Sunday, November 20, 2011

പി സി ജോര്‍ജിനെ കരിങ്കൊടികാണിച്ച യുവാക്കളെ പൊലീസ് തല്ലിച്ചതച്ചു

സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജിനെ കരിങ്കൊടി കാണിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞുവച്ച് തല്ലിച്ചതച്ചു. ലാത്തിച്ചാര്‍ജില്‍ എട്ടുപേര്‍ക്ക് സാരമായി പരിക്കേറ്റു. ലാത്തിയടിയേറ്റ് തലയ്ക്ക് പരിക്കേറ്റ നേതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ പാലാ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ലാത്തിച്ചാര്‍ജില്‍ ഡിവൈഎഫ്ഐ കോട്ടയം ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവുമായ വി ആര്‍ രാജേഷ്, പാലാ ബ്ലോക്ക് സെക്രട്ടറി സി നവീന്‍കുമാര്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ക്കാണ് ഗുരതരമായി പരിക്കേറ്റത്.

പാലാ ഡിവൈഎസ്പി സാബു പി ഇടിക്കുള, സിഐ സി ജി സനല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘമാണ് പ്രവര്‍ത്തകരെ ആക്രമിച്ചത്. പരിക്കേറ്റവരെ അറസ്റ്റുചെയ്ത് സ്റ്റേഷനിലാക്കിയ പൊലീസ് ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് സിപിഐ എം ഏരിയാ സെക്രട്ടറി ലാലിച്ചന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഉപരോധം നടത്തിയത്. ഉപരോധം ഒരു മണിക്കൂറോളം നീണ്ടു. സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബന്ധപ്പെട്ടതിനെതുടര്‍ന്ന് ജില്ലാ പൊലീസ് ചീഫിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സിഐ സ്റ്റേഷനില്‍ എത്തി ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് സിപിഐ എം പ്രവര്‍ത്തകര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

പാലാ കൊട്ടാരമറ്റം ജംങ്ഷനില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെത്തിയപ്പോഴാണ് ശനിയാഴ്ച വൈകിട്ട് നൂറോളം വരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചീഫ്വിപ്പിന് നേരെ കരിങ്കൊടി വീശിയത്. മന്ത്രി കെ എം മാണിയും ചടങ്ങിന് എത്തിയിരുന്നു. ചീഫ് വിപ്പിന് അകമ്പടിയായെത്തിയ പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രവര്‍ത്തകരെ തല്ലിച്ചതച്ചത്. ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയംഗം എം ആര്‍ റെജിമോന്‍ , ബ്ലോക്ക് കമ്മറ്റിയംഗങ്ങളായ എം കെ സുകുമാരന്‍ , സി കെ രാജേഷ്, പ്രവര്‍ത്തകരായ മനോജ് കുര്യന്‍ , കെ രജ്ഞു, എം എസ് അനീഷ്കുമാര്‍ എന്നിവര്‍ക്കും പരിക്കേറ്റു. പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ തടസം ഉണ്ടാക്കിയെന്നാരോപിച്ചാണ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരംകേസെടുത്തത്. പരിക്കേറ്റവരെ വൈകിട്ട് ഏഴോടെയാണ് പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ക്രൂരമര്‍ദനം പാലായിലെ പൊലീസ് ഭീകരതക്കെതിരെ സിപിഐ എം സ്റ്റേഷന്‍ ഉപരോധിച്ചു

സ്വന്തം ലേഖകന്‍ പാലാ: ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഗവണ്‍മെന്റ് ചീഫ്വിപ്പ് പി സി ജോര്‍ജിനെ പാലായില്‍ കരിങ്കൊടിവീശിയ ഡിവൈഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ പൊലീസ് നടത്തിയ തേര്‍വാഴ്ചയില്‍ ബഹുജനരോഷം ഇരമ്പി. പൊലീസ് തല്ലിച്ചതച്ച പ്രവര്‍ത്തകര്‍ക്ക് ചികിത്സപോലും നിഷേധിച്ച നടപടിക്കെതിരെ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ പാലാ പൊലീസ് സ്റ്റേഷന് മുന്നില്‍ ഉപരോധം നടത്തി. ഡിവൈഎഫ്ഐ സംസ്ഥാന നേതാവും ജില്ലാ പ്രസിഡന്റുമായ വി ആര്‍ രാജേഷ്, പാലാ ബ്ലോക്ക് സെക്രട്ടറി സി നവീന്‍കുമാര്‍ , ജില്ലാ കമ്മിറ്റിയംഗം എം ആര്‍ റെജിമോന്‍ എന്നിവരും ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ സി കെ രാജേഷ്, കെ രഞ്ജു, പ്രവര്‍ത്തകരായ മനോജ്കുര്യന്‍ , എം എസ് അനീഷ്കുമാര്‍ തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. ക്രൂരമായ ലാത്തിച്ചാര്‍ജിന് ഇരയായി പരിക്കുപറ്റിയ ഡിവൈഎഫ്ഐ നേതാക്കളെയും പ്രവര്‍ത്തകരെയും സ്റ്റേഷനിലാക്കി ഉദ്യോഗസ്ഥര്‍ സ്ഥലത്തുനിന്ന് മാറിനില്‍ക്കുകയായിരുന്നു. പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യം നിരാകരിച്ച പാലായിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറാകുംവരെ സ്റ്റേഷനു മുന്നിലെ പ്രതിഷേധം തുടര്‍ന്നു.

