തൃശൂര്‍ : പ്രശസ്ത നാടകകൃത്ത് പി എം ആന്റണി വിടവാങ്ങിയപ്പോള്‍ തൃശൂര്‍ക്കാരുടെ മനസ്സിലേക്ക് ഓടിവരുന്നത് ഒരു നാടകവും അതിന്റെ വിവാദങ്ങളുമാണ്. "തിരുമുറിവ് വിവാദങ്ങള്‍" പലരുടെയും മനസ്സില്‍നിന്ന് മറഞ്ഞിട്ടില്ല. പി എം ആന്റണിയുടെ "ക്രിസ്തുവിന്റെ ആറാം തിരുമുറിവ്" അവതരണം വിവാദമായതും തുടര്‍ന്ന് നിരോധനത്തിലേക്ക് നയിച്ചതും തൃശൂരില്‍നിന്നുളള വിശ്വാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ്.
1986ല്‍ ആലപ്പുഴയിലെ ഏതാനും അരങ്ങുകള്‍ക്കുശേഷം തൃശൂര്‍ ജില്ലയിലെ ആദ്യ അവതരണം വലപ്പാടായിരുന്നു. തുടര്‍ന്ന് തൃശൂര്‍ നഗരത്തില്‍ അവതരിപ്പിക്കാനിരിക്കെയാണ് സഭ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. വിമോചന സമരത്തിന്ശേഷം സഭ കേരളത്തിന്റെ സാമൂഹ്യ ജീവിതത്തില്‍ ഏറ്റവും ശക്തമായും പ്രതിലോമകരമായും ഇടപ്പെട്ട സന്ദര്‍ഭം കൂടിയായിരുന്നു ഇത്. നാടകത്തില്‍ യേശുക്രിസ്തു മഗ്ദലന മറിയത്തെ പ്രേമിച്ചിരുന്നതായുള്ള വ്യാഖ്യാനം സഭാവിശ്വാസത്തിന് എതിരാണെന്നു പറഞ്ഞായിരുന്നു പ്രതിഷേധം. നാടകം നിരോധിക്കണമെന്നാവശ്യപ്പെട്ട് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് കുണ്ടുകുളത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധറാലിയും തൃശൂരില്‍ നടത്തി. സമരം വ്യാപകമായപ്പോള്‍ സര്‍ക്കാര്‍ നാടകം നിരോധിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഏറ്റവും ഗൗരവതരമായ ചര്‍ച്ച ഉയര്‍ന്നുവരാന്‍ ഇടയാക്കിയതും ആറാം തിരുമുറിവിന്റെ നിരോധനമായിരുന്നു.
കേരളത്തിലെ ആദ്യത്തെ പൂര്‍ണ അര്‍ഥത്തിലുള്ള തെരുവുനാടകം കുരിശിന്റെവഴി രൂപപ്പെട്ടതും നിരോധിക്കപ്പെട്ടതും ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള പ്രതിഷേധവുമായി ആലപ്പാടുനിന്ന് തൃപ്രയാറിലേക്കുള്ള നാടകാവതരണ പ്രയാണവും അറസ്റ്റും ഇന്ത്യ മുഴുവന്‍ ശ്രദ്ധേയമായി. ആവിഷ്കാര സ്വാതന്ത്യ കണ്‍വന്‍ഷന്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ചതും ഇതേത്തുടര്‍ന്നായിരുന്നു. ഗദ്ദര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ പോരാളികളും സാംസ്കാരിക പ്രവര്‍ത്തകരും ഈ കണ്‍വന്‍ഷനില്‍ പങ്കെടുത്തു. തിരുമുറിവ് നാടക വിവാദം പ്രമേയമാക്കി ജോസ് ചിറമ്മലാണ് "കുരിശിന്റെ വഴി" എന്ന തെരുവുനാടകവുമായി രംഗത്തു വന്നത്. ഇത് സാമുദായിക മൈത്രിയെ ഹനിക്കുന്നതാണെന്ന് പറഞ്ഞ് നാടക പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. തിയറ്ററിനെ എക്കാലത്തും ചെറുത്തുനില്‍പ്പിന്റേയും പോരാട്ടത്തിന്റേയും ആയുധമായി കണ്ട ആന്റണി തൃശൂരിലെ സാംസ്കാരിക ലോകവുമായി അഭേദ്യ ബന്ധം പുലര്‍ത്തി. 80കളുടെ തുടക്കത്തില്‍ അന്തിക്കാട് സാഗ തിയറ്റേഴ്സിനു വേണ്ടിയാണ് സ്പാര്‍ട്ടക്കസ് നാടകം ആന്റണി ഒരുക്കിയത്. പിന്നീട് ഈ നാടകം സൂര്യകാന്തി തിയറ്റേഴ്സ് ഇരിനൂറിലധികം വേദികളില്‍ അവതരിപ്പിച്ചു. 2000ല്‍ പി എം ആന്റണിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നാടകയാത്ര മലയാളത്തിന്റെ പ്രതിരോധ നാടകവേദിക്ക് പുതിയ ഊര്‍ജംപകര്‍ന്നു. ഇതിലും ഇതിനു ശേഷവും നടന്ന ആന്റണിയുടെ നാടക പ്രവര്‍ത്തനങ്ങളിലും തൃശൂര്‍ വലിയ പങ്കാണ് വഹിച്ചത്. അവസാനം വരെയും തൃശൂരിലെ സാംസ്കാരിക പ്രവര്‍ത്തകരുമായി പി എം ആന്റണി ബന്ധം പുലര്‍ത്തിയിരുന്നു.
deshabhimani 231211
പ്രശസ്ത നാടകകൃത്ത് പി എം ആന്റണി വിടവാങ്ങിയപ്പോള്‍ തൃശൂര്‍ക്കാരുടെ മനസ്സിലേക്ക് ഓടിവരുന്നത് ഒരു നാടകവും അതിന്റെ വിവാദങ്ങളുമാണ്. "തിരുമുറിവ് വിവാദങ്ങള്‍" പലരുടെയും മനസ്സില്‍നിന്ന് മറഞ്ഞിട്ടില്ല. പി എം ആന്റണിയുടെ "ക്രിസ്തുവിന്റെ ആറാം തിരുമുറിവ്" അവതരണം വിവാദമായതും തുടര്‍ന്ന് നിരോധനത്തിലേക്ക് നയിച്ചതും തൃശൂരില്‍നിന്നുളള വിശ്വാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ്.
ReplyDelete