Friday, October 21, 2011

രാധാകൃഷ്ണപിള്ളയ്ക്ക് സംരക്ഷണം; സസ്പെന്‍ഷനും ജുഡീഷ്യല്‍ അന്വേഷണവുമില്ല

കോഴിക്കോട്ട് വിദ്യാര്‍ഥികള്‍ക്കുനേരെ വെടിവച്ച അസിസ്റ്റന്റ് കമീഷണര്‍ കെ രാധാകൃഷ്ണപിള്ളയെ ക്രമസമാധാന ചുമതലയില്‍ നിന്നു മാറ്റിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാധാകൃഷ്ണപിള്ളയെ സസ്പെന്‍ഡ് ചെയ്ത് പൊലീസ് അതിക്രമത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അന്വേഷണറിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി നിരാകരിച്ചു. കോഴിക്കോട്ട് വെടിവയ്പ് ഒഴിവാക്കാമായിരുന്നതാണെന്നും സ്ഥിതിഗതി വിലയിരുത്തുന്നതില്‍ അസിസ്റ്റന്റ് കമീഷണര്‍ക്കു വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിജിപി നല്‍കിയ റിപ്പോര്‍ട്ട് പൊലീസിനെ ന്യായീകരിക്കുന്നതായിരുന്നു. അതുകൊണ്ടാണ് പൊലീസിനു വെളിയിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിച്ചത്. പ്രതിപക്ഷത്തിന്റെ വികാരം കൂടി കണക്കിലെടുത്താണ് രാധാകൃഷ്ണപിള്ളയെ ക്രമസമാധാനപരിപാലന ചുമതലയില്‍ നിന്നു മാറ്റാന്‍ തീരുമാനിച്ചത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം.

എന്നാല്‍ , സര്‍ക്കാര്‍ നടപടിയില്‍ പ്രതിപക്ഷം തൃപ്തരല്ലെന്നും തങ്ങളുടെ വികാരം മാനിക്കുകയാണെങ്കില്‍ സസ്പെന്‍ഡ് ചെയ്യണമെന്നും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കുറ്റക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്ന് വി എസ് ചൂണ്ടിക്കാട്ടി. പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തുള്ള ജുഡീഷ്യല്‍ അന്വേഷണമാണ് ആദ്യം മുതല്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതെന്ന് ഇറങ്ങിപ്പോക്കിനു മുമ്പ് വി എസ് പറഞ്ഞു. ഇത്രയും ദിവസം വലിച്ചുനീട്ടിക്കൊണ്ടുപോയി ഒടുവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അഭിപ്രായം കണ്ടശേഷം തടിതപ്പുന്ന രീതിയാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. അതേസമയം, കാസര്‍കോട് വെടിവയ്പ് നടന്നപ്പോള്‍ എസ്പിയെ സ്ഥലംമാറ്റാന്‍ പോലും അന്നത്തെ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ , കാസര്‍കോട് സംഭവത്തില്‍ എസ്പിക്കെതിരെ നടപടിയെടുത്തെന്നും ജുഡിഷ്യല്‍ അന്വേഷണം തീരുമാനിച്ചെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് സഭാചട്ടം അനുസരിച്ച് അന്വേഷണറിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ , മുഖ്യമന്ത്രി നിരാകരിച്ചു. എല്ലാവരും അറിയേണ്ട കാര്യം മറച്ചുവയ്ക്കുന്നത് എന്തിനാണെന്നും ഇതുകൊണ്ട് സര്‍ക്കാരിന് എന്താണ് ബുദ്ധിമുട്ടെന്നും കോടിയേരി ചോദിച്ചു. ആര്യാടന്‍ മുഹമ്മദും വി ഡി സതീശനും റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കേണ്ടെന്ന് വാദിച്ചു.

