Friday, December 23, 2011

സ്വകാര്യ ആശുപത്രികളില്‍ തൊഴില്‍ചൂഷണം വ്യാപകം

തൃശൂര്‍ : ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ കൊടിയ തൊഴില്‍ചൂഷണം. കരാര്‍നിയമനവും വ്യാപകമാണ്. തൊഴില്‍നിയമങ്ങളെ സാങ്കേതികതകൊണ്ട് മറികടന്നാണ് ഇത്തരം ചൂഷണം നടത്തുന്നത്. തൂപ്പുകാര്‍മുതല്‍ നേഴ്സുമാര്‍വരെ ഇതിന് വിധേയരാണ്. ചട്ടമനുസരിച്ചുള്ള ശമ്പളം നല്‍കാതെയും തൊഴില്‍സൗകര്യങ്ങള്‍ നല്‍കാതെയും മാനേജ്മെന്റുകള്‍ തൊഴിലാളികളെ ദ്രോഹിക്കുന്നുവെന്നും പരാതിയുണ്ട്.

രണ്ട് സ്വകാര്യ മെഡിക്കല്‍ കോളേജുകളുള്‍പ്പെടെ പതിനഞ്ചോളം സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രിയാണ് ജില്ലയിലുള്ളത്. ഏതാണ്ട് 160 തസ്തികയാണ് ഉയര്‍ന്ന ആശുപത്രികളിലുള്ളത്. നേരത്തേ തൂപ്പുകാരെ മാത്രമാണ് കരാറടിസ്ഥാനത്തില്‍ നിയമിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ സാങ്കേതികവിദഗ്ധരെയുള്‍പ്പെടെ കരാര്‍ വ്യവസ്ഥയിലാണ് നിയമിക്കുന്നത്. ഇത്തരം ജീവനക്കാരെ നല്‍കുന്നതിലൂടെ ഏജന്റുമാരും വന്‍കൊള്ളയാണ് നടത്തുന്നത്. ആവര്‍ത്തിക്കപ്പെടുന്ന തൊഴിലുകളായ ശുചീകരണംപോലുള്ളവയില്‍ കരാര്‍നിയമനം പാടില്ലെന്നാണ് ചട്ടമെങ്കിലും ഇത് പാലിക്കാറില്ല. സര്‍ക്കാര്‍ നിശ്ചയിക്കുന്ന മിനിമംവേതനം പല ആശുപത്രികളും നല്‍കുന്നുമില്ല. സ്ഥിരംനിയമനം ലഭിച്ചവരുടേതിനു തുല്യമായ ഒട്ടെല്ലാ ആനുകൂല്യങ്ങള്‍ക്കും കരാര്‍നിയമനക്കാര്‍ അര്‍ഹരാണെങ്കിലും പലേടത്തും തുച്ഛശമ്പളം മാത്രമാണ് നല്‍കുന്നത്. വിദ്യാഭ്യാസം കൂടിയവരെന്ന നിലയില്‍ നേഴ്സുമാരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും മറ്റു ജീവനക്കാര്‍ നേഴ്സുമാരെക്കാള്‍ കടുത്ത പീഡനമാണ് അനുഭവിക്കുന്നത്.

ചികിത്സാസൗകര്യങ്ങള്‍ , വിഭാഗങ്ങള്‍ , കിടക്കകളുടെ എണ്ണം, എന്നിവ അനുസരിച്ച് ആശുപത്രികളെ നാലു തരമായാണ് തിരിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും ഉയര്‍ന്നത് മെഡിക്കല്‍ കോളേജുകളുള്‍പ്പെടെയുള്ള സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രികളാണ്. സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാനശമ്പളത്തോടൊപ്പം 30 ശതമാനം ഇന്‍ക്രിമെന്റ് വെയ്റ്റേജും മറ്റ് അലവന്‍സുകളും ചേര്‍ത്താണ് ഇവിടെ ശമ്പളം നല്‍കേണ്ടത്. ഇതിനു താഴെ ആശുപത്രികളുടെ ഗ്രേഡ് അനുസരിച്ച് 20, 15, 10 ശതമാനം എന്ന കണക്കിലാണ് ഇത് വരുന്നത്. എന്നാല്‍ ഇതു നല്‍കാന്‍ പല ആശുപത്രികളും തയ്യാറല്ല. കരാര്‍ജീവനക്കാരുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഒരു ഉത്തരവാദിത്തവുമില്ലെന്ന നിലപാടാണ് അവര്‍ എടുത്തിട്ടുള്ളത്.

