Tuesday, December 13, 2011

"എട്ടിലൊന്ന് പതം, ആറിലൊന്ന് തീര്‍പ്പ്, മൂന്ന് മുപ്പത് കൂലി"

മഞ്ചേരി: അക്രമംകാട്ടിയ ജന്മിയെ ആദ്യമായി സമരത്തിലൂടെ ജയിലിലാക്കിയ നാട്, ജില്ലയിലെ കര്‍ഷക സമരത്തിന് വിത്തുപാകിയ മണ്ണ്, ഏറനാട്ടില്‍ വിദ്യാര്‍ഥിപ്രതിഷേധം ഉയര്‍ന്നുവന്ന പ്രദേശം- സിപിഐ എം ജില്ലാ സമ്മേളനത്തെ വരവേല്‍ക്കാനൊരുങ്ങുന്ന മഞ്ചേരിക്ക് വിശേഷണങ്ങള്‍ ഏറെ. കെ സെയ്താലിക്കുട്ടിയുടെയും യു ഉത്തമന്റെയും നേതൃത്വത്തില്‍നടന്ന സമരങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ക്ക് എന്നും വറ്റാത്ത ആവേശമാണ്.

"എട്ടിലൊന്ന് പതം, ആറിലൊന്ന് തീര്‍പ്പ്, മൂന്ന് മുപ്പത് കൂലി" എന്ന മുദ്രാവാക്യമുയര്‍ത്തി പോരാട്ടത്തിലൂടെ അവകാശങ്ങള്‍ നേടിയാണ് മഞ്ചേരി ശ്രദ്ധാകേന്ദ്രമാകുന്നത്. ജില്ല രൂപീകരിക്കപ്പെട്ട സമയം - എട്ടുപറ നെല്ലുകുത്തുമ്പോള്‍ ഒരുപറ കര്‍ഷകന് എന്ന ഇ എം എസ് സര്‍ക്കാരിന്റെ നിയമം 1970 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തിലായി. എന്നാല്‍ ജന്മിമാര്‍ നിയമം നടപ്പാക്കാന്‍ മടിച്ചു. അതിനെതിരെ ഏറനാടിനെ ഇളക്കിമറിച്ച് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. വിജയം നേടിയ ആ സമരം ഒന്നരപതിറ്റാണ്ട് നീണ്ടു. അമ്പതുകളുടെ ആദ്യംനടന്ന ചുളളക്കാട് "ഇന്ത്യന്‍ തീപ്പെട്ടി കമ്പനി" സമരത്തിന്റെ അലയൊലി അടങ്ങുംമുമ്പ് 1955ല്‍ തെക്കേ മലബാര്‍ കണ്ട ആദ്യ വിദ്യാര്‍ഥി സമരത്തിന് മഞ്ചേരി വേദിയായി. മഞ്ചേരി ബോര്‍ഡ് ഹൈസ്കൂളിലെ (ഇപ്പോഴത്തെ ബോയ്സ് ഹൈസ്കൂള്‍) എട്ടുവിദ്യാര്‍ഥികളെ പത്താംക്ലാസ് പരീക്ഷയെഴുതാന്‍ അനുവദിക്കാതെ പ്രധാനാധ്യാപകന്‍ പുറത്താക്കി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ "മലബാര്‍ ഐക്യവിദ്യാര്‍ഥി സംഘടന" ഇതിനെതിരെ രംഗത്തെത്തി. എ സി പൊന്നുണ്ണിരാജയാണ് കച്ചേരിപ്പടിക്ക് സമീപമുള്ള സ്വന്തം ട്യൂട്ടോറിയല്‍ കോളേജില്‍ സമരക്കാര്‍ക്ക് യോഗം ചേരാന്‍ സൗകര്യമൊരുക്കിയത്. അന്ന് രൂപീകരിച്ച സമരസമിതിയുടെ കണ്‍വീനറായി വിദ്യാര്‍ഥി സംഘടനയുടെ താലൂക്ക് സെക്രട്ടറിയായിരുന്ന എ ശ്രീധരനെ നിയമിച്ചു. തുടര്‍ന്ന് സ്കൂളിന് മുന്നില്‍ കൊടികെട്ടി, മുദ്രാവാക്യവുമായി എട്ടുദിവസം നീണ്ട സത്യഗ്രഹസമരം. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് ചെയര്‍മാന്‍ ഭാസ്കര പണിക്കരും സ്കൂള്‍ പ്രധാനാധ്യാപകന്‍ നാരായണയ്യരും സമരക്കാരും നടത്തിയ ചര്‍ച്ചയില്‍ വിദ്യാര്‍ഥികളെ തിരിച്ചെടുക്കാന്‍ തീരുമാനമായി. തോല്‍ക്കുമെന്നുപറഞ്ഞ് പുറന്തള്ളപ്പെട്ട ഇവരില്‍ അഞ്ചുപേരും പാസായി. അതിലൊരാളായിരുന്ന എം ഗോവിന്ദന്‍ , മലപ്പുറം ഗവ. കോളേജില്‍ ചരിത്രാധ്യാപകനായാണ് വിരമിച്ചത്. ജ

