ഈ വര്‍ഷംമുതല്‍ വയനാട് ജില്ലയിലും നെല്ല് സംഭരണം ഏര്‍പ്പെടുത്തും. ജയകുമാര്‍ സമിതിയുടെ 12 ശുപാര്‍ശയും മന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കടക്കെണിയില്‍പ്പെട്ട് ജീവനൊടുക്കിയ കൃഷിക്കാരുടെ കുടുംബങ്ങള്‍ക്ക് അടിയന്തരധനസഹായം പ്രഖ്യാപിച്ചില്ല. ഇതേക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. താങ്ങുവില സംബന്ധിച്ച് വ്യക്തമായ വിശദീകരണമുണ്ടായില്ല. ഇഞ്ചി, ഏത്തക്കായ എന്നിവയ്ക്കാണ് മുഖ്യമായും താങ്ങുവില ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത്. ഹൗസിങ് ബോര്‍ഡ്, പിന്നോക്കവിഭാഗ വികസന കോര്‍പറേഷന്‍ , വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ എന്നീ സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്ന് എടുത്ത വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്തും. ഈ വായ്പകളുടെ പിഴപ്പലിശ എഴുതിത്തള്ളും. വായ്പ തിരിച്ചടച്ചവര്‍ക്ക് പലിശയിനത്തില്‍ 10 ശതമാനം ഇളവ് അനുവദിക്കും. വാണിജ്യബാങ്കുകളിലെ കാര്‍ഷിക വായ്പകളില്‍ അനന്തരനടപടി ആലോചിക്കാന്‍ സംസ്ഥാനതല ബാങ്കിങ് സമിതി യോഗം ഉടന്‍ ചേരാനാവശ്യപ്പെടും. മുഖ്യമന്ത്രിയും ധന-കൃഷി മന്ത്രിമാരും പങ്കെടുക്കും. സംസ്ഥാന-ജില്ലാ സഹകരണബാങ്കുകളുടെയും കാര്‍ഷിക വികസനബാങ്കിന്റെയും യോഗവും വിളിക്കും. നബാര്‍ഡിന്റെ സഹകരണവും തേടും.
ഈ വര്‍ഷം ഒക്ടോബര്‍ 31 വരെയുള്ള കടങ്ങള്‍ കാര്‍ഷിക കടാശ്വാസപദ്ധതിയുടെ പരിധിയില്‍പ്പെടുത്തി ആശ്വാസം നല്‍കാന്‍ ജയകുമാര്‍സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതിനായി കാര്‍ഷിക കടാശ്വാസനിയമം ഭേദഗതിചെയ്യും. 2006-07ലെ കടബാധ്യത മാത്രമാണ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതെന്നും പിന്നീട് ബാധ്യത വന്നവര്‍ക്ക് അപേക്ഷിക്കാന്‍ അവസരമുണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ സബ്സിഡികള്‍ കര്‍ഷകരില്‍ എത്തുന്നില്ലെന്ന് സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സബ്സിഡി പണമായി ബാങ്ക് അക്കൗണ്ട് മുഖേന കൃഷിക്കാര്‍ക്ക് നേരിട്ട് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കും. വയനാട്ടിലെ കാര്‍ഷികപ്രശ്നങ്ങള്‍ അവലോകനംചെയ്ത് നടപടിയെടുക്കാന്‍ കൃഷിമന്ത്രി കെ പി മോഹനന്‍ ചെയര്‍മാനും കെ ജയകുമാര്‍ കണ്‍വീനറുമായി സ്ഥിരംസമിതി രൂപീകരിച്ചു. മന്ത്രി പി കെ ജയലക്ഷ്മി, ജില്ലയിലെ രണ്ട് എംഎല്‍എമാര്‍ , കര്‍ഷകസംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ അംഗങ്ങളായ സമിതി രണ്ടുമാസംകൂടുമ്പോള്‍ യോഗം ചേരും. പഞ്ചായത്തുകളില്‍ പ്രസിഡന്റ്് അധ്യക്ഷനായി കര്‍ഷകമിത്ര