Thursday, December 8, 2011

കൂടംകുളം നിലയത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കണം

കൂടംകുളം ആണവനിലയത്തിനെതിരെ കേരളനിയമസഭ പ്രമേയം പാസാക്കണമെന്ന് കൂടംകുളം ആണവ നിലയവിരുദ്ധ സമര ഐക്യദാര്‍ഢ്യ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കടല്‍വെള്ളം ശുദ്ധീകരിച്ച് ആണവനിലയത്തിന് ഉപയോഗിക്കുന്ന ലോകത്തിലെ ഏകനിലയം കൂടംകുളമാണെന്ന് ആണവ ശാസ്ത്രജ്ഞന്‍ വി ടി പത്മനാഭന്‍ പറഞ്ഞു. ഇത് അപടകരമാണ്.

 ഡീസല്‍ ജനറേറ്റര്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലം പോലും ഭൂകമ്പ സാധ്യത ഏറെയുള്ളയിടമാണ്. ആണവ റിയാക്ടറിനെ തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന ആണവമാലിന്യങ്ങളടങ്ങിയ തിളച്ചവെള്ളം വന്‍തോതില്‍ കടലിലേക്കു ഒഴുക്കുമ്പോള്‍ ജലജീവികളുടെ നാശത്തിന് വഴിവെക്കും.

സംസ്ഥാനത്തെ തെക്കന്‍ജില്ലകളിലെ തീരദേശവാസികളെ ജീവനും ജീവിതോപാധിയും തകരും. ജനങ്ങള്‍ക്ക് വികരണമേറ്റ് അര്‍ബുദ രോഗം പെരുകും. ഇതുവരെ ലോകത്ത് പലഭാഗത്തും നടന്ന അപകടങ്ങളില്‍ 20,000 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയാണ് വാസയോഗ്യമല്ലാതായത്. ഫുകുഷിമ ദുരന്തം ഉണ്ടായപ്പോള്‍ വികിരണം 200 കി മി അകലെയുള്ള ടോക്യോയിലെ ജലത്തിലും പാലിലുംവരെ എത്തിയിരുന്നു. ചെര്‍ണോബില്‍ അപകടത്തെ തുടര്‍ന്ന് 5,000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ഉപേക്ഷിക്കേണ്ടിവന്നു. 300 വര്‍ഷത്തേക്ക് കൃഷിയോഗ്യമല്ലാതാകുകയും ചെയ്തു.

യൂറോപ്പില്‍ മാത്രം 10 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് വിഷം വിതറി. ചെര്‍ണോബില്‍ അപകടത്തെ തുടര്‍ന്ന് 20 വര്‍ഷം കൊണ്ട് 95 ലക്ഷം പേരാണ് മരിച്ചത്. അമേരിക്കയിലെ ഷോര്‍ഹോം നിലയം ഉല്‍പാദനം തുടങ്ങി ഒരു ദിവസം കഴിഞ്ഞപ്പോള്‍ ജനവികാരം കണക്കിലെടുത്ത് പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഫിലിപ്പെന്‍സിലെ ബത്താന്‍ നിലയം പൂര്‍ത്തിയായ ശേഷം ഉപേക്ഷിച്ചു. ഇതെല്ലാം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

പദ്ധതിക്കെതിരെ എറണാകുളത്തെ ചെല്ലാനത്തു നിന്നും മുന്നിന് ആരംഭിച്ച തീരദേശ സൈക്കിള്‍ യാത്ര ഇന്ന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ സമാപിക്കും. ഫാ. തോമസ് കോച്ചേരി, ബി ആര്‍ പി ഭാസ്‌കര്‍, പാളയം ഇമാം ജമാലുദീന്‍ മങ്കട എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍  ആണവവിരുദ്ധ സമര ഐക്യദാര്‍ഢ്യ സമിതി ഭാരവാഹികളായ സംവിധായകന്‍ കെ പി ശശി, സുമേഷ് ജോണ്‍സ്, എ അനില്‍ എന്നിവരും പങ്കെടുത്തു.

janayugom 081211

1 comment:

  1. കൂടംകുളം ആണവനിലയത്തിനെതിരെ കേരളനിയമസഭ പ്രമേയം പാസാക്കണമെന്ന് കൂടംകുളം ആണവ നിലയവിരുദ്ധ സമര ഐക്യദാര്‍ഢ്യ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കടല്‍വെള്ളം ശുദ്ധീകരിച്ച് ആണവനിലയത്തിന് ഉപയോഗിക്കുന്ന ലോകത്തിലെ ഏകനിലയം കൂടംകുളമാണെന്ന് ആണവ ശാസ്ത്രജ്ഞന്‍ വി ടി പത്മനാഭന്‍ പറഞ്ഞു. ഇത് അപടകരമാണ്.

    ReplyDelete