സിപിഐ എം പാലാ ഏരിയ സെക്രട്ടറി ലാലിച്ചന്‍ ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം. കൊട്ടരമറ്റത്തുള്ള സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയപ്പോഴാണ് നൂറോളം വരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചീഫ്വിപ്പിനെതിരെ കരിങ്കൊടി വീശിയത്. മന്ത്രി കെ എം മാണിയുടെ പേഴ്സണല്‍ സ്റ്റാഫംഗത്തിന്റെ കുടുംബവക ഷോപ്പിങ് മാളിന്റെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രിക്കൊപ്പം പങ്കെടുക്കാന്‍ എത്തിയതായിരുന്നു ചീഫ്വിപ്പ്. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി കരിങ്കൊടിവീശി എത്തിയതോടെ പാലാ ഡിവൈഎസ്പി സാബു പി ഇടിക്കുള, സിഐ സി ജി സനല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തുണ്ടായിരുന്ന വന്‍പൊലീസ് സംഘം ചാടിവീണ് ആക്രമിക്കുകയായിരുന്നു. പാലാ നഗരസഭാ കൗണ്‍സിലര്‍കൂടിയായ വി ആര്‍ രാജേഷിനെ ഡിവൈഎസ്പി ലാത്തിക്ക് പിന്നില്‍നിന്ന് അടിക്കുകയും തിരിഞ്ഞപ്പോള്‍ രണ്ട് തവണ മുഖത്ത് അടിക്കുകയും ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ നേതാക്കളെയും പ്രവര്‍ത്തകരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകപോലും ചെയ്യാതെ രാത്രി സ്റ്റേഷനിലെ ലോക്കപ്പില്‍ അടയ്ക്കാനായിരുന്നു നീക്കം. സമരം ശക്തമാകുന്നുവെന്ന് അറിഞ്ഞതോടെ ജില്ലാ പൊലീസ് ചീഫ് നിര്‍ദേശിച്ചതോടെയാണ് ഒരു മണിക്കൂറിന് ശേഷം സിഐ സ്റ്റേഷനില്‍ എത്തി പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറായത്.

കരിങ്കൊടി വീശിയ പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് നടത്തി അറസ്റ്റ് ചെയ്ത് സ്റേഷനില്‍ എത്തിച്ച പൊലീസ് തങ്ങളെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ തടസ്സപ്പെടുത്തി എന്നാരോപിച്ച് ഡിവൈഎഫ്ഐ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് ഉപരോധത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ രാത്രി ടൗണില്‍ പ്രകടനം നടത്തി. പൊലീസ് സ്റ്റേഷന്‍ ഉപരോധത്തിനും ടൗണില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനും സിപിഐ എം നേതാക്കളായ ആര്‍ ടി മധുസൂദനന്‍ , ഷാര്‍ളിമാത്യു, വി ജി വിജയകുമാര്‍ , അഡ്വ. വി ജി വേണുഗോപാല്‍ , ടി ആര്‍ വേണുഗോപാല്‍ , ജോയി കുഴിപ്പാല, കെ കെ ഗിരീഷ്, ലോക്കല്‍ സെക്രട്ടറി എം എസ് ശശിധരന്‍ , ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി എന്‍ ബിനു, പാലാ ബ്ലോക്ക് പ്രസിഡന്റ് സജേഷ് ശശി, കെ അജി എന്നിവര്‍ നേതൃത്വം നല്‍കി. സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസ്, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം വി ജയപ്രകാശ്, ജില്ലാ സെക്രട്ടറി കെ രാജേഷ്, വൈസ് പ്രസിഡന്റ് ടി എം സുരേഷ്, ജില്ലാ സെക്രട്ടറിയറ്റംഗം ടി ആര്‍ ശിവദാസ് എന്നിവര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അതിക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്ത പൊലീസ് നടപടിയില്‍ എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് ഉഴവൂര്‍ വിജയനും പ്രതിഷേധിച്ചു.

