Thursday, November 17, 2011

ജനങ്ങളെ മറക്കുന്ന സമീപനരേഖ

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ സമീപനരേഖയുടെ കരട് പ്ലാനിംഗ് ബോര്‍ഡ് ഏതാനും ആഴ്ചകള്‍ക്കുമുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. അതിനെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ നടന്നുവരുന്നു. സംസ്ഥാന ഗവണ്‍മെന്റിന്റെയും പ്ലാനിംഗ് ബോര്‍ഡിന്റെയും ചുമതലക്കാര്‍ പ്രസ്തുത ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ട് തങ്ങളുടെ കാഴ്ചപ്പാട് അവതരിപ്പിച്ചുവരുന്നു. യുവജന-വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുമായുള്ള ചര്‍ച്ചയ്ക്കുശേഷം ഇന്നലെ മാധ്യമങ്ങളുമായുള്ള ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ചര്‍ച്ച നടക്കും. സംസ്ഥാന വികസനത്തെക്കുറിച്ചുള്ള യു ഡി എഫ് ഗവണ്‍മെന്റിന്റെ രാഷ്ട്രീയ കാഴ്ചപ്പാടില്‍ ഊന്നിയാണ് സമീപനരേഖ രൂപം കൊണ്ടത്. അതിന്റെ വീക്ഷണ വൈകല്യങ്ങള്‍ കരട് രേഖയില്‍ പ്രതിഫലിക്കുന്നുണ്ട്. ചര്‍ച്ചകള്‍ക്കുശേഷം ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അതിലെ മൗലിക നയസമീപനങ്ങളില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല.

ഒരുലക്ഷത്തി അയ്യായിരം കോടി രൂപയാണ് പന്ത്രണ്ടാം പദ്ധതിയുടെ അടങ്കലായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. പതിനൊന്നാം പദ്ധതിയില്‍ ഇത് 40,422 കോടി രൂപയായിരുന്നു. പ്രഖ്യാപിച്ചതിന്റെ മൂന്നിരട്ടിയെങ്കിലും സംഖ്യ ഭാഗികമായി ലഭ്യമാക്കുമെന്ന അധികൃതരുടെ അവകാശവാദം വിശ്വസിക്കാമെങ്കില്‍ സാമ്പത്തിക പരിമിതി പദ്ധതി നടത്തിപ്പില്‍ പ്രശ്‌നമാകില്ല. എന്നാല്‍ പദ്ധതി നിര്‍വഹണത്തിലൂടെ സാമാന്യ ജനങ്ങളുടെ ജീവിതത്തിന് എന്തു പുരോഗതി ഉണ്ടാകുമെന്ന ചോദ്യത്തിനാണ് ഉത്തരം ലഭിക്കേണ്ടത്. വികസനം സംബന്ധിച്ച യു ഡി എഫ് ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടുമായി ഇതു കെട്ടുപിണഞ്ഞുകിടക്കുന്നു.

കമ്പോള കേന്ദ്രീകൃതമായ ഒരു വികസന സങ്കല്‍പമാണ് രണ്ടു ദശാബ്ദങ്ങള്‍ക്കുമുമ്പ് 'ആഗോളവല്‍ക്കരണം' മുന്നോട്ടുവച്ചത്. അത് ലോകം മുഴുവന്‍ ഇന്ന് പരാജയം നേരിടുകയാണ്. ആ നയത്തിന്റെ തലസ്ഥാനമായ അമേരിക്കയിലടക്കം ആര്‍ത്തിരമ്പുന്ന ജനരോഷത്തിനു മുമ്പില്‍ കമ്പോള ചങ്ങാത്ത നയങ്ങള്‍ മുട്ടുകുത്തി വീഴുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനുപോലും തന്റെ യു എന്‍ പ്രസംഗത്തില്‍ ഇതു സമ്മതിക്കേണ്ടിവന്നു. പക്ഷേ, ആ നയത്തിന്റെ പരാജയപ്പെട്ട പാതയില്‍ നിന്ന് കുതറിച്ചാടാന്‍ കേന്ദ്രത്തില്‍ യു പി എ സര്‍ക്കാര്‍ സന്നദ്ധമല്ല. കേരളത്തിലെ യു ഡി എഫ് ഗവണ്‍മെന്റും അതേ നയത്തിന്റെ തടവുകാരനായി നിന്നുകൊണ്ടാണ് വികസനത്തെക്കുറിച്ച് സംസാരിക്കുന്നത്.

പന്ത്രണ്ടാം പദ്ധതിയുടെ സമീപന രേഖയില്‍ മുഴങ്ങുന്ന അവകാശവാദങ്ങളെന്തായാലും സാമാന്യ ജനങ്ങളുടെ ജീവിതവും ഭാവിയും കമ്പോളശക്തികള്‍ക്കു വിധേയമാകണമെന്നാണ് അതു ചിന്തിക്കുന്നത്. അതുകൊണ്ടുതന്നെ 14.5 ശതമാനമെന്ന വളര്‍ച്ചാ നിരക്കിന്റെ വര്‍ത്തമാനം ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കില്ല. ഇന്നത്തെ സാഹചര്യങ്ങളില്‍ ആ നിരക്ക് കൈയെത്തിപ്പിടിക്കാവുന്നതല്ല. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ കണക്കു നിരത്തി ജീവിത നിലവാരത്തിന്റെ വളര്‍ച്ചയാണതെന്നു സ്ഥാപിക്കുന്ന ശൈലി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ജനസംഖ്യയില്‍ 80 ശതമാനംപേര്‍ ഇരുപതുരൂപകൊണ്ടു ജീവിക്കുന്ന നാട്ടില്‍ വികസനം പ്രതിഫലിക്കേണ്ടത് അവരുടെ ജീവിതങ്ങളിലാണ്. ഉന്നതങ്ങളിലെ ഏതാനുംപേരുടെ ഊഹക്കച്ചവട ബാക്കിപത്രങ്ങളിലും ബാങ്ക് ബാലന്‍സ് ഷീറ്റുകളിലും തെളിയുന്നത് നാടിന്റെ വികസനമാണെന്ന പെരുംകള്ളം ലോകത്താരും ഇനി വിശ്വസിക്കാന്‍ പോകുന്നില്ല.

