Monday, December 5, 2011

കേരളവും ബംഗാളും വ്യത്യസ്തംതന്നെ

കര്‍ഷക ആത്മഹത്യ തടയുന്നതില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ രാജ്യത്ത് ഏറ്റവും വലിയ നേട്ടമുണ്ടാക്കിയ സംസ്ഥാനങ്ങളില്‍ കേരളവും പശ്ചിമബംഗാളുമാണ് മുന്നില്‍ എന്ന റിപ്പോര്‍ട്ട്, ഇടതുപക്ഷ-ജനാധിപത്യ ശക്തികള്‍ക്ക് അഭിമാനത്തിന് വകനല്‍കുന്നതാണ്. ആഗോളവല്‍ക്കരണനയങ്ങളെ ചെറുത്ത്, ജനങ്ങളെ മുന്നില്‍ കണ്ടുള്ള ബദല്‍നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കേരളത്തിലും പശ്ചിമ ബംഗാളിലും ഇടതുപക്ഷ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ അത്ഭുതാവഹമായ നേട്ടങ്ങളാണുണ്ടാക്കിയത്. മഹാരാഷ്ട്ര, കര്‍ണാടകം പോലുള്ള സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ കാണെക്കാണെ പെരുകുമ്പോഴാണ് കേരളവും ബംഗാളും വിപരീതദിശയില്‍ സഞ്ചരിച്ചത്.

ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ആന്ധ്രപ്രദേശില്‍ "95-2002ല്‍ ആത്മഹത്യചെയ്ത കര്‍ഷകര്‍ 1590. 2003-10ല്‍ ആത്മഹത്യചെയ്തത് 2301 പേര്‍ . കഴിഞ്ഞ 16 വര്‍ഷം രണ്ടാക്കി തിരിച്ച് ഇങ്ങനെ കണക്കെടുത്താല്‍ ആന്ധ്രയില്‍ ആത്മഹത്യയിലുണ്ടായ വര്‍ധന 711 ആണ്. മഹാരാഷ്ട്രയില്‍ 1294. മധ്യപ്രദേശിലും ഛത്തീസ്ഗഢിലുമായി ഇങ്ങനെയുണ്ടായ വര്‍ധന 525. കേരളത്തില്‍ പക്ഷേ കര്‍ഷക ആത്മഹത്യകളുടെ എണ്ണത്തില്‍ 221ന്റെ കുറവാണുണ്ടായത്. ബംഗാളില്‍ ഉണ്ടാക്കാനായ കുറവ് 436 ആണ്.

കേരളത്തില്‍ വീണ്ടും കര്‍ഷക ആത്മഹത്യകളുടെ വാര്‍ത്തകള്‍ തുടരെ വരികയാണ്. മുമ്പ് കര്‍ഷക ആത്മഹത്യ ഇല്ലാതാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഈ ഘട്ടത്തില്‍ ഓര്‍മയിലേക്ക് വരേണ്ടതുണ്ട്. ദ ഹിന്ദു പത്രത്തിന്റെ ഗ്രാമീണകാര്യ പത്രാധിപര്‍ സായ്നാഥ് കണക്കുകള്‍ നിരത്തി കേരളത്തിന്റെ എല്‍ഡിഎഫ് കാലത്തെ നേട്ടം വിവരിക്കുന്നുണ്ട്. പ്രധാനമായും നാണ്യവിള കൃഷിയാണ് കേരളത്തില്‍ . അതുകൊണ്ടുതന്നെ ആഗോളവിപണിയിലെ വിലമാറ്റങ്ങള്‍ക്കനുസരിച്ച് കഠിനമായ പ്രത്യാഘാതങ്ങളാണ് കേരളത്തിലെ കര്‍ഷകര്‍ അനുഭവിക്കേണ്ടിവരിക. കിലോയ്ക്ക് 4000 രൂപവരെ ലഭിച്ച വാനിലയുടെ വില 80 രൂപയിലേക്ക് താഴ്ന്നതും വായ്പയെടുത്ത് വാനിലക്കൃഷി നടത്തിയ കര്‍ഷകര്‍ കുത്തുപാളയെടുത്തതും സായ്നാഥ് സൂചിപ്പിക്കുന്നുണ്ട്. നാണ്യവിളയുടെ വില സ്ഥിരതയില്ലാത്തതാണ്. അതാകട്ടെ പലപ്പോഴും ലോകനിലവാരത്തില്‍ത്തന്നെ കോര്‍പറേറ്റുകള്‍ക്ക് മാറ്റിമറിക്കാനും കഴിയും. ഈ സാഹചര്യങ്ങളൊക്കെ കേരളത്തിന്റെ അവസ്ഥ ഇതര സംസ്ഥാനങ്ങളേക്കാള്‍ മോശമാക്കി. കാപ്പിക്കും കുരുമുളകിനും ഏലത്തിനുമെല്ലാം വില കുറഞ്ഞപ്പോള്‍ കര്‍ഷകര്‍ക്കു മുന്നില്‍ ആത്മഹത്യയുടെ വഴി മാത്രമേ തെളിഞ്ഞിരുന്നുള്ളൂ. ആ അവസ്ഥയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ബോധപൂര്‍മായ ഇടപെടലിലൂടെ മാറ്റിക്കൊണ്ടുവന്നത്. കാര്‍ഷിക കടാശ്വാസ നടപടികള്‍ ഈ രംഗത്ത് സുപ്രധാന സംഭാവനചെയ്തു. കര്‍ഷകരുടെ ദുരിതക്കടങ്ങള്‍ എഴുതിത്തള്ളാനും എല്ലാ കര്‍ഷകര്‍ക്കും ആശ്വാസമെത്തിക്കാനും സര്‍ക്കാരിന് കഴിഞ്ഞതോടെയാണ് കര്‍ഷക ആത്മഹത്യകള്‍ക്ക് അറുതിയായത്.

