കട്ടപ്പനയില്‍ നിന്ന് കോട്ടയത്തേയ്ക്കുള്ള സംസ്ഥാന പാതയിലെ ചെറിയൊരു ഗ്രാമമാണ് കരിങ്കുളം ചപ്പാത്ത് എന്ന കെ ചപ്പാത്ത്. കട്ടപ്പനയില്‍ നിന്ന് 20 കിലോമീറ്ററേ ഇവിടേയ്ക്കുള്ളു എങ്കിലും ദുര്‍ഘടമായ പാത താണ്ടി ചപ്പാത്തിലെത്താന്‍ മുക്കാല്‍ മണിക്കൂറെടുക്കും. അവിടെ നിന്ന് വീണ്ടും തേയിലതോട്ടങ്ങള്‍ മനോഹാരിത തീര്‍ക്കുന്ന മലമുകളിലൂടെ അത്ര സമയംതന്നെ യാത്ര ചെയ്താല്‍ ഏലപ്പാറ വഴി കുട്ടിക്കാനത്ത് എത്താം. കോട്ടയം-കുമളി ദേശീയ പാതയില്‍ സംഗമിക്കുന്ന കവലയാണത്.
അഞ്ചെട്ട് ചെറിയ കടകളും രണ്ട് ചെറിയ ഹോട്ടലുകളും മാത്രമുണ്ടായിരുന്ന ഉള്‍നാടന്‍ ഗ്രാമമായ ചപ്പാത്ത് ഇന്ന് കേരളത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു. ഇടുക്കി ജില്ലയുടെയും കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളുടെയും ഭാവിക്കുമുന്നില്‍ ചോദ്യചിഹ്നമായി മാറിയ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ജനങ്ങള്‍ ഇരമ്പി മറിയുന്ന സമരകേന്ദ്രം ചപ്പാത്തിലൂടെ ഒഴുകുന്ന പെരിയാറിന്റെ കരയിലാണ്. 1980 വരെ ഇവിടെയൊരു പാലം ഉണ്ടായിരുന്നില്ല. വേനല്‍കാലങ്ങളില്‍ മുട്ടറ്റം വരെ മാത്രമേ വെള്ളമുണ്ടാകാറുള്ളു. ശാന്തമായി ഒഴുകുന്ന പെരിയാറിലെ സാങ്കല്‍പിക റോഡിലൂടെയാണ് യാത്രാബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ ഓടിച്ചിരുന്നത്. കോട്ടയം ഭാഗത്തുനിന്ന് കുട്ടിക്കാനം വഴി കട്ടപ്പനയിലേയ്ക്കും തിരിച്ചുമുള്ള യാത്രക്കാര്‍ ജീവന്‍ പണയം വച്ചാണ് അക്കാലങ്ങളില്‍ ഇരുകരകളിലേയ്ക്കും എത്തിയിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട ജനകീയാവശ്യത്തിനും പ്രക്ഷോഭത്തിനുമൊടുവില്‍ പീരുമേട് എം എല്‍ എ ആയിരുന്ന സി എ കുര്യനാണ് 1980ല്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് പാലം കൊണ്ടുവന്നത്. മുമ്പ് നദിയിലൂടെ അക്കരെയിക്കരെ പോയിരുന്ന സ്ഥലമായതിനാല്‍ ചപ്പാത്ത് എന്ന് പേരും വീണു.