കേരളത്തിന്റെ വികസനത്തിന് ബാഹ്യസ്രോതസുകളെയും ആശ്രയിക്കുമെന്ന പരാമര്‍ശം കരടു രേഖയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ് ഡി ഐ) ത്തിന്റെ ക്ഷണപത്രമാണത്. അതിന്റെ വ്യവസ്ഥകളെന്താണെന്നും ഏതെല്ലാം മേഖലയിലാണ് അതെന്നും അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ചില്ലറ വ്യാപാര മേഖലയില്‍ വിദേശനിക്ഷേപം കൊണ്ടുവരുന്ന വികസന സമീപനം തലതിരിഞ്ഞതും രാജ്യദ്രോഹപരവുമാണ്. അത്തരത്തിലുള്ള ബാഹ്യസ്രോതസാണ് യു ഡി എഫ് സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ ജനങ്ങള്‍ അതനുവദിക്കില്ല.

പരിസ്ഥിതിയും പ്രകൃതിവിഭവ  പരിപാലനവും വലിയ തലക്കെട്ടിനു താഴെ സ്ഥാനംപിടിക്കുമ്പോഴും ആ ദിശയിലുള്ള അര്‍ഥപൂര്‍ണമായതൊന്നും സമീപന രേഖയിലില്ല. 'പരിസ്ഥിതി, പരിസ്ഥിതി എന്നു പറഞ്ഞ് പേടിപ്പിക്കരുതെന്നു' ഗര്‍ജ്ജിക്കുന്നവര്‍ യു ഡി എഫിനെ നയിക്കുമ്പോള്‍ ഇതില്‍ അത്ഭുതപ്പെടേണ്ടതില്ല. തകരുന്ന കാര്‍ഷിക മേഖലയെപ്പറ്റിയും കാലിടറുന്ന വ്യവസായമേഖലയെപ്പറ്റിയും താളംതെറ്റിയ ആരോഗ്യമേഖലയെപ്പറ്റിയും സ്വാശ്രയരക്ഷസുകള്‍ മേയുന്ന വിദ്യാഭ്യാസ മേഖലയെപ്പറ്റിയും പദ്ധതി രേഖയില്‍ പ്രതിഫലിക്കുന്നത് പതിവു വര്‍ത്തമാനങ്ങള്‍ മാത്രം. പദ്ധതിയും വികസനവുമെല്ലാം ജനങ്ങള്‍ക്കുവേണ്ടിയാണെന്ന തിരിച്ചറിവിന്റെ അഭാവമാണ് കരടുരേഖയുടെ മുഖമുദ്ര. ആ ദൗര്‍ബല്യം യു ഡി എഫ് ഗവണ്‍മെന്റിന്റെ വര്‍ഗ നയങ്ങളുടെ സൃഷ്ടിയാണ്. ആ നയം തിരുത്തിക്കാനുള്ള സമരത്തിന്റെ അനിവാര്യതയാണ് കരടുരേഖ ജനങ്ങളെ ഓര്‍മിപ്പിക്കുന്നത്.

janayugom editorial 171111

1 comment:

  1. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ സമീപനരേഖയുടെ കരട് പ്ലാനിംഗ് ബോര്‍ഡ് ഏതാനും ആഴ്ചകള്‍ക്കുമുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. അതിനെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ നടന്നുവരുന്നു. സംസ്ഥാന ഗവണ്‍മെന്റിന്റെയും പ്ലാനിംഗ് ബോര്‍ഡിന്റെയും ചുമതലക്കാര്‍ പ്രസ്തുത ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ട് തങ്ങളുടെ കാഴ്ചപ്പാട് അവതരിപ്പിച്ചുവരുന്നു. യുവജന-വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുമായുള്ള ചര്‍ച്ചയ്ക്കുശേഷം ഇന്നലെ മാധ്യമങ്ങളുമായുള്ള ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ചര്‍ച്ച നടക്കും. സംസ്ഥാന വികസനത്തെക്കുറിച്ചുള്ള യു ഡി എഫ് ഗവണ്‍മെന്റിന്റെ രാഷ്ട്രീയ കാഴ്ചപ്പാടില്‍ ഊന്നിയാണ് സമീപനരേഖ രൂപം കൊണ്ടത്. അതിന്റെ വീക്ഷണ വൈകല്യങ്ങള്‍ കരട് രേഖയില്‍ പ്രതിഫലിക്കുന്നുണ്ട്. ചര്‍ച്ചകള്‍ക്കുശേഷം ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അതിലെ മൗലിക നയസമീപനങ്ങളില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല.

    ReplyDelete