തൃശൂര്‍ : രാപ്പകല്‍ വിയര്‍പ്പൊഴുക്കിയ മണ്ണില്‍നിന്ന് ആട്ടിപ്പായിക്കുമ്പോള്‍ മണ്ണിന്റെ മക്കള്‍ ചെറുക്കും. ആ ചെറുത്തുനില്‍പ്പിനു മുന്നില്‍ അധികാരത്തിന്റെയും ജന്മിത്തധാര്‍ഷ്ട്യത്തിന്റെയും കൊമ്പുകള്‍ക്ക് മൂര്‍ച്ച നഷ്ടപ്പെടും. പഴയ കൊച്ചി രാജ്യത്തെ കര്‍ഷകപോരാട്ടചരിത്രത്തില്‍ ഇന്നും തീയാളുന്ന അധ്യായമാണ് പരിയാരം. പരിയാരം പഞ്ചായത്തിലായിരുന്ന മേട്ടിപ്പാടം ഗ്രാമത്തില്‍ 1948ലാണ് ഈ പോരാട്ടം നടന്നത്. ഇന്ന് ഈ ഗ്രാമം കോടശേരി പഞ്ചായത്തിലാണ്. ആലുവയിലെ സെറ്റില്‍മെന്റ് കോളനിയുടെ ഉടമസ്ഥരായിരുന്ന ട്രസ്റ്റ്, പുറമ്പോക്ക് ഭൂമി കൈയേറുന്നതിന് നടത്തിയ ശ്രമമാണ് സമരത്തിന് വഴിയിട്ടത്.
കോളനിയിലെ അനാഥാലയത്തിലെ അന്തേവാസികളെ താമസിപ്പിക്കാന്‍ ട്രസ്റ്റ് അധികൃതര്‍ കൊച്ചി രാജാവിനോട് സ്ഥലം അഭ്യര്‍ഥിച്ചു. മേട്ടിപ്പാടത്ത് 199 ഏക്കര്‍ ഭൂമി പാട്ടത്തിന് രാജാവ് നല്‍കി. ഈ ഭൂമിക്കടുത്ത് 13 ഏക്കറോളം പുറമ്പോക്കുണ്ടായിരുന്നു. ഇതില്‍ 13 വീട്ടുകാര്‍ കൃഷിയിറക്കിയിരുന്നു. ഈ ഭൂമി കൈക്കലാക്കാന്‍ ട്രസ്റ്റ് അധികൃതര്‍ ശ്രമം ആരംഭിച്ചു. കാട്ടുകല്ല് ഉപയോഗിച്ച് കയ്യാലകെട്ടി. കര്‍ഷകസംഘം പ്രവര്‍ത്തകനായ കെ കെ വേലായുധന്റെ വീടിന്റെ ചുമരിലാണ് കയ്യാല അവസാനിച്ചത്. കര്‍ഷകസംഘം കയ്യാല പൊളിച്ചുമാറ്റി. കര്‍ഷകസംഘം നേതാവ് എം കെ കാട്ടുപറമ്പന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും 13 വീട്ടുകാര്‍ക്കുമെതിരെ സെറ്റില്‍മെന്റ് അധികൃതര്‍ കേസ് കൊടുത്തു. ഒളിവിലായിരുന്ന വീട്ടുകാരെ തേടി പൊലീസ് തേര്‍വാഴ്ച തുടങ്ങി. രണ്ടാമതും കെട്ടിയ വേലി പൊളിച്ച് പുറമ്പോക്കില്‍ വിളയിറക്കാന്‍ കര്‍ഷകസംഘം തീരുമാനിച്ചു. കൊല്ലവര്‍ഷം 1123 (1948) ഇടവമാസം 28ന് കര്‍ഷകര്‍ ഭൂമി കിളയ്ക്കാന്‍ ആരംഭിച്ചു. ഈ സമയത്ത് സെറ്റില്‍മെന്റ് മാനേജര്‍ ജേക്കബ് ഭൂമി അളപ്പിക്കാന്‍ ഉദ്യോഗസ്ഥരേയും കൂട്ടിയെത്തി. എസ്ഐ ശങ്കുണ്ണിയും കോണ്‍സ്റ്റബിള്‍ കൃഷ്ണനുമുണ്ടായിരുന്നു. എസ്ഐ കര്‍ഷകനായ മണലായില്‍ കറപ്പനെ മര്‍ദിച്ചു. മറ്റുള്ളവര്‍ ഇതു തടഞ്ഞു. ഏറ്റുമുട്ടലായി. ഗാഡ്സണ്‍ ദേവസിക്കുട്ടി എന്ന കര്‍ഷകന്റെ അടിയേറ്റ് എസ്ഐ ബോധമറ്റ് വീണു. പിന്നീട് എസ്ഐ മരിച്ചു. കര്‍ഷകസംഘം പ്രവര്‍ത്തകര്‍ ഒളിവില്‍ പോയി.
