Friday, October 21, 2011

രാജേഷിനെതിരായ വാര്‍ത്താക്കുറിപ്പ് കെപിസിസിക്കും

ടി വി രാജേഷ് എംഎല്‍എക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ് ചമച്ച വാര്‍ത്താക്കുറിപ്പ് കെപിസിസി ആസ്ഥാനത്തേക്കും അയച്ചു. കെപിസിസിയുടെ മീഡിയാ വിഭാഗത്തിനാണ് മുഖ്യമന്ത്രിയുടെ പ്രസ്സെക്രട്ടറി പി ടി ചാക്കോയുടെ മെയിലില്‍നിന്നും പൊലീസ് റിപ്പോര്‍ട്ട് എന്ന പേരില്‍ വാര്‍ത്താക്കുറിപ്പായി അയച്ചത്. വിവിധ മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഉള്‍പ്പെടെ 55 പേര്‍ക്ക് ചാക്കോയുടെ മെയിലില്‍നിന്നും ഇ-മെയില്‍ സന്ദേശം അയച്ചിട്ടുണ്ട്. ഇതിനു പുറമെ എംഎല്‍എമാരായ വി ഡി സതീശനും വി ടി ബലറാമിനും അയച്ചിട്ടുണ്ട്. നിയമസഭയില്‍ വനിതാ പൊലീസുകാരിയെ ടി വി രാജേഷും ജയിംസ് മാത്യുവും അപമാനിച്ചുവെന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നുണ വീഡിയോദൃശ്യങ്ങള്‍ സ്പീക്കര്‍ പുറത്തുവിട്ടതോടെ പൊളിഞ്ഞിരുന്നു. ഈ ജാള്യത്തില്‍നിന്നും രക്ഷപ്പെടാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്ന ദിവസംതന്നെ ഈ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അറിവും സമ്മതവുമില്ലാതെ ഇത് ചെയ്യില്ലെന്ന് ഉറപ്പാണ്.

രാജേഷും സഹയാത്രികരും വെഞ്ഞാറമൂട്ടില്‍ വനിതാ പൊലീസുകാരിയെ അപമാനിച്ചുവെന്ന് ഡിജിപി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായെന്ന് പറഞ്ഞാണ് വാര്‍ത്താക്കുറിപ്പ് നല്‍കിയത്. എന്നാല്‍ , ഡിജിപി ഇങ്ങനെയൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയില്ല. മറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും സമ്മര്‍ദം ചെലുത്തി ലോക്കല്‍ പൊലീസിനെക്കൊണ്ട് രാജേഷിനെതിരെ തട്ടിക്കൂട്ടിയ റിപ്പോര്‍ട്ടാണിത്. അങ്ങനെയാണെങ്കില്‍ പോലും പൊലീസ് തയ്യാറാക്കി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്‍കിയ റിപ്പോര്‍ട്ട് പൂര്‍ണമായും ഔദ്യോഗിക രഹസ്യസ്വഭാവമുള്ളതാണ്. ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ തന്നെ ചോര്‍ത്തി നല്‍കിയെന്നത് അതീവ ഗുരുതരമായ കുറ്റമാണ്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും വാര്‍ത്തകള്‍ സൃഷ്ടിച്ച് അവ ചോര്‍ത്തി നല്‍കുന്നത് ആദ്യ സംഭവമല്ല. ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് സങ്കീര്‍ണമായ എട്ടു മാരകരോഗമുണ്ടെന്നും അതുകൊണ്ടാണ് ആശുപത്രിയില്‍ കിടക്കുന്നതെന്നുമുള്ള റിപ്പോര്‍ട്ട് ഒക്ടോബര്‍ 10ന് ഇതേപോലെ സൃഷ്ടിച്ചുനല്‍കി. "ദയവായി ഇത് ഔദ്യോഗിക വാര്‍ത്താക്കുറിപ്പായി നല്‍കരുത്" എന്ന് ഈ സൃഷ്ടിക്കും ആമുഖമായി നല്‍കിയിരുന്നു. പിള്ളയുടെ ഫോണ്‍ വിളിയും ആശുപത്രിയിലെ സുഖവാസവും വിവാദമായപ്പോഴായിരുന്നു ഈ സൃഷ്ടി.

deshabhimani 211011

1 comment:

  1. ടി വി രാജേഷ് എംഎല്‍എക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ് ചമച്ച വാര്‍ത്താക്കുറിപ്പ് കെപിസിസി ആസ്ഥാനത്തേക്കും അയച്ചു. കെപിസിസിയുടെ മീഡിയാ വിഭാഗത്തിനാണ് മുഖ്യമന്ത്രിയുടെ പ്രസ്സെക്രട്ടറി പി ടി ചാക്കോയുടെ മെയിലില്‍നിന്നും പൊലീസ് റിപ്പോര്‍ട്ട് എന്ന പേരില്‍ വാര്‍ത്താക്കുറിപ്പായി അയച്ചത്. വിവിധ മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഉള്‍പ്പെടെ 55 പേര്‍ക്ക് ചാക്കോയുടെ മെയിലില്‍നിന്നും ഇ-മെയില്‍ സന്ദേശം അയച്ചിട്ടുണ്ട്. ഇതിനു പുറമെ എംഎല്‍എമാരായ വി ഡി സതീശനും വി ടി ബലറാമിനും അയച്ചിട്ടുണ്ട്.

    ReplyDelete