പതിനൊന്ന് കൂറ്റന്‍ തുറമുഖങ്ങളും അനേകം ഇടത്തരം-ചെറുകിട തുറമുഖങ്ങളുമുള്ള ഇന്ത്യയില്‍ കപ്പല്‍വഴിയുള്ള ചരക്കുഗതാഗതത്തിന് നിര്‍ണായകമായ പ്രാധാന്യമുണ്ട്. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ 5560 കിലോമീറ്റര്‍ കടലാണ്. ചരിത്രത്തിലെന്നപോലെ വര്‍ത്തമാനത്തിലും കപ്പല്‍ഗതാഗതത്തിന് രാജ്യത്തിന്റെ വാണിജ്യപുരോഗതിയില്‍ വമ്പിച്ച പ്രാധാന്യമാണുള്ളത്. അതുകൊണ്ടുതന്നെ, കപ്പല്‍ചരക്കുനീക്കവുമായി ബന്ധപ്പെട്ട ഏതുതീരുമാനവും ദൂരവ്യാപകമായ പ്രത്യാഘാതമുളവാക്കും. കബോട്ടാഷ് നിയമം രാജ്യത്ത് ഇളവുചെയ്യണമെന്ന ആവശ്യവും അതിനായി നടത്തുന്ന പ്രചാരണവും അത്തരം ഗുരുതരസ്വഭാവമുള്ള ഒന്നാണ്. രാജ്യത്തെ തുറമുഖങ്ങള്‍ തമ്മിലുള്ള ചരക്കുകൈമാറ്റത്തിന് ഇന്നാട്ടിലെ കപ്പലുകള്‍ മാത്രമേ പാടുള്ളൂ എന്നാണ് കബോട്ടാഷ് നിയമം അനുശാസിക്കുന്നത്. ട്രാന്‍ഷിപ്മെന്റ് പ്രതീക്ഷിച്ച് പടുത്തുയര്‍ത്തിയ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിലേക്ക് കൂറ്റന്‍ കപ്പലുകള്‍ എത്തുന്നില്ല; ആ പ്രശ്നം പരിഹരിക്കാന്‍ ആഗോള കപ്പല്‍ കമ്പനികള്‍ക്ക് ഇന്ത്യയുടെ തീരദേശഗതാഗതം നടത്താനുള്ള അവകാശം അനുവദിക്കണം എന്ന ആവശ്യമാണ് ഒരുവിഭാഗം ഉയര്‍ത്തുന്നത്.
മൂന്നുഭാഗവും കടലിനാല്‍ ചുറ്റപ്പെട്ട ഇന്ത്യയുടെ സുരക്ഷയ്ക്കുതന്നെ ഇവിടെ രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ താല്‍പ്പര്യത്തിന് വിധേയമായി പ്രവര്‍ത്തിക്കുന്ന സുസജ്ജമായ വലിയ കപ്പല്‍വ്യൂഹം അത്യന്താപേക്ഷിതമാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വാണിജ്യത്തിനുള്ള അവകാശം ഇന്ത്യന്‍ കപ്പലുകള്‍ക്കുമാത്രം നല്‍കുന്നതിന്റെ ഒരു മുഖ്യലക്ഷ്യം ഇതുതന്നെയാണ്. തീരദേശരാഷ്ട്രങ്ങള്‍ പൊതുവെ അനുവര്‍ത്തിക്കുന്ന നയമാണ് "കബോട്ടാഷ്". 1958ലെ മെര്‍ച്ചന്റ് ഷിപ്പിങ് ആക്ട് പ്രകാരം ഇന്ത്യയിലെ തീരദേശകപ്പല്‍ ഗതാഗതത്തിനുള്ള അവകാശം ഇന്ത്യന്‍ കപ്പലുകള്‍ക്കാണ്. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ പേരുപറഞ്ഞാണ് കബോട്ടാഷ് നിയമത്തില്‍ ഇളവുവരുത്താനുള്ള ശ്രമം ഇപ്പോള്‍ ഊര്‍ജിതമാക്കിയത്. ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തോട് മത്സരിച്ച് വല്ലാര്‍പാടത്തിന് ജയിക്കണമെങ്കില്‍ കബോട്ടാഷ് നിയമത്തില്‍ വെള്ളംചേര്‍ക്കണമെന്നാണ് വാദം.