നേഴ്സുമാരുടെ കാര്യത്തില്‍ ബോണ്ട് ആണ് വില്ലനാകുന്നത്. വിശേഷിച്ച്, നേഴ്സിങ് സ്കൂള്‍ നടത്തുന്ന മാനേജ്മെന്റുകളുടെ ആശുപത്രികളില്‍ . പ്രൊവിഡണ്ട് ഫണ്ടോ ഇഎസ്ഐ ആനുകൂല്യങ്ങളോ മതിയായ ലീവാനുകൂല്യങ്ങളോ യൂണിഫോം അലവന്‍സ്പോലുള്ളവയോ ഭൂരിപക്ഷം ആശുപത്രികളിലും നല്‍കാറില്ല. മൊത്തം ശമ്പളത്തിന്റെ നിശ്ചിതശതമാനം പിഎഫ് വിഹിതമായി അടയ്ക്കണമെന്നാണ് ചട്ടമെങ്കിലും പല തൊഴിലുടമകളും അടിസ്ഥാനശമ്പളത്തിന്റെ വിഹിതമാണ് അടയ്ക്കുന്നതെന്നും ജീവനക്കാര്‍ പറയുന്നു. പിഎഫ് തുകയാണ് വിരമിച്ചശേഷം പെന്‍ഷനായി നല്‍കുന്നത്. എന്നാല്‍ , പിഎഫ് തുക കുറയുന്നതോടെ ഇവര്‍ക്ക് നാമമാത്രമായ തുകയാണ് പെന്‍ഷനായി ലഭിക്കുക. ആറുദിവസം തുടര്‍ച്ചയായി നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഏഴാംദിവസം അവധിയും കൂടാതെ ഒരു ദിവസത്തെ പ്രത്യേക അവധിയും നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ , ഇതു പലപ്പോഴും ലഭിക്കുന്നില്ല. പ്രത്യേക അവധി ലഭിക്കാറുമില്ല. പ്രസവാവധിപോലുള്ളവ പല ആശുപത്രികളിലും നല്‍കാറില്ല.

സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരെ സംബന്ധിച്ച് വ്യക്തമായ നിയമമില്ല. കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ചാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പ്രൈവറ്റ് ഹോസ്പിറ്റല്‍ ആക്ട് എന്ന പ്രത്യേക നിയമം വേണമെന്നും മിനിമംവേതനം 10,000 രൂപയാക്കണമെന്നുമുള്ള ആവശ്യം ഏറെക്കാലമായി തൊഴിലാളികള്‍ ഉയര്‍ത്തുന്നുണ്ട്. മിനിമംവേതനം സംബന്ധിച്ച് 2009 ജൂണ്‍ ഒന്നിന് നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും മാനേജ്മെന്റുകള്‍ ഇതിനെതിരെ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് നടപ്പാക്കാനായില്ല.

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ അടിസ്ഥാന ശമ്പളം പതിനായിരമാക്കണം: പി കെ ഗുരുദാസന്‍

കൊല്ലം: സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരടക്കമുള്ള സാധാരണ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 10,000 രൂപയാക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ഗുരുദാസന്‍ എംഎല്‍എ പറഞ്ഞു. പ്രൈവറ്റ് ഹോസ്പിറ്റല്‍ എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു ഗുരുദാസന്‍ .

ജീവനക്കാരെയും രോഗികളെയും കൊള്ളയടിച്ച് ലാഭം കൊയ്യുകയാണ് സ്വകാര്യ ഹോസ്പിറ്റല്‍ ഉടമകള്‍ . 2009ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് ആദ്യമായി ആശുപത്രി ജീവനക്കാര്‍ക്ക് മിനിമം വേജസ് അനുവദിച്ചത്. മിനിമം വേതനം എന്നത് ഏറ്റവും കുറഞ്ഞ ശമ്പളമാണ്. അതുപോലും പലരും നല്‍കുന്നില്ല. വിദ്യാഭ്യാസ യോഗ്യതയുള്ള ഒരു നേഴ്സിങ് സൂപ്രണ്ടിന് ലഭിക്കുന്നത് ഡിഎ ഉള്‍പ്പെടെ 7200 രൂപയാണ്. മിനിമം വേതനം പോലും നല്‍കാതിരിക്കാന്‍ ഉടമകള്‍ കോടതിയില്‍ പോയി. ഈ കൊടിയ ചൂഷണം തടയാന്‍ എല്ലാ ജീവനക്കാരും യോജിച്ച് പ്രക്ഷോഭത്തില്‍ അണിനിരക്കണമെന്നും ഗുരുദാസന്‍ പറഞ്ഞു. സിഐടിയു ഭവനില്‍ നടന്ന കണ്‍വന്‍ഷനില്‍ ചന്ദ്രന്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം കെ വരദരാജന്‍ , അഡ്വ. ഇ ഷാനവാസ്ഖാന്‍ , സിഐടിയു ജില്ലാ സെക്രട്ടറി കെ തുളസീധരന്‍ , മാധവന്‍ , എന്‍ ചന്ദ്രശേഖരപിള്ള എന്നിവര്‍ സംസാരിച്ചു.