2006 സെപ്തംബര്‍ 13ന് തമിഴ്‌നാടിന് അനുകൂലമായ സുപ്രീം കോടതി വന്നതിനുപിന്നാലെ പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കി ചപ്പാത്ത് നിവാസികള്‍ സ്വയം സംഘടിക്കുകയും ഡിസംബര്‍ 25ന് ഉപ്പുതറ കരോള്‍ പ്ലാസയില്‍ നൂറോളം പേര്‍ ഒത്തുകൂടി മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതി രൂപീകരിക്കുകയുമായിരുന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയില്‍ നിന്ന് 142 ആക്കിയാലും കുഴപ്പമില്ലെന്ന സുപ്രീം കോടതി വിധിയുടെ പ്രത്യാഘാതം ജനങ്ങളെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെയും ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ അന്നുതൊട്ട് സമരസമിതി തുടങ്ങിയതാണ്. 1809-ാം ദിവസത്തിലേയ്ക്ക് കടക്കുന്ന സമരം ഇന്ന് പഴയമട്ടിലല്ല. ആറുവര്‍ഷം മുമ്പ് സത്യാഗ്രഹം തുടങ്ങിയ നാളുകളില്‍ ജനമനസുകളില്‍ ഭീതിയും ആശങ്കയും അത്രമേല്‍ പതിഞ്ഞിരുന്നില്ല. എന്നാല്‍ പില്‍ക്കാലത്തുണ്ടായ ഭൂചലനങ്ങള്‍ അവരുടെ ഉറക്കം കെടുത്തി. ഇനി വെറുതെയിരുന്നിട്ട് കാര്യമില്ലെന്നും ഒരേ മനസോടെ ഒറ്റക്കെട്ടായി സമരഭൂമിയില്‍ ഇറങ്ങിയേ മതിയാവൂ എന്നുമുള്ള ചിന്ത ക്രമേണ പ്രബലമായി. ഒടുവില്‍ കഴിഞ്ഞ മാസം 25ന് മുല്ലപ്പെരിയാര്‍ അണക്കെട്ടുള്‍പ്പെടുന്ന പ്രദേശങ്ങളില്‍ താരതമ്യേന ശക്തമായ ഭൂചലനങ്ങള്‍കൂടി ഉണ്ടായതോടെ ജനം സ്വയം സംഘടിച്ച് തെരുവില്‍ ഇറങ്ങുകയായിരുന്നു. പ്രതിഷേധിക്കാന്‍ മാത്രമായിരുന്നില്ല അവര്‍ തെരുവുകളിലിറങ്ങിയത്. മറിച്ച്, വീടുകള്‍ക്കകത്ത് കഴിഞ്ഞുകൂടാനുള്ള ഭീതിയും അതിന് പിന്നിലുണ്ടായിരുന്നു.
ഒരു മാസം മുമ്പുവരെ അഞ്ചോ ആറോ പേര്‍ മാത്രം സജീവമാക്കിയിരുന്ന ചപ്പാത്തിലെ സമര പന്തലില്‍ പൊടുന്നനെയുണ്ടായ മാറ്റം ഏവരെയും അത്ഭുതപ്പെടുത്തും. ചലപ്പോള്‍ ഒരാള്‍ അല്ലെങ്കില്‍ രണ്ടാള്‍. ഇടയ്ക്ക് ചില ദിവസങ്ങളില്‍ സമര പന്തലിലെ സത്യാഗ്രഹികളുടെ എണ്ണം ഇങ്ങനെയുമായിരുന്നു. എന്നാല്‍ ആരുമില്ലാത്ത അവസ്ഥ ഒരിക്കലുമുണ്ടായിട്ടില്ല. സത്യഗ്രഹമിരിക്കാന്‍ ആരുമെത്തിയില്ലെങ്കില്‍ സമീപ വീടുകളിലെ ഗൃഹനാഥന്‍മാര്‍ ആരെങ്കിലും അന്നത്തെ ജോലി കളഞ്ഞ് പന്തലില്‍ പോയി ഉപവസിക്കും. അതായിരുന്നു രീതി. ഇത്തരത്തില്‍ സദാ ജീവന്‍ നല്‍കി ആറുവര്‍ഷമായി മുന്നോട്ടുകൊണ്ടുപോയ സമരകേന്ദ്രത്തില്‍ ഇപ്പോള്‍ ദിനംപ്രതിയെത്തുന്നത് ജനലക്ഷങ്ങളാണ്. ഇ എസ് ബിജിമോള്‍ എം എല്‍ എ തുടങ്ങിവച്ച സത്യഗ്രഹം ഇന്ന് ഒന്‍പത് ദിവസം പിന്നിടുമ്പോള്‍ മൂന്ന് ലക്ഷത്തില്‍പ്പരം പേരെങ്കിലും നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യവുമായി ഇതിനകം ചപ്പാത്തില്‍ എത്തിയിട്ടുണ്ട്. ഊഹിക്കാവുന്നതിനപ്പുറമുള്ള മാറ്റമാണിത്.
