നേഴ്സുമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാതെ അമൃത ആശുപത്രി മാനേജ്മെന്റ് പിടിവാശി തുടരുന്നു. ആശുപത്രി അടച്ചുപൂട്ടി സൂപ്പര്‍മാര്‍ക്കറ്റാക്കേണ്ടിവന്നാലും നേഴ്സുമാരുടെ ആവശ്യങ്ങളൊന്നും അംഗീകരിക്കില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കിയതായി സമരംചെയ്യുന്ന നേഴ്സുമാരുടെ പ്രതിനിധികള്‍ പറഞ്ഞു. അതേസമയം, നേഴ്സുമാരുടെ പ്രതിനിധികളായി ചിലര്‍ ആശുപത്രിക്ക് അനുകൂലമായി സമരം ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുയര്‍ന്നു.
അമൃതയിലെ ആയിരത്തോളം നേഴ്സുമാര്‍ പങ്കെടുക്കുന്ന പണിമുടക്കുസമരം മൂന്നുദിവസം പിന്നിട്ടിട്ടും ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്ക് മാനേജ്മെന്റ് തയ്യാറായിട്ടില്ല. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് രംഗത്തുവന്നിട്ടും നേഴ്സുമാരുടെ ന്യായമായ ആവശ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ് മാനേജ്മെന്റ്. സമരത്തിന് പിന്തുണയുമായെത്തിയ ജനപ്രതിധികള്‍ മുന്‍കൈയെടുത്താണ് അനൗപചാരിക ചര്‍ച്ച പോലും നടന്നത്. ആദ്യദിനത്തില്‍ത്തന്നെ സമരത്തിന് പിന്തുണ നല്‍കിയ പി രാജീവ് എംപി നടത്തിയ ചര്‍ച്ചയിലും വിട്ടുവീഴ്ചയ്ക്ക് മാനേജ്മെന്റ് സന്നദ്ധമല്ലെന്ന സൂചനയാണ് നല്‍കിയത്.
ചര്‍ച്ചകളില്‍ സമരംചെയ്യുന്നവരുടെ പ്രതിനിധികളെ പങ്കെടുപ്പിക്കില്ലെന്ന നിഷേധ നിലപാടും തുടരുന്നു. മാനേജ്മെന്റ് ക്ഷണിച്ചതനുസരിച്ച് സൗഹൃദചര്‍ച്ചയ്ക്കെത്തിയ സംഘടനാപ്രതിനിധികളെ ആശുപത്രിക്കുള്ളില്‍ മൃഗീയമായി മര്‍ദിച്ചതാണ് സമരം പൊട്ടിപ്പുറപ്പെടാന്‍ പെട്ടെന്നുണ്ടായ കാരണമെന്നതും മാനേജ്മെന്റ് വിസ്മരിച്ച മട്ടാണ്. ശമ്പളവര്‍ധനയും മറ്റ് സേവനവ്യവസ്ഥകളും പരിഷ്കരിക്കില്ലെന്നും ശിക്ഷാനടപടികള്‍ പിന്‍വലിക്കില്ലെന്നും അവര്‍ ആവര്‍ത്തിക്കുന്നു. നേഴ്സുമാര്‍ പണിമുടക്കിയത് ആശുപത്രിപ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന നിലപാടിലാണവര്‍ . പണിമുടക്കിയതിനു പിന്നാലെ അമൃതയ്ക്കുകീഴിലെ മറ്റു സ്ഥാപനങ്ങളില്‍നിന്ന് സന്ന്യസ്തരുള്‍പ്പെടെയുള്ളവരെ ആശുപത്രിസേവനത്തിന് നിയോഗിക്കുകയാണ് മാനേജ്മെന്റ് ചെയ്തത്. നേഴ്സുമാരുടെ സേവനം ആവശ്യത്തിന് ലഭ്യമല്ലാതിരുന്ന സ്ഥാനത്താണ് നേഴ്സുമാരല്ലാത്തവരെയും ഈ ഡ്യൂട്ടിക്കു നിയോഗിച്ചത്. അഞ്ചു രോഗികള്‍ക്ക് ഒരു നേഴ്സിന്റെ സേവനം വേണ്ടപ്പോള്‍ 12 രോഗികള്‍ക്ക് ഒരു നേഴ്സ് എന്ന അനുപാതമാണ് അമൃതയിലുണ്ടായിരുന്നത്.
