Tuesday, December 6, 2011

കോണി പോകുമോ എന്ന് ആശങ്ക:

ലയനത്തിന് ലീഗ് രാഷ്ട്രീയകാര്യ സമിതിയുടെ അംഗീകാരം

മലപ്പുറം: കോണി ചിഹ്നവും അംഗീകാരവും നഷ്ടപ്പെടുമോയെന്ന ആശങ്കക്കിടെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗും മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റിയും തമ്മിലുള്ള ലയനത്തിന് അംഗീകാരം. പാണക്കാട്ട് ചേര്‍ന്ന ലീഗ് രാഷ്ട്രീയകാര്യ സമിതിയാണ് ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയത്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കാന്‍ ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറിനെ ചുമതലപ്പെടുത്തി.

കേന്ദ്രമന്ത്രി ഇ അഹമ്മദിനെതിരെ ഉയര്‍ന്ന ഇരട്ടഅംഗത്വ വിവാദമാണ് ലയനത്തിന് വഴിയൊരുക്കിയത്. മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ പ്രതിനിധിയായി മത്സരിച്ച് ലോക്സഭയിലെത്തിയ അഹമ്മദ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ പ്രസിഡന്റാണ്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗും മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റിയും തെരഞ്ഞെടുപ്പ് കമീഷനില്‍ വെവ്വേറെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്റെ ചട്ടപ്രകാരം രണ്ട് പാര്‍ടിയിലുമുള്ള അഹമ്മദിന്റെ അംഗത്വം അയോഗ്യതക്ക് കാരണമാകും. ഇക്കാര്യത്തില്‍ അഹമ്മദിനോട് നവംബര്‍ 30നകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അഹമ്മദിനെ രക്ഷിക്കാനാണ് ധൃതിപിടിച്ചുള്ള ലയനം. എന്നാല്‍ സംസ്ഥാന ലീഗ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗില്‍ ലയിച്ചാല്‍ കോണി ചിഹ്നവും അംഗീകാരവും നഷ്ടപ്പെടുമോയെന്നാണ് ആശങ്ക. കാരണം സംസ്ഥാന പാര്‍ടിക്കാണ് അംഗീകാരവും ചിഹ്നവുമുള്ളത്. അംഗീകാരം നഷ്ടപ്പെടാതിരിക്കാനുള്ള രേഖകളും മറ്റ് വിവരങ്ങളും കമീഷന് കൈമാറും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കമീഷന്റേതാണ്.

ചിഹ്നം നഷ്ടപ്പെടുന്ന സാഹചര്യമില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി കെ എം കാദര്‍ മൊഹ്ദീനും സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ അഹമ്മദ് അധ്യക്ഷനായി. ഹൈദരലി ശിഹാബ് തങ്ങള്‍ , കെപിഎ മജീദ്, പി കെ കുഞ്ഞാലിക്കുട്ടി, എം പി അബ്ദുസമദ് സമദാനി, പി വി അബ്ദുല്‍ വഹാബ് തുടങ്ങിയവരും പങ്കെടുത്തു.

deshabhimani 061211

1 comment:

  1. കോണി ചിഹ്നവും അംഗീകാരവും നഷ്ടപ്പെടുമോയെന്ന ആശങ്കക്കിടെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗും മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റിയും തമ്മിലുള്ള ലയനത്തിന് അംഗീകാരം. പാണക്കാട്ട് ചേര്‍ന്ന ലീഗ് രാഷ്ട്രീയകാര്യ സമിതിയാണ് ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയത്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കാന്‍ ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറിനെ ചുമതലപ്പെടുത്തി.

    ReplyDelete