Friday, December 23, 2011

കോമരമായി ഉറഞ്ഞുതുള്ളി കണ്ടന്‍പൂശാരിയുടെ ക്ഷേത്രപ്രവേശനസമരം

പാലക്കാട് ജില്ലയില്‍ കര്‍ഷക-കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുണ്ടാക്കിയ സമരങ്ങളില്‍ ജന്മിത്തത്തിനെതിരായ പോരാട്ടം പോലെ പ്രസിദ്ധമാണ് ക്ഷേത്രപ്രവേശന സമരങ്ങളും. താഴ്ന്ന ജാതിക്കാര്‍ക്ക് വഴിനടക്കാന്‍ അവകാശം നിഷേധിച്ചപോലെ, ക്ഷേത്രങ്ങളില്‍ തൊഴാനും അവകാശമില്ലായിരുന്നു. 1942ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ കേരളത്തിലാകെ ക്ഷേത്രപ്രവേശന സമരം ആരംഭിച്ചപ്പോള്‍ ആലത്തൂരിലും ശക്തമായ സമരങ്ങള്‍ നടന്നു. ആലത്തൂര്‍ ആര്‍ കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ആലത്തൂര്‍ , പാലക്കാട് താലൂക്കുകളില്‍ സമരങ്ങള്‍ അരങ്ങേറിയത്. ജില്ലയൊന്നാകെ സമരങ്ങളില്‍ ആവേശപുര്‍വം പങ്കെടുത്തു. ജനങ്ങളെ പാര്‍ടിയോട് അടുപ്പിക്കുന്നതിന് ഈ സമരങ്ങള്‍ നിസ്തുലമായ പങ്ക് വഹിച്ചുവെന്നത് പാലക്കാടിന്റെ ചരിത്രം പറയുന്നു.

ആലത്തൂരിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളാണ് കാവശേരി പരയ്ക്കാട്ട്കാവും ആലത്തൂര്‍ പുതുക്കുളങ്ങര ക്ഷേത്രവും. ഇവിടെ രണ്ടിടത്തും ആര്‍ കെയുടെ നേതൃത്വത്തിലായിരുന്നു സമരങ്ങള്‍ . പരയ്ക്കാട്ട്ഭഗവതി ക്ഷേത്രത്തില്‍ ആര്‍ കെയുടെ നേതൃത്വത്തില്‍ നൂറോളം പേര്‍ ക്ഷേത്രത്തിലേക്ക് ഇരച്ചുകയറി. ശ്രീകോവില്‍ തുറന്ന് എമ്പ്രാന്തിരി ഇവര്‍ക്ക് വഴിയൊരുക്കി മാറിനിന്നു. സമരക്കാര്‍ ശ്രീകോവിലില്‍ക്കയറി മണിയടിച്ചു. സവര്‍ണര്‍ക്ക് ഈ കാഴ്ച കണ്ടുനില്‍ക്കാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ല. മിക്കസമരങ്ങളിലും ആര്‍ കെയോടൊപ്പം പങ്കെടുത്തയാളാണ് പുതിയങ്കം പൊരുവത്തകാട് കണ്ടന്‍പൂശാരി. എല്ലാവര്‍ഷവും പതിവായി കൊടുങ്ങല്ലൂര്‍ക്ക് പോകുന്ന വെളിച്ചപ്പാടാണ് കണ്ടന്‍പൂശാരി. ചുവന്ന വസ്ത്രവും മാറില്‍ വിലങ്ങനെ പട്ട് മുറുക്കിയുടുത്തും കാലില്‍ ചിലമ്പുമായി വാളും കൈയിലേന്തിയാണ് ഇരുപതോളം പരിവാരങ്ങളുമായി കണ്ടന്‍പൂശാരി വീടുകള്‍ കയറിയിറങ്ങുന്നത്. വെളിച്ചപ്പാടും ക്ഷേത്രപ്രവേശന സമരത്തില്‍ പങ്കെടുത്തുവെന്ന് അറിഞ്ഞ സവര്‍ണന്മാര്‍ വെളിച്ചപ്പാടിന് സംഭാവനനല്‍കില്ലെന്നും വീടുകളില്‍ കയറ്റില്ലെന്നും തീരുമാനിച്ചു. ഈ വിവരം കണ്ടന്‍പൂശാരിയും അറിഞ്ഞു. എന്നാല്‍ പതിവ് മുടക്കാതെ ആ വര്‍ഷവും കണ്ടന്‍പൂശാരി പുതിയങ്കം നായര്‍തറയിലെത്തി. കൊട്ടും പാട്ടുമായി പരിവാരങ്ങളുമായി ആദ്യമെത്തിയത് തൃപ്പാളൂരിലുള്ള കോട്ടില്‍വീട്ടിലായിരുന്നു. അവിടെ പടിപ്പുരവാതില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഇതുകണ്ട കണ്ടന്‍പൂശാരി ഉറഞ്ഞുതുള്ളി അട്ടഹസിച്ച് പടിപ്പുര ചവിട്ടിത്തുറന്ന് വീടിനുമുന്നില്‍നിന്ന് തലയില്‍ വാളുകൊണ്ട് ആഞ്ഞുവെട്ടി. ചോരയൊലിപ്പിച്ച് അട്ടഹസിച്ചതോടെ വിട്ടുകാര്‍ ഇറങ്ങിവന്ന് ഭഗവതി ക്ഷമിക്കണേ.. കോപിക്കരുതേ, മാപ്പുതരണേയെന്ന് തൊഴുതുകൊണ്ട് വെളിച്ചപ്പാടിനോട് അഭ്യര്‍ഥിച്ചു. പിന്നീട് നിലവിളക്ക് തെളിയിച്ച് വാളില്‍ ദക്ഷിണയും നല്‍കി അനുഗ്രഹം വാങ്ങിയാണ് യാത്രയാക്കിയത്. ഓരോവീട്ടിലും ഇതുതന്നെ ആവര്‍ത്തിച്ചു.