എലൈറ്റ് ആശുപത്രി നഴ്സുമാരും സമരത്തില്‍

തൃശൂര്‍ : മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥകള്‍ ആവശ്യപ്പെട്ട് തൃശൂര്‍ എലൈറ്റ് ആശുപത്രിയിലെ നഴ്സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങി. മിനിമം വേതനം നല്‍കുക, ബോണ്ട് അവസാനിപ്പിക്കുക, ഷിഫ്ട് ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍ .

deshabhimani 231211

2 comments:

  1. ചികിത്സാസൗകര്യങ്ങള്‍ , വിഭാഗങ്ങള്‍ , കിടക്കകളുടെ എണ്ണം, എന്നിവ അനുസരിച്ച് ആശുപത്രികളെ നാലു തരമായാണ് തിരിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും ഉയര്‍ന്നത് മെഡിക്കല്‍ കോളേജുകളുള്‍പ്പെടെയുള്ള സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രികളാണ്. സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാനശമ്പളത്തോടൊപ്പം 30 ശതമാനം ഇന്‍ക്രിമെന്റ് വെയ്റ്റേജും മറ്റ് അലവന്‍സുകളും ചേര്‍ത്താണ് ഇവിടെ ശമ്പളം നല്‍കേണ്ടത്. ഇതിനു താഴെ ആശുപത്രികളുടെ ഗ്രേഡ് അനുസരിച്ച് 20, 15, 10 ശതമാനം എന്ന കണക്കിലാണ് ഇത് വരുന്നത്. എന്നാല്‍ ഇതു നല്‍കാന്‍ പല ആശുപത്രികളും തയ്യാറല്ല. കരാര്‍ജീവനക്കാരുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഒരു ഉത്തരവാദിത്തവുമില്ലെന്ന നിലപാടാണ് അവര്‍ എടുത്തിട്ടുള്ളത്

    ReplyDelete
  2. കുര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിയില്‍ നേഴ്സുമാര്‍ നടത്തിവന്ന സമരം ചര്‍ച്ചയിലൂടെ പരിഹരിച്ചു. ശനിയാഴ്ച വൈകിട്ടുമുതല്‍ നേഴ്സുമാര്‍ ജോലിയില്‍ കയറി. നേഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് അധികൃതര്‍ സമ്മതിച്ച സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്. പിരിച്ചുവിട്ട രണ്ടുപേരെ ജോലിയില്‍ തിരിച്ചെടുക്കാന്‍ ശനിയാഴ്ച നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേജസ് ജനുവരി ഒന്നുമുതലുള്ള ശമ്പളത്തില്‍ നല്‍കാനും ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍ന്നുള്ള തീരുമാനങ്ങളെടുക്കാനും തീരുമാനിച്ചു. രണ്ടുവര്‍ഷമായി തുടരുന്ന സ്റ്റാഫ് നേഴ്സുമാരുടെ കരാര്‍ ജോലി അവസാനിപ്പിച്ച് സ്ഥിരം ജീവനക്കാരാക്കും. എട്ടു മണിക്കൂര്‍ ജോലി, നിയമപ്രകാരമുള്ള ലീവ്, മൊബൈല്‍ ഐസിയുവില്‍ ഡോക്ടറുടെ സേവനം എന്നിവയും നടപ്പാക്കാന്‍ തീരുമാനിച്ചു. യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് നേഴ്സുമാര്‍ അനിശ്ചിതകാല സമരമാരംഭിച്ചത്. അതിനിടെ സമരത്തെ മറികടക്കാന്‍ മാനേജ്മെന്റ് നേഴ്സിങ് വിദ്യാര്‍ഥികളെക്കൊണ്ട് കൂടുതല്‍ ജോലിയെടുപ്പിച്ചത് പ്രതിഷേധത്തിനിടയാക്കി. വെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ ശനിയാഴ്ച രാവിലെ എട്ടുവരെ ജോലിയെടുപ്പിച്ചു. തളര്‍ന്നുവീണ ഏഴ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ത്തന്നെ പ്രവേശിപ്പിച്ചു. ഇവരെ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം വിട്ടയച്ചു.

    ReplyDelete