സമിതി രൂപീകരിക്കും. കൃഷി അനുബന്ധ പ്രവൃത്തികള്‍ തൊഴിലുറപ്പു പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൃഷി നശിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം 2000 രൂപയില്‍നിന്ന് ഉയര്‍ത്തണമെന്ന ശുപാര്‍ശയും അംഗീകരിച്ചു. വയനാട്ടില്‍ മൈക്രോഫിനാന്‍സ് സംരംഭങ്ങളുടെ വായ്പാവിതരണം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹായം പ്രതീക്ഷിച്ച കര്‍ഷകര്‍ക്ക് നിരാശ
കല്‍പ്പറ്റ: "സര്‍ക്കാര്‍ സഹായിക്കുമെന്നായിരുന്നു കരുതിയത്. ഇനിയിപ്പോ എന്തുചെയ്യുമെന്നറിയില്ല. കടക്കാര്‍ ഒഴിവാക്കാന്‍ സാധ്യതയില്ലല്ലോ"- ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കുമെന്നു വിശ്വസിച്ചുപോയ ഒരു കുടുംബത്തില്‍നിന്നുളള പ്രതികരണമാണിത്. വെള്ളമുണ്ട മല്ലിശേരിക്കുന്നിലെ പി സി ശശിധരന്റെ മകള്‍ മഞ്ജുഷയാണ് പ്രതീക്ഷകള്‍ തകിടം മറിഞ്ഞത് മറച്ചുവയ്ക്കാതെ പ്രതികരിച്ചത്. തിരുവനന്തപുരത്തെത്തിയാലുടന്‍ ആവശ്യമായത് ചെയ്യാമെന്ന് വീട്ടിലെത്തിയ മന്ത്രി പി കെ ജയലക്ഷ്മി ഉറപ്പുപറഞ്ഞിരുന്നതായി ശശിധരന്റെ മകന്‍ മനീഷും പറഞ്ഞു. വിഷയം അവതരിപ്പിക്കാമെന്ന് ഉറപ്പുനല്‍കിയ മന്ത്രിസഭായോഗമായിരുന്നു ബുധനാഴ്ച. സര്‍ക്കാര്‍ സഹായം താങ്ങുവിലയിലൊതുങ്ങിയപ്പോള്‍ നാഥന്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ ആശങ്കയിലാണ്. "കടം ചോദിച്ച് ഇതുവരെ ആരും വന്നിട്ടില്ല, കുറച്ചുദിവസംകൂടി കഴിഞ്ഞാല്‍ അവര്‍ വരാതിരിക്കില്ലല്ലോ. എങ്ങനെ കൊടുത്തുതീര്‍ക്കുമെന്ന് അറിയില്ല"- മഞ്ജുഷയ്ക്ക് ആധിയടങ്ങുന്നില്ല.
ഇത് ഒരു കുടുംബത്തിന്റെ മാത്രം പ്രതികരണമല്ല. പുല്‍പ്പള്ളി സീതാമൗണ്ടില്‍ ഐശ്വര്യക്കവലയില്‍ അശോകന്റെ കുടുംബത്തിന് ഒരുസെന്റ് സ്ഥലംപോലുമില്ല. മരണത്തിന്റെ ആഘാതത്തില്‍നിന്ന് മാറുന്നതിനുമുമ്പുതന്നെ ആ വീട്ടില്‍ കടക്കാരെത്തി. മേപ്പാടി തൃക്കൈപ്പറ്റയിലെ വര്‍ഗീസിന്റെ വീട്ടിലേക്ക് കഴിഞ്ഞദിവസമാണ് ബാങ്കിന്റെ ജപ്തി നോട്ടീസ് എത്തിയത്. ഇവരെല്ലാം പ്രതീക്ഷയിലായിരുന്നു. കഴിഞ്ഞദിവസം ജില്ലയിലെത്തിയ കാര്‍ഷികോല്‍പ്പാദന കമീഷണര്‍ കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനുമുന്നില്‍ കര്‍ഷകസംഘടനാ പ്രതിനിധികളും ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി രണ്ടു ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇവരുടെ കടങ്ങള്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. ആത്മഹത്യ ചെയ്തവര്‍ കര്‍ഷകരല്ലെന്ന ഡിസിസി പ്രസിഡന്റ് പി വി ബാലചന്ദ്രന്റെ ഒറ്റപ്പെട്ട ശബ്ദമൊഴിച്ചാല്‍ സംഘത്തിനുമുന്നില്‍ ഹാജരായവരെല്ലാം ഒറ്റക്കെട്ടായിരുന്നു.
