Monday, October 24, 2011

വൈദ്യുതി ബോര്‍ഡിലും ഇ പര്‍ച്ചേസ് അട്ടിമറിക്കുന്നു

വൈദ്യുതി ബോര്‍ഡില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയ ഇ പര്‍ച്ചേസ് സംവിധാനം തകര്‍ക്കാന്‍ ശ്രമം. സപ്ലൈകോയിലെ ഇ പര്‍ച്ചേസ് സംവിധാനം അട്ടിമറിക്കാന്‍ മന്ത്രി നേരിട്ട് ഇടപെട്ടതിനു പിന്നാലെയാണ് വൈദ്യുതി ബോര്‍ഡിലുംഅഴിമതിക്ക് വഴിയൊരുക്കാന്‍ സമാന നീക്കം നടക്കുന്നത്. ബോര്‍ഡിലെ പര്‍ച്ചേസ് സംവിധാനം അഴിമതി രഹിതമാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏര്‍പ്പെടുത്തിയ പ്രത്യേക സോഫ്റ്റ്വെയര്‍ സംവിധാനം തകര്‍ക്കാനാണ് നീക്കം നടക്കുന്നത്. സോഫ്റ്റ്വെയര്‍ സംവിധാനത്തിന്റെ പ്രായോഗിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബോര്‍ഡ് ചുമതലപ്പെടുത്തിയ സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് കോ- ഓര്‍ഡിനേറ്റര്‍ വിരമിച്ചിട്ട് മാസങ്ങളായി. പുതിയ ആളെ നിയമിച്ചിട്ടില്ല. സോഫ്റ്റ്വെയറിന്റെ പ്രായോഗിക പ്രശ്നങ്ങള്‍ അത് നിര്‍മ്മിച്ച കമ്പനിയാണോ, ബോര്‍ഡിന്റെ ഐടി വിഭാഗമാണോ പരിഹരിക്കുകയെന്നും വ്യക്തമല്ല. ഇ ഗവേണന്‍സിന് പ്രാമുഖ്യം നല്‍കുമെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ ബോര്‍ഡിലെ ഇ പര്‍ച്ചേസ് സംവിധാനത്തിന്റെ പൂര്‍ത്തീകരണം നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയില്ല. സോഫ്റ്റ്വെയര്‍ സംവിധാനം ഏര്‍പ്പെടുത്തുമ്പോള്‍ ഉണ്ടാകുന്ന പ്രായോഗിക പ്രശ്നങ്ങള്‍ പരിഹരിക്കാതെ അതിന്റെ സ്വാഭാവിക അന്ത്യമാണ് സര്‍ക്കാരും ബോര്‍ഡും ലക്ഷ്യമിടുന്നതെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

വൈദ്യുതി ബോര്‍ഡ് ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ കോടികളുടെ കോഴയാണ് നടന്നിരുന്നത്. പലകാലത്തായി വാങ്ങിക്കൂട്ടിയ ഉപകരണങ്ങള്‍ എവിടെയൊക്കെയാണെന്നോ എന്തൊക്കെ ഉപയോഗിച്ചെന്നോ ആര്‍ക്കും ഒരു തിട്ടവുമില്ലായിരുന്നു. ഉപകരണം വാങ്ങിയെന്നും ഉപയോഗിച്ചെന്നും രേഖകളില്‍ മാത്രമുണ്ടാകും. വാങ്ങിയ ഉപകരണങ്ങള്‍ ഉപയോഗശൂന്യമെന്ന് എഴുതിത്തള്ളുക, ഒരു ജില്ലയില്‍ പ്രത്യേക ഉപകരണം കുന്നുകൂടി കിടക്കുമ്പോള്‍ തൊട്ടടുത്ത ജില്ലയില്‍ ആ ഉപകരണം ഇല്ലെന്ന കാരണത്താല്‍ വീണ്ടും വാങ്ങുക തുടങ്ങിയ ക്രമക്കേടും അരങ്ങേറിയിരുന്നു. ഇതിന് അറുതിവരുത്താനാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രത്യേക സോഫ്റ്റ്വെയര്‍ രൂപപ്പെടുത്താന്‍ തീരുമാനിച്ചത്. കരാര്‍ ലഭിച്ച ഡെലോട്ടി എന്ന കമ്പനി സോഫ്റ്റ്വെയര്‍ രൂപീകരിച്ചു നല്‍കി. എല്ലാ ഡിവിഷന്‍ ഓഫീസിലും ഉള്ള ഉപകരണങ്ങളുടെ പട്ടിക സോഫ്റ്റ്വെയറില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു. ഇതുവഴി ഏതെല്ലാം ഓഫീസില്‍ ഏതൊക്കെ ഉപകരണങ്ങള്‍ എത്രയെണ്ണം ഉണ്ടെന്നു വ്യക്തമായി. പുതിയ ലൈന്‍ വലിക്കാനോ ട്രാന്‍സ്ഫോര്‍മര്‍ വയ്ക്കാനോ മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കോ ആവശ്യമുള്ള ഉപകരണങ്ങള്‍ ഏതൊക്കെ, എത്രയെണ്ണം വേണമെന്നും ഈ സോഫ്റ്റ്വെയറിലൂടെ അറിയിക്കാം. ഈ ഉപകരണങ്ങള്‍ മറ്റ് ഓഫീസുകളിലുണ്ടെങ്കില്‍ അവിടെനിന്നു ലഭ്യമാക്കാം. വാങ്ങണമെങ്കില്‍ ടെന്‍ഡര്‍ നല്‍കുന്നതടക്കമുള്ള കാര്യങ്ങളും സോഫ്റ്റ്വെയര്‍ നിര്‍വഹിക്കും. സോഫ്റ്റ്വെയര്‍ പ്രയോഗത്തില്‍ കൊണ്ടുവന്നപ്പോള്‍ ചില പോരായ്മകള്‍ ഉണ്ടായി. ഇവ കമ്പനിയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ കോ- ഓര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ നിയോഗിച്ചു. അതിന്റെ പ്രവര്‍ത്തനം നിലച്ച നിലയിലാണ്. പോരായ്മകള്‍ പരിഹരിക്കുന്നതിനുപകരം ഇ പര്‍ച്ചേസ് സംവിധാനംതന്നെ അട്ടിമറിച്ച് ബോര്‍ഡിലെ ചിലര്‍ക്ക് താല്‍പ്പര്യമുള്ള ഉപകരണങ്ങള്‍ ഇഷ്ടംപോലെ വാങ്ങാന്‍ അവസരം ഒരുക്കാനാണ് നീക്കം.
(ഡി ദിലീപ്)

deshabhimani 241011

1 comment:

  1. വൈദ്യുതി ബോര്‍ഡില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയ ഇ പര്‍ച്ചേസ് സംവിധാനം തകര്‍ക്കാന്‍ ശ്രമം. സപ്ലൈകോയിലെ ഇ പര്‍ച്ചേസ് സംവിധാനം അട്ടിമറിക്കാന്‍ മന്ത്രി നേരിട്ട് ഇടപെട്ടതിനു പിന്നാലെയാണ് വൈദ്യുതി ബോര്‍ഡിലുംഅഴിമതിക്ക് വഴിയൊരുക്കാന്‍ സമാന നീക്കം നടക്കുന്നത്

    ReplyDelete