അമേരിക്കന്‍ കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ സിരാകേന്ദ്രമായ വാള്‍സ്ട്രീറ്റ് പരിസരത്ത് സുക്കോട്ടി പാര്‍ക്കില്‍ ആയിരത്തില്‍ താഴെ പേര്‍ ആരംഭിച്ച 'വാള്‍സ്ട്രീറ്റ് കയ്യടക്കുക' ലോകമെമ്പാടും അനേകായിരങ്ങളുടെ രോഷത്തിന്റെ കരുത്തുറ്റ പ്രകടനവും അവരുടെ ആശയാഭിലാഷങ്ങള്‍ക്ക് നിറംപകരുന്ന പ്രസ്ഥാനവുമായി മാറിയിരിക്കുന്നു. വാള്‍സ്ട്രീറ്റ് കയ്യടക്കല്‍ പ്രസ്ഥാനത്തോടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ലോകമെമ്പാടും ആയിരത്തില്‍പരം നഗരങ്ങളില്‍ അലയടിച്ച പ്രക്ഷോഭത്തിരമാലകള്‍ നിരവധി നഗരങ്ങളിലെ സുപ്രധാന ഭരണ-ധനകാര്യ കേന്ദ്രങ്ങളെ ഗ്രസിച്ചിരിക്കുന്നു.
ശനിയാഴ്ച വാള്‍സ്ട്രീറ്റ് കയ്യടക്കല്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ എത്തിയ നൂറുകണക്കിന് പ്രകടനക്കാര്‍ ലണ്ടനിലെ സെയ്ന്റ് പോള്‍സ് ദേവാലയത്തിന്റെ കല്‍പടവുകളില്‍ സ്ഥാനം പിടിക്കുകയും അവിടെ തമ്പുകള്‍ ഉറപ്പിക്കുകയും ചെയ്തു. അവരെ പൊലീസ് ബലംപ്രയോഗിച്ചു നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ദേവാലയ അധികൃതര്‍ പൊലീസിനെ പിന്തിരിപ്പിക്കുകയും പ്രക്ഷോഭകരെ ദേവാലായ പരിസരത്ത് തുടരാന്‍ അനുവദിക്കുകയുമായിരുന്നു.
പ്രക്ഷോഭകര്‍ ലക്ഷ്യംവച്ചിരുന്നത് ലണ്ടന്‍ സ്റ്റോക്ക് എക്‌ചേഞ്ചും മറ്റ് ധനകാര്യ സ്ഥാപനങ്ങളുമായിരുന്നു. പൊലീസ് അവരെ അതില്‍നിന്നും തടഞ്ഞു. തുടര്‍ന്നാണ് ലണ്ടനിലെ ചരിത്രപ്രസിദ്ധമായ സെയ്ന്റ് പോള്‍സ് ദേവാലയം സമരകേന്ദ്രമായി മാറിയത്. മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള ഈ ദേവാലയം രണ്ട് ലോക യുദ്ധങ്ങള്‍ക്കും പ്രക്ഷുബ്ധമായ സാമൂഹ്യ രാഷ്ട്രീയ മാറ്റങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിരുന്നു. സെയ്ന്റ് പോള്‍സ് ദേവാലയത്തിന്റെ കല്‍പടവുകളില്‍ തമ്പടിച്ചിരിക്കുന്നവരില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍, പരിസ്ഥിതിവാദികള്‍, വിദ്യാര്‍ഥികള്‍, തൊഴിലന്വേഷകര്‍, എന്‍ജിനീയര്‍മാര്‍, വിവര സാങ്കേതികവിദ്യാവിദഗ്ധര്‍ എന്നിങ്ങിനെ ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവരും ഉള്‍പ്പെടുന്നു.
ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ അവിടത്തെ പാര്‍ലമെന്റായ 'റെയ്ച്സ്റ്റാഗിനു' മുന്നില്‍ തമ്പടിക്കാനെത്തിയ പ്രകടനക്കാരുടെ ഉറക്കസഞ്ചികളും മറ്റ് ഉപകരണങ്ങളും പൊലീസ് നീക്കം ചെയ്തു. റെയ്ച്സ്റ്റാഗിന്റെ മുന്നിലെ നിരോധനത്തിന്റെ പേരിലായിരുന്നു ഇത്. എന്നാല്‍ തിങ്കളാഴ്ച തിരിച്ചെത്തിയ സമരക്കാര്‍ റെയ്ച് സ്റ്റാഗിന്റെ എതിര്‍വശത്തെ പുല്‍തകിടിചത്വരത്തില്‍ തമ്പടിച്ചു. 'ബര്‍ലിന്‍ കയ്യടക്കല്‍' അതിന്റെ ശൈശവ ദശയിലാണെന്ന് പ്രക്ഷോഭകര്‍ അവകാശപ്പെടുന്നു.
കോര്‍പ്പറേറ്റ് സാമ്പത്തിക നയങ്ങള്‍ ജനജീവിതം ദുരിതപൂര്‍ണമാക്കിയ ഗ്രീസില്‍ ബൂധനാഴ്ച ആരംഭിക്കുന്ന ദ്വിദിന പണിമുടക്കോടെ അതിന്റെ പാരമ്യത്തിലെത്തുമെന്നാണ് കരുതുന്നത്. ലോകവ്യാപകമായി നടന്നുവരുന്ന കയ്യടക്കല്‍ പ്രസ്ഥാനം ഗ്രീസിലെ അസംതൃപ്തിയെ ആളിക്കത്തിക്കുമെന്നു നിരീക്ഷകര്‍ വിലയിരുത്തുന്നു.
