Friday, October 7, 2011

കൃഷ്ണകുമാര്‍ വധശ്രമം അപകടമെന്നു വരുത്താന്‍ ഗൂഢാലോചന

വാളകം സ്കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ വധശ്രമവുമായി ബന്ധപ്പെട്ട് ഇതുവരെ മെനഞ്ഞ കള്ളക്കഥകള്‍ പൊളിഞ്ഞപ്പോള്‍ പുതിയ കഥകളുമായി പൊലീസ് രംഗത്തെത്തി. കൃഷ്ണകുമാറിന് പരിക്കേറ്റത് മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് ആകണമെന്നില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടിയെന്നാണ് പൊലീസിന്റെ പ്രചാരണം. അതിനാല്‍ സംഭവം അപകടമാകാമെന്ന് യുഡിഎഫ് അനുകൂല മാധ്യമങ്ങളെക്കൊണ്ട് പൊലീസും ഉന്നത രാഷ്ട്രീയനേതൃത്വവും വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. തന്നോടും കുടുംബത്തോടും വൈരാഗ്യമുള്ളത് ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് മാത്രമാണെന്ന് അധ്യാപകന്‍ വ്യാഴാഴ്ച പൊലീസിന് മൊഴി നല്‍കി. എന്നാല്‍ , തന്നെ ആക്രമിച്ചത് ആരാണെന്നറിയില്ല. സംഭവദിവസം താന്‍ കടയ്ക്കലില്‍ പോയിരുന്നെന്നും കൃഷ്ണകുമാര്‍ മൊഴി നല്‍കി. രണ്ട് മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പിനിടയില്‍ കൃഷ്ണകുമാര്‍ ഇടയ്ക്കിടെ മയക്കത്തിലേക്ക് വീണുകൊണ്ടിരുന്നു. പൊലീസുകാര്‍ തട്ടിവിളിച്ചാണ് ചോദ്യങ്ങള്‍ ചോദിച്ചത്. പൂര്‍ണമായും അവശനിലയിലായിരുന്ന കൃഷ്ണകുമാറിന് ഇടയ്ക്കിടെ വെള്ളം കൊടുത്തുകൊണ്ടിരുന്നു. ഇപ്പോഴും അദ്ദേഹത്തിന് നടന്നതെന്തെന്ന് പൂര്‍ണമായും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. എന്നിട്ടും കൃഷ്ണകുമാര്‍ കേസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ആക്ഷേപിക്കാനാണ് മുഖ്യമന്ത്രിയുള്‍പ്പെടെ ശ്രമിക്കുന്നത്.

ഇത്തരം ആക്ഷേപം ഉയര്‍ത്തിയിട്ടും കേസ് വഴിതിരിച്ചുവിടാന്‍ കഴിയാതായപ്പോഴാണ് അപകടമെന്ന പുതിയ കഥയിറക്കുന്നത്. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ടല്ല പരിക്കേറ്റത് എന്ന് പറഞ്ഞിട്ടില്ല. ആണെന്നും പറഞ്ഞിട്ടില്ല. മലദ്വാരത്തിലൂടെ എന്തോ തുളച്ചുകയറിയെന്ന് പറയുന്നുമുണ്ട്. അങ്ങനെയെങ്കില്‍ വാഹനമോ മറ്റോ ഇടിച്ചുതെറിപ്പിച്ചശേഷം മരക്കുറ്റിയിലേക്കോ ഇരുമ്പ് ദണ്ഡിലേക്കോ കൃത്യമായി വീണിരിക്കണം. എന്നാല്‍ , കൃഷ്ണകുമാര്‍ പരിക്കേറ്റ് കിടന്നിടത്ത് അങ്ങനെയൊരു ലക്ഷണവും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടുമില്ല. കൂടാതെ ശരീരമാസകലം മുറിവേറ്റ കാര്യവും റിപ്പോര്‍ട്ടിലുണ്ട്. അപകടത്തിലൂടെ പറ്റാവുന്ന മുറിവുകളും ചതവുകളുമാണിതെന്ന് ഡോക്ടര്‍മാര്‍ പോലും വിശ്വസിക്കുന്നുമില്ല. അക്രമത്തിന് പിന്നില്‍ തീവ്രവാദികളോ പണമിടപപാട് സംബന്ധിച്ച തര്‍ക്കമോ ആകാമെന്നായിരുന്നു ഇതുവരെ പൊലീസ് പ്രചരിപ്പിച്ചത്. തീവ്രവാദികള്‍ ആക്രമിക്കാന്‍ കാരണം സ്ത്രീവിഷയമാണെന്ന് പ്രചരിപ്പിച്ച് മൃതപ്രായനായി കഴിയുന്ന കൃഷ്ണകുമാറിനെ വ്യക്തിഹത്യ ചെയ്യാനും ശ്രമിച്ചു.

