Tuesday, October 11, 2011

ശ്രേയാംസ് കുമാര്‍ കൈയേറിയ ഭൂമി വിട്ടുനല്‍കാനുള്ള ഉത്തരവ് റദ്ദാക്കി

വയനാട്ടിലെ കൃഷ്ണഗിരിയില്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ അനധികൃതമായി കൈവശംവച്ച ഭൂമി സര്‍ക്കാരിനു വിട്ടുനല്‍കണമെന്നും വിട്ടുനല്‍കിയില്ലെങ്കില്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ ഭൂരഹിതരായ ആദിവാസികള്‍ക്ക് വിതരണംചെയ്യണമെന്നുമുള്ള സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. കൃഷിഭൂമി ഒഴിപ്പിക്കാന്‍ സബ് കോടതിയുടെ വിലക്ക് നിലവിലുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍ , പി എസ് ഗോപിനാഥന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

സംസ്ഥാന സര്‍ക്കാര്‍ ശ്രേയാംസിന് അനുകൂലമായാണ് നിലപാടെടുത്തത്. ലാന്‍ഡ് ട്രിബൂണല്‍ മുമ്പാകെയുള്ള മിച്ചഭൂമി കേസ് മൂന്നുമാസത്തിനകം തീര്‍പ്പാക്കാനും ട്രിബൂണല്‍ റിപ്പോര്‍ട്ട് ലഭിച്ച് മൂന്നുമാസത്തിനകം സബ്കോടതിയില്‍ നിലവിലുള്ള കേസ് തീര്‍ക്കാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. കീഴ്ക്കോടതിയുടെ നിരോധ ഉത്തരവിനെതിരെ മുന്‍സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയും സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ശ്രേയാംസ്കുമാര്‍ സമര്‍പ്പിച്ച അപ്പീലും തീര്‍പ്പാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. സിംഗിള്‍ ബെഞ്ച് വിധി നടപ്പാക്കാന്‍ സബ് കോടതിയുടെ നിരോധന ഉത്തരവ് തടസ്സമാണെന്ന് സര്‍ക്കാരിനുവേണ്ടി സീനിയര്‍ ഗവ. പ്ലീഡര്‍ ജോര്‍ജ് മേച്ചേരി ബോധിപ്പിച്ചു.

എന്നാല്‍ കീഴ്ക്കോടതിയുടെ നിരോധ ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലാത്തതിനാല്‍ റദ്ദാക്കണമെന്നും റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടെന്നും കേസില്‍ കക്ഷിചേര്‍ന്ന ആദിവാസിയായ വാസുവിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് തമ്പാന്‍ വാദിച്ചു. എന്നാല്‍ വാദങ്ങള്‍ കീഴ്ക്കോടതിയില്‍ കക്ഷിചേര്‍ന്ന് ഉന്നയിക്കുകയാണ് വേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. ശ്രേയാംസ്കുമാറിന്റെ കൈവശമുള്ള 14.44 ഏക്കര്‍ ഭൂമി ഒഴിപ്പിച്ചാല്‍ ആദിവാസികളുടെ ഭൂമി പ്രശ്നത്തിന് പരിഹാരമാകുമോയെന്ന് കോടതി ചോദിച്ചു. വനവിഭവങ്ങള്‍ ശേഖരിക്കാനും വില്‍ക്കാനും ആദിവാസികളെ അനുവദിച്ചിട്ടുണ്ട്. കൂടാതെ കൃഷിചെയ്യാന്‍ ഭൂമി നല്‍കണമെന്ന കാരണത്താല്‍ ഈ ഭൂമി ഒഴിപ്പിക്കാനുള്ള നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് കോടതി പറഞ്ഞു. കേരളത്തിന്റെ അതിര്‍ത്തിയില്‍ പശ്ചിമഘട്ടത്തില്‍ തെന്മലമുതല്‍ കൃഷിചെയ്യാന്‍ പാട്ടത്തിന് ഭൂമി നല്‍കിയിട്ടുണ്ട്. പാട്ടം നല്‍കാത്തതിന്റെ പേരില്‍ ഒരുതുണ്ട് ഭൂമിയെങ്കിലും ഒഴിപ്പിച്ചിട്ടുണ്ടോയെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു.