എന്തുകൊണ്ടാണ് സമരകേന്ദ്രമായി ചപ്പാത്ത് തന്നെ തിരഞ്ഞെടുത്തത് ? അതിനുമുണ്ടായിരുന്നു കാരണങ്ങള്‍. മുല്ലപ്പെരിയാറിന്റെ താഴ്‌വരയില്‍ നിന്ന് ഒഴുകുന്ന പെരിയാര്‍ നദിയുടെ ഇരുകരകളിലുമുള്ള ജനലക്ഷങ്ങള്‍ക്ക് സംഗമിക്കാന്‍ ഇതല്ലാതെ മറ്റൊരു എളുപ്പമാര്‍ഗമുണ്ടായിരുന്നില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട് നാശം വിതച്ചാല്‍ ഒഴുകിയൊലിച്ച് പോകാനിടയുള്ള ഗ്രാമീണര്‍ക്ക് സൗകര്യപ്രദമായി സംഗമിക്കാനുള്ള ഇടവും ചപ്പാത്തായിരുന്നു. ഇവിടെ പുതിയ പാലത്തില്‍ കയറിനിന്ന് കിഴക്കന്‍ മലനിരകളിലേയ്ക്ക് നോക്കിയാല്‍ മനസില്‍ ഭീതി നിറയും. ആ മലയ്ക്ക് തൊട്ടപ്പുറമാണ് ദുരന്തഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട്. ഭയപ്പെടുന്നത് സംഭവിച്ചാല്‍ അറുപതടി പൊക്കത്തില്‍ സുനാമിത്തിരമാലകളെപ്പോലെ വെള്ളം കുത്തിയൊലിച്ചുവരുന്ന വഴി പുഴയിലേയ്ക്ക് ചൂണ്ടി പലരും ഒപ്പമുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്നതും പാലത്തിലെ പതിവ് ദൃശ്യങ്ങളിലൊന്നാണ്. ആള്‍ക്കൂട്ടം അപൂര്‍വ്വ കാഴ്ചയായിരുന്ന ചപ്പാത്ത്, ഇടുക്കിയിലെ മറ്റേത് പട്ടണത്തെക്കാളും ജനനിബിഡമായ പ്രദേശമാണിന്ന്. ദിവസേന ഇരുപതോ മുപ്പതോ ഊണ് മാത്രം ചെലവായിരുന്ന ഹോട്ടലുകളില്‍ ഇപ്പോള്‍ തിരക്കൊഴിഞ്ഞ നേരമില്ല. ചായയും പലഹാരങ്ങളും നല്‍കുന്ന ഇടത്തരം കടകളും ടാര്‍പ്പോളിന്‍ വിരിച്ച് പന്തലൊരുക്കി കച്ചവടം വിപുലീകരിച്ചു. ജനനിബിഡം എന്നതിനെക്കാള്‍ ജനസമുദ്രം എന്ന വിശേഷണം നല്‍കുകയായിരിക്കും ഉചിതം.
ഉപവാസമനുഷ്ഠിക്കുന്നവര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാനെത്തുന്നവര്‍ക്കും വോളണ്ടിയര്‍മാര്‍ക്കും പൊലിസ് ഉദ്യോഗസ്ഥര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും സൗജന്യ ഉച്ചഭക്ഷണം നല്‍കാന്‍ സമര പന്തലിന് സമീപത്തെ കുടുംബങ്ങളൊരുക്കിയ താല്‍ക്കാലിക സംവിധാനം വലിയൊരാശ്വാസമാണ്.
അരിയും പച്ചക്കറികളും വിറകുമെല്ലാം ഓരോ ദിവസവും സംഭാവനയായി ലഭിക്കും. വ്യാപാരികളാണ് ഇക്കാര്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്നത്. ചപ്പാത്തിലെ ഡ്രൈവര്‍മാര്‍ വണ്ടി റോഡിലിറക്കിയിട്ട് ദിവസങ്ങളേറെയായി. അവര്‍ ഒത്തൊരുമിച്ച് ഭക്ഷണം വിളമ്പാനും വിറകെടുക്കാനുമെല്ലാം രംഗത്തുണ്ട്. ലിസി, മേഴ്‌സി, ഓമന, വിലാസിനി, ആനി, ഷീന എന്നിങ്ങനെ ഒട്ടേറെ വീട്ടമ്മമാര്‍ കറിക്ക് അരിയാനും പാചകത്തിനും സ്വന്തം കുടുംബത്തിലെ എന്നപോലെ സജീവം. പരപ്പില്‍ ആറ്റിറമ്പില്‍ ഭീതിയോടെ താമസിക്കുന്ന അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ജോസഫും എല്ലാത്തിനും നേതൃത്വം നല്‍കി പകലന്തിയോളമുണ്ട്.
സമരകേന്ദ്രത്തിനടുത്ത് ബിന്ദു ഹയറിംഗ് സെന്റര്‍ എന്ന സ്ഥാപനം നടത്തുന്ന എം സി രാജന്‍ തന്റെ കടയുടെ താക്കോല്‍ സമരസമിതി പ്രവര്‍ത്തകരെ ഏല്‍പ്പിച്ചിട്ട് ദിവസങ്ങളേറെയായി. അവിടെ നിന്നുള്ള മേശയും കസേരയും പാത്രങ്ങളുമൊക്കെയാണ് സമരപന്തലിലും ഭക്ഷണശാലയിലും ഉപയോഗിക്കുന്നത്. എന്തുവേണമെങ്കിലും സൗജന്യമായി കൊണ്ടുപൊയ്‌ക്കൊള്ളാനുള്ള അനുവാദമാണ് രാജന്‍ നല്‍കിയിരിക്കുന്നത്. തൊട്ടുചേര്‍ന്ന് താമസിക്കുന്ന മലയിലരികത്ത് രാജന്‍ ഫിലിപ്പിന്റെ വീടും സമരസമിതി വോളണ്ടിയര്‍മാര്‍ക്കായി മുഴുവന്‍ സമയം തുറന്നുകൊടുത്തിരിക്കുകയാണ്.