നാട്ടില്‍ പൊലീസ് തേര്‍വാഴ്ച വീണ്ടും. കണ്ടവരെയെല്ലാം മര്‍ദിച്ചു. സ്ത്രീകളെ അപമാനിച്ചു. കേസില്‍ 54പേര്‍ അറസ്റ്റിലായി. ലോക്കപ്പിലിട്ട് 17ദിവസം മര്‍ദ്ദിച്ചശേഷമാണ് ഇവരെ കോടതിയിലെത്തിച്ചത്. 85കാരനായിരുന്ന കോരപ്പന്‍ ജയിലില്‍ കിടന്ന് മരിച്ചു. കാലിമേക്കുന്നതിനിടെ പൊലീസിനെക്കണ്ട് മരത്തില്‍ കയറി ഒളിഞ്ഞിരുന്ന കുറുമ്പനുനേരെ പൊലീസ് തോക്കു ചൂണ്ടി. ഭയന്നുവിറച്ച കുറുമ്പന്‍ താഴെ വീണ് മരക്കുറ്റി തുളഞ്ഞു കയറി മരിച്ചു. മകനെ അന്വേഷിച്ച് വീട്ടിലെത്തിയ പൊലീസിന്റെ പീഡനം സഹിക്കവയ്യാതെ മേപ്പുള്ളി പാപ്പു ആത്മഹത്യ ചെയ്തു. അറസ്റ്റിലായവരില്‍ 16 പേരെ പൊലീസ് വിട്ടയച്ചു. ശേഷിക്കുന്നവര്‍ക്ക് സെഷന്‍സ് കോടതി മൂന്നു മാസം മുതല്‍ ഏഴു വര്‍ഷം വരെ ശിക്ഷ വിധിച്ചു. രണ്ടു വര്‍ഷത്തോളം റിമാന്‍ഡില്‍ കഴിഞ്ഞശേഷമാണ് ശിക്ഷ. ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോയെങ്കിലും ശിക്ഷ പത്തു വര്‍ഷമാക്കി. 1957ലെ ഇ എം എസ് മന്ത്രിസഭ അധികാരത്തില്‍ വന്നശേഷമാണ് പരിയാരം സമരസഖാക്കളെ വിട്ടയച്ചത്.
deshabhimani 231211
രാപ്പകല്‍ വിയര്‍പ്പൊഴുക്കിയ മണ്ണില്‍നിന്ന് ആട്ടിപ്പായിക്കുമ്പോള്‍ മണ്ണിന്റെ മക്കള്‍ ചെറുക്കും. ആ ചെറുത്തുനില്‍പ്പിനു മുന്നില്‍ അധികാരത്തിന്റെയും ജന്മിത്തധാര്‍ഷ്ട്യത്തിന്റെയും കൊമ്പുകള്‍ക്ക് മൂര്‍ച്ച നഷ്ടപ്പെടും. പഴയ കൊച്ചി രാജ്യത്തെ കര്‍ഷകപോരാട്ടചരിത്രത്തില്‍ ഇന്നും തീയാളുന്ന അധ്യായമാണ് പരിയാരം. പരിയാരം പഞ്ചായത്തിലായിരുന്ന മേട്ടിപ്പാടം ഗ്രാമത്തില്‍ 1948ലാണ് ഈ പോരാട്ടം നടന്നത്. ഇന്ന് ഈ ഗ്രാമം കോടശേരി പഞ്ചായത്തിലാണ്. ആലുവയിലെ സെറ്റില്‍മെന്റ് കോളനിയുടെ ഉടമസ്ഥരായിരുന്ന ട്രസ്റ്റ്, പുറമ്പോക്ക് ഭൂമി കൈയേറുന്നതിന് നടത്തിയ ശ്രമമാണ് സമരത്തിന് വഴിയിട്ടത്.
ReplyDelete