Tuesday, November 22, 2011

അത്യന്തം പ്രതിലോമകരമായ വ്യവസ്ഥകള്‍

എതിര്‍പ്പുകളെയും പ്രതിഷേധങ്ങളെയും വകവയ്ക്കാതെ ജനിതക വിളകള്‍ക്ക് പച്ചക്കൊടി വീശുന്ന ജൈവസാങ്കേതിക റഗുലേറ്ററി അതോറിട്ടി (ബി ആര്‍ എ ഐ) ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. അതേസമയം ബില്‍ അവതരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘടനകളും ഉപഭോക്തൃ സംഘടനകളും ശാസ്ത്രജ്ഞന്മാരും സുപ്രിംകോടതി മുന്‍ ജഡ്ജിമാരും ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു.

ജൈവസാങ്കേതിക റഗുലേറ്ററി അതോറിറ്റി ബില്ലും അതിലെ വ്യവസ്ഥകളും അത്യന്തം പ്രതിലോമപരവും സ്വേച്ഛാധിപത്യപരവും മര്‍ദകസ്വഭാവമുള്ളതാണെന്നും വിമര്‍ശിക്കപ്പെടുന്നു. ജൈവസാങ്കേതിക മേഖലയെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കുന്നതാണ് വിവാദമായ ഒരു നിര്‍ദേശം. ഇതനുസരിച്ച് ജൈവസാങ്കേതിക ജനിതക എന്‍ജിനീയറിംഗ് മേഖലയിലെ ഗവേഷണത്തെക്കുറിച്ചുള്ള ഏത് വിവരവും ജനങ്ങള്‍ക്ക് നിഷേധിക്കാം. രഹസ്യാത്മക സ്വഭാവമുള്ളതാണ് എന്ന ഒറ്റക്കാരണം ചൂണ്ടിക്കാട്ടിയാല്‍ മതി. ഫലത്തില്‍ ജൈവസാങ്കേതിക മേഖലയെ പൊതുസമൂഹത്തിന്റെ ദൃഷ്ടിക്കും നിഷ്പക്ഷനിരീക്ഷണത്തിനും അപ്രാപ്യമാക്കുകയാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്.

രണ്ടാമത്തെ വിവാദ നിര്‍ദേശം അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെക്കുറിച്ചാണ്. ഇതനുസരിച്ച് ശാസ്ത്രീയമായ തെളിവുകളില്ലാതെ ജനങ്ങളെ ജൈവസങ്കേതിക ജനിതക എന്‍ജിനീയറിംഗ് മേഖലയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നത് ജനങ്ങളുടെ ഇടയില്‍ പ്രചാരണം നടത്തുന്നത് ശിക്ഷാര്‍ഹമായിരിക്കും എന്ന് വ്യക്തമാക്കുന്നു. ആറുമാസം തടവോ രണ്ടു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ചുമത്താവുന്നതാണ്. ഫലത്തില്‍ ജൈവസാങ്കേതികവിദ്യയുടെയും ജനിതക വ്യതിയാനത്തിന്റെയും ദോഷവശങ്ങളെക്കുറിച്ച് ആര്‍ക്കും സംസാരിക്കാനാവില്ല. ദോഷഫലങ്ങള്‍ ഇല്ലെന്ന് തെളിയിക്കാനുള്ള ബാധ്യതയില്‍നിന്ന് ഉല്‍പ്പാദകര്‍ ഫലത്തില്‍ ഒഴിവാക്കപ്പെടുകയും ഉണ്ടെന്ന് തെളിയിക്കാനുള്ള ബാധ്യത ജനങ്ങളുടെമേല്‍ കെട്ടിവെക്കപ്പെടുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ ഇത് ഭരണഘടനാവിരുദ്ധമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യമാണ് ഇതിലൂടെ ഹനിക്കപ്പെടുന്നത്.
യാതൊരു സുതാര്യതയുമില്ലാതെ രഹസ്യ സ്വഭാവത്തിലാണ് ബില്‍ തയ്യാറാക്കിയത്. പൊതുജനങ്ങള്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരം പോലും കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു. ജനിതക വിളകളെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ കീഴിലാണ് ബില്‍ തയ്യാറാക്കുന്നത് എന്നതും ബില്ലിന്റെ വിശ്വാസ്യതയെക്കുറിച്ച് സംശയമുയര്‍ത്തുന്നു. ജനാധിപത്യ വിരുദ്ധ വ്യവസ്ഥകളാണ് ബില്ലിന്റെ മുഖമുദ്ര. ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളിലെ സംസ്ഥാനത്തിനുള്ള അവകാശങ്ങള്‍ കവര്‍ന്നെടുക്കുകവഴി ഫെഡറല്‍ സംവിധാനത്തിന് തന്നെ ബില്‍ ഭീഷണി ഉയര്‍ത്തുന്നു.

