Monday, November 21, 2011
കര്‍ഷകരുടെ എല്ലാ കടങ്ങളും എഴുതിത്തള്ളണം: എല്‍ഡിഎഫ്
ബത്തേരി: വയനാട്ടിലെ കര്‍ഷകരുടെ എല്ലാ തരത്തിലുള്ള കടങ്ങളും എഴുതിത്തള്ളണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു. പാട്ടക്കൃഷിക്കാരെ കര്‍ഷകരായി അംഗീകരിക്കണമെന്നും ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് വയനാട്ടില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കടക്കെണിയില്‍പ്പെട്ട് ജീവനൊടുക്കിയ കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിച്ചശേഷമാണ് വൈക്കം വിശ്വന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് ഉന്നതതലസംഘം വാര്‍ത്താസമ്മേളനം നടത്തിയത്. കര്‍ഷക ആത്മഹത്യയില്‍ ഒന്നാംപ്രതി സര്‍ക്കാരാണെന്ന് വൈക്കം വിശ്വന് പറഞ്ഞു.
വയനാട്ടിലെ പ്രതിസന്ധി രൂക്ഷമാണ്. കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാരിന്റെ പ്രസംഗമല്ല വേണ്ടത്, അടിയന്തര നടപടികളാണ്. കര്‍ഷകരുടെ എല്ലാ വായ്പകളും കാര്‍ഷികവായ്പയായി പരിഗണിക്കണം. മക്കളുടെ പഠനവും വീടുണ്ടാക്കലും മറ്റും നിര്‍വഹിക്കാന്‍ അവര്‍ക്ക് കൃഷിയല്ലാതെ വേറെ മാര്‍ഗമില്ല. കടംവാങ്ങി തിരിച്ചടയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഈ സ്ഥിതിയില്‍ കടം എഴുതിത്തള്ളാതെ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ല. പട്ടക്കൃഷിക്കാര് ഉള്‍പ്പെടെയുള്ളവരുടെ കടങ്ങള്‍ എഴുതിത്തള്ളണം. സ്വന്തമായി ഭൂമി ഇല്ലെന്ന പേരില്‍ ബാങ്കുകള്‍ വായ്പ നല്കാത്തതിനാല് പാട്ടക്കൃഷിക്കാര്‍ മറ്റു വായ്പകളെയാണ് ആശ്രയിക്കുന്നത്. ഇത്തരം ബാധ്യതകളും സര്‍ക്കാര്‍ ഏറ്റെടുക്കണം. ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ സാമ്പത്തിക ബാധ്യതമൂലം പ്രയാസത്തിലാണ്. പിടിച്ചുനില്ക്കാന് ഒരു ജോലി ആവശ്യമാണ്. ജീവനൊടുക്കിയവരുടെ മക്കളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കണം. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവിലയല്ല വേണ്ടത്, തറവിലയാണ്. ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാനും സംവിധാനംവേണം. നാട്ടിലെ ഉല്പ്പാദനമേഖലയിലുള്ളവരെ പൂര്‍ണമായും കൈയൊഴിഞ്ഞതായാണ് വ്യക്തമാകുന്നത്. മരിച്ചവരുടെ കുടുംബത്തിന് ഒരുലക്ഷം രൂപ മാത്രം നല്കി പരിമിതപ്പെടുത്തരുത്. വിദ്യാഭ്യാസ വായ്പ പലിശരഹിതമാക്കണം. കര്‍ഷകരെ സഹായിക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ കുട്ടിക്കളി തുടരുകയാണ്. എല്‍ഡിഎഫ് ആത്മഹത്യകളെ ആഘോഷമാക്കുകയാണെന്ന് യുഡിഎഫ് പറയുന്നത് കുറ്റബോധത്തില്‍നിന്നാണ്. അങ്ങനെ പറഞ്ഞവരോട് സഹതപിക്കുന്നു. വയനാട്, കണ്ണൂര്‍ , കാസര്‍കോട്, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ കര്‍ഷകര്‍ ആത്മഹത്യചെയ്തു. എന്നിട്ടും സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ല. ആരാണ് കര്‍ഷകര്‍ എന്ന് നിര്‍വചനം നടത്തേണ്ടതില്ല. പഴയതുപോലെ ഭൂവുടമകള്‍ കൃഷിചെയ്യാന്‍ തയ്യാറാകുന്നില്ല. അപ്പോഴാണ് ജീവിക്കാനായി ജനങ്ങള്‍ പാട്ടഭൂമികളില്‍ കൃഷിചെയ്യുന്നത്. തൃക്കൈപ്പറ്റയിലെ വര്‍ഗീസിന് സഹകരണബാങ്ക് വായ്പ നല്‍കിയില്ലെന്ന് കുടുംബം പരാതിപ്പെട്ടിട്ടുണ്ട്. സഹകരണസ്ഥാപനങ്ങള്‍ കര്ഷകവിരുദ്ധസമീപനം എടുക്കുന്നുണ്ടെങ്കില്‍ തടയണം.
