Sunday, December 11, 2011

സാമ്പത്തിക വളര്‍ച്ച കുറയും; പണപ്പെരുപ്പം കുറയുന്നില്ല

അര്‍ദ്ധ വാര്‍ഷീക സാമ്പത്തീക അവലോകന റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ സ്വന്തം ചെയ്തികളുടെ ഫലമായി ഇടിവെട്ടിയവനെ പാമ്പും കടിച്ചു എന്ന അവസ്ഥയിലാണ് കേന്ദ്ര സര്‍ക്കാര്‍. രാഷ്ട്രീയ ചെറുത്തുനില്‍പ്പുകള്‍ക്ക് പോലും നേരമില്ലാത്ത നേരത്ത് പോക്കറ്റ് കീറുന്ന സ്ഥിതി. നടപ്പു സാമ്പത്തീക വര്‍ഷത്തില്‍ 9 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിരുന്നെങ്കിലും അത് 7.5 ശതമാനത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. എന്നാല്‍ സാമ്പത്തിക വളര്‍ച്ച ഇനിയും ഇടിയുമെന്നു തന്നെയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലമെന്റില്‍ വച്ച 2011-2012 സാമ്പത്തീക വര്‍ഷത്തിലെ അര്‍ദ്ധവാര്‍ഷീക സാമ്പത്തീക അവലോകന റിപ്പോര്‍ട്ട് തന്നെ ഇക്കാര്യം സമ്മതിക്കുന്നു.

ആഗോള സാമ്പത്തീക പ്രശ്‌നങ്ങളെ പഴിചാരി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. യൂറോപ്യന്‍, അമേരിക്കന്‍ സാമ്പത്തീക വ്യവസ്ഥകള്‍ മെച്ചപ്പെട്ടാലെ ഇന്ത്യയിലും സാമ്പത്തീക വളര്‍ച്ചയുണ്ടാകുകയുള്ളുവെന്ന ന്യായമാണ് അര്‍ദ്ധവാര്‍ഷീക റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാരിന് നിരത്താനുള്ളത്. അവിടങ്ങളില്‍ മോശം സ്ഥിതി തുടര്‍ന്നാല്‍ ഇവിടെയും സ്ഥിതി മോശമാകുമെന്ന മുന്‍കൂര്‍ ജാമ്യവും എടുക്കുന്നുണ്ട് കേന്ദ്രം. രണ്ടാം യൂ പി എ സര്‍ക്കാരിന്റെ ആദ്യ രണ്ട് വര്‍ഷങ്ങളില്‍ യഥാക്രമം 8 ശതമാനവും 8.5 ശതമാനവും വളര്‍ച്ച നേടിയെങ്കില്‍ മൂന്നാ വര്‍ഷമായ 20011-12ന്റെ ആദ്യ പകുതിയില്‍ തന്നെ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ഇനിയും മോശമാകുമെന്ന സൂചനകള്‍ വേറെയും. എങ്ങനെയെങ്കിലും സാമ്പത്തിക കമ്മി 4.6 ശതമാനത്തില്‍ നിന്ന് വര്‍ദ്ധിക്കാതെ ശ്രമിക്കുമെന്ന് ധന മന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു.

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ ഇടിവ്. കയറ്റുമതിയില്‍ വന്‍ ഇടിവ്. സാമ്പത്തിക മാന്ദ്യം മൂലം ഉപഭോഗത്തിലും മുതല്‍മുടക്കിലും ഗണ്യമായ കുറവ്. ലോക സാമ്പത്തിക മേഖലയിലെ തകര്‍ച്ച മൂലം വ്യാവസായീക വളര്‍ച്ച തുലോം കുറഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ജി ഡി പി വളര്‍ച്ച 7.3 ശതമാനമായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ വളര്‍ച്ച 8.6 ശതമാനവും. വ്യാവസായീക വളര്‍ച്ച മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 8.1 ശതമാനമായിരുന്നത് ഈ വര്‍ഷം 4.2 ശതമാനമായി കുത്തനെ ഇടിഞ്ഞു.   പണപ്പെരുപ്പം 10 ശതമാനത്തിനടുത്താണ് നില്‍ക്കുന്നത്. സാമ്പത്തീക വര്‍ഷാവസാനത്തോടെ അത് 7 ശതമാനത്തിലേക്ക് എത്തുമെന്ന് കേന്ദ്രം പറയുന്നുണ്ടെങ്കിലും ഒച്ചിന്റെ വേഗതയെ പോലും നാണിപ്പിക്കുന്ന വിധത്തിലാണ് പണപ്പെരുപ്പ നിരക്കിലെ കുറവ് രേഖപ്പെടുത്തുന്നത്. 8 സുപ്രധാന വ്യാവസായീക മേഖലകളുടെ വളര്‍ച്ച പരിതാപകരമായിരുന്നു. നേരിയ ആശ്വാസമായുള്ളത് കാര്‍ഷീക-സേവന മേഖലകളുടെ വളര്‍ച്ചയാണ്. വിദേശനാണ്യ കരുതല്‍ ശേഖരം ഭേദപ്പെട്ട നിലയിലാണെന്നതും ചെറിയ ആശ്വാസമാണ്.