deshabhimani 111011

1 comment:

  1. എം വി ശ്രേയാംസ്കുമാര്‍ അനധികൃതമായി കൈവശംവെക്കുന്ന ഭൂമി ഏറ്റെടുക്കണമെന്ന സിങ്കിള്‍ബെഞ്ച് വിധിതന്നെ റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി ആദിവാസികളെ സംബന്ധിച്ച് നിര്‍ഭാഗ്യകരമാണെന്ന് ആദിവാസി ഭൂസമരസഹായസമിതി പ്രസ്താവനയില്‍ പറഞ്ഞു. കോടതിയില്‍ ഭരണകക്ഷി എംഎല്‍എയുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഒത്തുകളിച്ച സര്‍ക്കാരിന്റെ തനിനിറം പുറത്തായി. ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നേരത്തെ സ്വീകരിച്ച നിലപാടില്‍നിന്ന് വ്യത്യസ്തമാണ് ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഇപ്പോള്‍ സ്വീകരിച്ചത്. സുപ്രീം കോടതി രണ്ടാഴ്ചയ്ക്കകം തീര്‍പ്പുകല്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചതാണ് ഇപ്പോള്‍ ആറുമാസത്തേക്ക് നീട്ടിയത്. ഒരേകോടതിതന്നെ രണ്ട് നിലപാട് എടുത്തുവെന്നതും ജനങ്ങള്‍ കാണുന്നുണ്ട്. കോടതിയില്‍ സര്‍ക്കാര്‍ മലക്കം മറിഞ്ഞതായാണ് കാണാന്‍ കഴിയുക. ഇത്രയുംകാലം ഭൂമി സര്‍ക്കാരിന്റേതാണ് എന്ന് വ്യക്തമാക്കുന്ന ഒട്ടേറെ ഉത്തരവുകള്‍ പുറപ്പെടുവിച്ചിടുണ്ട്. എന്നാല്‍ അതിനുവിരുദ്ധമായി ആദിവാസികളുടെ താല്‍പര്യം ഹനിക്കുന്നനിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. വയനാട്ടില്‍ വന്നപ്പോള്‍ മുഖ്യമന്ത്രിയും പറഞ്ഞത് ആദിവാസികളുടെ താല്‍പര്യം സംരക്ഷിക്കുമെന്നാണ്. എന്നാല്‍ അതും ലംഘിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനുശേഷം ശ്രേയാംസിന് അനുകൂലമായി നിലപാടെടുക്കുന്നതിന്റെ ഭാഗമായാണ് മീനങ്ങാടിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. കോടതി വിധിയുടെ കാലാവധിയെത്തുന്നതുവരെ ശ്രേയാംസിന് അനുകൂലമായി വിധിവരുമെന്ന പ്രതീക്ഷയില്‍ ഏറ്റെടുക്കല്‍ ഉത്തരവ് നടപ്പാക്കാതിരുന്നു. ഭരണകക്ഷി എംഎല്‍എയുടെ താല്‍പര്യം സംരക്ഷിക്കുന്നതിനുമാത്രമാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇത് കടുത്ത ആദിവാസി വഞ്ചനയും സാമൂഹ്യനീതിയുടെ നിഷേധവുമാണ്. സര്‍ക്കാര്‍ അഭിഭാഷകന്‍ സര്‍ക്കാരിനുവേണ്ടി വാദിക്കാനും തയ്യാറായില്ല- ആദിവാസി ഭൂസമര സഹായസമിതി കണ്‍വീനര്‍ സി കെ ശശീന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete