Tuesday, October 4, 2011

നിയമലംഘനമല്ലാത്ത ചട്ടലംഘനവും വയലാര്‍ രവിയുടെ പ്രവചനവും

ബാലകൃഷ്ണപിള്ളയും പി സി ജോര്‍ജും യു ഡി എഫിന് തലവേദനയാണെന്ന കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ പ്രസ്താവന ശരിയായിവരുന്നു. പിള്ളയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ വിയര്‍ക്കുന്നതാണ് ഇന്നലെ വീണ്ടും സഭയില്‍ കണ്ടത്. പിള്ളയുടെ ഫോണ്‍ വിളികള്‍ വാളകം സംഭവത്തിലെ തെളിവുകള്‍ നശിപ്പിക്കുന്നതിനാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി പറഞ്ഞ ഉമ്മന്‍ചാണ്ടി, പിള്ളയ്ക്ക് കുടപിടിക്കാനാണ് ശ്രമിച്ചത്. നിയമലംഘനമല്ല, ചട്ടലംഘനം മാത്രമാണ് പിള്ള നടത്തിയിട്ടുള്ളതെന്നാണ് ഉമ്മന്‍ചാണ്ടി കണ്ടെത്തിയത്. പിള്ളയെ ഫോണില്‍ ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ അഴിയെണ്ണുമെന്നാണ് ഭംഗ്യന്തരേണ മുഖ്യമന്ത്രി പറഞ്ഞൊപ്പിച്ചത്. ഒരു കുറ്റവും ഇന്നുവരെ ചെയ്തിട്ടില്ലാത്ത പിള്ളയെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതാണ് മാധ്യമപ്രവര്‍ത്തകന്റെ പ്രവൃത്തി. ഒരു വര്‍ഷം തടവും 10,000 രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് മാധ്യമപ്രവര്‍ത്തകന്‍ ചെയ്തതെന്ന് മുഖ്യമന്ത്രിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഫോണ്‍ വിളി ശീലമാക്കിയ മാധ്യമപ്രവര്‍ത്തകര്‍ സൂക്ഷിച്ചാല്‍ നന്ന്.

കഠിനതടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പിള്ളയ്ക്ക് സര്‍ക്കാര്‍ ആശുപത്രിക്ക് പകരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി പോകാന്‍ ക്യാബിനറ്റ് അനുമതി നല്‍കിയോ?, ആശുപത്രിയില്‍ മൊബൈല്‍ ഫോണും ലാന്‍ഡ്‌ഫോണും ഉപയോഗിക്കുന്നത് എന്തുകൊണ്ട് തടഞ്ഞില്ല?, സംസ്ഥാന സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് പിള്ളയെ ശുശ്രൂഷിക്കാന്‍ പോയത് എന്തടിസ്ഥാനത്തിലാണ്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞാല്‍ കോടതിയലക്ഷ്യമാകുമെന്നുറപ്പായതിനാലാകും മുഖ്യമന്ത്രി മിണ്ടാത്തത്. മാടമ്പിഭരണത്തിന്റെ കെടുതികള്‍ ഏറെ ഏറ്റുവാങ്ങിയ കൊല്ലത്തുകാരെ കുറിച്ചോര്‍ക്കുമ്പോള്‍ ഗുരുദാസന് ഉള്ളില്‍ തീയാണ്. പഴയനാടുവാഴിത്തത്തിന്റെ പ്രതിനിധിയാണ് പിള്ളയെന്ന് ഗുരുദാസന് അറിയാം.

