Monday, December 5, 2011

അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞില്ല

അമേരിക്കയില്‍ തൊഴിലില്ലായ്മയുടെ നിരക്ക് കുറഞ്ഞതായി സമീപകാലത്ത് പ്രസിദ്ധീകരിച്ച കണക്ക് തട്ടിപ്പാണെന്ന് അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ 'പീപ്പിള്‍സ് വേള്‍ഡ്'.

ഒക്ടോബറില്‍ ഒമ്പതുശതമാനമായിരുന്ന തൊഴിലില്ലായ്മാനിരക്ക് നവംബറില്‍ 8.6 ശതമാനമായി കുറഞ്ഞുവെന്നും അമേരിക്ക സാമ്പത്തികമാന്ദ്യത്തെ മറികടക്കുന്നതിന്റെ സൂചനയാണിതെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ 2009 മാര്‍ച്ചിനുശേഷം തൊഴിലാളികളുടെ പട്ടികയില്‍ നിന്നും പുറത്തായ 315,000 പേരുടെ വിവരം ഉള്‍പ്പെടുത്താതെയുള്ള കണക്കാണ് യു എസ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ പുറത്തുവിട്ടതെന്ന് പത്രം ചൂണ്ടിക്കാട്ടി. 27 ആഴ്ചയില്‍ കൂടുതല്‍ തൊഴില്‍രഹിതരായി തുടര്‍ന്നാല്‍ അവര്‍ സജീവ തൊഴിലന്വേഷകരുടെ പട്ടികയില്‍പ്പെടുകയില്ല എന്നതാണ് അമേരിക്കന്‍ നിയമം. അങ്ങനെ സജീവ തൊഴിലന്വേഷകരുടെ പട്ടികയില്‍ നിന്നും പുറത്തായവരുടെ സംഖ്യ 57 ലക്ഷമാണ്. മൊത്തമുള്ള തൊഴില്‍രഹിതരുടെ 43 ശതമാനമാണിത്.

നവംബര്‍ മാസത്തില്‍ 120000 തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടുവെന്നാണ് ഗവണ്‍മെന്റ് പുറത്തുവിട്ട കണക്ക്. എന്നാല്‍ 150000 തൊഴിലുകള്‍ ഓരോ മാസവും സൃഷ്ടിക്കപ്പെട്ടാല്‍ മാത്രമേ തൊഴില്‍രംഗത്ത് വളര്‍ച്ച കൈവരിച്ചതായി കണക്കാക്കാന്‍ കഴിയുകയുള്ളൂവെന്ന് സാമ്പത്തികവിദഗ്ധര്‍ പറയുന്നു.

ദീര്‍ഘകാലമായി തൊഴില്‍രഹിതരായി കഴിയുന്നവര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയുടെ കാലാവധി ഡിസംബര്‍ 31ന് അവസാനിക്കുകയാണ്. അമേരിക്കന്‍ കോണ്‍ഗ്രസ് അടിയന്തര തീരുമാനമെടുക്കാത്തപക്ഷം 60 ലക്ഷം പേര്‍ക്ക് അവരുടെ ഏകവരുമാനമാര്‍ഗം ഇല്ലാതെയാകും.

ഔദ്യോഗികകണക്കുകള്‍ പ്രകാരം അമേരിക്കയില്‍ വെള്ളക്കാരുടെയിടയില്‍ തൊഴിലില്ലായ്മയുടെ നിരക്ക് 7.6 ശതമാനമാണ്. ആഫ്രിക്കന്‍-അമേരിക്കക്കാര്‍ക്കിടയില്‍ 15.5 ശതമാനവും ലാറ്റിനമേരിക്കന്‍ വംശജര്‍ക്കിടയില്‍ 11.4 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്.

janayugom 051211

2 comments:

  1. അമേരിക്കയില്‍ തൊഴിലില്ലായ്മയുടെ നിരക്ക് കുറഞ്ഞതായി സമീപകാലത്ത് പ്രസിദ്ധീകരിച്ച കണക്ക് തട്ടിപ്പാണെന്ന് അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ 'പീപ്പിള്‍സ് വേള്‍ഡ്'.

    ReplyDelete
  2. അമേരിക്കയിലെ ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് ഇറക്കുന്ന റിപ്പോര്‍ട്ടില്‍ വിശദമായി കാര്യങ്ങള്‍ കൊടുത്തിരിക്കും. തൊഴില്‍ അന്വേഷിക്കുന്നവരെ മാത്രമേ തൊഴിലില്ലായ്മ നിരക്കില്‍ പരിഗണിക്കൂ എന്ന് പ്രത്യേകം കൊടുത്തിട്ടുണ്ടാകും. ആ റിപ്പോര്‍ട്ട് നോക്കിയാല്‍ ഏകദേശം ഇരട്ടിയുടെ അടുത്ത് ആയിരിക്കും യഥാര്‍ത്ഥ തൊഴില്ലായ്മ നിരക്ക്.

    എല്ലാ രാജ്യങ്ങളും ഇതൊക്കെ തന്നെയാണ് പിന്തുടരുന്നത്! ഇന്ത്യയുടെ കാര്യം വ്യത്യസ്തമാണോ?

    ReplyDelete