Friday, December 23, 2011

സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്തരുത്: യച്ചൂരി

കേന്ദ്രത്തിലുള്ള ലോക്പാലിന്റെ മാതൃകയില്‍തന്നെ സംസ്ഥാനങ്ങളില്‍ ലോകായുക്ത രൂപീകരിക്കണമെന്ന ലോക്പാല്‍ ബില്ലിലെ നിര്‍ബന്ധിത വ്യവസ്ഥ സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കൈകടത്തലാണെന്ന് സിപിഐ എം അഭിപ്രായപ്പെട്ടു. ലോകായുക്തയുടെ രൂപീകരണം പൂര്‍ണമായും സംസ്ഥാനത്തിന്റെ അധികാരമാണെന്ന ഭരണഘടനയിലെ 252-ാം വകുപ്പിന്റെ ലംഘനമാണ് ലോക്പാല്‍ ബില്ലിലേതെന്ന് സിപിഐ എം രാജ്യസഭ കക്ഷി നേതാവ് സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് മന്ദിരത്തില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയനുസരിച്ച് രണ്ട് സംസ്ഥാനങ്ങള്‍ പാസാക്കുന്ന നിയമം മാതൃകാ നിയമമായി കേന്ദ്രത്തിന് സ്വീകരിക്കാമെന്നല്ലാതെ ലോകായുക്ത അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്നും അതിനാല്‍ ലോക്പാല്‍ ബില്ലിലെ ഈ വകുപ്പ് എടുത്തു കളയണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. വേണ്ടത്ര പഠനം നടത്താതെയാണ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നത്. വേണ്ടത്ര പഠനം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു. ലോക്പാലില്‍ ന്യൂനപക്ഷത്തിനും സംവരണം ഉള്‍പ്പെടുത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. ഭരണഘടനയില്‍ വനിതകള്‍ക്ക് സംവരണം നല്‍കുന്ന കാര്യമില്ലെങ്കിലും പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും 50 ശതമാനം സംവരണം നല്‍കുകയുണ്ടായി. അതുപോലെതന്നെ ന്യൂനപക്ഷത്തിന് ലോക്പാലില്‍ ന്യൂനപക്ഷത്തിന് സംവരണം നല്‍കുന്നതില്‍ തടസ്സമില്ലെന്നും യെച്ചൂരി പറഞ്ഞു. ലോക്പാല്‍ ബില്‍ പാസാക്കുന്നതിന് സര്‍ക്കാരുമായി സഹകരിക്കുമെന്ന് ചോദ്യത്തിന് ഉത്തരമായി യെച്ചൂരി പറഞ്ഞു. രാജ്യസഭയില്‍ രണ്ട് ദിവസംകൊണ്ട് നാല് ബില്ല് പാസാക്കുന്നത് സുപ്രധാന ബില്ലുകളെപ്പോലും സര്‍ക്കാര്‍ ലാഘവത്തോടെ കാണുന്നതിന് തെളിവാണെന്നും യെച്ചൂരി പറഞ്ഞു.

deshabhimani 231211

No comments:

Post a Comment