Saturday, December 24, 2011
പോരാട്ടത്തിന്റെ ഉറവ വറ്റാതെ ഏറനാട്
നിലമ്പൂര്‍ : ജന്മിത്തത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും എതിരെ നടത്തിയ സമരങ്ങളാണ് ഏറനാടിന്റെ ചരിത്രം. ചെറുതും വലുതുമായ ഒട്ടേറെ പോരാട്ടങ്ങള്‍ക്ക് ചാലിയാര്‍ കിന്നരികെട്ടിയ ഈ മണ്ണ് സാക്ഷ്യംവഹിച്ചു. 1940-കളില്‍ എ കെ ജിയുടെ നേതൃത്വത്തില്‍ ഭൂരഹിതരായ കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും സംഘടിപ്പിച്ച് സമരമുഖം തുറന്നു. ഭൂമിക്കുവേണ്ടിയുള്ള ആ പ്രക്ഷോഭത്തിന്റെ അലയൊലി ഏറനാട്ടിലും പടര്‍ന്നു. ഉള്‍നാടന്‍ ഗ്രാമങ്ങളിലും തോട്ടം തൊഴിലാളി മേഖലകളിലും വിപ്ലവജ്വാല തെളിഞ്ഞു. ഒരുപിടി മണ്ണിനുവേണ്ടി വാദിക്കുന്നവരെ ബ്രിട്ടീഷ് പട്ടാളവും ജന്മിമാരുടെ കൂലിത്തല്ലുകാരും ക്രൂരമായി മര്‍ദിച്ചു. വെല്ലുവിളികളെ നെഞ്ചുവിരിച്ച് നേരിട്ട് ഒരുപറ്റം യുവാക്കള്‍ രംഗത്തെത്തി. അതിന്റെ അനുരണനമായി 1946 ഡിസംബര്‍ 26ന് അമരമ്പലത്ത് ഇരുപതോളം പേര്‍ പങ്കെടുത്ത് കമ്യൂണിസ്റ്റ് പാര്‍ടി സെല്ലിന് രൂപംനല്‍കി. കോല്‍ക്കാരന്‍ രാമന്‍ , കടുക്കാശേരി രാമന്‍ , കൊട്ടേക്കാട്ടില്‍ നാരായണന്‍ , പുലത്ത് ഉണ്ണി ചേക്കു, വടക്കുമ്പാടന്‍ ചിന്നന്‍ , കോല്‍ക്കാടന്‍ വേലായുധന്‍ , പാലശേരി അപ്പു നായര്‍ എന്നിവരായിരുന്നു പ്രമുഖര്‍ .
ഈ വീര്യം ഏറനാടിന്റെ നാട്ടുവഴിയിലേക്ക് ഒഴുകിപ്പരന്നു. "മണ്ണില്ലാത്തോര്‍ക്കിത്തിരി മണ്ണും പാവങ്ങള്‍ക്കൊരു ചെറുകുടിലും" എന്ന മുദ്രാവാക്യം ഗ്രാമങ്ങളെ മുഖരിതമാക്കി. കമ്പനി വക തോട്ടങ്ങളായ ആര്‍ത്തലാടി എസ്റ്റേറ്റ്, പുല്ലങ്കോട് റബര്‍ എസ്റ്റേറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ തൊഴിലാളികളുടേത് അടിമതുല്യ ജീവിതമായിരുന്നു. തൊഴിലാളികളെയും കൃഷിക്കാരെയും ഈശ്വരന്‍ നമ്പൂതിരി, നല്ലേങ്ങര കറുപ്പന്‍ , കെ കുഞ്ഞാലി എന്നിവര്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. സാധു പി അഹമ്മദ്കുട്ടി, മുഹമ്മദ് ഇസ്ഹാക്ക്, എടക്കോട് മുഹമ്മദ്, കുഞ്ഞുണ്ണി തുടങ്ങിയ ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കളും പ്രവര്‍ത്തനത്തിന് കരുത്തുപകര്‍ന്നു. 1953-57 കാലഘട്ടം കര്‍ഷകപ്രസ്ഥാനത്തിന്റെ തരിശ് സമരത്തിന്റേതായിരുന്നു. സ. കുഞ്ഞാലിയുടെ നേതൃത്വത്തില്‍ പോരാട്ടത്തിന് പുതുചിറക് മുളച്ചു. കാളികാവ്, അമരമ്പലം, ചുങ്കത്തറ, വഴിക്കടവ്, എടക്കര പ്രദേശങ്ങളില്‍ ജന്മിമാരുടെ ചോറ്റുപട്ടാളത്തെ വകവയ്ക്കാതെ കര്‍ഷകര്‍ ഭൂമിയില്‍ അവകാശം സ്ഥാപിച്ചു.