സഭയ്ക്കുള്ളില്‍ അപൂര്‍വമായി മാത്രം ശബ്ദിക്കുന്ന രമേശ് ചെന്നിത്തല, വിദേശ മലയാളികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്ന കണ്ടെത്തലാണ് ശ്രദ്ധക്ഷണിക്കലിനിടെ ഇന്നലെ നടത്തിയത്. നിലമ്പൂര്‍-നഞ്ചന്‍കോട് റയില്‍പാത പ്രധാനപ്പെട്ടതാണെന്നാണ് ആര്യാടന്‍ ഉള്‍പ്പെടെയുള്ള നിലമ്പൂരുകാര്‍ പറയുന്നത്. സമീപകാലത്തൊന്നും ചാര്‍ജ് വര്‍ധിപ്പാക്കാത്ത രണ്ടിനങ്ങളെ ഉള്ളൂവെന്നാണ് ആര്യാടന്‍ പറയുന്നത്. ഒന്ന് റയില്‍വേ ടിക്കറ്റ് ചാര്‍ജും മറ്റൊന്ന് കറണ്ട് ചാര്‍ജും. ഇവ രണ്ടും കൂടി കൂട്ടിക്കിട്ടിയാല്‍ സാധാരണക്കാരുടെ വയറുനിറഞ്ഞോളും. സംസ്ഥാനത്ത് ഇനി ഒരു വികസന പദ്ധതികളും ഭൂമി ലഭിക്കാത്തതിനാല്‍ തടസപ്പെടില്ലെന്നുറപ്പായി. ഒരു തുണ്ടു ഭൂമിയെങ്കിലും ശ്രേയാംസ് കുമാര്‍ കയ്യേറിയതായി തെളിയിച്ചാല്‍ മാത്രം മതി.  അങ്ങനെ തെളിയിച്ചാല്‍ കൈവശമുള്ള എല്ലാ ഭൂമിയും പൊതു ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കുമെന്ന് ശ്രേയാംസ്‌കുമാര്‍ സഭയ്ക്ക് ഉറപ്പുനല്‍കി.

'എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട്' ആയിരം ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ പുസ്തകത്തിന് പകരം യു ഡി എഫ് സര്‍ക്കാരിന്റെ 100 ദിനപുസ്തകമാണ് ഇപ്പോള്‍ ബസ് സ്റ്റാന്‍ഡുകളില്‍ ലഭിക്കുന്നതെന്നാണ് എം ചന്ദ്രന്റ അഭിപ്രായം. മുമ്പൊക്കെ മന്ത്രിയായ ശേഷമാണ് പ്രതിയാകുന്നതെങ്കില്‍ ഇപ്പോള്‍ പ്രതിയായവര്‍ മാത്രമാണ് മന്ത്രിസഭയിലുള്ളത്. നസ്രത്തില്‍ നിന്ന് നന്മ പ്രതീക്ഷിക്കേണ്ടതില്ല, എന്നതുപോലെ യു ഡി എഫില്‍ നിന്ന് വികസനം പ്രതീക്ഷിക്കണ്ടതില്ലെന്ന് ചന്ദ്രന് ബോധ്യമായിട്ടുണ്ട്.

ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ വല്ലാത്ത ധവളപത്രം ഇറക്കിയ മാണി ഐസക്കിന്റെ ധനകാര്യ മാനേജ്‌മെന്റിന് മുന്നില്‍ പകച്ചുനില്‍ക്കുന്നതാണ് ഗീതാഗോപി കണ്ടത്.
കുട്ടനാട് എന്ന രാജ്യത്ത് നല്ല ചായക്കടകള്‍ പോലും ഇല്ലാത്തതിനാലാണ് മന്ത്രി കെ പി മോഹനന്‍ അവിടെ എത്തിയപ്പോള്‍ തോമസ് ചാണ്ടി സ്വന്തംവീട്ടില്‍ കൊണ്ടുപോയി താറാവു ഇറച്ചി നല്‍കിയത്. കന്നടയില്‍ പ്രസംഗിച്ച് ശ്രദ്ധപിടിച്ചുപറ്റിയ ലീഗിലെ പി ബി അബ്ദുള്‍വഹാബ് താളത്തിനും ഈണത്തിനുമൊപ്പം സംഗതി ഒട്ടും ചോര്‍ന്നുപോകാതെ തന്നെ 'എല്ലാരും ചൊല്ലണ് ..' ഗാനം ആലപിച്ചു.

