നീതിനിഷേധത്തിനിരയായി തുറുങ്കിലടയ്ക്കപ്പെട്ട സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന്‍ ജയില്‍ മോചിതനായി. ഒമ്പത് ദിവസമായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്ന ജയരാജന്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെതുടര്‍ന്ന് ബുധനാഴ്ച വൈകിട്ടാണ് പുറത്തിറങ്ങിയത്. മണിക്കൂറുകളോളം ജയിലിനുമുന്നില്‍ കാത്തിരുന്ന ആയിരങ്ങളുടെ ആവേശത്തിലേക്കാണ് ജയില്‍മോചിതനായി ജയരാജന്‍ പുറത്തിറങ്ങിയത്. മൂന്നരയോടെ ഹൈക്കോടതിയില്‍നിന്ന് ജാമ്യ ഉത്തരവുമായി പ്രത്യേക ദൂതന്‍ ജയിലില്‍ എത്തി. മുക്കാല്‍ മണിക്കൂറിനകം നടപടികള്‍ പൂര്‍ത്തിയാക്കി. വൈകിട്ട് 4.15ന് ജയരാജന്‍ ജയിലില്‍നിന്ന് പുറത്തെത്തി. പുജപ്പുര മൈതാനം വരെ തോളിലേറ്റി നീങ്ങിയ വന്‍ ജനാവലി, നിയമവ്യവസ്ഥ അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഒരേസ്വരത്തില്‍ പ്രഖ്യാപിച്ചു. എംഎല്‍എമാരായ വി ശിവന്‍കുട്ടി, കെ വി അബ്ദുള്‍ ഖാദര്‍ എന്നിവര്‍ക്കൊപ്പമാണ് ജയരാജന്‍ ജയിലിനുപുറത്തേക്ക് വന്നത്. ഹൈക്കോടതി ഉത്തരവുമായി വന്ന കാര്‍ കരുനാഗപ്പള്ളിയില്‍ അപകടത്തില്‍പ്പെട്ടത് ജയില്‍ മോചനത്തിന് അല്‍പ്പസമയത്തെ കാലതാമസമുണ്ടാക്കി.
ജയരാജന്‍ ജയില്‍മോചിതനാകുന്നതറിഞ്ഞ് രാവിലെ മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ജനങ്ങള്‍ ജയില്‍ പരിസരത്ത് എത്തിക്കൊണ്ടിരുന്നു. പകല്‍ 11ന് ജയില്‍ മോചിതനാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. എന്നാല്‍ , ജാമ്യഉത്തരവ് നേരിട്ട് എത്തിക്കേണ്ടതിനാല്‍ മോചനം വൈകുന്നേരത്തേക്ക് നീണ്ടു. മൂന്ന് മണിയായപ്പോഴേക്കും ജയില്‍ പരിസരത്ത് ജനങ്ങള്‍ തിങ്ങിനിറഞ്ഞു. ജയിലിന്റെ പ്രധാന ഗേറ്റ് മുതല്‍ പൂജപ്പുര മൈതാനം വരെ ആയിരങ്ങള്‍ ജയരാജനെ വരവേറ്റു. പൂജപ്പുര മൈതാനത്തില്‍ ആവേശം അലകടലാക്കിയ ജനാവലിയെ അഭിവാദ്യംചെയ്ത് ജയരാജന്‍ പൊതുസമ്മേളനവേദിയിലേക്ക് നീങ്ങി. ഇവിടത്തെ സ്വീകരണസമ്മേളനത്തില്‍ വി ശിവന്‍കുട്ടി എംഎല്‍എ സിപിഐ എം ജില്ലാ കമ്മിറ്റിക്കുവേണ്ടി സ്വീകരിച്ചു. തുടര്‍ന്ന് ജീവിതത്തിന്റെ നാനാതുറയില്‍നിന്നുള്ളവര്‍ പുഷ്പകിരീടവും രക്തഹാരങ്ങളും അണിയിച്ചു. യുവാക്കളും വിദ്യാര്‍ഥികളും തൊഴിലാളികളും അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരുമുള്‍പ്പെടെ മൈതാനത്ത് ഒഴുകിയെത്തി.