യഥാര്‍ഥത്തില്‍ കൊളംബോയില്‍നിന്ന് ഇന്ത്യന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള കപ്പല്‍ഗതാഗതം ഇന്ത്യന്‍ തീരദേശവ്യാപാരത്തിന്റെ പരിധിയില്‍ പെടുന്നതാണ്. കബോട്ടാഷ് നിയമം ഇവിടെ ബാധകമാണ്. എന്നാല്‍ , കേന്ദ്രസര്‍ക്കാര്‍ ശ്രീലങ്ക-ഇന്ത്യ കപ്പല്‍ ഗതാഗതത്തിന് നിയമം ബാധകമാക്കാന്‍ മടിച്ചുനില്‍ക്കുന്നു. വിദേശകപ്പലുകള്‍ ഈ അവസരം ദുര്‍വിനിയോഗം ചെയ്ത് ഇന്ത്യന്‍ കടല്‍ത്തീരത്തെ വാണിജ്യ കപ്പല്‍ ഗതാഗതം കൈയടക്കുന്നു. മേഖലയില്‍ കബോട്ടാഷ് നിയമം കര്‍ശനമായി നടപ്പാക്കിയാല്‍ സ്വാഭാവികമായും ചരക്കുള്ളിടത്തേക്ക് കപ്പലുകള്‍ വരും. ചരക്കുള്ളത് ഇന്ത്യയിലാണ്; ശ്രീലങ്കയിലല്ല. നമ്മുടെ നയത്തെ സ്വാധീനിക്കേണ്ടത് ഈ തിരിച്ചറിവാണെന്നിരിക്കെ വന്‍കിട വിദേശകപ്പലുകള്‍ക്ക് ഇന്ത്യന്‍തീരം കൈയടക്കാന്‍ ഒത്താശചെയ്യുന്നതിന്റെ യുക്തിയെന്താണ്? ഇന്ത്യയുടെ കടല്‍മാര്‍ഗമുള്ള വ്യാപാരത്തിന് പരസ്പരപൂരകമായി വര്‍ത്തിക്കേണ്ട ഘടകങ്ങളാണ് കപ്പല്‍സര്‍വീസും തുറമുഖവും. വ്യാപാരത്തിന് സഹായകമായ സൗകര്യങ്ങളൊരുക്കി മിതമായ നിരക്ക് വസൂലാക്കുന്ന വ്യവസ്ഥ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്നു. 2005ല്‍ ഡി പി വേള്‍ഡ് കൊച്ചി തുറമുഖത്തിന്റെ കണ്ടെയ്നര്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തനം ഏറ്റെടുത്തശേഷമാണ് സ്ഥിതി മാറിയത്. വിവിധഇനം പുതിയ നിരക്കുകള്‍ വ്യാപാരികളില്‍നിന്ന് കമ്പനി ഈടാക്കിത്തുടങ്ങി. പ്രവര്‍ത്തനം വല്ലാര്‍പാടത്തേക്ക് മാറ്റിയപ്പോള്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി. സൗജന്യമായി കസ്റ്റംസ് പരിശോധനാസൗകര്യം ഒരുക്കേണ്ട ബാധ്യത തുറമുഖ സേവനദാതാവ് എന്ന നിലയ്ക്ക് ഡി പി വേള്‍ഡിന്റേതാണ്. ഈ ബാധ്യത നിറവേറ്റുന്നില്ല. ഇതുമൂലം കസ്റ്റംസ് പരിശോധനയ്ക്കായി വെല്ലിങ്ടണ്‍ ഐലന്‍ഡിലേക്കും തുറമുഖത്ത് എത്തിക്കാന്‍ വല്ലാര്‍പാടത്തേക്കും ചരക്കുമായി വ്യാപാരികള്‍ നെട്ടോട്ടമോടേണ്ടിവരുന്നു.