വിജിലന്‍സിനെക്കുറിച്ച് സംസാരിച്ചാല്‍ കാട് കേറും എന്നുറപ്പുള്ളതിനാലാകണം ഇന്നലത്തെ ധനാഭ്യര്‍ഥന ചര്‍ച്ചയിലേക്കുള്ള കാര്യവിവര പട്ടികയില്‍ വിജിലന്‍സ് എന്നത് ഒഴിവാക്കിയത്. പകരം ഭരണപരമായ സര്‍വീസുകള്‍ എന്നുമാത്രമാണ് അച്ചടിച്ചുവന്നത്. മരണവീട്ടുകളിലും ചരമവീട്ടുകളിലും, എന്തിന് നാലാളുകള്‍ കൂടുന്നിടത്തെല്ലാം സംസാരം നാട്ടിലൊന്നും കറണ്ടില്ലെന്നതാണെന്ന് ബാബു എം പാലിശ്ശേരിക്ക് മനസിലായി. നാവു പിഴച്ചതാണെങ്കിലും പ്രതിപക്ഷനേതാവിനെതിരെയുള്ള ആരോപണങ്ങളെല്ലാം നുണക്കഥയാണെന്നായിരുന്നു എം ഷംസുദ്ദീന്‍ പറഞ്ഞത്. 100 ദിനത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കൃഷി നടന്നത് 'പരസ്യ'കൃഷിയാണെന്ന് മുല്ലക്കര കണ്ടെത്തി. അന്വേഷണത്തിന്റെയും നിയമത്തിന്റെയും ബുള്‍ഡോസറുകള്‍ ഉരുണ്ടാല്‍ ഈ സര്‍ക്കാരിന് ചരമക്കുറിപ്പ് രചിക്കാന്‍ അധിക സമയം വേണ്ടി വരില്ലെന്ന് സ്വതസിദ്ധമായ ശൈലിയില്‍ മുല്ലക്കര തുറന്നടിച്ചു.

പിള്ളയുമായി ബന്ധപ്പെട്ട അടിയന്തരപ്രേമത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.

janayugom 041011

1 comment:

  1. ബാലകൃഷ്ണപിള്ളയും പി സി ജോര്‍ജും യു ഡി എഫിന് തലവേദനയാണെന്ന കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ പ്രസ്താവന ശരിയായിവരുന്നു. പിള്ളയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ വിയര്‍ക്കുന്നതാണ് ഇന്നലെ വീണ്ടും സഭയില്‍ കണ്ടത്. പിള്ളയുടെ ഫോണ്‍ വിളികള്‍ വാളകം സംഭവത്തിലെ തെളിവുകള്‍ നശിപ്പിക്കുന്നതിനാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി പറഞ്ഞ ഉമ്മന്‍ചാണ്ടി, പിള്ളയ്ക്ക് കുടപിടിക്കാനാണ് ശ്രമിച്ചത്. നിയമലംഘനമല്ല, ചട്ടലംഘനം മാത്രമാണ് പിള്ള നടത്തിയിട്ടുള്ളതെന്നാണ് ഉമ്മന്‍ചാണ്ടി കണ്ടെത്തിയത്. പിള്ളയെ ഫോണില്‍ ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ അഴിയെണ്ണുമെന്നാണ് ഭംഗ്യന്തരേണ മുഖ്യമന്ത്രി പറഞ്ഞൊപ്പിച്ചത്. ഒരു കുറ്റവും ഇന്നുവരെ ചെയ്തിട്ടില്ലാത്ത പിള്ളയെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതാണ് മാധ്യമപ്രവര്‍ത്തകന്റെ പ്രവൃത്തി. ഒരു വര്‍ഷം തടവും 10,000 രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് മാധ്യമപ്രവര്‍ത്തകന്‍ ചെയ്തതെന്ന് മുഖ്യമന്ത്രിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഫോണ്‍ വിളി ശീലമാക്കിയ മാധ്യമപ്രവര്‍ത്തകര്‍ സൂക്ഷിച്ചാല്‍ നന്ന്.

    ReplyDelete