ന്മിത്വത്തിനേറ്റ ഏറ്റവും വലിയ പ്രഹരമായാണ് മഞ്ചേരിയില്‍ 1969ല്‍ നടന്ന കമ്യൂണിസ്റ്റ് സമരം വിലയിരുത്തപ്പെടുന്നത്. മംഗലശേരി ചുണ്ടയിലെ തട്ടാന്‍ ഹൈദ്രുമാന്റെ വീട് ജന്മി നിശ്ശേഷം തകര്‍ത്ത് കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചു. പിഞ്ചുകുഞ്ഞുങ്ങളുമായി തകര്‍ന്ന വീടുനടുത്തുള്ള മരച്ചുവട്ടില്‍ ഹൈദ്രുമാന്റെ ദയനീയമായ ഇരിപ്പ് പ്രദേശത്തെ മുതിര്‍ന്ന കമ്യൂണിസ്റ്റായ മംഗലശേരി നാരായണന്‍ ഓര്‍ക്കുന്നു. നീതിക്കായി യു ഉത്തമന്റെയും കെ സെയ്താലിക്കുട്ടിയുടെയും നേതൃത്വത്തില്‍ ശക്തമായ സമരം നടന്നു. സമരത്തിന്റെ ചൂടില്‍ പൊലീസിന് ഒടുവില്‍ ജന്മിയെ അറസ്റ്റുചെയ്യേണ്ടി വന്നു. എന്നിട്ടും പോരാട്ടം അവസാനിച്ചില്ല. കുടില്‍ പൊളിച്ചവരെക്കൊണ്ടുതന്നെ പുതിയ വീട് കെട്ടിക്കുന്നതുവരെ ആ സമരം തുടര്‍ന്നു. മലബാറിന്റെയാകെ അവകാശപ്പോരാട്ടങ്ങള്‍ക്ക് ശക്തിപകര്‍ന്ന സംഭവമായിരുന്നു അത്. പതിച്ചുനല്‍കേണ്ട മിച്ചഭൂമി മറിച്ചുവില്‍ക്കാന്‍ മഞ്ചേരി കോവിലകം നടത്തിയ ശ്രമത്തിനെതിരെ ഒന്നരപ്പതിറ്റാണ്ട് നീണ്ട സമരവും നടന്നു. 1984ല്‍ അധികാരത്തിലെത്തിയ സി എച്ച് മുഹമ്മദ്കോയ സര്‍ക്കാര്‍ ഭൂപരിഷ്കരണ നിയമം അട്ടിമറിച്ചു. ഇതോടെ കമ്യൂണിസ്റ്റ് സമരങ്ങള്‍ നിയമവിരുദ്ധമായി. എങ്കിലും 50 കുടുംബങ്ങള്‍ക്ക് കോവിലകം വക രണ്ട് ഏക്കര്‍ ഭൂമി ലഭിച്ചശേഷമാണ് സമരം അവസാനിച്ചത്. കെ സെയ്താലിക്കുട്ടിക്കൊപ്പം മംഗലശേരി നാരായണനും കൊളക്കാടന്‍ മുഹമ്മദും ആ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു.

deshabhimani 131211

1 comment:

  1. അക്രമംകാട്ടിയ ജന്മിയെ ആദ്യമായി സമരത്തിലൂടെ ജയിലിലാക്കിയ നാട്, ജില്ലയിലെ കര്‍ഷക സമരത്തിന് വിത്തുപാകിയ മണ്ണ്, ഏറനാട്ടില്‍ വിദ്യാര്‍ഥിപ്രതിഷേധം ഉയര്‍ന്നുവന്ന പ്രദേശം- സിപിഐ എം ജില്ലാ സമ്മേളനത്തെ വരവേല്‍ക്കാനൊരുങ്ങുന്ന മഞ്ചേരിക്ക് വിശേഷണങ്ങള്‍ ഏറെ. കെ സെയ്താലിക്കുട്ടിയുടെയും യു ഉത്തമന്റെയും നേതൃത്വത്തില്‍നടന്ന സമരങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ക്ക് എന്നും വറ്റാത്ത ആവേശമാണ്.

    ReplyDelete