2005-10 കാലത്ത് ഭക്ഷ്യവിളകളുടെ കൃഷിയില്‍ കേരളത്തില്‍ ഗണ്യമായ പുരോഗതിയുണ്ടായി. നെല്ലിന്റെ താങ്ങുവില 700 രൂപയില്‍നിന്ന് നേരെ ഇരട്ടിയായ 1400 രൂപയിലെത്തിച്ചു. ഇത്തരം ശക്തമായ ഇടപെടലുകളിലൂടെയാണ് സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കുന്നതുള്‍പ്പെടെ കാര്‍ഷികമേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലുണ്ടായത്. ആ അവസ്ഥയില്‍നിന്ന് സമീപനാളുകളില്‍ സംസ്ഥാനം പുറകോട്ടുപോയിരിക്കുന്നു. കേന്ദ്ര യുപിഎസര്‍ക്കാരും കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും ഇക്കാര്യത്തില്‍ ഒരേ ദിശയിലാണ് സഞ്ചരിക്കുന്നത്. സബ്സിഡി നല്‍കാന്‍ പണംകായ്ക്കുന്ന മരമില്ല എന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കഴിഞ്ഞമാസം പറഞ്ഞത്. ഗ്രാമങ്ങളില്‍ പ്രതിദിനം 26 രൂപയും നഗരങ്ങളില്‍ 32 രൂപയും വരുമാനമുള്ളവരെ ദരിദ്രരായി കണക്കാക്കാനാകില്ലെന്നാണ് ആസൂത്രണ കമീഷന്റെ നിലപാട്. പൊതുവിതരണ സമ്പ്രദായത്തിന്‍ കീഴില്‍ ബിപിഎല്‍ നിരക്കില്‍ ഭക്ഷ്യധാന്യം വിതരണംചെയ്യുന്നതിന് ഗുണഭോക്താക്കളെ കണ്ടെത്താന്‍ ഗ്രാമങ്ങളില്‍ പ്രതിദിനം 14 രൂപയും നഗരങ്ങളില്‍ 19 രൂപയും വരുമാനപരിധി നിശ്ചയിച്ചു. ഇത്തരം മാനദണ്ഡങ്ങള്‍ പ്രായോഗികമായാല്‍ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ഇന്നുകിട്ടുന്ന ആനുകൂല്യങ്ങള്‍ നഷ്ടമാകും.

എപിഎല്‍ -ബിപിഎല്‍ എന്ന് തരംതിരിച്ചശേഷം എപിഎല്‍ വിഭാഗത്തെ ആനുകൂല്യങ്ങളില്‍നിന്ന് മാറ്റുക; തുടര്‍ന്ന് ബിപിഎല്‍ രേഖ താഴ്ത്തി വരച്ച് ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടമാക്കുക എന്നതാണ് യുപിഎ സര്‍ക്കാരിന്റെ നയം. കാര്‍ഷികമേഖലയാണ് ഇതിന്റെ ഏറ്റവും കഠിനമായ ഫലം അനുഭവിക്കുക. കൂടുതല്‍ ജനങ്ങള്‍ കൃഷിയെ ആശ്രയിക്കുന്നു എന്നതുപോലെത്തന്നെ ദരിദ്രരുടെ എണ്ണം കൂടുതലുള്ളതും കാര്‍ഷികമേഖലയിലാണ്.

