള്ള ആളാണ് രാധാകൃഷ്ണപിള്ള. ഈ ഉദ്യോഗസ്ഥനെ സംരംക്ഷിക്കുന്ന നടപടിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും വിഎസ് കുറ്റപ്പെടുത്തി. കോഴിക്കോട് വെടിവയ്പ്പിനെക്കുറിച്ചുള്ള എകെ ബാലന്റെ ചോദ്യം സ്പീക്കര്‍ അനുവദിച്ചില്ല. ഇതേത്തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധിച്ചു. സമരക്കാരെ പൊലീസ് നേരിട്ടതിനെക്കുറിച്ചുള്ള വാര്‍ത്തകളുള്ള പത്രങ്ങള്‍ അംഗങ്ങള്‍ ഉയര്‍ത്തിക്കാട്ടി. സ്പീക്കര്‍ ഭരണപക്ഷത്തിന്റെ ആളായി നില്‍ക്കുന്നുവെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു. സ്വാശ്രയ എന്‍ജിനീയറിങ്ങ് കോളേജുകളെക്കുറിച്ചുള്ള ചോദ്യങ്ങളൊന്നും സ്പീക്കര്‍ അനുവദിച്ചില്ല.

ടൂറിസം ഡെസ്റ്റിനേഷന്‍ സെന്ററുകള്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്ന് മന്ത്രി എപി അനില്‍കുമാര്‍ പറഞ്ഞു.ആവശ്യമായ ഭൂമി കിട്ടിയാല്‍ രാമക്കല്‍മേടിന്റെ രണ്ടാംഘട്ടം തുടങ്ങും. പ്രോപ്പര്‍ട്ടി ടാക്സ് ബോര്‍ഡ് നികുതികള്‍ ഏകീകരിക്കുമെന്ന് പഞ്ചായത്ത് മന്ത്രി മുനീര്‍ അറിയിച്ചു

deshabhimani 111011

3 comments:

  1. വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ്ങ് കോളേജില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തിയ വെടിവെപ്പ് മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒരു എക്സിക്യൂടീവ് മജിസ്ട്രേറ്റിന്റെയും അനുമതിയല്ലെന്ന സൂക്ഷ്മമായ വിവരം ഞങ്ങള്‍ക്ക് ലഭ്യമായിട്ടുണ്ട്. ഇപ്പോള്‍ ഭരണസ്വാധീനം ഉപയോഗിച്ച് ഉത്തരവ് സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഉത്തരവില്ലാതെ എങ്ങനെ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവെച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. നെഞ്ചിന് നേരെ വെടിവെക്കാനുള്ള എന്ത് സാഹചര്യമാണ് ഇവിടെയുണ്ടായിരുന്നത്. ക്രിമിനലായ അസി. കമീഷണര്‍ രാധാകൃഷ്ണപിള്ളയെ ഉടന്‍ സസ്പെന്‍ഡ്ചെയ്യണം. പൊലീസ് അതിക്രമത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറാകണം- നിര്‍മ്മല്‍മാധവന്റെ അനധികൃതപ്രവേശനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ആരംഭിച്ച് അനിശ്ചിതകാല കോളേജ് ഉപരോധം ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞു.

    ReplyDelete
  2. വിദ്യാര്‍ഥികളെ വെടിവെച്ച പൊലീസിനെ അന്ധമായി ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൈക്കൊള്ളുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. വെടിയുതിര്‍ക്കേണ്ട സാഹചര്യം കോഴിക്കോട് ഉണ്ടായിരുന്നില്ല. മുന്നറിയിപ്പില്ലാതെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ വെടിവെച്ച കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ളയെ സസ്പെന്‍ഡ് ചെയ്ത് ഈവിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ സഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം തുടരും. മാനദണ്ഡങ്ങള്‍ മറികടന്നാണ് നിര്‍മല്‍ മാധവിന് കോഴിക്കോട് എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം നല്‍കിയത്. ഇത് തിരുത്താന്‍ സര്‍ക്കാര്‍ തയാറാവണം. സിപിഐ നിയമസഭാകക്ഷി നേതാവ് സി ദിവാകരന്‍ , എ പ്രദീപ്കുമാര്‍ എംഎല്‍എ എന്നിവരും പത്രസമ്മേളനത്തില്‍ സംസാരിച്ചു.

    ReplyDelete
  3. പൊലീസിനെ കയറൂരിവിട്ട് സമരത്തെ അടിച്ചമര്‍ത്താമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കരുതേണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ മുന്നറിയിപ്പു നല്‍കി. നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ച പൊലീസുദ്യോഗസ്ഥനെ സസ്പെന്‍ഡു ചെയ്യാതെ പൊലീസിന്റെ ബലത്തില്‍ കേരളം ഭരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് വെടിവയ്പ്പ് നടത്തിയ രാധാകൃഷ്ണപിള്ളയെ സസ്പെന്റുചെയ്യണം. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം. നിയമവിരുദ്ധമായി നിര്‍മല്‍ മാധവനെന്ന കുട്ടിക്ക് പ്രവേശനം നല്‍കിയതിന്റെ ഉത്തരവാദിത്വം തനിക്കാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. പൊലീസ് മാന്വലുകള്‍ക്ക് വിരുദ്ധമായാണ് വെടിവെപ്പ് നടത്തിയത്. ഹോം ഗാര്‍ഡുകളെ ക്രമസമാധാന പാലനത്തിന് ആരാണ് ചുമതലപ്പെടുത്തിയത്.ഗുരുതരമായ കേസുകളില്‍ പ്രതിയായ രാധാകൃഷ്ണപിള്ളയെ തന്നെ കോഴിക്കോട് ചുമതലപ്പെടുത്തലയതിന്റെ കാരണം വ്യക്തമാണ്. വിജിലന്‍സ് കേസിനു പുറമേ നിയമ വിരുദ്ധകാര്യങ്ങളിലും സദാചാരവിരുദ്ധ പ്രവൃത്തികളിലും ഇയാള്‍ പ്രതിയാണ്. ക്രിമിനല്‍ സ്വഭാവമുള്ള പൊലീസിനെ കയറൂരിവിട്ടിരിക്കുകയാണ്. പെരുമ്പാവൂരില്‍ കെ സുധാകരന്റെ ഗണ്‍മാന്‍ യാത്രക്കാരനെ തല്ലിക്കൊന്നത് ഇതിന്റെ മറ്റൊരു ഉദാഹരണമാണ്. സുധാകരന്റെ ഗണ്‍മാന്‍ തന്നെയാണ് മുമ്പ് നാല്‍പാടി വാസുവിനെയും വെടിവെച്ചുകൊന്നത്. വെടിവെപ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും വരെ നിയമസഭക്കകത്തും പുറത്തും ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കോടിയേരി പറഞ്ഞു.

    ReplyDelete