ചീഫ് വിപ്പുമാരെ നിയന്ത്രിക്കാനുള്ള വിപ്പ് ജനങ്ങള്‍ക്ക്: പിണറായി

കോട്ടയം: അധികാര ധാര്‍ഷ്ട്യം കാണിക്കുന്ന ചീഫ് വിപ്പുമാരെ നിയന്ത്രിക്കാനുള്ള വിപ്പ് പൊതുജനങ്ങളുടെയും സാംസ്ക്കാരിക ലോകത്തിന്റെയും പക്കലുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ചിന്ത പ്രസിദ്ധീകരിച്ച ഡോ. സുകുമാര്‍ അഴീക്കോടിന്റെ ലേഖന സമാഹരമായ "നീറ്റുന്ന പ്രശ്നങ്ങള്‍" എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

സുകുമാര്‍ അഴീക്കോടിനെയും ചീഫ് വിപ്പ് വിമര്‍ശിച്ചു. സുതാര്യവും സത്യസന്ധവുമായ ജീവിതം നയിക്കുന്ന അഴീക്കോടിന് ആരെയും ഭയക്കേണ്ടതില്ല. ചീഫ് വിപ്പിനുള്ള മറുപടി പ്രബുദ്ധകേരളം നല്‍കും. ജഡ്ജിമാര്‍ മറന്നുകൂടാത്ത സാമൂഹ്യ ധര്‍മങ്ങളെ കുറിച്ച് അഴീക്കോട് ലേഖനത്തില്‍ ഓര്‍മിപ്പിക്കുന്നു. ജഡ്ജിമാരും മനുഷ്യരാണ്. അവര്‍ക്കും തെറ്റു പറ്റാമെന്ന് സ്ഥാപിക്കുന്ന ലേഖനമാണ് "ന്യായവും ന്യായാധിപനും" എന്നത്. നവഭാരത സൃഷ്ടിക്കായി നീതി പീഠാധിപന്മാര്‍ തയ്യാറാകണമെന്ന് അഴീക്കോട് പറയുന്നു. ഇത് എം വി ജയരാജന്‍ കേസിന്റെ പശ്ചാത്തലത്തില്‍ പ്രസക്തമാണ്. ജഡ്ജിമാര്‍ മറന്നുകൂടാത്ത സാമൂഹ്യ ധര്‍മങ്ങളെ കുറിച്ചുള്ള ലേഖനം വായിച്ചിരുന്നെങ്കിലോ അതിന്റെ വെളിച്ചം മനസ്സില്‍ പകര്‍ന്നിരുന്നെങ്കിലോ ജയരാജനെതിരെയുള്ള വിധി അപ്രകാരമാകില്ലായിരുന്നെന്ന് വേണം കരുതാന്‍ .

അഴിമതിയും ജനദ്രോഹ ഭരണവും അരങ്ങേറുമ്പോള്‍ പ്രകടനവും യോഗവും നടത്താനുള്ള അവകാശം സമൂഹത്തിനുണ്ട്. ഭരണഘടന ഇക്കാര്യം എടുത്തുപറയുന്നുണ്ട്. മനഃസാക്ഷിയുടെ ശബ്ദമെന്ന നിലയില്‍ മാഷിന്റെ വാക്കുകളെ സമൂഹം അംഗീകരിക്കുന്നു. ജനങ്ങള്‍ ആഗ്രഹിക്കുന്ന തലത്തിലേക്ക് വ്യക്തികള്‍ ഉയരുന്നത് മാജിക്കുകൊണ്ടല്ല. മറിച്ച് സുതാര്യവും സത്യസന്ധവുമായ ജീവിതം കൊണ്ടാണ്. ഒളിക്കാനുള്ളവര്‍ക്കേ ഭയപ്പെടേണ്ടതുള്ളൂ. വ്യക്തിപരമായ നേട്ടങ്ങള്‍ ഉണ്ടാക്കണം എന്നുള്ളവര്‍ക്കേ എല്ലാവര്‍ക്കും പ്രിയങ്കരമാകുമോ എന്ന് നോക്കി അഭിപ്രായം പറയേയണ്ടതുള്ളൂ. സ്വാര്‍ഥ താല്‍പര്യങ്ങളില്ലാത്തതിനാല്‍ അഴീക്കോട് അങ്ങനെയല്ല. അഭിപ്രായങ്ങളെ എഡിറ്റ് ചെയ്യാത്തതാണ് അദ്ദേഹത്തിന്റെ തലയെടുപ്പ്. അഴീക്കോട് മാഷിന്റെ ധീരമായ നിലപാടുകള്‍ ശത്രുക്കളെയും സൃഷ്ടിച്ചിട്ടുണ്ട്. അഭിപ്രായം പറയുന്നവരെ ആക്ഷേപിച്ച് വായടപ്പിക്കാനാകില്ല. ചില വര്‍ഗീയ കക്ഷികള്‍ മാഷിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചു. പുരോഗമന ശക്തികള്‍ പ്രതിരോധനിര ഉയര്‍ത്തുമെന്നും പ്രഖ്യാപിച്ചു. അവസാനം ഭീഷണി മുഴക്കിയവര്‍ക്ക് പിന്മാറേണ്ടി വന്നു. മാഷിനെ ബഹിഷ്ക്കരിക്കാന്‍ കുറെ വര്‍ഷം മുമ്പ് ഒരു പത്രം തീരുമാനിച്ചു. എന്നാല്‍ അവര്‍ക്കും നിലപാട് മാറ്റേണ്ടിവന്നു. വാക്ഭടാനന്ദ ഗുരുവിന്റെ ശിഷ്യനായ അഴീക്കോടിന് അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഊര്‍ജം സ്വാഭാവികമാണ്.