ജുഡീഷ്യറിയോടല്ല തന്റെ പോരാട്ടമെന്ന് സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി ജയരാജന്‍ പറഞ്ഞു. ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്മാര്‍ . ജനകീയ കോടതിയില്‍ പോരാട്ടം തുടരും. സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കി പാതയോരങ്ങളില്‍ പ്രതിഷേധിക്കാനും പൊതുയോഗം ചേരാനും മതപരമായ ഘോഷയാത്ര നടത്താനുമുള്ള സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍നിന്ന് പിന്നോട്ടുപോകില്ലെന്നും ജയരാജന്‍ പറഞ്ഞു. സി ജയന്‍ബാബു സ്വാഗതം പറഞ്ഞു. സ്വീകരണത്തിനുശേഷം ജയരാജന്‍ എ കെ ജി സെന്ററിലെത്തി. രാത്രി എട്ടേമുക്കാലിന് മംഗലാപുരം എക്സ്പ്രസില്‍ കണ്ണൂരിലേക്ക് പോയി.
ജയില്‍ മോചിതനാകുന്നതിന് തൊട്ടുമുമ്പ് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ , സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ , മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ , സാജുപോള്‍ , കെ കുഞ്ഞിരാമന്‍ എംഎല്‍എ (ഉദുമ) തുടങ്ങിയവര്‍ ജയരാജനെ സന്ദര്‍ശിച്ചു. ജയരാജനെ ജയില്‍മോചിതനാക്കാനുള്ള നടപടികള്‍ ബുധനാഴ്ച രാവിലെയാണ് ഹൈക്കോടതിയില്‍ ആരംഭിച്ചത്. അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എം ശശീന്ദ്രന്‍ സുപ്രീംകോടതിവിധിയും ബോണ്ട്രേഖകളും രജിസ്ട്രാര്‍ ജനറല്‍ എ വി രാമകൃഷ്ണപിള്ളയ്ക്ക് രാവിലെ 10ന് കൈമാറി. ജയരാജന്‍ ഒപ്പുവയ്ക്കേണ്ട രേഖകള്‍ പ്രത്യേകദൂതന്‍ മുഖേന ഹൈക്കോടതി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയക്കുകയായിരുന്നു. നവംബര്‍ എട്ടിനാണ് ജയരാജനെ ഹൈക്കോടതി ആറുമാസത്തെ തടവിനും രണ്ടായിരം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. അപ്പീല്‍ നല്‍കുന്നതുവരെ ജാമ്യം നല്‍കാന്‍ പോലും ഹൈക്കോടതി കൂട്ടാക്കിയില്ല. തുടര്‍ന്ന് ജയിലില്‍ക്കിടന്നാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ജാമ്യം നിഷേധിക്കുകയും മോശമായ പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്ത ഹൈക്കോടതി നടപടിയെ സുപ്രീംകോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.
deshabhimani 171111
നീതിനിഷേധത്തിനിരയായി തുറുങ്കിലടയ്ക്കപ്പെട്ട സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന്‍ ജയില്‍ മോചിതനായി. ഒമ്പത് ദിവസമായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്ന ജയരാജന്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെതുടര്‍ന്ന് ബുധനാഴ്ച വൈകിട്ടാണ് പുറത്തിറങ്ങിയത്. മണിക്കൂറുകളോളം ജയിലിനുമുന്നില്‍ കാത്തിരുന്ന ആയിരങ്ങളുടെ ആവേശത്തിലേക്കാണ് ജയില്‍മോചിതനായി ജയരാജന്‍ പുറത്തിറങ്ങിയത്.
ReplyDelete