ഈ സംഭവം "വീഴുമലയുടെ താഴ്വരയില്‍" എന്ന പുസ്തകത്തില്‍ ആലത്തൂര്‍ ആര്‍ കൃഷ്ണന്‍ വളരെ രസകരമായി വിവരിക്കുന്നുണ്ട്. ആലത്തൂര്‍ ആര്‍ കൃഷ്ണനെ പൊലീസുകാരില്‍നിന്ന് രക്ഷിച്ചതും കണ്ടന്‍പൂശാരി ഉറഞ്ഞുതുള്ളി അട്ടഹസിച്ചാണ്. ഒളിവില്‍ കഴിയുന്ന ആര്‍ കൃഷ്ണനെ പിടിക്കാന്‍ എംഎസ്പിക്കാര്‍ എത്തിയപ്പോള്‍ , പൊരുവത്തക്കാട്ടുള്ള ക്ഷേത്രത്തിലെ ശ്രീകോവിലില്‍ ആര്‍ കെ യെ ഒളിപ്പിച്ച് മുന്നില്‍നിന്ന് വാളുകൊണ്ട് തലയില്‍ ആഞ്ഞുവെട്ടി ചോരയൊലിപ്പിച്ചു. ഇത് കണ്ട പൊലീസുകാര്‍ പേടിച്ച് സ്ഥലം വിടുകയായിരുന്നു. ആര്‍ കെയുടെ സന്തതസഹചാരിയായ കണ്ടന്‍പൂശാരി എല്ലാ സമരങ്ങളിലും മുന്നില്‍നിന്ന് സഹായിച്ചിട്ടുണ്ട്. സമരമുഖങ്ങളിലെ ജ്വലിക്കുന്ന കോമരമാണ് പുതിയങ്കം കണ്ടന്‍പൂശാരി.

deshabhimani 231211

1 comment:

  1. പാലക്കാട് ജില്ലയില്‍ കര്‍ഷക-കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുണ്ടാക്കിയ സമരങ്ങളില്‍ ജന്മിത്തത്തിനെതിരായ പോരാട്ടം പോലെ പ്രസിദ്ധമാണ് ക്ഷേത്രപ്രവേശന സമരങ്ങളും. താഴ്ന്ന ജാതിക്കാര്‍ക്ക് വഴിനടക്കാന്‍ അവകാശം നിഷേധിച്ചപോലെ, ക്ഷേത്രങ്ങളില്‍ തൊഴാനും അവകാശമില്ലായിരുന്നു. 1942ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ കേരളത്തിലാകെ ക്ഷേത്രപ്രവേശന സമരം ആരംഭിച്ചപ്പോള്‍ ആലത്തൂരിലും ശക്തമായ സമരങ്ങള്‍ നടന്നു. ആലത്തൂര്‍ ആര്‍ കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ആലത്തൂര്‍ , പാലക്കാട് താലൂക്കുകളില്‍ സമരങ്ങള്‍ അരങ്ങേറിയത്. ജില്ലയൊന്നാകെ സമരങ്ങളില്‍ ആവേശപുര്‍വം പങ്കെടുത്തു. ജനങ്ങളെ പാര്‍ടിയോട് അടുപ്പിക്കുന്നതിന് ഈ സമരങ്ങള്‍ നിസ്തുലമായ പങ്ക് വഹിച്ചുവെന്നത് പാലക്കാടിന്റെ ചരിത്രം പറയുന്നു.

    ReplyDelete