Tuesday, October 11, 2011

ഇനി സൗജന്യ റോമിങ്; സ്പെക്ട്രത്തിന് പ്രത്യേക ലേലം

റോമിങ് നിരക്ക് എടുത്തുകളയുന്നതടക്കം നിരവധി പരിഷ്കാരങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ കരട് ടെലികോം നയം മന്ത്രി കപില്‍ സിബല്‍ പുറത്തിറക്കി. ഒരിക്കല്‍ ഉപയോഗിക്കുന്ന നമ്പര്‍ പിന്നീട് രാജ്യത്തെവിടെയും മാറ്റമില്ലാതെ ഉപയോഗിക്കാനാകുന്ന സാങ്കേതികതയിലേക്ക് നീങ്ങുമെന്ന വാഗ്ദാനവും കരടുനയത്തിലുണ്ട്. രാജ്യമെങ്ങും കുറഞ്ഞ നിരക്കില്‍ വിശ്വസനീയവും സുരക്ഷിതവുമായ വാര്‍ത്താവിനിമയ-ബ്രോഡ്ബാന്‍ഡ് സേവനമെന്ന ലക്ഷ്യമാണ് കരടുനയം മുന്നോട്ടുവയ്ക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം എന്നതിന് സമാനമായി ബ്രോഡ്ബാന്‍ഡ് ലഭ്യതയും ഒരു അവകാശമാക്കി മാറ്റും. അടുത്ത പത്തുവര്‍ഷത്തേക്കുള്ള നയത്തില്‍ ടെലികോം സേവനത്തിന് രാജ്യമെങ്ങും ഏക ലൈസന്‍സെന്ന ശുപാര്‍ശയുമുണ്ട്. ടെലികോം ലൈസന്‍സിനൊപ്പം സ്പെക്ട്രം സൗജന്യമായി നല്‍കിയിരുന്ന ഇതുവരെ പിന്തുടര്‍ന്നിരുന്ന നയത്തില്‍ മാറ്റമുണ്ടാകും. 2ജി സ്പെക്ട്രം അഴിമതിയുടെ പശ്ചാത്തലത്തിലാണ് തെറ്റുതിരുത്തല്‍ . ഇനി ടെലികോം ലൈസന്‍സിനൊപ്പം സ്പെക്ട്രം സൗജന്യമായി നല്‍കേണ്ടതില്ലെന്ന് പുതിയ നയം നിര്‍ദേശിക്കുന്നു. ലൈസന്‍സും സ്പെക്ട്രവും വെവ്വേറെ മത്സരലേലത്തിലൂടെ നല്‍കും. എന്നാല്‍ , അടുത്തെങ്ങും സ്പെക്ട്രം വിതരണം ഉണ്ടാവില്ലെന്നും മന്ത്രി സൂചിപ്പിച്ചു.

