ത്രീസ്റ്റാര്‍ ഹോട്ടലിന് ലൈസന്‍സ് നേടാന്‍ സംസ്ഥാനത്തുനിന്ന് സ്വര്‍ണവും പണവും കൈക്കൂലിയായി ഐടിഡിസി ഉദ്യോഗസ്ഥരിലേക്ക് ഒഴുകുന്നു. ഐടിഡിസിയില്‍നിന്ന് താല്‍ക്കാലിക ത്രീസ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ ഭരണകക്ഷി നേതാക്കളും വന്‍ പിരിവു തുടങ്ങി. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം അനുസരിച്ച് ത്രീസ്റ്റാര്‍ ഹോട്ടലില്‍ ബാര്‍ അനുവദിക്കാനുള്ള സമയപരിധി 2012 മാര്‍ച്ച് 31ന് അവസാനിക്കുന്നതിനാല്‍ പണം വാരിയെറിഞ്ഞ് ഹോട്ടലുടമകള്‍ രംഗത്ത് സജീവമായി.
ഇപ്പോഴത്തെ കണക്കനുസരിച്ച് ഗ്രാമപ്രദേശങ്ങളിലുള്‍പ്പെടെ പുതിയ അമ്പതോളം ബാറുകള്‍കൂടി അടുത്ത നാലുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിക്കും. പുതിയ മദ്യനയപ്രകാരം 2012 ഏപ്രില്‍മുതല്‍ ഫോര്‍ സ്റ്റാറിനോ അതിനുമുകളിലുള്ള ഹോട്ടലിനോ മാത്രമേ ബാര്‍ ലൈസന്‍സ് കിട്ടൂ. അതുവരെ ത്രീസ്റ്റാറിന് നിയന്ത്രണമില്ലാതെ ബാര്‍ ലഭിക്കും. ഈ അവസരം മുതലാക്കാന്‍ ഇതുവരെ 42 ത്രീസ്റ്റാര്‍ അപേക്ഷകളാണ് ചെന്നൈയിലെ ഐടിഡിസിയുടെ ഇന്ത്യാ ടൂറിസത്തിനു കിട്ടിയിട്ടുള്ളത്. എണ്ണം ഇനിയും ഉയര്‍ന്നേക്കും. എല്ലാവരുടെയും ലക്ഷ്യം ബാര്‍തന്നെ. ത്രീസ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ 25 ലക്ഷം അടച്ച് ബാര്‍ ലൈസന്‍സ് സംഘടിപ്പിക്കാം. ഒന്നിലേറെ കൗണ്ടര്‍ തുറന്ന് ത്രീസ്റ്റാര്‍ നിലവാരമില്ലാതെ മദ്യവില്‍പ്പന കൊഴുപ്പിക്കാം. അതിന് 20,000 വീതം മുടക്കി കൂടുതല്‍ കൗണ്ടറിനുള്ള ലൈസന്‍സ് എടുത്താല്‍ മതി. ലോക്കല്‍ ബാര്‍ എന്നറിയപ്പെടുന്ന വിലകുറഞ്ഞ മദ്യം വിളമ്പുന്ന കൗണ്ടറുകളായിരിക്കും ഇത്. ത്രീസ്റ്റാര്‍പദവി നേടുന്നതിലൂടെ ബാറുടമകള്‍ ലക്ഷ്യമിടുന്നതും അതാണ്.
നിലവില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലില്‍ ത്രീസ്റ്റാര്‍ സൗകര്യം ഒരുക്കാന്‍ കുറഞ്ഞത് ഒരുകോടിയിലേറെ ചെലവുണ്ട്. മുറികളുടെയും ടോയ്ലറ്റിന്റെയും വിസ്തീര്‍ണംമുതല്‍ കിടക്കവരെ നിശ്ചിത അളവില്‍ ഒരുക്കണം. മുറികളില്‍ പകുതിയെണ്ണം ശീതീകരിക്കണം. താല്‍ക്കാലിക ത്രീസ്റ്റാര്‍ സര്‍ട്ടിഫിക്കറ്റുമായി ബാര്‍ ലൈസന്‍സ് നേടിയശേഷം വീണ്ടും അപേക്ഷ നല്‍കുമ്പോഴാണ് ഐടിഡിസി യഥാര്‍ഥ ത്രീസ്റ്റാര്‍പദവി അനുവദിക്കുക. സൗകര്യങ്ങളൊരുക്കിയാലും ചെന്നൈയിലെ ഐടിഡിസിയില്‍നിന്ന് പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥരെ പ്രീതിപ്പെടുത്തണം. ഫോര്‍ സ്റ്റാര്‍ സൗകര്യത്തിനാകട്ടെ ഇപ്പോള്‍ ചെലവാക്കുന്നതിന്റെ ഇരട്ടിയിലേറെ പണം വേണ്ടിവരും. കൈക്കൂലി സംബന്ധിച്ച് സിബിഐ നടത്തിയ പരിശോധനയിലാണ് കൊച്ചി ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥരും പ്യൂണും കുടുങ്ങിയത്.
സ്റ്റാര്‍പദവിക്ക് അപേക്ഷിച്ച എട്ട് ഹോട്ടലുടമകളില്‍നിന്ന് 60 ലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങിയതായാണ് സിബിഐ കണ്ടെത്തിയത്. പണത്തിനു പുറമെ സ്വര്‍ണനാണയങ്ങളായും ഐടിഡിസി ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത് കൊച്ചിയിലെ ചില കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളാണ്. ഇവര്‍ വഴി സമീപിക്കാത്തവരുടെ അപേക്ഷ നിരസിക്കും. ഈ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളും സിബിഐ നിരീക്ഷണത്തിലാണ്. കൊച്ചിക്കു പുറമെ ചെന്നൈ ഐടിഡിസിയിലെ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നു. സ്റ്റാര്‍പദവി കിട്ടിയാല്‍ അഞ്ചുവര്‍ഷത്തേക്ക് വേറെ പരിശോധനയുണ്ടാകില്ല. അതിനാല്‍ ബാറുടമയ്ക്കു തോന്നിയപടി പ്രവര്‍ത്തിക്കാനുമാകും.
(എം എസ് അശോകന്‍)
deshabhimani 041011
ത്രീസ്റ്റാര്‍ ഹോട്ടലിന് ലൈസന്‍സ് നേടാന്‍ സംസ്ഥാനത്തുനിന്ന് സ്വര്‍ണവും പണവും കൈക്കൂലിയായി ഐടിഡിസി ഉദ്യോഗസ്ഥരിലേക്ക് ഒഴുകുന്നു. ഐടിഡിസിയില്‍നിന്ന് താല്‍ക്കാലിക ത്രീസ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ ഭരണകക്ഷി നേതാക്കളും വന്‍ പിരിവു തുടങ്ങി. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം അനുസരിച്ച് ത്രീസ്റ്റാര്‍ ഹോട്ടലില്‍ ബാര്‍ അനുവദിക്കാനുള്ള സമയപരിധി 2012 മാര്‍ച്ച് 31ന് അവസാനിക്കുന്നതിനാല്‍ പണം വാരിയെറിഞ്ഞ് ഹോട്ടലുടമകള്‍ രംഗത്ത് സജീവമായി.
ReplyDeleteഹോട്ടലുകള്‍ക്ക് ത്രീസ്റ്റാര്‍പദവി നല്‍കുന്നതിന് കൊച്ചിയിലെ ഐടിഡിസി ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന കേസില്‍ വിവാദ വ്യവസായി വി എം രാധാകൃഷ്ണനെ സിബിഐ പ്രതിചേര്‍ത്തു. സിബിഐ കൊച്ചി ഓഫീസില്‍ വ്യാഴാഴ്ച രാവിലെ 10 മുതല്‍ ഒന്നുവരെ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ഇയാളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. നേരത്തെ സിബിഐ സംഘം രാധാകൃഷ്ണന്റെ സൂര്യ ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ ഇതുസംബന്ധിച്ച രേഖ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ചോദ്യംചെയ്യല്‍ .
ReplyDeleteദിവസങ്ങള്‍ക്കു മുമ്പ് സൂര്യ ഹോട്ടലിന്റെ സിഇഒ അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കൊച്ചില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. സൂര്യ ഹോട്ടലുകളുടെ പാലക്കാട് കുന്നത്തൂര്‍മേട്ടിലെ കോര്‍പറേറ്റ് ഓഫീസിലും സിബിഐ പരിശോധന നടത്തി സുപ്രധാന രേഖ പിടിച്ചെടുത്തിരുന്നു. മലപ്പുറം കോട്ടയ്ക്കലിലെ റിഡ്ജസ് ഇന്‍ പാര്‍ട്ണര്‍ അജിത്കുമാര്‍ , കണ്ണൂര്‍ കാക്കയങ്ങാട് ബ്രോഡ് ബീന്‍ ഹോട്ടലിന്റെ പാര്‍ട്ണറും ബാര്‍ ഒണേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ രാജ്കുമാര്‍ എന്നിവരെ സിബിഐ കഴിഞ്ഞ ദിവസം ചോദ്യംചെയ്തു. വഴിവിട്ട് നക്ഷത്രപദവി നേടാന്‍ ശ്രമിച്ചുവെന്ന കേസില്‍ സൂര്യ ഹോട്ടലുകളെ കൂടാതെ മലബാറിലെ ആറു ഹോട്ടലുകള്‍കൂടി അന്വേഷണം നേരിടുകയാണ്. വരുംദിവസങ്ങളില്‍ കുറ്റപത്രം സമര്‍പ്പിക്കും. ഹോട്ടലുകള്‍ക്ക് ത്രീസ്റ്റാര്‍ പദവി കിട്ടാന്‍ ഐടിഡിസി ഉദ്യോഗസ്ഥര്‍ക്ക് സൂര്യ ഗ്രൂപ്പിന്റെ ജനറല്‍ മാനേജരാണ് വില്ലിങ്ടണ്‍ ഐലന്‍ഡിലെ ഇന്ത്യ ടൂറിസം ഓഫീസിലെത്തി പണം കൈമാറിയത്. രാധാകൃഷ്ണന്റെ അനുമതിയോടെയാണ് ഇടപാട് നടന്നതെന്നു വ്യക്തമാക്കുന്ന വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ത്രീസ്റ്റാര്‍ പദവിക്ക് എട്ടു ഹോട്ടലുകളുടെ പ്രതിനിധികളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലിങ്ടണ്‍ ഐലന്‍ഡിലെ ഇന്ത്യ ടൂറിസം ഓഫീസില്‍നിന്ന് ഒക്ടോബര്‍ ഒന്നിന് മൂന്ന് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ്ചെയ്തിരുന്നു. സര്‍ക്കാരിന്റെ പുതിയ മദ്യനയമനുസരിച്ച് ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് അടുത്ത് മാര്‍ച്ച്വരെയാണ് ബാര്‍ ലൈസന്‍സ് ലഭിക്കുക. അതിനുശേഷം ഫോര്‍സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്കേ ലൈസന്‍സ് ലഭിക്കൂ. ഈ വ്യവസ്ഥ പ്രാബല്യത്തില്‍വരുന്നതിനുമുമ്പ് ലൈസന്‍സ് നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥരെ കൈക്കൂലി നല്‍കി സ്വാധീനിക്കാന്‍ ശ്രമം നടത്തിയത്.