കരാര്‍കൃഷി വ്യാപകമാക്കി കാര്‍ഷികമേഖലയെ ബഹുരാഷ്ട്ര കമ്പനിക്കാരുടെ കൈകളില്‍ എത്തിക്കാനുള്ള പദ്ധതികള്‍ യുപിഎ സര്‍ക്കാര്‍ തീവ്രമായി നടപ്പാക്കുന്നു. കാര്‍ഷിക രാജ്യമായ ഇന്ത്യയില്‍ കൃഷിയെ സംരക്ഷിക്കുന്ന രീതിയിലുള്ള സബ്സിഡികളാണ് നിലനിന്നിരുന്നത്. അവ ഓരോന്നും പിന്‍വലിക്കുകയാണ്. അതിന്റെ ഫലമാണ് രാസവളത്തിന് അടുത്ത കാലത്തുണ്ടായ വന്‍ വിലവര്‍ധന. രാസവളത്തിന് മൂന്നു മാസത്തിനിടെ ആറ് തവണയാണ് വില കൂടിയത്. ഇറക്കുമതിചെയ്യുന്ന പൊട്ടാഷിന്റെ വിലയും കൂടി. കാര്‍ഷികമേഖലയിലെ പ്രതിസന്ധിയും കടബാധ്യതയും കാരണം കഴിഞ്ഞ 10 വര്‍ഷത്തിനകം രണ്ടരലക്ഷത്തിലധികം കര്‍ഷകര്‍ ഇന്ത്യയില്‍ ആത്മഹത്യചെയ്തിട്ടുണ്ട് എന്നാണ് ഔദ്യോഗിക കണക്ക്. ദുരിതങ്ങള്‍ കാരണം 80 ലക്ഷം പേര്‍ കൃഷി ഉപേക്ഷിച്ചു. നവ ഉദാരവല്‍ക്കരണനയങ്ങളാണ് ഇവിടെ കര്‍ഷകരുടെ ശത്രു. അതിനെ പ്രതിരോധിച്ച് ബദല്‍നയങ്ങള്‍ നടപ്പാക്കിയതുകൊണ്ടാണ് പശ്ചിമ ബംഗാളിനും കേരളത്തിനും കര്‍ഷക ആത്മഹത്യകള്‍ കുറയ്ക്കാന്‍ കഴിഞ്ഞത്. ഏതുനയമാണ് കര്‍ഷകരെ രക്ഷിക്കുക എന്ന് നിസ്സംശയം തെളിയിക്കുന്നതാണ് ഈ കണക്കുകള്‍ . കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തിയതോടെ കര്‍ഷക ആത്മഹത്യകള്‍ അടിക്കടി ഉണ്ടാകുന്നതിന്റെ പൊരുളും നയത്തിലെ ആ വ്യത്യാസംതന്നെ എന്ന് തിരിച്ചറിയപ്പെടണം.

deshabhimani editorial 061211

1 comment:

  1. കര്‍ഷക ആത്മഹത്യ തടയുന്നതില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ രാജ്യത്ത് ഏറ്റവും വലിയ നേട്ടമുണ്ടാക്കിയ സംസ്ഥാനങ്ങളില്‍ കേരളവും പശ്ചിമബംഗാളുമാണ് മുന്നില്‍ എന്ന റിപ്പോര്‍ട്ട്, ഇടതുപക്ഷ-ജനാധിപത്യ ശക്തികള്‍ക്ക് അഭിമാനത്തിന് വകനല്‍കുന്നതാണ്. ആഗോളവല്‍ക്കരണനയങ്ങളെ ചെറുത്ത്, ജനങ്ങളെ മുന്നില്‍ കണ്ടുള്ള ബദല്‍നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കേരളത്തിലും പശ്ചിമ ബംഗാളിലും ഇടതുപക്ഷ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ അത്ഭുതാവഹമായ നേട്ടങ്ങളാണുണ്ടാക്കിയത്. മഹാരാഷ്ട്ര, കര്‍ണാടകം പോലുള്ള സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ കാണെക്കാണെ പെരുകുമ്പോഴാണ് കേരളവും ബംഗാളും വിപരീതദിശയില്‍ സഞ്ചരിച്ചത്.

    ReplyDelete