വയനാട്ടിലേത് കര്‍ഷക ആത്മഹത്യയല്ല എന്നു പറഞ്ഞവരുടെ വാക്കുകള്‍ മനുഷ്യത്വപരമല്ല. കൃഷിമന്ത്രി ആദ്യം പറഞ്ഞതും കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നില്ലെന്നാണ്. അതിന്റെപേരില്‍ താന്‍ രാജിവയ്ക്കില്ലെന്നും പറഞ്ഞു. രാജിവയ്ക്കുകയല്ല ഉത്തരവാദിത്തം നിര്‍വഹിക്കുകയാണ് മന്ത്രി ചെയ്യേണ്ടത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് ശരിയായ പരിഹാരമാര്‍ഗം നിര്‍ദേശിച്ച് നടപ്പാക്കിയാല്‍ എല്‍ഡിഎഫ് എല്ലാ പിന്തുണയും നല്‍കുമെന്ന് വൈക്കം വിശ്വന് വ്യക്തമാക്കി. കെ ഇ ഇസ്മയില്‍ എംപി, എന്‍ കെ പ്രേമചന്ദ്രന് , എ സി ഷണ്മുഖദാസ്, സി കെ നാണു എംഎല്‍എ, രാമചന്ദ്രന് കടന്നപ്പള്ളി, പി സി തോമസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പരിദേവനങ്ങളുടെ കെട്ടഴിച്ച് കര്‍ഷകകുടുംബങ്ങള്‍ ; സാന്ത്വനവുമായി നേതാക്കള്‍
കല്‍പ്പറ്റ: "അഞ്ചുസെന്റ് ഭൂമിയെങ്കിലും സര്‍ക്കാര്‍ തന്നാല്‍ നന്നായിരുന്നു. അതിലൊരു വീടുവേണം, എനിക്കും മകള്‍ക്കും കയറിക്കിടക്കാന്‍ . പിന്നെ മകളുടെ വിദ്യഭ്യാസം..." പുല്‍പ്പള്ളി സീതാമൗണ്ടിലെ അശോകന്റെ ഭാര്യ ഓമനയ്ക്ക് വലിയ സ്വപ്നങ്ങളൊന്നുമില്ല. ഞായറാഴ്ച വൈകിട്ട് വീട്ടിലെത്തിയ എല്‍ഡിഎഫ് സംസ്ഥാന നേതാക്കള്‍ക്കുമുന്നില്‍ ഈ വീട്ടമ്മ പൊട്ടിക്കരഞ്ഞു. തൃക്കെപ്പറ്റയിലെ വര്‍ഗീസിന്റെ ഭാര്യ ജെസ്സിയുടെ ആവശ്യം ഒരു ജോലിയാണ്. സങ്കടങ്ങളും പരിദേവനങ്ങളുമായാണ് കര്‍ഷകകുടുംബങ്ങള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് ഉള്‍പ്പെടെയുള്ള നേതാക്കളെ സ്വീകരിച്ചത്. കുടുംബത്തിന്റെ താങ്ങും തണലുമായി നിന്നവരുടെ ആകസ്മികമായ വേര്‍പാടില്‍ പ്രതീക്ഷകളെല്ലാം കരിഞ്ഞതിന്റെ വേവലാതിയുണ്ടായിരുന്നു അവരുടെ വാക്കുകളില്‍ . "രാവിലെ പറമ്പിലിറങ്ങിയാല്‍ വൈകിട്ടാ ചേട്ടന് വീട്ടില്‍ കയറുക. അത്രമാത്രം കൃഷിയോട് താല്പര്യമായിരുന്നു." ജെസ്സിക്ക് ഓര്‍മകള്‍ അടക്കാനാകുന്നില്ല. ഉള്ളതെല്ലാം പണയത്തിലാണ്. വിദ്യാര്‍ഥികളായ മൂന്ന് പെണ്മക്കളും പ്രായമായ അമ്മയും അടങ്ങുന്ന കുടുംബം എങ്ങനെ കഴിയുമെന്ന ആശങ്ക ജെസ്സി മറച്ചുവെച്ചില്ല. "ബികോം പഠിച്ചിട്ടുണ്ട് സര് , ഒരു ജോലി കിട്ടിയാല്‍ ഉപകാരം" ജെസ്സിയുടെ വാക്കുകളില്‍ പ്രതീക്ഷയുണ്ട്. തീര്‍ച്ചയായും ഇക്കാര്യം ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് വൈക്കം വിശ്വന് ഉറപ്പുനല്‍കി.
