Monday, December 5, 2011

കെ തായാട്ട് അന്തരിച്ചു

തലശ്ശേരി: പ്രമുഖ മലയാള ബാലസാഹിത്യകാരനും നാടക രചയിതാവും ഗാന്ധിയനുമായ കെ തായാട്ട് (84) അന്തരിച്ചു. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അന്ത്യം. പൂര്‍ണമായ പേര് തായാട്ട് കുഞ്ഞനന്തന്‍.

ഭാര്യ: സി ടി പത്മിനി (റിട്ട. അധ്യാപിക). മക്കള്‍:  രാഹുലന്‍, രാജീവന്‍, രാജേന്ദ്രന്‍, രാധിക, രാധേയന്‍, രാജ് കബീര്‍. സഹോദരങ്ങള്‍: പരേതനായ തായാട്ട് ശങ്കരന്‍, തായാട്ട് ബാലന്‍, മീനാക്ഷിയമ്മ. ചന്തു നമ്പ്യാര്‍-ലക്ഷ്മിയമ്മ ദമ്പതികളുടെ മകനായി 1927 ഫെബ്രുവരി 17ന് തലശ്ശേരിക്കടുത്ത് പന്ന്യന്നൂരില്‍ ചമ്പാട്ടാണ് ജനനം.  സെക്കന്‍ഡറി ടീച്ചേഴ്‌സ് ട്രെയ്‌നിങ് പാസായതിനു ശേഷം പാനൂര്‍ യു.പി സ്‌കൂളില്‍ അധ്യാപകനായും പ്രധാനാധ്യാപകനായും പ്രവര്‍ത്തിച്ച് 1982ല്‍ വിരമിച്ചു.

വിശിഷ്ട സേവനത്തിന് അധ്യാപകര്‍ക്കുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നോവല്‍, നാടകം, ബാലസാഹിത്യം, വിവര്‍ത്തനം എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികള്‍ രചിച്ചു. ഒരു കഥ പറയൂ ടീച്ചര്‍, മുത്തശ്ശി പറയാത്ത കഥ, പുത്തന്‍ കനി, നീലക്കണ്ണുകള്‍, ചരല്‍പാതകള്‍, ഒരു കുട്ടിയുടെ ആത്മകഥ, ത്യാഗസീമ, കഥയുറങ്ങുന്ന വഴിയിലൂടെ, സ്‌നേഹമാണ് ശക്തി, നാം ചങ്ങല പൊട്ടിച്ച കഥ എന്നിവയാണ് ശ്രദ്ധേയമായ കൃതികള്‍. പുരാണ കഥാസന്ദര്‍ഭങ്ങള്‍ അടിസ്ഥാനമാക്കി ആധുനിക രീതിയില്‍ രചിച്ച രണ്ടു നാടകങ്ങളാണ് ശൂര്‍പ്പണഖ, മന്ഥര എന്നിവ. ഒലിവര്‍ ട്വിസ്റ്റ്, ടോം എന്ന കുട്ടി, ഹക്കിള്‍ബറി ഫിന്‍ എന്ന സാഹസികന്‍ എന്നിവ സരളമായ ഭാഷയില്‍ ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു.  നൂറിലധികം റേഡിയോ നാടകങ്ങളും രചിച്ചു. ബോംബെ നാടകവേദി അവാര്‍ഡ് (ബഹദൂര്‍ഷ), തലശ്ശേരി ശ്യാമ അവാര്‍ഡ് (അക്ഷതം), അബൂദബി ശക്തി അവാര്‍ഡ് (ഭഗത്‌സിങ്) എന്നീ നാടകങ്ങള്‍ക്കു പുരസ്‌കാരം ലഭിച്ചു. ഒലിവര്‍ട്വിസ്റ്റ് എന്ന പുനരാഖ്യാനകൃതിക്ക് ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. പ്രക്ഷേപണ നാടകരംഗത്ത് സമഗ്രസംഭാവനയ്ക്ക് സംഗീത നാടക അക്കാദമിയുടെ അവാര്‍ഡും ലഭിച്ചു. കെ തായാട്ടിന്റെ നിര്യാണത്തില്‍ സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി എന്‍ ചന്ദ്രന്‍ അനുശോചിച്ചു.

janayugom 051211

2 comments:

  1. പ്രമുഖ മലയാള ബാലസാഹിത്യകാരനും നാടക രചയിതാവും ഗാന്ധിയനുമായ കെ തായാട്ട് (84) അന്തരിച്ചു

    ReplyDelete
  2. ബാലസാഹിത്യകാരനും നാടകകൃത്തും സാമൂഹ്യപ്രവര്‍ത്തകനുമായ കെ തായാട്ടിന്റെ നിര്യാണത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചിച്ചു. ദേശീയപ്രസ്ഥാനത്തിലൂടെ പൊതുജീവിതം ആരംഭിച്ച തായാട്ട് അറുപതുകളില്‍ പാനൂരിലെ മാടമ്പിരാഷ്ട്രീയവാഴ്ചക്കെതിരെ കമ്യൂണിസ്റ്റുപാര്‍ടിയുമായി യോജിച്ച് പ്രവര്‍ത്തിച്ചു. സാഹിത്യമേഖലയ്ക്ക് വിശേഷിച്ച് മലയാളനാടകരംഗത്തിന് കനത്ത നഷ്ടമാണ് വേര്‍പാടെന്നും പിണറായി അനുസ്മരിച്ചു. ദേശസ്നേഹപരമായ കൃതികളിലൂടെ മലയാളസാഹിത്യത്തില്‍ ഇടംനേടിയ എഴുത്തുകാരനാണ് തായാട്ടെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരിച്ചു. സര്‍ഗാത്മകജീവിതത്തില്‍ പുരോഗമനവീക്ഷണവും ദേശീയബോധവുമാണ് അദ്ദേഹം മുറുകെപിടിച്ചത്.

    ReplyDelete