Monday, December 5, 2011

മുല്ലപ്പെരിയാര്‍ : 15, 16ന് കേരള- തമിഴ് നാട് ചര്‍ച്ച

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളവുമായി ഉദ്യോഗസ്ഥതല ചര്‍ച്ചയ്ക്ക് തയാറാണെന്ന് തമിഴ്നാട് അറിയിച്ചു. 15 നോ 16 നോ ചര്‍ച്ചയ്ക്ക് തയാറാണെന്ന് തമിഴ്നാട് അറിയിച്ചു. ഇക്കാര്യം കേന്ദ്ര ജലവിഭവ വകുപ്പ് സെക്രട്ടറി കേരളത്തിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ അറിയിച്ചു. കേരളവുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നായിരുന്നു തമിഴ്നാട് നേരത്തെ അറിയിച്ചിരുന്നത്. സുപ്രിം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി തിങ്കളാഴ്ച യോഗം ചേര്‍ന്നു. ഇരു സംസ്ഥാനങ്ങളിലെയും അഭിഭാഷകരെ വിളിപ്പിച്ചു. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പ്് ജനുവരി 2, 3 തീയതികളില്‍ സമിതി ഇരു സംസ്ഥാനങ്ങളുടെയും വാദം കേള്‍ക്കും.

മുല്ലപ്പെരിയാര്‍ അണക്കെട്ട് പരിസരത്ത് നിരന്തരമുണ്ടാകുന്ന ഭൂചലനം ഡാമിന് ഭീഷണിയുയര്‍ത്തുമെന്ന കേരളത്തിന്റെ വാദം പരിശോധിക്കുമെന്നും ഉന്നതാധികാര സമിതി. ജൂലൈ മാസത്തിന് ശേഷം ഇരുപതിലധികം ഭൂചലനങ്ങള്‍ അണക്കെട്ട് പരിസരത്തുണ്ടായിട്ടുണ്ടെന്നും 100 വര്‍ഷത്തിലേറെ പഴക്കമുള്ള അണക്കെട്ടിന്റെ സുരക്ഷയ്ക്ക് ഭൂചലനങ്ങള്‍ ഭീഷണിയാണെന്നും കേരളം ഉന്നതാധികാര സമിതിയെ അറിയിച്ചിരുന്നു. കേരളത്തിന്റെ വാദങ്ങള്‍ക്കുള്ള മറുപടി അറിയിക്കാന്‍ തമിഴ്നാടിനോട് ജസ്റ്റിസ് എ എസ് ആനന്ദ് ചെയര്‍മാനായ സമിതി നിര്‍ദേശിച്ചു. ഇതെല്ലാം പരിഗണിച്ച് ജനുവരിയില്‍ സമിതി സുപ്രിം കോടതിക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കും. അണക്കെട്ട് സുരക്ഷിതമാണെന്നും അണക്കെട്ടിന്റെ സുരക്ഷയ്ക്ക് കേന്ദ്ര സേനയെ വിന്യസിക്കണമെന്നും കാണിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിയ്ക്ക് ഞായറാഴ്ച കത്തയച്ചിരുന്നു. ജയലളിത ഉയര്‍ത്തിയ അതേ ആവശ്യം ചൂണ്ടിക്കാട്ടി ഡിഎംകെ നേതാവ് കരുണാനിധി സമിതി ചെയര്‍മാനും കത്തയച്ചിരുന്നു. കേരളത്തിന്റെ ആവശ്യങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെള്ളിയാഴ്ച പ്രധാനമന്ത്രിയെ അറിയിച്ചു. തമിഴ്നാടിന് വെള്ളം തുടര്‍ന്നും നല്‍കുമെന്നും കേരള ജനതയുടെ സുരക്ഷ പരിഗണിച്ച് പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ അനുമതി തരണമെന്നുമാണ് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

ഒടുവില്‍ കെപിസിസിയും നിരാഹാരത്തിന്

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നിലപാട് മാറ്റണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തിന്റെ സുരക്ഷയും തമിഴ്നാടിന് ജലവുമെന്നതാണ് കോണ്‍ഗ്രസിന്റെ നയം. രണ്ടു സംസ്ഥാനങ്ങളുടെയും താല്‍പര്യം സംരംക്ഷിക്കണം. ഇതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിന് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തതും. പുതിയ ഡാം പണിയുക, ജലനിരപ്പ് 120 അടിയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി ഇ എം ആഗസ്തി ചൊവ്വാഴ്ച മുതല്‍ വണ്ടിപ്പെരിയാറില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തും. എ ജി ഹൈക്കോടതിയില്‍ പറഞ്ഞത് സര്‍ക്കാരിന്റെയോ കോണ്‍ഗ്രസിന്റെയോ അഭിപ്രായമല്ല. ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ എ ജി ഹാജരായി വിശദീകരിക്കും. അതിനുശേഷം സര്‍ക്കാരിന് ആവശ്യമായ നടപടിയെടുക്കാം.

