Monday, December 5, 2011

പ്രക്ഷുബ്ധമായ സമ്മേളനം

പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ഒരുമാസം നീണ്ടുനില്‍ക്കുന്ന കാര്യപരിപാടികളോടെയാണ് വിളിച്ചുചേര്‍ത്തത്. എന്നാല്‍ , നവംബര്‍ 22 മുതല്‍ ഡിസംബര്‍ രണ്ട് വരെ ഒരു ദിവസം പോലും ചോദ്യോത്തരമോ മറ്റു സഭാനടപടികളോ നടത്താന്‍ കഴിഞ്ഞിട്ടില്ല. അന്തരിച്ച നേതാക്കള്‍ക്കുള്ള ആദരാഞ്ജലികളൊഴിച്ചാല്‍ വിവിധ കാരണങ്ങളാല്‍ ഇരുസഭകളും പൂര്‍ണമായും നിര്‍ത്തിവയ്ക്കേണ്ടിവന്നു. സമ്മേളനം ആരംഭിക്കുന്ന സമയത്തുതന്നെ ഇടതുപക്ഷ പാര്‍ടികളും ബിജെപിയും വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. ഇടതു പാര്‍ടികള്‍ വിലക്കയറ്റമാണ് പ്രധാനമായും ഉന്നയിച്ച കാര്യം. വോട്ടെടുപ്പോടുകൂടിയ റൂള്‍ 184 അനുസരിച്ച് ചര്‍ച്ചവേണം എന്നതാണ് മുന്നോട്ടുവച്ച നിര്‍ദേശം. എന്നാല്‍ , റൂള്‍ 193 അനുസരിച്ചുള്ള ചര്‍ച്ച മാത്രമേ അനുവദിക്കൂ എന്ന സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ആദ്യത്തെ രണ്ടുദിവസം ശക്തമായിത്തന്നെ ഈ പ്രശ്നം സഭയില്‍ ഉന്നയിച്ചു. ഇതിനിടയില്‍ റൂള്‍ 193 അനുസരിച്ച് ചര്‍ച്ചയാകാമെന്ന ഏകപക്ഷീയമായ സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി ഗുരുദാസ് ദാസ് ഗുപ്തയുടെയും ബസുദേവ് അചാര്യയുടെയുംപേരില്‍ കാര്യപരിപാടികളില്‍ ഈ വിഷയം ചേര്‍ത്ത് പ്രസിദ്ധീകരിച്ചു. ഇതിനെ ഇടതുപാര്‍ടികള്‍ ശക്തമായി എതിര്‍ത്തു. ഇതേ സന്ദര്‍ഭത്തില്‍ത്തന്നെ കള്ളപ്പണപ്രശ്നം അടിയന്തരമായി ചര്‍ച്ചചെയ്യണമെന്ന് ബിജെപിയും നോട്ടീസ് നല്‍കിയിരുന്നു. ഈ വിഷയത്തിലും വോട്ടെടുപ്പില്ലാത്ത ചര്‍ച്ചയ്ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കിയത്.