വയനാട്ടിലെ അഞ്ച് ഉള്‍പ്പെടെ എട്ടു കര്‍ഷകരാണ് സംസ്ഥാനത്ത് അടുത്തിടെ ആത്മഹത്യചെയ്തത്. വിവിധ ധനകാര്യസ്ഥാപനങ്ങളില്‍നിന്നും വ്യക്തികളോടും വായ്പ വാങ്ങി തിരിച്ചടക്കാനാകാതെ കടക്കെണിയിലായവരാണ് മരണം വരിച്ചത്. ഈ കുടുംബങ്ങളെ സഹായിക്കാനുള്ള ഒരുപദ്ധതിയും ബുധനാഴ്ച മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടില്ല. വിളകള്‍ക്ക് ന്യായമായ വില ലഭിക്കാത്തതാണ് കര്‍ഷകരെ കടക്കെണിയിലേക്കു തള്ളിവിട്ടതെന്ന് കാര്‍ഷികോല്‍പ്പാദന കമീഷണര്‍ കഴിഞ്ഞദിവസം സമ്മതിച്ചിരുന്നു. വയനാട്ടില്‍ താങ്ങുവില ഏര്‍പ്പെടുത്തുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞുവെങ്കിലും, വയനാട്ടില്‍ മാത്രമായി നടപ്പാക്കുന്നത് പ്രായോഗികമല്ല. വിളകള്‍ക്ക് തറവില ഏര്‍പ്പെടുത്തി സംഭരിക്കണമെന്നായിരുന്നു ആവശ്യം. കാര്‍ഷിക കടാശ്വാസ കമീഷന്റെ പരിധിയില്‍ 2011 ഒക്ടോബര്‍ 31 വരെയുള്ള കടങ്ങളും ഉള്‍പ്പെടുത്തുമെന്ന പ്രഖ്യാപനം കര്‍ഷകര്‍ക്ക് ഗുണകരമാകും. അതേസമയം സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ബാങ്കുകള്‍ കാര്‍ഷിക വായ്പ നിഷേധിക്കുന്നതിനാല്‍ കൂടുതല്‍ പലിശയ്ക്ക് കാര്‍ഷികേതര വായ്പ വാങ്ങിയാണ് അവര്‍ കൃഷിചെയ്യുന്നത്. ഈ കടങ്ങള്‍ ഇതിന്റെ പരിധിയില്‍ വരില്ല. സര്‍ക്കാര്‍ വകുപ്പുകള്‍ മുഖാന്തിരമുള്ള കടങ്ങള്‍ക്കു മാത്രം മൊറട്ടോറിയം പ്രഖ്യാപിച്ചത് മറ്റുള്ളവരെ നിരാശയിലാക്കി.
(ഒ വി സുരേഷ്)
deshabhimani 171111
വയനാട് ജില്ലയിലെ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതു സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ മിനിമം താങ്ങുവില പ്രഖ്യാപിച്ച് കാര്‍ഷികോല്‍പ്പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനുമുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ പദ്ധതി തയ്യാറാക്കാന്‍ കെ ജയകുമാറിനെ ചുമതലപ്പെടുത്തി. നവംബര്‍ 23ന്റെ മന്ത്രിസഭായോഗം ഇത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ReplyDelete