കഴിഞ്ഞ മാസം 25ന് ഒടുവിലത്തെ ഭൂചലനമുണ്ടായ രാത്രിയില്‍ വീടുവിട്ട് പുറത്തിറങ്ങിയ ഇവിടുത്തെ കുറെ കുടുംബങ്ങള്‍ അന്നുതൊട്ട് വീട്ടുമുറ്റത്തും സമരപന്തലിനരികെയുമൊക്കെയാണ് ജീവിതം.
ലൈവ് സംപ്രേഷണവുമായി ടെലിവിഷന്‍ ചാനലുകളും ചപ്പാത്തിനെ ദേശീയ ശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്നു. ഇവരടക്കം സംസ്ഥാനത്തെ ഒട്ടെല്ലാ മാധ്യമങ്ങളുടെ പ്രതിനിധികളും ഇവിടെയുണ്ട്. തങ്ങാന്‍ ഹോട്ടലുകളോ ലോഡ്ജുകളോ ഇല്ലാത്ത ഇവിടെ നാട്ടുകാര്‍ തന്നെ എല്ലാവര്‍ക്കും അവരവരുടെ വീടുകളില്‍ സൗകര്യമേര്‍പ്പെടുത്തി നല്‍കി. ഇവിടുത്തെ പ്രാദേശിക ചാനലായ എച്ച് സി എന്‍ മറ്റ് വിനോദ പരിപാടികളെല്ലാം നിര്‍ത്തിവച്ച് ഇപ്പോള്‍ 24 മണിക്കൂറും മുല്ലപ്പെരിയാര്‍ സത്യഗ്രഹമാണ് സംപ്രേഷണം ചെയ്യുന്നത്.
സമീപകാലത്തുണ്ടായ ഭൂചലനങ്ങളുടെ പ്രഭവ കേന്ദ്രങ്ങള്‍ ചപ്പാത്തില്‍ നിന്ന് കഷ്ടിച്ച് പത്ത് കിലോമീറ്റര്‍ മാത്രം അകലയുള്ള വളകോട്, ഉളുപ്പൂണി എന്നീ സ്ഥലങ്ങളായിരുന്നെന്ന് ഓര്‍ക്കുമ്പോഴാണ് ഇവിടെയുള്ളവര്‍ ശരിക്കും ഭയക്കുന്നത്. രാത്രികളില്‍ പടക്കം പൊട്ടുന്ന ശബ്ദം കേട്ടാലും കുട്ടികള്‍ ഞെട്ടിയുണര്‍ന്ന് ചോദിക്കും ''അച്ഛാ മുല്ലപ്പെരിയാര്‍ പൊട്ടി, നമുക്ക് ഓടി രക്ഷപ്പെടാം''. ഇനി രാഷ്ട്രീയ നേതൃത്വങ്ങളോ സമരസമിതി തന്നെയോ ആപത്തില്ലെന്ന് പറഞ്ഞാലും അകലാത്ത വിധം കുട്ടികളുടെ വരെ മനസില്‍ ഭീതി നിറഞ്ഞുകഴിഞ്ഞു.
janayugom 051211
കട്ടപ്പനയില്‍ നിന്ന് കോട്ടയത്തേയ്ക്കുള്ള സംസ്ഥാന പാതയിലെ ചെറിയൊരു ഗ്രാമമാണ് കരിങ്കുളം ചപ്പാത്ത് എന്ന കെ ചപ്പാത്ത്. കട്ടപ്പനയില്‍ നിന്ന് 20 കിലോമീറ്ററേ ഇവിടേയ്ക്കുള്ളു എങ്കിലും ദുര്‍ഘടമായ പാത താണ്ടി ചപ്പാത്തിലെത്താന്‍ മുക്കാല്‍ മണിക്കൂറെടുക്കും. അവിടെ നിന്ന് വീണ്ടും തേയിലതോട്ടങ്ങള്‍ മനോഹാരിത തീര്‍ക്കുന്ന മലമുകളിലൂടെ അത്ര സമയംതന്നെ യാത്ര ചെയ്താല്‍ ഏലപ്പാറ വഴി കുട്ടിക്കാനത്ത് എത്താം. കോട്ടയം-കുമളി ദേശീയ പാതയില്‍ സംഗമിക്കുന്ന കവലയാണത്.
ReplyDelete