വിലക്കയറ്റ ചര്‍ച്ച തുടരാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഈ വിഷയത്തിലും തീരുമാനമാകാതെ സഭ സ്തംഭിക്കുന്ന സ്ഥിതിവന്നു. പ്രതിപക്ഷമാകെ ഒന്നിച്ചുനിന്നതോടെ വോട്ടെടുപ്പോടുകൂടിയുള്ള പ്രമേയത്തില്‍ അനിശ്ചിതത്വം തുടര്‍ന്നു. സഭ സമ്മേളിച്ച ദിവസം മുതല്‍ ഒട്ടേറെ പ്രശ്നങ്ങള്‍ ഉന്നയിച്ച് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്ക് തള്ളിക്കയറി. തെലങ്കാന പ്രശ്നമുന്നയിച്ച് ഭരണ-പ്രതിപക്ഷ പാര്‍ടികളിലെ എംപിമാര്‍ പ്ലക്കാര്‍ഡുമായാണ് രംഗത്തുവന്നത്. ഒറീസയ്ക്ക് നീതി കിട്ടുന്നില്ലെന്ന മുദ്രാവാക്യവുമായി ബിജെഡിയും ഒരു ദിവസം നടുത്തളത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. കൃഷിക്കാരുടെ പ്രശ്നങ്ങള്‍ ഉന്നയിച്ച് മറ്റുചില പാര്‍ടികളും രംഗത്തുവന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട "ഡാം 999" എന്ന സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ, എഐഎഡിഎംകെ എംപിമാര്‍ സഭയില്‍ ബഹളമുണ്ടാക്കി. ഇതിനിടയിലാണ് രണ്ട് പ്രധാനപ്പെട്ട പ്രശ്നങ്ങള്‍ സഭയെ പിടിച്ചുകുലുക്കിയത്. കേരളത്തില്‍നിന്നുള്ള എംപിമാര്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ അനുവാദം നല്‍കണമെന്ന ആവശ്യവുമായി രംഗത്തുവന്നതോടെ തുടര്‍ച്ചയായി സഭ നിര്‍ത്തിവയ്ക്കേണ്ടിവന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന ഭൂചലനത്തെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് ഏത് നിമിഷവും തകര്‍ന്നുവീഴാമെന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് കേരളത്തിന്റെ എംപിമാര്‍ പ്രതിഷേധിച്ചത്. തമിഴ്നാടിനാവശ്യമായ വെള്ളം നല്‍കണമെന്നും കേരളത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നുമുള്ള വാദമാണ് കക്ഷിരാഷ്ട്രീയഭേദമെന്യേ അംഗങ്ങള്‍ പാര്‍ലമെന്റിന് അകത്തും പുറത്തും ഉയര്‍ത്തിയത്. പാര്‍ലമെന്റിന് മുമ്പില്‍ ധര്‍ണ നടത്തിയതോടെ ഈ വിഷയം ദേശീയശ്രദ്ധ പിടിച്ചുപറ്റി. മന്ത്രിമാരും മറ്റ് നേതാക്കളും ധര്‍ണയെ അഭിവാദ്യം ചെയ്യാനെത്തിയിരുന്നു. എന്നാല്‍ , ഇത്തരം വിഷയങ്ങളില്‍ രാഷ്ട്രീയ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കാനുള്ള ബലഹീനത പ്രകടമാക്കുന്നതായിരുന്നു കേന്ദ്രത്തിന്റെ ഉദാസീനമായ സമീപനം. ഒരു കാരണവശാലും തമിഴ്നാടിനോടുള്ള ഏറ്റുമുട്ടലായി മുല്ലപ്പെരിയാര്‍ പ്രശ്നത്തെ കാണുകയോ വളര്‍ത്തുകയോ ചെയ്തുകൂടാ. പ്രശ്നം പരിഹരിക്കുന്നതിന് കഴിയാവുന്ന എല്ലാ സാധ്യതകളും ആരായാന്‍ കേരളത്തിന് കഴിയണം. സുപ്രീംകോടതി തീരുമാനം 2012 ഫെബ്രുവരി വരെ നീട്ടിയ സാഹചര്യത്തില്‍ പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് വീണ്ടും കോടതിയില്‍ പോകുകയോ കോടതിക്ക് വെളിയില്‍നിന്ന് തീരുമാനമുണ്ടാക്കുകയോ വേണം. കേന്ദ്രസര്‍ക്കാര്‍ അതിന്റെ ഉത്തരവാദിത്തം നിര്‍വഹിച്ചേപറ്റൂ. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേരള എംപിമാര്‍ പ്രധാനമന്ത്രിയെയും ജലവിഭവമന്ത്രിയെയും കണ്ടിരുന്നു. ധര്‍ണയോടൊപ്പം മനുഷ്യാവകാശ കമീഷനുമുമ്പിലും പ്രശ്നം അവതരിപ്പിച്ചിട്ടുണ്ട്. ചില്ലറവ്യാപാര മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സഭയെ പിടിച്ചുകുലുക്കി. അഞ്ചുകോടിയോളം ചെറുകിട കച്ചവടക്കാരെയും 20 കോടിയോളം വരുന്ന അവരുടെ കുടുംബാംഗങ്ങളെയും ബാധിക്കുന്ന പ്രശ്നമാണിത്.

