Thursday, December 8, 2011

അന്തര്‍സംസ്ഥാന റൂട്ടില്‍ സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കാന്‍ നീക്കം

മംഗലാപുരം കേന്ദ്രമാക്കി കേരള-കര്‍ണാടക സ്വകാര്യ ബസ്സുടമകള്‍ സംഘടിതമായി അനധികൃത പെര്‍മിറ്റുകള്‍ക്ക് നിയമസാധുത തേടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നു. 2012 മാര്‍ച്ച് 31ന് കാലാവധി തീരുന്ന 15 ബസുകളടക്കം 40 ബസുകള്‍ കരാറില്‍ തന്നെ ഉള്‍പ്പെടുത്തി പെര്‍മിറ്റ് ലഭ്യമാക്കാന്‍ ഭരണതലത്തില്‍ പരസ്യമായി ഇടപെടുകയാണ്.

കാസര്‍കോട് ഡിപ്പോ കേന്ദ്രീകരിച്ച് രണ്ടരവര്‍ഷമായി ജനോപകാരപ്രദവും ലാഭകരവുമായി നടത്തിവരുന്ന കേരള-കര്‍ണാടക സര്‍വീസുകളെ ഇതു സാരമായി ബാധിക്കും. മോട്ടോര്‍വാഹന നിയമത്തെയും കോടതിവിധിയെയും മറികടന്നാണ് സ്വകാര്യ സര്‍വീസ് പെര്‍മിറ്റ് 1992ല്‍ ആരംഭിച്ചത്. ഇരുസംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ ഒപ്പുവച്ച ഉഭയകക്ഷി കരാറില്‍ നിഷ്‌കര്‍ഷിച്ച റൂട്ടുകളില്‍ മാത്രമേ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്താവൂ. ഈ നിയമത്തെയും സുപ്രിംകോടതി വിധിയെയും മറികടന്നാണ് സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ അനുവദിച്ചിരിക്കുന്നത്. ഈ അനധികൃത പെര്‍മിറ്റിനെ 2005 ജനുവരിയില്‍ കര്‍ണാടക ഹൈക്കോടതിയില്‍ നിയമനടപടി ആരംഭിച്ചു. 2006ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഗതാഗതമന്ത്രിയും കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടറും കേസില്‍ കക്ഷിചേര്‍ന്നു. 2005ല്‍ കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അപ്പലേറ്റ് ട്രൈബ്യൂണലില്‍ കെ എസ് ആര്‍ ടി സിക്ക് അനുകൂലമായ വിധിക്കെതിരെ സ്വകാര്യ ബസ്സുടമകള്‍ കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബഞ്ച്, ഡിവിഷന്‍ ബഞ്ച് എന്നിവിടങ്ങളില്‍ അപ്പീല്‍ നല്‍കിയെങ്കിലും കോടതി പെര്‍മിറ്റ് റദ്ദുചെയ്യുകയാണുണ്ടായത്.

കോടതിവിധിയെത്തുടര്‍ന്ന് 74 സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ റദ്ദാക്കുകയും ആ ബസുകള്‍ റൂട്ടില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തു. 15 സ്വകാര്യബസ്സുകളുടെ പെര്‍മിറ്റ് കാലാവധി 2012 മാര്‍ച്ച് 31ന് അവസാനിക്കുകയാണ്. സ്വകാര്യ പെര്‍മിറ്റുകള്‍ റദ്ദുചെയ്തതിനെ തുടര്‍ന്ന് കേരള-കര്‍ണാടക സര്‍ക്കാരുകള്‍ 2009ല്‍ പുതിയ കരാര്‍ ഉണ്ടാക്കുകയും അതുപ്രകാരം കേരള-കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ ബസുകള്‍ ആവശ്യാനുസരണം സര്‍വീസ് നടത്തി വരികയാണ്. യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് ബസുകള്‍ ഓടിക്കത്തക്ക രീതിയില്‍ ഈ സെക്ടറില്‍ പുതിയ കരാര്‍ ഒപ്പുവയ്ക്കുകയാണ് വേണ്ടത്. കര്‍ണാടക-കേരള ഭരണകക്ഷികളിലെ ചിലരെ സ്വാധീനിച്ച് പെര്‍മിറ്റ് സമ്പാദിക്കാനുള്ള ഗൂഢനീക്കം തടയാന്‍ അധികാരികള്‍ക്ക് സാധിക്കണമെന്ന് കെ എസ് ആര്‍ ടി സി എംപ്ലോയീസ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് കെ കെ ദിവാകരന്‍ ആവശ്യപ്പെട്ടു. ആര്‍ ടി സികളുടെ സര്‍വീസുകള്‍ക്ക് സമാന്തരമായി കാസര്‍കോട് മംഗലാപുരം റൂട്ടില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും നിലപാട് വ്യക്താക്കണം. കെ എസ് ആര്‍ ടി സിയെ തകര്‍ക്കുന്ന ഈ ഗൂഢനീക്കത്തെ ചെറുത്തു പരാജയപ്പെടുത്താന്‍ ട്രേഡ് യൂണിയന്‍ ഭേദമന്യേ മുഴുവന്‍ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികളും രംഗത്തിറങ്ങണമെന്നും കെ കെ ദിവാകരന്‍ അഭ്യര്‍ഥിച്ചു.

janayugom 081211

1 comment:

  1. മംഗലാപുരം കേന്ദ്രമാക്കി കേരള-കര്‍ണാടക സ്വകാര്യ ബസ്സുടമകള്‍ സംഘടിതമായി അനധികൃത പെര്‍മിറ്റുകള്‍ക്ക് നിയമസാധുത തേടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നു. 2012 മാര്‍ച്ച് 31ന് കാലാവധി തീരുന്ന 15 ബസുകളടക്കം 40 ബസുകള്‍ കരാറില്‍ തന്നെ ഉള്‍പ്പെടുത്തി പെര്‍മിറ്റ് ലഭ്യമാക്കാന്‍ ഭരണതലത്തില്‍ പരസ്യമായി ഇടപെടുകയാണ്.

    ReplyDelete