എല്‍ഡിഎഫിനോട് അദ്ദേഹം സഹകരിക്കുന്നതിനോട് വിമര്‍ശിക്കുന്നുവരുണ്ട്. അദ്ദേഹത്തിന്റെ പല അഭിപ്രായങ്ങളോടും യോജിക്കുന്നവരുണ്ട്. ചിലതിനോട് ഞങ്ങള്‍ വിയോജിക്കുന്നുമുണ്ട്. മഹത്വത്തെ അംഗീകരിക്കുന്നതിന് ഇക്കാര്യങ്ങളൊന്നും തടസ്സമല്ല. അഴിമതിക്ക് അധ്യക്ഷത വഹിക്കുന്ന പ്രധാനമന്ത്രിയെ വിമര്‍ശിക്കാനും ജനങ്ങളെ ബോധവല്‍ക്കരിക്കാനും അഴീക്കോട് മടിക്കുന്നില്ലെന്നും പിണറായി പറഞ്ഞു.

എംജി സര്‍വകലാശാല എംപ്ലോയീസ് അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡന്റ് പി പത്മകുമാര്‍ അധ്യക്ഷനായി. ചിന്ത മാനേജര്‍ വി കെ ജോസഫ് പുസ്തകം പരിചയപ്പെടുത്തി. എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കള്‍ പുസ്തകം ഏറ്റുവാങ്ങി. പ്രൊ വൈസ്ചാന്‍സലര്‍ രാജന്‍ വര്‍ഗീസും സംസാരിച്ചു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ ഷറഫുദീന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി എസ് ലേഖ നന്ദിയും പറഞ്ഞു.

deshabhimani 201111

2 comments:

  1. സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജിനെ കരിങ്കൊടി കാണിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞുവച്ച് തല്ലിച്ചതച്ചു. ലാത്തിച്ചാര്‍ജില്‍ എട്ടുപേര്‍ക്ക് സാരമായി പരിക്കേറ്റു. ലാത്തിയടിയേറ്റ് തലയ്ക്ക് പരിക്കേറ്റ നേതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ പാലാ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ലാത്തിച്ചാര്‍ജില്‍ ഡിവൈഎഫ്ഐ കോട്ടയം ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവുമായ വി ആര്‍ രാജേഷ്, പാലാ ബ്ലോക്ക് സെക്രട്ടറി സി നവീന്‍കുമാര്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ക്കാണ് ഗുരതരമായി പരിക്കേറ്റത്.

    ReplyDelete
  2. കേരള നിയമസഭയിലെ വനിതാവാച്ച് ആന്റ് വാര്‍ഡിനെ അവഹേളിച്ച് നിയമസഭാ ചീഫ്വിപ് പി സി ജോര്‍ജ് നടത്തിയ പ്രസംഗത്തിലും വാര്‍ത്താസമ്മേളനത്തിലും നടത്തിയ പരാമര്‍ശത്തിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ്. പത്തനാപുരത്ത് നടത്തിയ പ്രസംഗത്തിലും തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലും ജോര്‍ജ് നടത്തിയ പരാമര്‍ശം സ്ത്രീകളുടെ മാന്യതയെ അവഹേളിക്കുന്നതാണെന്ന് കമ്മീഷന്‍ അയച്ച നോട്ടീസില്‍ പറഞ്ഞു. പരാമര്‍ശത്തിനെതിരെ രണ്ടാഴ്ചക്കകം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കൊല്ലം ജില്ലാ കലക്ടര്‍ക്കാണ് നോട്ടീസയച്ചത്. രണ്ടാഴ്ചക്കകം നടപടിയെടുത്തില്ലെങ്കില്‍ കമ്മീഷന്‍ തന്നെ നടപടി സ്വീകരിക്കുമെന്ന് ചെയര്‍പേഴ്സണ്‍ മമതാശര്‍മ്മ അറിയിച്ചു. ദേശീയ മഹിളാ ഫെഡറേഷന്റെ പരാതിയെ തുടര്‍ന്നാണ് വനിതാ കമ്മീഷന്റെ നടപടി.

    ReplyDelete