ജനിതകവിത്തുകള്‍ക്ക് അനുമതി നല്‍കുന്നതിലൂടെ രാജ്യത്തെ ഭക്ഷ്യ സുരക്ഷ തന്നെ അപകടത്തിലേക്ക് തള്ളിവിടുന്നുവെന്ന വിമര്‍ശനങ്ങളെ തെല്ലും പരിഗണിക്കതാതെയാണ് ബില്ലുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ലോകം മുഴുവന്‍ ജനിതക വിത്തുകള്‍ക്ക് എതിരെ പ്രതിഷേധം ശക്തമായ വേളയിലാണ് ബില്‍ അവതരിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി രാജ്യം സ്വീകരിച്ച തെറ്റായ കാര്‍ഷിക നയത്തിന്റെ ഭാഗമായി ഉണ്ടായിട്ടുള്ള കാര്‍ഷിക പ്രതിസന്ധിയും അതേതുടര്‍ന്നുള്ള കര്‍ഷക ആത്മഹത്യകളും രാജ്യത്ത് സര്‍വസാധാരണമായിരിക്കുന്നു. ഈ വേളയില്‍ കാര്‍ഷിക ഉപജീവനത്തെ അപ്പാടെ തകര്‍ത്തുകൊണ്ട് ജനിതക വിളകള്‍ക്ക് അംഗീകാരം നല്‍കാനുള്ള ഏക ജാലക സംവിധാനമായി ബില്ല് മാറും.

ജനിതക വിത്തുകള്‍ അപകട രഹിതമാണെന്ന് കണ്ടെത്തിയിട്ടില്ലാത്ത അവസരത്തില്‍ ഇത്തരമൊരു ബില്ലുമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാരിന്റെ സാംഗത്യമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. കഴിഞ്ഞ പത്തുവര്‍ഷമായി ജനിതക വഴുതന ഇന്ത്യയില്‍ പരീക്ഷണകൃഷി നടത്തിവരുകയായിരുന്നു. മോണ്‍സാന്‍േറായും അവരുടെ ഇന്ത്യയിലെ പ്രതിനിധികളായ മഹികോയുമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് പരീക്ഷിച്ചിരുന്നത്. 2002 മാര്‍ച്ചില്‍ ബി ടി പരുത്തി വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാനുള്ള അനുമതി മോണ്‍സാന്‍േറാ കമ്പനിക്കും കൂട്ടാളികള്‍ക്കും ലഭിച്ചു. അത്  ഗുജറാത്തിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഏതാണ്ട് സമ്പൂര്‍ണപരാജയമായിരുന്നു.

രാജേഷ് വെമ്പായം janayugom 22111

1 comment:

  1. എതിര്‍പ്പുകളെയും പ്രതിഷേധങ്ങളെയും വകവയ്ക്കാതെ ജനിതക വിളകള്‍ക്ക് പച്ചക്കൊടി വീശുന്ന ജൈവസാങ്കേതിക റഗുലേറ്ററി അതോറിട്ടി (ബി ആര്‍ എ ഐ) ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. അതേസമയം ബില്‍ അവതരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘടനകളും ഉപഭോക്തൃ സംഘടനകളും ശാസ്ത്രജ്ഞന്മാരും സുപ്രിംകോടതി മുന്‍ ജഡ്ജിമാരും ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു.

    ReplyDelete