2020ഓടെ ഗ്രാമങ്ങളില്‍ ടെലികോം സാന്ദ്രത നൂറുശതമാനമാക്കുമെന്ന് നയം പ്രഖ്യാപിക്കുന്നു. ആവശ്യപ്പെടുന്ന മുറയ്ക്ക് ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കും. 2020 ഓടെ 60 കോടി ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കും. കുറഞ്ഞത് 2 എംബിപിഎസ് ഡൗണ്‍ലോഡ് വേഗത ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ക്ക് ഉറപ്പാക്കും. ആവശ്യമനുസരിച്ച് കുറഞ്ഞത് 100 എംബിപിഎസ് വരെ വേഗത ലഭ്യമാക്കും. ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി 2014 ഓടെ ഉയര്‍ന്ന വേഗവും നിലവാരവുമുള്ള ബ്രോഡ്ബാന്‍ഡ് ലഭ്യത എല്ലാ പഞ്ചായത്തിലും ഉറപ്പാക്കും. ടെലികോം ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും ഇന്ത്യന്‍ ടെലികോം മേഖലയുടെ ആവശ്യകതയുടെ 80 ശതമാനവും ആഭ്യന്തര ഉല്‍പ്പാദനത്തിലൂടെ കണ്ടെത്തുകയും ചെയ്യും. സേവനങ്ങള്‍ക്കും സേവനമേഖലകള്‍ക്കുമപ്പുറം ഒരു രാജ്യം-ഒരു ലൈസന്‍സ് സംവിധാനത്തിലേക്ക് നീങ്ങാന്‍ ശ്രമിക്കും. സമാനമായ വിധത്തില്‍ ഒരു രാജ്യം- സൗജന്യ റോമിങ്, ഒരു രാജ്യം-ഒരു നമ്പര്‍ എന്ന രീതിയിലേക്കും മാറും. തിരിച്ചറിയല്‍ രേഖ, സാമ്പത്തിക ഇടപാടുകള്‍ , ബഹുഭാഷാ സേവനങ്ങള്‍ എന്നിങ്ങനെ കേവലമൊരു വാര്‍ത്താവിനിമയ ഉപകരണമെന്ന നിലയില്‍നിന്ന് മൊബൈലിനെ ശാക്തീകരണത്തിനുള്ള ഉപകരണമാക്കി മാറ്റും. തടസ്സമില്ലാതെ ഐസിടി (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി), മള്‍ട്ടിമീഡിയ, ബ്രോഡ്കാസ്റ്റിങ് സേവനങ്ങള്‍ വിവിധ ശൃംഖലകളെ ഒരുമിച്ച് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കും. ആഭ്യന്തര ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക നിധി രൂപീകരിക്കും. പ്രാദേശിക കേബിള്‍ ശൃംഖലകള്‍ ഡിജിറ്റല്‍വല്‍ക്കരിക്കും. ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും അധിക സ്പെക്ട്രം ലഭ്യതയ്ക്ക് മാര്‍ഗരേഖ തയ്യാറാക്കും. സ്പെക്ട്രം ലൈസന്‍സും അവയുടെ മാനദണ്ഡങ്ങളും സംബന്ധിച്ച പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യത്തക്ക വിധത്തില്‍ സ്പെക്ട്രം നിയമം തയ്യാറാക്കും. ടെലികോം മേഖലയെ പശ്ചാത്തലസൗകര്യ മേഖലയായി അംഗീകരിക്കും. സൗജന്യമായി നല്‍കുന്ന രീതിയായിരുന്നു പിന്തുടര്‍ന്നിരുന്നത്. ഇനി മുതല്‍ സ്പെക്ട്രവും ലൈസന്‍സും പ്രത്യേകം ലേലത്തിലൂടെയാകും വിതരണംചെയ്യുക.

deshabhimani 111011

1 comment:

  1. റോമിങ് നിരക്ക് എടുത്തുകളയുന്നതടക്കം നിരവധി പരിഷ്കാരങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ കരട് ടെലികോം നയം മന്ത്രി കപില്‍ സിബല്‍ പുറത്തിറക്കി. ഒരിക്കല്‍ ഉപയോഗിക്കുന്ന നമ്പര്‍ പിന്നീട് രാജ്യത്തെവിടെയും മാറ്റമില്ലാതെ ഉപയോഗിക്കാനാകുന്ന സാങ്കേതികതയിലേക്ക് നീങ്ങുമെന്ന വാഗ്ദാനവും കരടുനയത്തിലുണ്ട്. രാജ്യമെങ്ങും കുറഞ്ഞ നിരക്കില്‍ വിശ്വസനീയവും സുരക്ഷിതവുമായ വാര്‍ത്താവിനിമയ-ബ്രോഡ്ബാന്‍ഡ് സേവനമെന്ന ലക്ഷ്യമാണ് കരടുനയം മുന്നോട്ടുവയ്ക്കുന്നത്.

    ReplyDelete