സ്ഥലത്തെ സഹകരണബാങ്കിനെക്കുറിച്ചും ഇവര്‍ക്കു പരാതിയുണ്ട്. വായ്പ എങ്ങനെ തരാതിരിക്കാം എന്നാണ് തൃക്കൈപ്പറ്റ സര്‍വീസ് സഹകരണബാങ്കിന്റെ നോട്ടം. രാവിലെ പതിനൊന്നോടെയാണ് എല്‍ഡിഎഫ് നേതാക്കളായ വൈക്കം വിശ്വന് , കെ ഇ ഇസ്മയില്‍ എംപി, എന്‍ കെ പ്രേമചന്ദ്രന് , എ സി ഷണ്മുഖദാസ്, സി കെ നാണു എംഎല്‍എ, രാമചന്ദ്രന് കടന്നപ്പള്ളി, പി സി തോമസ് എന്നിവര്‍ പര്യടനം തുടങ്ങിയത്. ആദ്യം തൃക്കൈപ്പറ്റയിലെ വര്‍ഗീസിന്റെ വീടിലേക്കാണ് പോയത്. പിന്നീട് അമ്പലവയലിലെ പൈലി, പുല്‍പ്പള്ളിയിലെ അശോകന് , വെള്ളമുണ്ട മല്ലിശേരിക്കുന്നിലെ പി സി ശശിധരന് എന്നിവരുടെ വീടുകളും സന്ദര്‍ശിച്ചു. എല്ലായിടത്തുനിന്നും പരാതികളുടെ പ്രവാഹമായിരുന്നു. സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത പുല്‍പ്പള്ളിയിലെ അശോകന്റെ ഭാര്യ ഓമനയുടെ പ്രധാന ആവശ്യം മകളുടെ പഠനമാണ്. അശോകന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു പ്ലസ്വണ് വിദ്യാര്‍ഥിനിയായ മകള്‍ അഞ്ജുവിന്റെ വിദ്യാഭ്യാസം. അതു പൂര്‍ത്തീകരിക്കണം. ഓമനയുടെ പരിമിതമായ ആവശ്യങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കി. വെള്ളമുണ്ടയിലെ ശശിധരന്റെയും തോണിച്ചാലിലെ ജോസിന്റെയും കുടുംബത്തിനും പറയാനേറെയുണ്ടായിരുന്നു. കൃഷിചെയ്തു കടം കയറി വലഞ്ഞതാണ് ജീവനൊടുക്കാന്‍ ഇരുവരെയും നിര്‍ബന്ധിതരാക്കിയത്. ആവശ്യങ്ങളെല്ലാം കേട്ട എല്‍ഡിഎഫ് നേതാക്കള്‍ വയനാട്ടിലെ കര്‍ഷകരെ രക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ക്ക് സമ്മര്ദംചെലുത്താമെന്ന് കുടുബങ്ങള്‍ക്ക് ഉറപ്പുനല്‍കിയാണ് മടങ്ങിയത്.
ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം വീതം നല്‍കണം: വി എസ്
സ. വെണ്‍പാല രാമചന്ദ്രന് നഗര്‍ : ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം കൊടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു. അഞ്ചു വര്‍ഷം മുന്‍പ് എല്‍ഡിഎഫ് സര്‍ക്കാര്‍ 50,000 രൂപ കൊടുത്ത സ്ഥാനത്ത് ഇപ്പോള്‍ രണ്ടുലക്ഷം രൂപയെങ്കിലും കൊടുക്കണമെന്ന് വി എസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സിപിഐ എം മല്ലപ്പള്ളി ഏരിയ സമ്മേളത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ 1500 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. വായ്പയെടുത്ത് കൃഷിചെയ്ത കര്‍ഷകര്‍ കൃഷി നഷ്ടത്തിലായപ്പോള്‍ പണം മടക്കികൊടുക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യുകയായിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ചെറുവിരലക്കിയില്ല. ഉമ്മന്‍ചാണ്ടി ഗവണ്മെന്റിനെ ജനം അധികാരത്തില്‍ നിന്ന് പിടിച്ചിറക്കി എല്‍ഡിഎഫ് സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചു. എല്‍ഡിഎഫ് അധികാരമേറ്റ് കഷ്ടിച്ച് ഒരു വര്‍ഷത്തിനകം 1500 കൃഷിക്കാരുടെ കടം എഴുതിത്തള്ളി. കൃഷിക്കാര്‍ക്ക് പലിശരഹിത വായ്പ ല്കി. കൃഷിക്കാരില്‍ നിന്നെടുത്ത നെല്ലിന് കിലോയ്ക്ക് ഏഴുരൂപ മാത്രം കൊടുത്തിരുന്നത് ഓരോ വിളവെടുപ്പിനും ഓരോ രൂപ വര്‍ധിപ്പിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ 14 രൂപയാക്കി. ഇടതുമുന്നണി അധികാരത്തില്‍വന്ന് ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ കേരളത്തില്‍ ആത്മഹത്യകള്‍ ഇല്ലാതായി.
ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് അഞ്ചര മാസം ആയപ്പോള്‍ ആത്മഹത്യ വീണ്ടും വന്നു. എട്ട് കര്‍ഷകരാണ് ഇതികം ആത്മഹത്യ ചെയ്തത്. എന്നാല്‍ , ആത്മഹത്യ നടന്നിട്ടില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. വയാട്ടില്‍ അഞ്ചുപേര്‍ ആത്മഹത്യ ചെയ്തെന്ന് വയനാട് കലക്ടര്‍ മുഖ്യമന്ത്രിക്കെഴുതി. മുഖ്യമന്ത്രി ആ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു. അഡീഷണല്‍ ചീഫ്സെക്രട്ടറി വയാട്ടില്‍ പോയി സ്ഥിതി പഠിച്ചു. കര്‍ഷകരുടെ അവസ്ഥ ദുരിതപൂര്‍ണമാണെന്ന് റിപ്പോര്‍ട്ട് കൊടുത്തു. എന്നിട്ടും മുഖ്യമന്ത്രി അനങ്ങാതെ മലപോലെ ഇരിക്കുകയാണെന്ന് വി എസ് പരിഹസിച്ചു. കൃഷിക്കാരെയും കര്‍ഷകത്തൊഴിലാളികളെയും സാധാരണ ജനങ്ങളെയും കൂടുതല്‍ മര്‍ദിക്കുന്നതിനും ചൂഷണം ചെയ്യുന്നതിലും വിലകയറ്റുന്നതിലും കോണ്‍ഗ്രസും മുസ്ലിംലീഗും കേരള കോണ്‍ഗ്രസും ഉമ്മന്‍ചാണ്ടിക്കു പിന്നില്‍ മലപോലെ അണി ന്ന്നിിരിക്കുകയാണ്- വി എസ് പറഞ്ഞു. ഏരിയ സെക്രട്ടറി അഡ്വ. എം ഫിലിപ്പ് കോശി അധ്യക്ഷനായി.
deshabhimani 211111
Labels:
കാര്‍ഷികം,
വയനാട്,
വലതു സര്‍ക്കാര്‍,
വാർത്ത
Subscribe to:
Post Comments (Atom)
വയനാട്ടിലെ കര്‍ഷകരുടെ എല്ലാ തരത്തിലുള്ള കടങ്ങളും എഴുതിത്തള്ളണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു. പാട്ടക്കൃഷിക്കാരെ കര്‍ഷകരായി അംഗീകരിക്കണമെന്നും ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് വയനാട്ടില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു
ReplyDelete