സൗകര്യങ്ങള്‍ നിഷേധിക്കുകയും നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കുകയും ചെയ്തവകയില്‍ വ്യാപാരികള്‍ക്ക് കണ്ടെയ്നര്‍ ഒന്നിന് 7000 രൂപയിലേറെ അധികച്ചെലവുണ്ടാകുന്നു. ഈ പ്രശ്നം ഉയര്‍ത്തി ചില ഇടപാടുകാര്‍ കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇങ്ങനെ അനാവശ്യ പണപ്പിരിവടക്കമുള്ള നടപടികളിലൂടെ കൂറ്റന്‍ കപ്പലുകളെ കൊളംബോയിലേക്ക് തള്ളിവിടുകയാണ്. ഈ നയത്തില്‍ മാറ്റം വരുത്തുകയും ശ്രീലങ്ക-ഇന്ത്യ മേഖലയില്‍ കബോട്ടാഷ് കര്‍ശനമായി നടപ്പാക്കുകയും ചെയ്താല്‍ കൊച്ചി തുറമുഖത്തേക്ക് ആഗോള കപ്പലുകള്‍ നേരിട്ടുവരും. കോയമ്പത്തൂര്‍ , ബംഗളൂരു എന്നീ പ്രധാന വ്യവസായകേന്ദ്രങ്ങളിലേക്കുള്ള റെയില്‍മാര്‍ഗകവാടം കൂടിയാണ് കൊച്ചി തുറമുഖം. ഉള്‍നാടന്‍ ഗതാഗതവും കപ്പല്‍കമ്പനികളുടെ ലാഭകരമായ ബിസിനസ് ആണ്. ചരക്ക് കടത്തുന്നത് കപ്പല്‍ കമ്പനിയുടെ കണ്ടെയ്നറിലാണ്. ഈ വകയില്‍ കപ്പല്‍ കമ്പനികള്‍ക്ക് 100 ശതമാനം പ്രവര്‍ത്തനലാഭം കിട്ടുന്നുണ്ടെന്ന് കേന്ദ്ര ഷിപ്പിങ് സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വല്ലാര്‍പാടം ടെര്‍മിനല്‍ "നോണ്‍ പ്രോസസിങ് ഏരിയ" സെസ് നിയമപ്രകാരം വേര്‍തിരിച്ച് സൗജന്യ കസ്റ്റംസ് പരിശോധനയ്ക്കുള്ള സൗകര്യം സജ്ജമാക്കേണ്ടതുണ്ട്. വ്യാപാരികളില്‍നിന്ന് വസൂലാക്കുന്ന വിവിധ ഫീസുകള്‍ മിതപ്പെടുത്തണം.
കൊച്ചി തുറമുഖത്തേക്കും ഇന്ത്യയിലെ ഇതര തുറമുഖങ്ങളിലേക്കും നേരിട്ടുള്ള ആഗോള കപ്പല്‍ സര്‍വീസ് ലഭ്യമാക്കാന്‍ കബോട്ടാഷ് നിയമം ഉപേക്ഷിച്ചിട്ട് കാര്യമില്ല. പകരം ഇന്ത്യ-ശ്രീലങ്ക മേഖലയില്‍ കബോട്ടാഷ് കര്‍ശനമായി നടപ്പാക്കുക മാത്രമാണ് പോംവഴി. അങ്ങനെ വന്നാല്‍ കൊളംബോ എന്ന ഇടത്താവളം ഒഴിവാക്കാന്‍ വിദേശകപ്പലുകള്‍ നിര്‍ബന്ധിക്കപ്പെടും. വരാനുള്ളവ നേരിട്ട് വല്ലാര്‍പാടത്തുതന്നെ എത്തും. വിദേശ കപ്പല്‍കമ്പനികള്‍ക്ക് ഇന്ത്യയിലെ ആഭ്യന്തര ചരക്കുനീക്കത്തില്‍ ആധിപത്യമുറപ്പിക്കാന്‍ വെമ്പലുണ്ടാകുന്നത് സ്വാഭാവികമാണ്. അതിനൊത്ത് പ്രവര്‍ത്തിക്കലല്ല; രാജ്യത്തിന്റെ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കലാണ് സര്‍ക്കാരിന്റെ കടമ. ആഭ്യന്തര ഗതാഗതത്തിന് നാടന്‍ കപ്പലുകള്‍ക്കുമാത്രം അനുമതി നല്‍കിക്കൊണ്ട് നിലവിലുള്ള പ്രതിസന്ധി പരിഹരിക്കുകയാണ് വേണ്ടത്. തുറമുഖത്തൊഴിലാളികള്‍ ഈ ആവശ്യം ശക്തമായി ഉന്നയിച്ചിട്ടുണ്ട്. ആ വികാരം മുഖവിലയ്ക്കെടുക്കുകയും രാജ്യതാല്‍പ്പര്യം മാനിച്ച് കബോട്ടാഷ് നിയമം കര്‍ക്കശമായി പാലിക്കുകയും ചെയ്യാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാകണം.
deshabhimani editorial 221111
No comments:
Post a Comment