ബഹുരാഷ്ട്രകമ്പനികള്‍ ഈ രംഗത്തുവന്നാല്‍ അവരുമായി മത്സരിച്ച് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ചില്ലറക്കച്ചവടക്കാര്‍ തകരും. ചില്ലറവ്യാപാര മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നത് കുത്തകകളെ സഹായിക്കാനാണെന്ന് പകല്‍പോലെ വ്യക്തമാണ്. ഇതിനെതിരെ വിപുലമായ ഐക്യമാണ് പാര്‍ലമെന്റില്‍ കണ്ടത്. ഇടതു പാര്‍ടികളും എന്‍ഡിഎയും മാത്രമല്ല സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എസ്പി ബിഎസ്പി, ആര്‍ജെഡി കക്ഷികളും സര്‍ക്കാരില്‍ പങ്കാളികളായ ടിഎംസി, ഡിഎംകെ കക്ഷികളും പാര്‍ലമെന്റില്‍ പരസ്യമായിത്തന്നെ തീരുമാനത്തെ എതിര്‍ത്തു. എന്തുതന്നെയായാലും തീരുമാനത്തില്‍നിന്ന് പിന്നോട്ടുപോകില്ലെന്ന കടുത്ത സമീപനമാണ് പ്രധാനമന്ത്രി സ്വീകരിക്കുന്നത്. ഇതുവരെ അംഗീകരിച്ച ഒരു നയം മാറ്റുമ്പോള്‍ പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാട് തികച്ചും ജനാധിപത്യ വിരുദ്ധവും ധിക്കാരവുമാണ്്. ഈ നയം സര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പോരാട്ടങ്ങളിലേക്ക് പോകേണ്ടിവരും. ചില്ലറവ്യാപാര മേഖലയിലെ വിദേശനിക്ഷേപ പ്രശ്നത്തില്‍ വോട്ടെടുപ്പോടുകൂടിയുള്ള പ്രമേയം അംഗീകരിച്ചില്ലെങ്കില്‍ ഡിസംബര്‍ ഏഴിന് വീണ്ടും സഭ ചേരുമ്പോള്‍ ശക്തമായ പ്രതിഷേധമുയരാനാണ് സാധ്യത. പലകാര്യങ്ങളിലും ദേശതാല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ മാറിയിരിക്കുന്നു. തീവ്ര വലതുപക്ഷ നയങ്ങള്‍ നടപ്പാക്കാനാണ് മന്‍മോഹന്‍ സിങ്ങിന്റെ ശ്രമം. ഇതിനെതിരെയുള്ള പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്തണം.

പി കരുണാകരന്‍ deshabhimani 051211

1 comment:

  1. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ഒരുമാസം നീണ്ടുനില്‍ക്കുന്ന കാര്യപരിപാടികളോടെയാണ് വിളിച്ചുചേര്‍ത്തത്. എന്നാല്‍ , നവംബര്‍ 22 മുതല്‍ ഡിസംബര്‍ രണ്ട് വരെ ഒരു ദിവസം പോലും ചോദ്യോത്തരമോ മറ്റു സഭാനടപടികളോ നടത്താന്‍ കഴിഞ്ഞിട്ടില്ല. അന്തരിച്ച നേതാക്കള്‍ക്കുള്ള ആദരാഞ്ജലികളൊഴിച്ചാല്‍ വിവിധ കാരണങ്ങളാല്‍ ഇരുസഭകളും പൂര്‍ണമായും നിര്‍ത്തിവയ്ക്കേണ്ടിവന്നു.

    ReplyDelete