Tuesday, November 22, 2011

കര്‍ഷകപ്രക്ഷോഭത്തിന് ദേശീയ ഐക്യമുന്നണി

വിലത്തകര്‍ച്ചയും കടക്കെണിയും മൂലം കര്‍ഷകര്‍ ജീവനൊടുക്കുമ്പോഴും നോക്കുകുത്തിയായി നില്‍ക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ കണ്ണുതുറപ്പിക്കാന്‍ കര്‍ഷകരുടെ യോജിച്ച പ്രക്ഷോഭത്തിന് ഐക്യമുന്നണി. തെലുങ്കുദേശം നേതാവ് ചന്ദ്രബാബുനായിഡുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയ-കര്‍ഷക പ്രസ്ഥാനങ്ങളുടെ പ്രതിനിധി യോഗമാണ് കര്‍ഷകരക്ഷയ്ക്ക് യോജിച്ച പ്രക്ഷോഭത്തിന് തീരുമാനമെടുത്തത്. ഇടതുപക്ഷപാര്‍ടികളടക്കം കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരമുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന പ്രസ്ഥാനങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്. സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പാക്കുകഎന്നതുള്‍പ്പെടെ 13 ഇന ആവശ്യം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. സ്വാമിനാഥന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ച താങ്ങുവില ഇപ്പോഴും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. അത് നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

റെയില്‍വേക്കുള്ളതുപോലെ കൃഷിക്ക് പ്രത്യേക ബജറ്റ് വേണം. 62 ശതമാനം ജനങ്ങളും കാര്‍ഷികവൃത്തി ചെയ്ത് ജീവിക്കുന്ന രാജ്യത്ത് കര്‍ഷകര്‍ക്കായി പ്രത്യേക ബജറ്റില്ലെന്നത് നാണക്കേടാണ്. കാര്‍ഷികസ്ഥിരതാ ഫണ്ട് രൂപീകരിച്ച് പ്രകൃതിക്ഷോഭത്തില്‍ കൃഷിനശിച്ചവര്‍ക്ക് ആശ്വാസം നല്‍കണം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കയറ്റുമതിനയം പ്രഖ്യാപിക്കണം. ചെറുകിട കര്‍ഷകര്‍ക്ക് ഒരു ലക്ഷം രൂപവരെ പലിശയില്ലാത്ത വായ്പ നല്‍കണം. മറ്റു കര്‍ഷകര്‍ക്ക് മൂന്നു ശതമാനം പലിശക്ക് വായ്പ നല്‍കണം. പാട്ടക്കൃഷിക്കാര്‍ ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നത്. ഇവരെ ബാങ്കുകള്‍ സഹായിക്കില്ലെന്നതിനാല്‍ സര്‍ക്കാര്‍ സഹായിക്കണം. എല്ലാ കര്‍ഷകര്‍ക്കും പ്രയോജനപ്പെടുംവിധം ഇന്‍ഷുറന്‍സ് നടപ്പാക്കണം. കര്‍ഷകര്‍ക്ക് താങ്ങാവുന്ന പ്രീമിയമേ ഉണ്ടാകൂ. തൊഴിലുറപ്പുപദ്ധതി കാര്‍ഷിക വൃത്തിയുമായി ബന്ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഭക്ഷ്യരംഗത്ത് ഗുരുതരസ്ഥിതിയാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാംയെച്ചൂരി യോഗശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദുരിതത്തിന്റെ നടുവില്‍ നില്‍ക്കുന്ന കര്‍ഷകരോട് മാനുഷിക പരിഗണന കാണിക്കണം. സാമ്പത്തികശക്തിയാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കര്‍ഷകരുടെ ശക്തിവര്‍ധിക്കുന്നതിലൂടെ മാത്രമേ നടക്കൂവെന്നും യെച്ചൂരി പറഞ്ഞു. രാജ്യത്തിന്റെ എല്ലാഭാഗത്തും കര്‍ഷകര്‍ ദുരിതത്തിലാണെന്ന് ചന്ദ്രബാബുനായിഡു പറഞ്ഞു. അടിയന്തര നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും നായിഡു ആവശ്യപ്പെട്ടു. ഭാവി പ്രക്ഷോഭങ്ങള്‍ തീരുമാനിക്കാന്‍ വീണ്ടും യോഗംചേരും.

സീതാറാം യെച്ചൂരി, സിപിഐ എം പാര്‍ലമെന്ററി പാര്‍ടി നേതാവ് ബസുദേവ് ആചാര്യ, സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ , ശരദ്യാദവ്, ഓംപ്രകാശ് ചൗട്ടാല, ദേവബ്രത വിശ്വാസ്, ഡാനിഷ് അലി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ വിവിധ പ്രാദേശിക കര്‍ഷക പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.
(ദിനേശ്വര്‍മ)

deshabhimani 221111

1 comment:

  1. വിലത്തകര്‍ച്ചയും കടക്കെണിയും മൂലം കര്‍ഷകര്‍ ജീവനൊടുക്കുമ്പോഴും നോക്കുകുത്തിയായി നില്‍ക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ കണ്ണുതുറപ്പിക്കാന്‍ കര്‍ഷകരുടെ യോജിച്ച പ്രക്ഷോഭത്തിന് ഐക്യമുന്നണി. തെലുങ്കുദേശം നേതാവ് ചന്ദ്രബാബുനായിഡുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയ-കര്‍ഷക പ്രസ്ഥാനങ്ങളുടെ പ്രതിനിധി യോഗമാണ് കര്‍ഷകരക്ഷയ്ക്ക് യോജിച്ച പ്രക്ഷോഭത്തിന് തീരുമാനമെടുത്തത്. ഇടതുപക്ഷപാര്‍ടികളടക്കം കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരമുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന പ്രസ്ഥാനങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്.

    ReplyDelete