Saturday, December 24, 2011

കമ്യൂണിസ്റ്റ് ലീഗിന്റെ സ്മരണയില്‍ തലസ്ഥാനം

രാജഭരണത്തിലെ അനീതിക്കെതിരെ ആദ്യ കര്‍ഷകസമരം പൊട്ടിപ്പുറപ്പെട്ട അനന്തപുരി വീണ്ടുമൊരു ചരിത്രമുന്നേറ്റത്തിന് തയ്യാറെടുക്കുന്നു. തൊഴിലാളിവര്‍ഗ-കര്‍ഷക പ്രസ്ഥാനത്തിന്റെ രണസ്മരണകളില്‍ ജ്വലിച്ചുനില്‍ക്കുന്ന തലസ്ഥാനത്ത്, ആദ്യമായി നടക്കുന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിന് ജില്ലയാകെ ഒരുങ്ങുന്നു. ഫെബ്രുവരി ഏഴുമുതല്‍ പത്തുവരെയാണ് സമ്മേളനം. ഔപചാരികമായി കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിക്കുന്നതിനു മുമ്പ് കമ്യൂണിസ്റ്റ് ലീഗ് രൂപം കൊണ്ടതോടെയാണ് ജില്ലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രമാരംഭിക്കുന്നത്.

1931ല്‍ തിരുവനന്തപുരം കേന്ദ്രമാക്കിയാണ് കമ്യൂണിസ്റ്റ് ലീഗ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. അതിന് നേതൃത്വം വഹിച്ചവരില്‍ ഒരാള്‍ 1937ല്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് രൂപംനല്‍കിയ നാലുപേരില്‍പെട്ട എന്‍ സി ശേഖറാണ്. പൊന്നറ ശ്രീധര്‍ , എന്‍ പി കുരുക്കള്‍ , എന്‍ സി ശേഖര്‍ , തിരുവട്ടാര്‍ താണുപിള്ള, ശിവശങ്കരപ്പിള്ള, പി ആര്‍ അയ്യര്‍ , തൈക്കാട് ഭാസ്കര്‍ എന്നിവരായിരുന്നു തൈക്കാട്ട് ഒരു രഹസ്യസങ്കേതത്തില്‍ രൂപംകൊണ്ട കമ്യൂണിസ്റ്റ് ലീഗിന്റെ സ്ഥാപകര്‍ . ഇന്ത്യയില്‍ പൂര്‍ണസ്വാതന്ത്ര്യം സ്ഥാപിക്കുക, ഉല്‍പ്പാദനവും വിതരണവും പൊതുഉടമയില്‍ ആക്കി സമൂഹത്തെ പുനഃസംഘടിപ്പിക്കുക എന്ന ആഹ്വാനം 1931 ഏപ്രില്‍ എട്ടിന് കമ്യൂണിസ്റ്റ് ലീഗ് പുറപ്പെടുവിച്ചു. 1940ലാണ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഘടകം തിരുവനന്തപുരത്ത് രൂപീകരിക്കപ്പെട്ടത്. ഉള്ളൂര്‍ ഗോപി, മണ്ണന്തല കരുണാകരന്‍ , തൈക്കാട് ഭാസ്കര്‍ , പുതുപ്പള്ളി രാഘവന്‍ തുടങ്ങിയവരായിരുന്നു അതിനു മുന്‍കൈയെടുത്തത്. ഏറെ താമസിയാതെ കാട്ടായിക്കോണം വി ശ്രീധര്‍ , പി ഫക്കീര്‍ഖാന്‍ , ഐ സ്റ്റുവര്‍ട്ട്, ജി എസ് മണി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജില്ലയുടെ പലഭാഗത്തും കമ്യൂണിസ്റ്റ് പാര്‍ടി സെല്ലുകള്‍ രൂപീകരിച്ചു. പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി, കെ ദാമോദരന്‍ , ഇ കെ നായനാര്‍ , കെ സി ജോര്‍ജ്, എം എന്‍ ഗോവിന്ദന്‍നായര്‍ , ഉണ്ണിരാജ തുടങ്ങി ഒട്ടേറെ നേതാക്കള്‍ അക്കാലത്ത് ഒളിവില്‍ പ്രവര്‍ത്തിച്ച് ജില്ലയില്‍ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്.

തലസ്ഥാനത്ത് സംസ്ഥാനസമ്മേളനം ഇദംപ്രഥമമാണെങ്കിലും 1988 ഡിസംബറില്‍ 13-ാം പാര്‍ടി കോണ്‍ഗ്രസിനും 2000ത്തില്‍ സ്പെഷ്യല്‍ പ്ലീനത്തിനും തിരുവനന്തപുരം ആതിഥ്യമരുളിയിട്ടുണ്ട്. അന്നെല്ലാം തലസ്ഥാന നഗരി സാക്ഷ്യംവഹിച്ചത് അഭൂതപൂര്‍വമായ ബഹുജനമുന്നേറ്റത്തിനാണ്.

deshabhimani 231211

No comments:

Post a Comment