Tuesday, November 22, 2011

മുല്ലപ്പെരിയാര്‍ : കേന്ദ്രഇടപെടല്‍ ഉറപ്പാക്കാനായില്ല

തുടര്‍ച്ചയായ ഭൂചലനങ്ങളുടെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടലെന്ന ആവശ്യം പ്രധാനമന്ത്രിയെക്കൊണ്ട് അംഗീകരിപ്പിക്കുന്നതില്‍ മുഖ്യമന്ത്രിയും സംഘവും പരാജയപ്പെട്ടു. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ മുല്ലപ്പെരിയാര്‍ പ്രശ്നം ഉന്നയിക്കപ്പെട്ടെങ്കിലും ആശങ്ക പ്രകടിപ്പിക്കുന്നതില്‍മാത്രം മന്‍മോഹന്‍സിങ്ങിന്റെ പ്രതികരണം ഒതുങ്ങി. കോടതിക്ക് പുറത്ത് പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ച വിഷയത്തില്‍ കേന്ദ്രഇടപെടലിന് അവസരമുണ്ടാക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. മുല്ലപ്പെരിയാര്‍ പ്രദേശത്ത് ഭൂകമ്പമുണ്ടായെന്നും അണക്കെട്ടില്‍ വിള്ളലുണ്ടായെന്നും മുഖ്യമന്ത്രിയും സംഘവും പ്രധാനമന്ത്രിയെ അറിയിച്ചു. ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കണമെന്നതില്‍ പ്രധാനമന്ത്രി യോജിച്ചു. എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണണമെന്ന അഭിപ്രായവും മന്‍മോഹന്‍സിങ് പങ്കുവച്ചു. എന്നാല്‍ , ഇടപെടാമെന്ന ഉറപ്പുമാത്രം നല്‍കിയില്ല.

തീവണ്ടിയാത്രയ്ക്കിടെ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സൗമ്യയുടെ സഹോദരന് ജോലിനല്‍കാമെന്ന് റെയില്‍മന്ത്രി ദിനേശ് ത്രിവേദി ഉറപ്പുനല്‍കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. പാലക്കാട് റെയില്‍കോച്ച് ഫാക്ടറിയുടെ തടസ്സം നീക്കാന്‍ വ്യക്തിപരമായി മുന്‍കൈയെടുക്കാമെന്ന് മന്ത്രി പറഞ്ഞതായി മുഖ്യമന്ത്രി അവകാശപ്പെട്ടു. ചേര്‍ത്തല ഓട്ടോകാസ്റ്റ് പദ്ധതിയും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ശബരിമല തീര്‍ഥാടകര്‍ കൂടുതലായി വന്നെത്തുന്ന കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ തീര്‍ഥാടകസ്റ്റേഷനുകളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. 6.7 ഏക്കര്‍ സ്ഥലംകൂടി ഏറ്റെടുത്ത് കണ്ണൂര്‍ വിമാനത്താവളത്തിന്റെ റെണ്‍വേ വികസനത്തിന് വിശദമായ പദ്ധതിറിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള സമയം 2012 ജൂണ്‍വരെ നീട്ടണമെന്ന് മന്ത്രിസംഘം വ്യോമയാനമന്ത്രി വയലാര്‍ രവിയെ കണ്ട് ആവശ്യപ്പെട്ടു. പദ്ധതിയില്‍ 13 ശതമാനം മൂലധന ഓഹരിയെടുക്കാമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിന് കൂടുതല്‍ ഭൂമി ഏറ്റെടുക്കും. തിരുവനന്തപുരം വിമാനത്താവളം വികസനത്തിന് 137 ഏക്കര്‍ സ്ഥലംകൂടി നല്‍കാന്‍ വ്യോമയാനമന്ത്രാലയം ആവശ്യപ്പെട്ടു. കേരളത്തിലെ പട്ടികവര്‍ഗക്കാരുടെ സുസ്ഥിര വികസനത്തിന് 380 കോടിയുടെ പദ്ധതി കേന്ദ്ര ആദിവാസി ക്ഷേമമന്ത്രി കിഷോര്‍ ചന്ദ്രദേവിന് സമര്‍പ്പിച്ചു.

deshabhimani 221111

1 comment:

  1. തുടര്‍ച്ചയായ ഭൂചലനങ്ങളുടെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടലെന്ന ആവശ്യം പ്രധാനമന്ത്രിയെക്കൊണ്ട് അംഗീകരിപ്പിക്കുന്നതില്‍ മുഖ്യമന്ത്രിയും സംഘവും പരാജയപ്പെട്ടു. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ മുല്ലപ്പെരിയാര്‍ പ്രശ്നം ഉന്നയിക്കപ്പെട്ടെങ്കിലും ആശങ്ക പ്രകടിപ്പിക്കുന്നതില്‍മാത്രം മന്‍മോഹന്‍സിങ്ങിന്റെ പ്രതികരണം ഒതുങ്ങി.

    ReplyDelete