Tuesday, October 4, 2011

സ്വകാര്യകമ്പനികളില്‍നിന്ന് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതിക്ക് കരാര്‍

വൈദ്യുതി പ്രതിസന്ധി മറയാക്കി മൂന്ന് സ്വകാര്യകമ്പനികളില്‍നിന്ന് അധിക പണം നല്‍കി വൈദ്യുതി വാങ്ങാന്‍ കരാര്‍ . രാത്രികാലത്ത് 420 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം. വൈദ്യുതി വാങ്ങിയാലും രാത്രികാല ലോഡ് ഷെഡിങ് അടുത്ത ദിവസങ്ങളിലും തുടരുമെന്ന് ബോര്‍ഡ് അറിയിച്ചു. പ്രതിസന്ധി മൂര്‍ച്ഛിച്ച സമയത്ത് ധൃതിപിടിച്ച് ഉണ്ടാക്കിയ കരാറുകളിലൂടെ വൈദ്യുതി ബോര്‍ഡിന് കോടികളുടെ നഷ്ടമാണുണ്ടായത്. പ്രതിസന്ധി മുന്‍കൂട്ടി കണ്ട് കരാറുണ്ടാക്കിയിരുന്നെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട താരിഫിന് വൈദ്യുതി ലഭിക്കുമായിരുന്നെന്ന് വിദഗ്ധര്‍ പറയുന്നു.

യൂണിറ്റിന് ഏഴുരൂപയ്ക്കാണ് ബോര്‍ഡ് ഇപ്പോള്‍ കരാറുണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ , അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞ ജനുവരിയില്‍ ജെഎസ്ഡബ്ല്യു എന്ന കമ്പനിയുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ കരാറുണ്ടാക്കിയതാകട്ടെ യൂണിറ്റിന് 3.90 രൂപയ്ക്കും. ആ വൈദ്യുതിയും ശനിയാഴ്ച മുതല്‍ കിട്ടിത്തുടങ്ങി. ടാറ്റ പവര്‍ , ഗ്ലോബല്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ്, മിത്തല്‍ പ്രോസസേഴ്സ് എന്നിവരുമായാണ് വൈദ്യുതി ബോര്‍ഡ് ഇപ്പോള്‍ കരാറുണ്ടാക്കിയത്. മറ്റു കമ്പനികള്‍ക്കെല്ലാം പണം നല്‍കുമ്പോള്‍ ടാറ്റയ്ക്ക് പകരം വൈദ്യുതി നല്‍കണമെന്നാണ് കരാര്‍ . കരാറനുസരിച്ച് ടാറ്റയില്‍നിന്ന് രാത്രികാലങ്ങളില്‍ 200 മെഗാവാട്ട് വൈദ്യുതി വാങ്ങും. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് കരാര്‍ . ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മണ്‍സൂണ്‍ സമയത്ത് കേരളത്തിലെ ജലവൈദ്യുതി പദ്ധതികളില്‍ നിന്ന് ഈ വൈദ്യുതി മടക്കിനല്‍കണം. അധികമായി 10.6 ശതമാനം വൈദ്യുതിയും നല്‍കണം. അതായത് മൂന്നുമാസം നാലു മണിക്കൂര്‍ വച്ച് 200 മെഗാവാട്ട് വൈദ്യുതി വാങ്ങിയാല്‍ അടുത്ത വര്‍ഷം ഈ വൈദ്യുതിക്ക് പുറമെ പത്ത് ദിവസം കൂടി 200 വാട്ട്വച്ച് വൈദ്യുതി ടാറ്റയ്ക്ക് അധികമായി നല്‍കേണ്ടിവരും.

ഗ്ലോബല്‍ എനര്‍ജിയില്‍നിന്ന് ഒക്ടോബര്‍ നാലു മുതല്‍ ഒമ്പതുവരെ 135 മെഗാവാട്ടും അതിനുശേഷം 15 മുതല്‍ 31 വരെ 200 മെഗാവാട്ടും വാങ്ങും. യൂണിറ്റിന് 7.12 രൂപയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. ഇതിനുപുറമെ മിത്തല്‍ പ്രോസസേഴ്സില്‍നിന്ന് 31 വരെ 20 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് ഏഴു രൂപയ്ക്കും വാങ്ങും. അധികനിരക്കില്‍ വാങ്ങുന്ന നഷ്ടം നികത്താന്‍ അടുത്ത വര്‍ഷം കൂടിയ നിരക്കില്‍ സര്‍ചാര്‍ജ് ചുമത്തേണ്ടിവരും. 2010 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 400 മെഗാവാട്ട് വൈദ്യുതി മാത്രം കേന്ദ്രത്തില്‍നിന്ന് കിട്ടിയിട്ടും കഴിഞ്ഞ വര്‍ഷം ഒരു ദിവസം പോലും ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നില്ല. അതേസമയം മാര്‍ച്ച് മാസത്തില്‍ സാധാരണ ഉണ്ടാകുന്ന ഉയര്‍ന്ന വൈദ്യുതി ഉപയോഗമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായതത്.

deshabhimani 041011

1 comment:

  1. വൈദ്യുതി പ്രതിസന്ധി മറയാക്കി മൂന്ന് സ്വകാര്യകമ്പനികളില്‍നിന്ന് അധിക പണം നല്‍കി വൈദ്യുതി വാങ്ങാന്‍ കരാര്‍ . രാത്രികാലത്ത് 420 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം. വൈദ്യുതി വാങ്ങിയാലും രാത്രികാല ലോഡ് ഷെഡിങ് അടുത്ത ദിവസങ്ങളിലും തുടരുമെന്ന് ബോര്‍ഡ് അറിയിച്ചു. പ്രതിസന്ധി മൂര്‍ച്ഛിച്ച സമയത്ത് ധൃതിപിടിച്ച് ഉണ്ടാക്കിയ കരാറുകളിലൂടെ വൈദ്യുതി ബോര്‍ഡിന് കോടികളുടെ നഷ്ടമാണുണ്ടായത്. പ്രതിസന്ധി മുന്‍കൂട്ടി കണ്ട് കരാറുണ്ടാക്കിയിരുന്നെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട താരിഫിന് വൈദ്യുതി ലഭിക്കുമായിരുന്നെന്ന് വിദഗ്ധര്‍ പറയുന്നു.

    ReplyDelete