സാമ്പത്തിക വളര്‍ച്ചയിലെ തകര്‍ച്ച നേരിടാന്‍ റെവന്യു വര്‍ദ്ധിപ്പിക്കേണ്ടി വന്നേക്കും. ഇതിന്റെ മറവില്‍ പൊതുമേഖലാ ഓഹരികള്‍ വിറ്റഴിക്കാനുള്ള സാധ്യതയാണ് കാണുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാതത്തിലും സാമ്പത്തിക കമ്മി കുറച്ചുകൊണ്ടുവരാന്‍ സാധിക്കില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യ പാതത്തില്‍ മൂന്ന് മുഖ്യ സാമ്പത്തിക ഏകീകരണ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് കാര്യങ്ങള്‍ നടന്നിട്ടില്ലെന്ന് ധനമന്ത്രി തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാതത്തിലും മോശമാകുന്നതിന്റെ സൂചനയാണ്.

janayugom 111211

2 comments:

  1. അര്‍ദ്ധ വാര്‍ഷീക സാമ്പത്തീക അവലോകന റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ സ്വന്തം ചെയ്തികളുടെ ഫലമായി ഇടിവെട്ടിയവനെ പാമ്പും കടിച്ചു എന്ന അവസ്ഥയിലാണ് കേന്ദ്ര സര്‍ക്കാര്‍. രാഷ്ട്രീയ ചെറുത്തുനില്‍പ്പുകള്‍ക്ക് പോലും നേരമില്ലാത്ത നേരത്ത് പോക്കറ്റ് കീറുന്ന സ്ഥിതി. നടപ്പു സാമ്പത്തീക വര്‍ഷത്തില്‍ 9 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിരുന്നെങ്കിലും അത് 7.5 ശതമാനത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. എന്നാല്‍ സാമ്പത്തിക വളര്‍ച്ച ഇനിയും ഇടിയുമെന്നു തന്നെയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലമെന്റില്‍ വച്ച 2011-2012 സാമ്പത്തീക വര്‍ഷത്തിലെ അര്‍ദ്ധവാര്‍ഷീക സാമ്പത്തീക അവലോകന റിപ്പോര്‍ട്ട് തന്നെ ഇക്കാര്യം സമ്മതിക്കുന്നു.

    ReplyDelete
  2. രാജ്യത്തെ വ്യവസായ വളര്‍ച്ച നെഗറ്റീവ് 5.1% മായി ഇടിഞ്ഞു. നിര്‍മ്മാണ-ഖനന മേഖലകളിലെ ഇടിവാണ് വളര്‍ച്ചനിരക്കില്‍ കനത്ത ഇടിവുണ്ടാക്കിയത്. പലിശനിരക്കുയര്‍ന്നതും, സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകളും നിരക്ക് കുറയുവാനിടയാക്കി. നിര്‍മാണമേഖലയില്‍ നെഗറ്റീവ് 6% ഖനന മേഖലയില്‍ നെഗറ്റീവ് 7.2% മായി വളര്‍ച്ച ഇടിഞ്ഞു. വൈദ്യുതി ഉല്‍പാദനത്തില്‍ മാത്രം 5.6% വര്‍ധനയുണ്ടായി. ഏപ്രില്‍ -ഒക്ടോബര്‍ മാസങ്ങളില്‍ വ്യവസായിക വളര്‍ച്ച 3.5% ആണ്. മുന്‍ വര്‍ഷത്തില്‍ ഇക്കാലത്ത് 8.7% ആയിരുന്നു. സെപ്റ്റംബറില്‍ മാത്രം 1.9 വളര്‍ച്ചയുണ്ടായിരുന്നിടത്തുനിന്നുമാണ് കൂപ്പുകുത്തിയത്. ഒക്ടോബറില്‍ നിര്‍മ്മാണമേഖലയിലും കനത്ത ഇടിവുണ്ടാക്കി. രാജ്യത്തെ വ്യവസായരംഗത്ത് വലിയപ്രതിഫലനമുണ്ടാക്കിയിരുന്ന ഖനനമേഖലയിലുണ്ടായ തളര്‍ച്ചയാണ് വളര്‍ച്ചാനിരക്കില്‍ കുറവുണ്ടാക്കിയത്. ഇതോടെ രാജ്യത്തെ സാമ്പത്തികരംഗത്ത് വന്‍ തിരിച്ചടിയുണ്ടാകുമെന്ന് നിരീക്ഷിക്കപ്പെടുന്നു.

    ReplyDelete