കെ എം മാണി വണ്ടിപ്പെരിയാറില്‍ നടത്തുന്നത് പ്രാര്‍ഥനാ യജ്ഞമാണെന്നും ചെന്നിത്തല പറഞ്ഞു. പ്രാര്‍ഥന നടത്തുന്നതിന് തെറ്റില്ല. ഓരോ കക്ഷിക്കും വ്യത്യസ്തമായ തരത്തില്‍ സമരം നടത്തുന്നതിന് അവകാശമുണ്ട്. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന സുരക്ഷാ നടപടികെളെക്കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്തിയാല്‍ ജനങ്ങള്‍ക്ക് ആശങ്ക കൂടും. അന്തരിച്ച മുന്‍മുഖ്യമന്ത്രി കെ കരുണാകരന്റെ പേരില്‍ കെപിസിസി ഏര്‍പ്പെടുത്തിയ അവാര്‍ഡ് കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജിക്ക് സമ്മാനിക്കും. 22 ന് ഡല്‍ഹിയില്‍ പ്രധാനമന്ത്രി സമ്മാനിക്കും. തിരുവനന്തപുരത്ത് കരുണാകരന്റെ പ്രതിമക്ക് ശിലയിടുമെന്നും ചെന്നിത്തല അറിയിച്ചു.

മന്ത്രിമാര്‍ ഉപവസിക്കുന്നത് ശരിയല്ലെന്ന് പിള്ള

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം മറികടന്ന് മന്ത്രിമാര്‍ ഉപവസിക്കുന്നത് ശരിയായില്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ള പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) നേതാക്കളും മന്ത്രിമാരുമായ കെ എം മാണിയുടെയും പി ജെ ജോസഫിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച ഉപവാസ സമരത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നത്തില്‍ ഒറ്റയ്ക്ക് സമരം ചെയ്യുന്നത് ശരിയായ നടപടിയല്ല, മുന്നണി ഒറ്റക്കെട്ടായാണ് നിലകൊള്ളേണ്ടത്.

ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് വിരുദ്ധമായി എജി നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ കേരളത്തിന് ദോഷമുണ്ടാക്കി. ഇപ്പോള്‍ എജിയുടെ വാദം നിരത്തിയാണ് തമിഴനാട് പുതിയ ഡാം വേണ്ടെന്ന് വാദിക്കുന്നത്. എജിയുടെ കാര്യത്തില്‍ തന്റെ പാര്‍ട്ടിക്ക് വ്യക്തമായ നിലപാടുണ്ട്. ഇത് മന്ത്രിസഭാ യോഗത്തില്‍ വ്യക്തമാക്കു. എജിക്കെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ പ്രശ്നം പഠിച്ചശേഷമുള്ളതാണ്. അല്ലാതെ ചാടിക്കയറി അഭിപ്രായം പറയുന്നയാളല്ല സുകുമാരന്‍നായര്‍ . പ്രശ്നത്തില്‍ ശരിപറയുന്ന ആരുടെയും അഭിപ്രായം സര്‍ക്കാര്‍ മുഖവിലയ്ക്കെടുക്കും. എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങിയ സംഘടനകളോടും ഇതേ നിലപാട് തന്നെയാണുള്ളതെന്നും പിള്ള പറഞ്ഞു.

deshabhimani news

1 comment:

  1. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളവുമായി ഉദ്യോഗസ്ഥതല ചര്‍ച്ചയ്ക്ക് തയാറാണെന്ന് തമിഴ്നാട് അറിയിച്ചു. 15 നോ 16 നോ ചര്‍ച്ചയ്ക്ക് തയാറാണെന്ന് തമിഴ്നാട് അറിയിച്ചു. ഇക്കാര്യം കേന്ദ്ര ജലവിഭവ വകുപ്പ് സെക്രട്ടറി കേരളത്തിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ അറിയിച്ചു. കേരളവുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നായിരുന്നു തമിഴ്നാട് നേരത്തെ അറിയിച്ചിരുന്നത്. സുപ്രിം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി തിങ്കളാഴ്ച യോഗം ചേര്‍ന്നു. ഇരു സംസ്ഥാനങ്ങളിലെയും അഭിഭാഷകരെ വിളിപ്പിച്ചു. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പ്് ജനുവരി 2, 3 തീയതികളില്‍ സമിതി ഇരു സംസ്ഥാനങ്ങളുടെയും വാദം കേള്‍ക്കും.

    ReplyDelete