സര്‍ക്കാരിന് തടിയൂരാന്‍ പിള്ളയുടെ ശിക്ഷ 4 ദിവസം നീട്ടി

അഴിമതിക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ആര്‍ ബാലകൃഷ്ണപിള്ള നിയമവിരുദ്ധമായി ഫോണ്‍ ഉപയോഗിച്ചതിന് ശിക്ഷ നല്‍കിയെന്നു വരുത്തി തടിയൂരാന്‍ സര്‍ക്കാര്‍ ശ്രമം. പിള്ളയുടെ ശിക്ഷ നാലു ദിവസം കൂടി നീട്ടാനാണ് സര്‍ക്കാര്‍ തീരുമാനം. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയാണ് ഇതെന്നാണ് വിശദീകരണം. ഫെബ്രുവരി 28നു തുടങ്ങിയ ശിക്ഷയുടെ കാലാവധി നിയമാനുസൃതമായ ഇളവുകള്‍ കഴിച്ച് 2012 ജനുവരി രണ്ടിനാണ് അവസാനിക്കേണ്ടിയിരുന്നത്. ഇത് നാലു ദിവസം കൂടി നീട്ടുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ , ശിക്ഷാ കലയളവില്‍ നിയമലംഘനം നടത്തിയാല്‍ തടവുപുള്ളിക്ക് ഇളവ് അനുവദിക്കാന്‍ പാടില്ല. ഈ സാഹചര്യത്തില്‍ പിള്ളയ്ക്ക് ഇതുവരെ നല്‍കിയ ഇളവുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എന്തു തീരുമാനമെടുക്കുമെന്ന ചോദ്യമുയരുന്നു.

പിള്ളയുടെ ഫോണ്‍വിളി മാത്രമല്ല നാട്ടിലെ പ്രശ്നമെന്ന് ഉമ്മന്‍ചാണ്ടി

ബാലകൃഷ്ണപിള്ളയുടെ ഫോണ്‍വിളി മാത്രമല്ല നാട്ടിലെ പ്രശ്നമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനകീയപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുപകരം വിവാദങ്ങള്‍ ചര്‍ച്ചചെയ്യാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പിള്ളയുടെ ഫോണ്‍വിളി വിവാദത്തില്‍ പ്രതിപക്ഷം അനാവശ്യവിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ കുട്ടികളെ എഴുത്തിനിരുത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബാലകൃഷ്ണപിള്ള ചട്ടം ലംഘിച്ചിട്ടുണ്ടെങ്കില്‍ നിയമപരമായി നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ ഉറപ്പു നല്‍കിയതാണ്. പിള്ളയ്ക്ക് അനാവശ്യ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിലൂടെ സര്‍ക്കാര്‍ കോടതിവിധി ലംഘിച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി നിയമനടപടി സ്വീകരിക്കാനുള്ള എല്‍ഡിഎഫ് തീരുമാനം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അതിനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടെന്നായിരുന്നു മറുപടി.

വാളകം സംഭവം: ആരന്വേഷിച്ചാലും സത്യം പുറത്തുവരും- ഗണേശ്കുമാര്‍

കൊച്ചി: വാളകത്ത് അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏത് ഏജന്‍സി അന്വേഷിച്ചാലും സത്യം പുറത്തുവരുമെന്ന് ഉറപ്പുണ്ടെന്ന് മന്ത്രി കെ ബി ഗണേശ്കുമാര്‍ . എറണാകുളത്ത് പനമ്പിള്ളിനഗര്‍ സ്പോര്‍ട്സ് സ്കൂള്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകന്റെ മൊഴിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അക്കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരാണ് തീരുമാനിക്കേണ്ടതെന്നും ഇപ്പോള്‍ അഭിപ്രായം പറയാന്‍ താല്‍പ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 071011

1 comment:

  1. വാളകം സ്കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ വധശ്രമവുമായി ബന്ധപ്പെട്ട് ഇതുവരെ മെനഞ്ഞ കള്ളക്കഥകള്‍ പൊളിഞ്ഞപ്പോള്‍ പുതിയ കഥകളുമായി പൊലീസ് രംഗത്തെത്തി. കൃഷ്ണകുമാറിന് പരിക്കേറ്റത് മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് ആകണമെന്നില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടിയെന്നാണ് പൊലീസിന്റെ പ്രചാരണം. അതിനാല്‍ സംഭവം അപകടമാകാമെന്ന് യുഡിഎഫ് അനുകൂല മാധ്യമങ്ങളെക്കൊണ്ട് പൊലീസും ഉന്നത രാഷ്ട്രീയനേതൃത്വവും വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്.

    ReplyDelete