1000 നേഴ്സുമാര്‍ക്കു പകരമായി 500 സന്നദ്ധസേവകരെ നിയോഗിച്ചാല്‍ എങ്ങനെ ആശുപത്രി പ്രവര്‍ത്തിക്കുമെന്ന് സമരംചെയ്യുന്ന നേഴ്സുമാര്‍ ചോദിക്കുന്നു. ഇതിനിടെ, സമരത്തിന്റെ നേതൃത്വം സ്വയം ഏറ്റെടുത്ത് രംഗത്തുവന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ നേഴ്സുമാരുടെ പ്രതിനിധിയായി മാനേജ്മെന്റുമായി ഒത്തുതീര്‍പ്പുണ്ടാക്കിയത് പ്രക്ഷോഭകരില്‍ അമര്‍ഷമുണ്ടാക്കി. സമരം ഒത്തുതീര്‍പ്പായെന്ന വാര്‍ത്തയും ഒരു പ്രമുഖ പത്രത്തില്‍ നല്‍കി. തങ്ങളുടെ ആവശ്യങ്ങള്‍ ചോദിച്ചറിയാതെയും തങ്ങളുടെ അനുമതി ഇല്ലാതെയുമാണ് ഈ ജനപ്രതിനിധി ചര്‍ച്ചയ്ക്കു പോയതെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന യുഎന്‍ഒയുടെ പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു.
deshabhimani 091211
നേഴ്സുമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാതെ അമൃത ആശുപത്രി മാനേജ്മെന്റ് പിടിവാശി തുടരുന്നു. ആശുപത്രി അടച്ചുപൂട്ടി സൂപ്പര്‍മാര്‍ക്കറ്റാക്കേണ്ടിവന്നാലും നേഴ്സുമാരുടെ ആവശ്യങ്ങളൊന്നും അംഗീകരിക്കില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കിയതായി സമരംചെയ്യുന്ന നേഴ്സുമാരുടെ പ്രതിനിധികള്‍ പറഞ്ഞു. അതേസമയം, നേഴ്സുമാരുടെ പ്രതിനിധികളായി ചിലര്‍ ആശുപത്രിക്ക് അനുകൂലമായി സമരം ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുയര്‍ന്നു.
ReplyDeleteഅമൃത ആശുപത്രിയില്‍ സമരംചെയ്യുന്ന നേഴ്സുമാരിലൊരാളെ ആശുപത്രി അധികൃതര്‍ പൂട്ടിയിട്ടു മര്‍ദിച്ചു. സമരത്തിന്റെ നോട്ടീസ് വിതരണംചെയ്യാന്‍ നേഴ്സിങ് കോളേജിലെത്തിയ നിഫിയെയാണ് മര്‍ദിച്ചത്. സംഭവത്തില്‍ ആശുപത്രി ജീവനക്കാരായ അനില്‍ , ബിജു എന്നിവരെ അസിസ്റ്റന്റ് കമീഷണര്‍ സുനില്‍ ജേക്കബ്, ചേരാനല്ലൂര്‍ എസ്ഐ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ്ചെയ്തു. പി രാജീവ് എംപി, ഹൈബി ഈഡന്‍ എംഎല്‍എ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ ചന്ദ്രന്‍പിള്ള, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. എം അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മാനേജ്മെന്റുമായി ചര്‍ച്ച നടക്കുന്നതിനിടെയാണ് സംഭവം. പൊലീസ് നിഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ സമരംചെയ്യുന്ന പെണ്‍കുട്ടികളുടെ ചിത്രം വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരിലൊരാളെ നേഴ്സുമാരുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. തങ്ങളെ പ്രകോപിപ്പിച്ച് അനിഷ്ടസംഭവങ്ങളുണ്ടാക്കാനും അതുവഴി സ്ഥലത്ത് ക്രമസമാധാനപ്രശ്നം സൃഷ്ടിച്ച് സമരത്തെ അടിച്ചൊതുക്കാനുമാണ് മാനേജ്മെന്റ് ശ്രമിക്കുന്നതെന്ന് സമരക്കാര്‍ പറഞ്ഞു. ചൊവ്വാഴ്ച ആരംഭിച്ച സമരം ഒത്തുതീര്‍പ്പാക്കാന്‍ ഒരു നടപടിയുമെടുക്കാത്തതിനു പുറമെയാണ് ആശുപത്രി അധികൃതരുടെ പ്രതികാരനടപടി. ജീവനക്കാരുടെ അഭാവവും സമരവും മൂലം പ്രവര്‍ത്തനം താളംതെറ്റിയ ആശുപത്രിയില്‍നിന്ന് രോഗികള്‍ കൂട്ടംകൂട്ടമായി ഡിസ്ചാര്‍ജ് വാങ്ങിപ്പോകുന്നുണ്ട്്. ബുധനാഴ്ചമാത്രം 156 പേര്‍ ആശുപത്രിവിട്ടു. വ്യാഴാഴ്ച ഇരുന്നൂറിനടുത്ത് ആളുകള്‍ പോയതായാണ് കണക്കെങ്കിലും എണ്ണം പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ആശുപത്രി പ്രവര്‍ത്തനം സുഗമമാണെന്നു വരുത്തിത്തീര്‍ക്കാന്‍ നേഴ്സിങ് വിദ്യാര്‍ഥികളെയും അമൃതാനന്ദമയി മഠം പ്രവര്‍ത്തകരെയും വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ , ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ഥികളടക്കം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തുവന്നിട്ടുണ്ട്. ആശുപത്രിയുടെ പ്രധാന കവാടത്തിനു മുന്നില്‍ കുത്തിയിരുന്ന സമരക്കാരെ അവിടെനിന്നു മാറ്റുന്നതിനായി സമരക്കാര്‍ സമാധാനപരമായി ഇരുന്ന് മുദ്രാവാക്യം വിളിച്ചിരുന്ന സ്ഥലങ്ങളില്‍ അധികൃതര്‍ ആശുപത്രി വാഹനങ്ങള്‍ നിരത്തി. തുടര്‍ന്ന് ആശുപത്രി കെട്ടിടത്തിനു സമീപത്ത് പൊരിവെയിലിലിലും നേഴ്സുമാര്‍ കുത്തിയിരിപ്പു തുടരുകയാണ്. സമരംചെയ്യുന്ന ജീവനക്കാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് വിവിധ ഭാഗങ്ങളില്‍നിന്നുള്ള നേഴ്സുമാര്‍ അമൃതയിലെത്തിയിട്ടുണ്ട്. അമൃതയിലെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനവ്യാപകമായി നേഴ്സുമാര്‍ കരിദിനം ആചരിച്ചു. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ നേഴ്സിങ് വിദ്യാര്‍ഥികളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച നേഴ്സിങ് സ്റ്റുഡന്റ്സ് പേരന്റ്സ് അസോസിയേഷന്‍ നേതൃത്വത്തില്‍ രക്ഷാകര്‍ത്താക്കള്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയംഗം വി എ സക്കീര്‍ഹുസൈന്‍ , ബ്ലോക്ക് സെക്രട്ടറി എ ജി ഉദയകുമാര്‍ , ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ വി അനില്‍കുമാര്‍ , കൗണ്‍സിലര്‍ എം പി മഹേഷ്കുമാര്‍ എന്നിവരും വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളും സമരക്കാര്‍ക്ക് പിന്തുണയുമായി ആശുപത്രിയിലെത്തി.
ReplyDelete