രാധാകൃഷ്ണപിള്ളയെ ഉമ്മന്‍ചാണ്ടി സംരക്ഷിക്കുന്നു: പിണറായി

ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തുകമാത്രം ചെയ്തതിലൂടെ അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ രാധാകൃഷ്ണപിള്ളയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംരക്ഷിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പൊലീസ് ഭീകരതയ്ക്കെതിരെ എസ്എഫ്ഐ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതിന് നേതൃത്വം നല്‍കുന്നു. തങ്ങളെ സഹായിക്കുന്നവര്‍ എന്തു തെറ്റുചെയ്താലും സംരക്ഷിക്കും എന്ന നിലപാട് കേരളത്തിന് നാണക്കേടാണ്. ഇതിനെ ചോദ്യംചെയ്തേ മതിയാകൂ. രാധാകൃഷ്ണപിള്ളയ്ക്കെതിരെ നടപടിയെടുത്ത് സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായി അന്വേഷിക്കണം. തെറ്റെന്നു ബോധ്യപ്പെട്ടിട്ടും മുഖ്യമന്ത്രി അവ വാശിപൂര്‍വം നടപ്പാക്കുകയാണ്. അതിനെ ആര്‍ക്കും ചോദ്യംചെയ്യാന്‍ അവകാശമില്ലെന്ന ധാര്‍ഷ്ട്യവും പ്രകടിപ്പിക്കുന്നു. തല്ലിയൊതുക്കിയോ മറ്റ് മര്‍ദനമുറകൊണ്ടോ തെറ്റിനെതിരെ പ്രതികരിക്കുന്നവരെ പിറകോട്ടടിപ്പിക്കാന്‍ കഴിയില്ലെന്നതാണ് കേരളത്തിന്റെ ചരിത്രം. അത് ഉമ്മന്‍ചാണ്ടി മനസിലാക്കണം. കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ ഒരു വിദ്യാര്‍ഥിയെ അന്യായമായി പ്രവേശിപ്പിച്ചതിനെ ഉമ്മന്‍ചാണ്ടി ന്യായീകരിച്ചു. എന്നാല്‍ , ആ തെറ്റ് വിദ്യാര്‍ഥികള്‍ തിരുത്തിച്ചു. അത് തിരുത്തിക്കാന്‍ വലിയ വില നല്‍കേണ്ടിവന്നു. എസ്എഫ്ഐ നേതാക്കളുടെയടക്കം രക്തം തെരുവില്‍ വീണു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ബിജുവിന്റെ തല തല്ലിപ്പൊളിച്ചു. എസിപി രാധാകൃഷ്ണപിള്ള വിദ്യാര്‍ഥികള്‍ക്കു നേരെ വെടിയുതിര്‍ത്തു. തൃശൂരില്‍ വിദ്യര്‍ഥിനേതാക്കളെ നഗ്നരാക്കി റോഡിലൂടെ വലിച്ചിഴച്ചു. തലയ്ക്കടിച്ചുവീഴ്ത്തുന്ന രീതിയാണ് നടപ്പാക്കുന്നത്. മാരകമായ പരിക്കേല്‍പ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. സാധാരണ നിലയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഇങ്ങനെ ചെയ്യാറില്ല. സമരത്തെ നേരിടാന്‍ ഏതറ്റംവരെയും പോകാമെന്ന സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചാണ് പൊലീസ് ഇങ്ങനെ ചെയ്യുന്നത്.

നിയമസഭയില്‍പോലും പ്രതിപക്ഷ പ്രതിഷേധത്തെ ഗൂഢാലോചന നടത്തി തകര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മുന്‍സര്‍ക്കാരിന്റെ കാലത്ത് സ്പീക്കറൂടെ ചേമ്പറില്‍ കയറി കടലാസ് കീറിയെറിഞ്ഞവരാണ് ഇപ്പോള്‍ നടപടിക്രമങ്ങളെപ്പറ്റി പറയുന്നത്. എന്തിനാണ് ഇവരെ സസ്പെന്‍ഡുചെയ്തതെന്ന് മുഖ്യമന്ത്രിക്ക് പോലും അറിയില്ല. ചെയ്യാത്ത കാര്യം ചെയ്തെന്ന് സ്പീക്കര്‍ പറഞ്ഞപ്പോള്‍ അത് ശരിയല്ലെന്ന് പറയുകമാത്രമേ അംഗങ്ങള്‍ ചെയ്തിട്ടുള്ളൂ. അത് റൂളിങ്ങിനെ ധിക്കരിക്കലല്ല. എന്നിട്ടും അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തു. അതില്‍ പ്രതിഷേധിച്ച് അംഗങ്ങള്‍ സഭയ്ക്കകത്ത് കുത്തിയിരുന്നു. പുറത്തും ആയിരങ്ങള്‍ പ്രക്ഷോഭത്തില്‍ അണിനിരന്നു. ഇത് മുഖ്യമന്ത്രി പാഠമായെടുക്കണമെന്നും പിണറായി പറഞ്ഞു.

ജുഡീഷ്യല്‍ അന്വേഷണം വേണം: വി എസ്

കോഴിക്കോട്ട് വിദ്യാര്‍ഥികള്‍ക്കുനേരെ വെടിവച്ച അസിസ്റ്റന്റ് കമീഷണര്‍ രാധാകൃഷ്ണപിള്ളയെ സസ്പെന്‍ഡ് ചെയ്ത് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും വി എസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗുരുതരമായ ചട്ടലംഘനമാണ് രാധാകൃഷ്ണപിള്ള നടത്തിയത്. വിദ്യാര്‍ഥികളെത്തന്നെയാണ് വെടിവച്ചതെന്ന് പിള്ള പരസ്യമായി പറഞ്ഞു. പ്രതിപക്ഷ ആവശ്യത്തെതുടര്‍ന്ന് ക്രമസമാധാന ചുമതലയില്‍നിന്ന് ഉദ്യോഗസ്ഥനെ മാറ്റിയെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഇതുകൊണ്ട് പ്രശ്നത്തിന്റെ ഗൗരവം കുറയുന്നില്ല. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കണം.

deshabhimani 211011

1 comment:

  1. കോഴിക്കോട്ട് വിദ്യാര്‍ഥികള്‍ക്കുനേരെ വെടിവച്ച അസിസ്റ്റന്റ് കമീഷണര്‍ കെ രാധാകൃഷ്ണപിള്ളയെ ക്രമസമാധാന ചുമതലയില്‍ നിന്നു മാറ്റിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാധാകൃഷ്ണപിള്ളയെ സസ്പെന്‍ഡ് ചെയ്ത് പൊലീസ് അതിക്രമത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

    ReplyDelete