Tuesday, November 22, 2011

രൂപ എക്കാലത്തേയും വലിയ തകര്‍ച്ചയില്‍ ; വിപണിയില്‍ മന്ദഗതി


ഡോളറുമായുള്ള രൂപയൂടെ വിനിമയ മൂല്യത്തില്‍ വന്‍ഇടിവ് ദൃശ്യമായി. ചൊവ്വാഴ്ച വ്യാപാരം തുടങ്ങുമ്പോള്‍ 35 പൈസ കുറഞ്ഞ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 52.50 ലേക്ക് മൂല്യമിടിഞ്ഞു. 2011ലെ ഉയര്‍ന്ന നിരക്കിനേക്കാള്‍ 16.5% മാണ് ഇടിവുണ്ടായിരിക്കുന്നത്. തിങ്കളാഴ്ച വിപണി അവസാനിച്ചപ്പോള്‍ തന്നെ രൂപയുടെ മൂല്യം നാലുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിരുന്നു. ഇറക്കുമതി മേഖലയിലുള്ളവരും എണ്ണക്കമ്പനികളും വന്‍തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടുന്നതും ഓഹരിവിപണിയിലെ ഇപ്പോഴത്തെ കനത്ത ഇടിവുമാണ് രൂപയ്ക്ക് വിനയായത്. 2009 മാര്‍ച്ച് അഞ്ചിനാണ് രൂപയുടെ വില 52.02 എന്ന നിലയിലേക്ക് താഴ്ന്ന് റെക്കോഡിട്ടത്. ഓഹരിവിപണിയുടെ തകര്‍ച്ച വരും ദിവസങ്ങളില്‍ രൂപയുടെ വിനിമയ നിരക്കിനെ അസ്ഥിരപ്പെടുത്തുമോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് രൂപയുടെ വില 51.79 എന്ന നിലയില്‍ എത്തിയപ്പോള്‍ ഡോളര്‍ വില്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. യൂറോപ്പില്‍ സാമ്പത്തിക പ്രതിസന്ധി വര്‍ധിച്ചതോടെ വിദേശ നിക്ഷേപത്തില്‍ വലിയ കുറവുണ്ടായി. അതോടൊപ്പം പ്രവാസികളില്‍ നിന്നും ഇന്ത്യന്‍ ബാങ്കുകളിലേക്ക് സ്ഥിരനിക്ഷേപത്തിന്റെ ഒഴുക്കുമുണ്ടായി. ഗള്‍ഫ് കറന്‍സികളുമായുള്ള വിനിമയത്തിലും ഈ വ്യത്യാസം പ്രകടമായി. ചൊവ്വാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണികളില്‍ മുന്നേറ്റം ദൃശ്യമാണ്. ബോംബെ ഓഹരിവിപണിയായ സെന്‍സെക്സ് 151.29 പോയന്റ് ഉയര്‍ന്ന് 16,097.30ലെത്തി. ദേശീയ വിപണിയായ നിഫ്റ്റി 45.45 പോയിന്റുയര്‍ന്ന് 4,823.80ലെത്തി.

deshabhimani news

1 comment:

  1. ഡോളറുമായുള്ള രൂപയൂടെ വിനിമയ മൂല്യത്തില്‍ വന്‍ഇടിവ് ദൃശ്യമായി. ചൊവ്വാഴ്ച വ്യാപാരം തുടങ്ങുമ്പോള്‍ 35 പൈസ കുറഞ്ഞ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 52.50 ലേക്ക് മൂല്യമിടിഞ്ഞു. 2011ലെ ഉയര്‍ന്ന നിരക്കിനേക്കാള്‍ 16.5% മാണ് ഇടിവുണ്ടായിരിക്കുന്നത്.

    ReplyDelete