ഇതിനെതിരെ മദിരാശി സംസ്ഥാനം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പൊലീസ് ക്രൂരമായ മര്‍ദനം അഴിച്ചുവിട്ടു. സ. കുഞ്ഞാലിയെയും 16 സഖാക്കളെയും കരുവാരക്കുണ്ടില്‍വച്ച് പിടികൂടി തുറുങ്കിലടച്ചു. പാട്ടം പരിവിന് പുറമെ കുടിയാന്മാരുടെ പറമ്പുകളിലെ മരങ്ങളും ജന്മിമാര്‍ മുറിച്ചുകൊണ്ടുപോയി. കുപ്പിണി കുഞ്ഞന്റെ തേക്കും മാവും മുറിച്ചുകടത്താന്‍ ജന്മിമാരുടെ ആളുകളെത്തിയപ്പോള്‍ വെട്ടിയ മരത്തിനുമേല്‍ സഖാക്കള്‍ കമിഴ്ന്നുകിടന്നു. മരം കൊണ്ടുപോകാന്‍ കഴിയാതെ അവസാനം അത് വീതംവച്ചു. കര്‍ഷകര്‍ അവകാശം സ്ഥാപിച്ചതിന്റെ തുടക്കമായിരുന്നു ആ സംഭവം.
കിഴക്കനേറനാട്ടിലെ മൊത്തം ഭൂമിയുടെ അവകാശം നിലമ്പൂര്‍ കോവിലകത്തിനായിരുന്നു. കോവിലകത്ത് പിറന്നിട്ടും ജന്മിത്തത്തിനെതിരെ പോരാട്ടം സംഘടിപ്പിച്ച സ. കുഞ്ഞുകുട്ടന്‍ തമ്പാനും ബാലകൃഷ്ണന്‍ തമ്പാനും സമരത്തിന് പകര്‍ന്ന വീര്യം ചെറുതല്ല. ഭൂരഹിതരായ ഒട്ടേറെ പേരെ മണ്ണിന്റെ ഉടമകളാക്കിയ കോവിലകം പ്രക്ഷോഭം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ വളര്‍ച്ചയുണ്ടാക്കി. പൊട്ടിക്കല്ല്, തലപ്പാലിപ്പൊട്ടി, പൂളപ്പാടം തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂരഹിതര്‍ ഭൂമി പിടിച്ചെടുത്തു. കാട് പിടിച്ചുകിടന്ന കോവിലകംസ്ഥലം വെട്ടിത്തെളിച്ച് കുടില്‍ കെട്ടുകയായിരുന്നു സമരരീതി.
deshabhimani 241211
Labels:
ഏറനാട്,
ചരിത്രം,
പോരാട്ടം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
ജന്മിത്തത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും എതിരെ നടത്തിയ സമരങ്ങളാണ് ഏറനാടിന്റെ ചരിത്രം. ചെറുതും വലുതുമായ ഒട്ടേറെ പോരാട്ടങ്ങള്‍ക്ക് ചാലിയാര്‍ കിന്നരികെട്ടിയ ഈ മണ്ണ് സാക്ഷ്യംവഹിച്ചു. 1940-കളില്‍ എ കെ ജിയുടെ നേതൃത്വത്തില്‍ ഭൂരഹിതരായ കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും സംഘടിപ്പിച്ച് സമരമുഖം തുറന്നു. ഭൂമിക്കുവേണ്ടിയുള്ള ആ പ്രക്ഷോഭത്തിന്റെ അലയൊലി ഏറനാട്ടിലും പടര്‍ന്നു. ഉള്‍നാടന്‍ ഗ്രാമങ്ങളിലും തോട്ടം തൊഴിലാളി മേഖലകളിലും വിപ്ലവജ്വാല തെളിഞ്ഞു. ഒരുപിടി മണ്ണിനുവേണ്ടി വാദിക്കുന്നവരെ ബ്രിട്ടീഷ് പട്ടാളവും ജന്മിമാരുടെ കൂലിത്തല്ലുകാരും ക്രൂരമായി മര്‍ദിച്ചു. വെല്ലുവിളികളെ നെഞ്ചുവിരിച്ച് നേരിട്ട് ഒരുപറ്റം യുവാക്കള്‍ രംഗത്തെത്തി. അതിന്റെ അനുരണനമായി 1946 ഡിസംബര്‍ 26ന് അമരമ്പലത്ത് ഇരുപതോളം പേര്‍ പങ്കെടുത്ത് കമ്യൂണിസ്റ്റ് പാര്‍ടി സെല്ലിന് രൂപംനല്‍കി. കോല്‍ക്കാരന്‍ രാമന്‍ , കടുക്കാശേരി രാമന്‍ , കൊട്ടേക്കാട്ടില്‍ നാരായണന്‍ , പുലത്ത് ഉണ്ണി ചേക്കു, വടക്കുമ്പാടന്‍ ചിന്നന്‍ , കോല്‍ക്കാടന്‍ വേലായുധന്‍ , പാലശേരി അപ്പു നായര്‍ എന്നിവരായിരുന്നു പ്രമുഖര്‍ .
ReplyDelete