Tuesday, November 22, 2011

മോഡിയുടെ പൊയ്മുഖം അഴിഞ്ഞുവീഴുന്നു

വര്‍ഗീയ ഫാസിസത്തിന്റെ പ്രതിരൂപമായ നരേന്ദ്രമോഡി ഗുജറാത്തില്‍ നിരപരാധികളെ കൊല്ലാന്‍ വ്യാജ ഏറ്റുമുട്ടല്‍ കഥ കെട്ടിച്ചമച്ചുവെന്ന് പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കോളജ് വിദ്യാര്‍ഥിനിയായ ഇസ്രത് ജഹാനും മലയാളിയായ പ്രാണേഷ് പിളളയും അടക്കം നാലുപേര്‍ ഗുജറാത്തില്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റാരോപിതരായ പൊലീസുകാര്‍ക്കെതിരെ പുതിയ എഫ് ഐ ആര്‍ സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു. ഇതോടെ തീവ്രവാദികളാണെന്നാരോപിച്ച് ഗുജറാത്ത് പൊലീസ് വെടിവെച്ചുകൊന്ന നാലുപേരും നിരപരാധികളായിരുന്നുവെന്ന് വ്യക്തമായി.

അന്നത്തെ ക്രൈംബ്രാഞ്ച് ജെ സി പി പി പി പാണ്ഡെ, പുറത്താക്കപ്പെട്ട ഡി ഐ ജി ഡി ജി വന്‍സാരെ, അന്നത്തെ എ സി പി ജി എല്‍ സിംഗാള്‍, എ സി പി എന്‍ കെ അമിന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് കേസില്‍ കുറ്റാരോപിതരായിരിക്കുന്നത്. ഇതില്‍ വന്‍സാരെയും അമിനും സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടലിലും ഷെയ്ഖിന്റെ ഭാര്യ കൗസര്‍ ബിയുടെ കൊലപാതകത്തിലും കുറ്റാരോപിതരാണ്. ഐ പി എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 21 പൊലീസ് ഉദ്യോഗസ്ഥരാണ് വ്യാജ ഏറ്റുമുട്ടലില്‍ പങ്കെടുത്തത്.

2004 ജൂണ്‍ 15നാണ് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാനെത്തിയ ലഷ്‌കറെ തോയ്ബ പ്രവര്‍ത്തകരാണെന്നാരോപിച്ചാണ് പ്രാണേഷ് കുമാര്‍ പിള്ള എന്ന ജാവേദ് ശെയ്ഖ്, അജ്മദ് അലി റാണ, സീഷന്‍ ജോഹര്‍, മുംബൈയില്‍ കോളജ് വിദ്യാര്‍ഥിനിയായ ഇസ്രത് ജഹാന്‍ എന്നിവരെ വെടിവച്ചുകൊന്നത്.

നരേന്ദ്രമോഡിയെ വധിയ്ക്കാന്‍ ചില തീവ്രവാദികള്‍ ശ്രമം നടത്തുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഹമ്മദാബാദ് വിമാനത്താവളത്തിനടുത്തുള്ള കോട്ടാര്‍പൂരില്‍ വച്ച് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇവര്‍ സഞ്ചരിച്ച വാഹനം തടയുകയായിരുന്നു. തുടര്‍ന്നു നടന്ന വെടിവയ്പ്പില്‍ പത്തൊമ്പതുകാരിയായ ഇസ്രത്തും മറ്റു മൂന്നു പേരും കൊല്ലപ്പെട്ടു.

ഏറ്റുമുട്ടലില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക എഫ് ഐ ആര്‍ തയ്യാറാക്കാനാണ് ജസ്റ്റിസുമാരായ ജയന്ത് പട്ടേലും അഭിലാഷ കുമാരിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്. ഏറ്റുമുട്ടലില്‍ മുഖ്യ പങ്ക് വഹിച്ച ഉദ്യോഗസ്ഥനാരാണെന്ന് കണ്ടെത്തണമെന്ന് കോടതി അന്വേഷണസംഘത്തോടാവശ്യപ്പെട്ടു. കേസിന്റെ തുടര്‍ന്നുള്ള അന്വേഷണം സി ബി ഐയോ എന്‍ ഐ എയോ അന്വേഷിക്കേണ്ടതെന്ന കാര്യം രണ്ടാമത്തെ എഫ് ഐ ആര്‍ കിട്ടിയ ശേഷമേ തീരുമാനിക്കാന്‍ സാധിക്കൂവെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെയും പരാതിക്കാരുടെയും അഭിപ്രായങ്ങളും ഇക്കാര്യത്തില്‍ പരിഗണിക്കും.

ഇസ്രത്തിന്റെ അമ്മ ഷമിമ കൗസര്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. തീവ്രവാദിയാണെന്ന് മുദ്രകുത്തി ഗുജറാത്ത് പൊലീസ് വെടിവച്ചു കൊന്ന തന്റെ മകന്‍ പ്രാണേഷിന്റെ മരണത്തെക്കുറിച്ച് സി ബി ഐ അന്വേഷണം നടത്തണമെന്ന് അച്ഛന്‍ ജനാര്‍ദ്ദനന്‍പിള്ളയും ആവശ്യപ്പെട്ടിരുന്നു.

ഒക്ടോബര്‍ ഏഴിനാണ് ജസ്റ്റീസുമാരായ ജയന്ത് പട്ടേലും അഭിലാഷ കുമാരിയും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് ഏറ്റുമുട്ടലിനെ കുറിച്ച് വ്യക്തമായ അന്വേഷണം നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കിയത്. ആര്‍ ആര്‍ വര്‍മ്മയുടെ നേതൃത്വത്തില്‍ ഐ പി എസ് ഉദ്യോഗസ്ഥരായ മോഹന്‍ ഝാ, സതീഷ് വര്‍മ്മ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് കണ്ടെത്തിയത്.

2009 സെപ്തംബര്‍ ഏഴിന് മെട്രോപൊലീറ്റന്‍ മജിസ്‌ട്രേറ്റ് എസ് പി തമാംഗ് സമര്‍പ്പിച്ച ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടിലും ഏറ്റുമുട്ടല്‍ വ്യാജമായിരുന്നെന്ന് പരാമര്‍ശിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യത്തിനായി വെടിവയ്പ്പ് നടത്തിയെന്നാണ് തമാംഗ് കമ്മിഷന്റെ റിപ്പോര്‍ട്ട്.

janayugom 221111

1 comment:

  1. വര്‍ഗീയ ഫാസിസത്തിന്റെ പ്രതിരൂപമായ നരേന്ദ്രമോഡി ഗുജറാത്തില്‍ നിരപരാധികളെ കൊല്ലാന്‍ വ്യാജ ഏറ്റുമുട്ടല്‍ കഥ കെട്ടിച്ചമച്ചുവെന്ന് പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കോളജ് വിദ്യാര്‍ഥിനിയായ ഇസ്രത് ജഹാനും മലയാളിയായ പ്രാണേഷ് പിളളയും അടക്കം നാലുപേര്‍ ഗുജറാത്തില്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റാരോപിതരായ പൊലീസുകാര്‍ക്കെതിരെ പുതിയ എഫ് ഐ ആര്‍ സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു. ഇതോടെ തീവ്രവാദികളാണെന്നാരോപിച്ച് ഗുജറാത്ത് പൊലീസ് വെടിവെച്ചുകൊന്ന നാലുപേരും നിരപരാധികളായിരുന്നുവെന്ന് വ്യക്തമായി.

    ReplyDelete