പല രാജ്യങ്ങളിലെ പ്രക്ഷോഭകരും വിവിധ രാജ്യങ്ങളിലെ സമരപരിപാടികള്‍ ഏകോപിക്കാനും പരസ്പരം പങ്കാളിത്തം ഉറപ്പിക്കാനും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ചത്തെ ആഗോള നടപടി ആക്രമാസക്തമായി മാറിയ ഇറ്റലിയിലെ പ്രക്ഷോഭകര്‍ ഗ്രീസിലെ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും അവരുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. കോര്‍പ്പറേറ്റ് ആഗോളവല്‍ക്കരണത്തിനെതിരെ കോര്‍പ്പറേറ്റ് വിരുദ്ധ പ്രക്ഷോഭത്തിന്റെ ആഗോളവല്‍ക്കരണത്തിന്റെ പ്രതീതിയാണ് സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.
നോര്‍ത്ത് കരോളിന, വെര്‍ജീനിയ എന്നീ സംസ്ഥാനങ്ങളില്‍ ത്രിദിന ബസ് ടൂറിനിറങ്ങിയ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ വാള്‍സ്ട്രീറ്റ് കയ്യടക്കല്‍ സമരത്തിനു പിന്തുണ നല്‍കുന്നു. നിര്‍ദിഷ്ട ടൂറില്‍ ''99 ശതമാനം അമേരിക്കക്കാരെ ശരിയായ രീതിയില്‍ പ്രതിനിധാനം ചെയ്യു''മെന്ന് വൈറ്റ് ഹൗസ് ഡപ്യൂട്ടി പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് ഞായറാഴ്ച പ്രഖ്യാപിക്കുകയുണ്ടായി. ഒരു ശതമാനം കോര്‍പ്പറേറ്റ് ചൂഷകര്‍ക്കെതിരെ ജനസംഖ്യയുടെ 99 ശതമാനം എന്ന സങ്കല്പം പ്രക്ഷോഭകരുടേതാണ്.
പ്രക്ഷോഭത്തെ സംബന്ധിച്ച് ക്വിന്നിപിയാക് സര്‍വകലാശാല നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ വാള്‍സ്ട്രീറ്റില്‍ ദിനംപ്രതി പ്രകടനം നടത്തിവരുന്ന പ്രക്ഷോഭകരെ 67 ശതമാനം ന്യൂയോര്‍ക്ക് നിവാസികളും പിന്തുണക്കുന്നതായി പറയുന്നു. പ്രക്ഷോഭകര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളും അവരുടെ കാഴ്ചപ്പാടും വളരെ വ്യക്തമാണെന്ന് 72 ശതമാനവും അംഗീകരിക്കുന്നു.
അടുത്തവര്‍ഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോര്‍പ്പറേറ്റുകള്‍ ഒബാമക്കെതിരെ തിരിയുന്നതായി സൂചനയുണ്ട്. ഒബാമക്കെതിരെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി രംഗത്തുള്ള റിപ്പബ്ലിക്കന്‍ മിറ്റ് റോമ്‌നെയെ കോര്‍പ്പറേറ്റുകള്‍ പിന്തുണക്കുമെന്നാണ് സൂചന. സമീപകാലത്ത് റോമ്‌നെയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് വാള്‍സ്ട്രീറ്റിന്റെ സംഭാവന ഒന്നര ദശലക്ഷം ഡോളര്‍ കവിഞ്ഞു. ഒബാമക്ക് ലഭിച്ചതാകട്ടെ 2,70,000 ഡോളര്‍ മാത്രം.
യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കിന്‍ മൂണ്‍ താന്‍ വാള്‍സ്ട്രീറ്റ് കയ്യടക്കല്‍ സമരത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്നതായി സൂചിപ്പിച്ചു. ഗ്രൂപ്പ് 20 ല്‍പ്പെട്ട സമ്പന്ന രാജ്യങ്ങള്‍ ജനങ്ങളുടെ നിരാശയും സാമ്പത്തിക പ്രതിസന്ധിയും തിരിച്ചറിയണമെന്നും പ്രശ്‌നപരിഹാരത്തിന് പ്രായോഗിക നടപടികള്‍ സ്വീകരിക്കണമെന്നും സ്വിറ്റ്‌സര്‍ലാന്റില്‍ പ്രസ്താവിച്ചു.സ്വന്തം സാമ്പത്തിക പ്രശ്‌നങ്ങളില്‍ കുടുങ്ങിക്കിടക്കാതെ ഗുരുതരമായ അന്താരാഷ്ട്ര സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരം കണ്ടെത്തിയെ മതിയാകൂ എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
janayugom 191011
അമേരിക്കന്‍ കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ സിരാകേന്ദ്രമായ വാള്‍സ്ട്രീറ്റ് പരിസരത്ത് സുക്കോട്ടി പാര്‍ക്കില്‍ ആയിരത്തില്‍ താഴെ പേര്‍ ആരംഭിച്ച 'വാള്‍സ്ട്രീറ്റ് കയ്യടക്കുക' ലോകമെമ്പാടും അനേകായിരങ്ങളുടെ രോഷത്തിന്റെ കരുത്തുറ്റ പ്രകടനവും അവരുടെ ആശയാഭിലാഷങ്ങള്‍ക്ക് നിറംപകരുന്ന പ്രസ്ഥാനവുമായി മാറിയിരിക്കുന്നു. വാള്‍സ്ട്രീറ്റ് കയ്യടക്കല്‍ പ്രസ്ഥാനത്തോടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ലോകമെമ്പാടും ആയിരത്തില്‍പരം നഗരങ്ങളില്‍ അലയടിച്ച പ്രക്ഷോഭത്തിരമാലകള്‍ നിരവധി നഗരങ്ങളിലെ സുപ്രധാന ഭരണ-ധനകാര്യ കേന്ദ്രങ്ങളെ ഗ്രസിച്ചിരിക്കുന്നു.
ReplyDelete